വരൻറ്റേയും വധുവിൻറ്റേയും തല ഇടിപ്പിക്കുന്നത് പോലെയുള്ള ആചാരങ്ങൾ എന്താണ് മലയാളികളോട് പറയുന്നത്? കേരളത്തിൽ സ്ത്രീ പക്ഷത്തുനിന്ന് ചിന്തിക്കേണ്ടതിൻറ്റെ ആവശ്യകതയെ കുറിച്ചല്ലേ ആ വീഡിയോ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളികളോട് പറയുന്നത്?

Avatar
വെള്ളാശേരി ജോസഫ് | 27-06-2023 | 5 minutes Read

1010-1687900704-kalyanam

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു കല്യാണ വീഡിയോ വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു. നവ വധു വരൻറ്റെ വീട്ടിലേക്കു വലതുകാൽ വെച്ചു കയറുന്ന രംഗമാണ് ആ കല്യാണ വീഡിയോയിൽ ഉള്ളത്‌. വധുവിനെ സ്വീകരിക്കുവാൻ വരൻറ്റെ കുടുംബത്തിലുള്ളവർ തയാറെടുക്കുമ്പോൾ, വരൻറ്റേയും വധുവിൻറ്റേയും പിന്നിൽ നിന്ന് താടിവെച്ച ഒരാൾ വരൻറ്റെ തല പിടിച്ചു വധുവിൻറ്റെ തലക്കിട്ട് ഒറ്റയിടി.

തല ശക്തിയായി മുട്ടിയതു മൂലമുള്ള കൊടിയ വേദനയിൽ ആ പെൺകുട്ടിയുടെ കണ്ണു നിറയുന്നതും, നില തെറ്റി വീണു പോവാതിരിക്കൻ അവൾ പെടാപ്പാടു പെടുന്നതും ആ വീഡിയോയിൽ കാണാം. അമർഷവും അപമാനവും സഹിക്കാൻ വയ്യാതെ നിൽക്കുന്ന പെൺകുട്ടിയുടെ തല തിരുമ്മികൊടുക്കാൻ ചെന്ന വരൻറ്റെ കൈ തട്ടി മാറ്റി അവൾ വീടിന്നകത്തേക്കു കയറിപ്പോകുന്നൂ....

പാലക്കാട്ടെ ഏതോ കുഗ്രാമത്തിലാണെന്ന് തോന്നുന്നു ഈ സംഭവം. വധു കരഞ്ഞു കൊണ്ടുവേണം വരൻറ്റെ വീട്ടിലേക്കു കയറേണ്ടത് എന്നൊരു ആചാരം അവിടങ്ങളിലൊക്കെയുണ്ടു പോലും!!!

ആ കൊടിയ വേദന അനുഭവിക്കുന്ന പെൺകുട്ടിയുടെ സ്ഥാനത്ത് തന്നെ തന്നെയോ, സ്വന്തം ഭാര്യയേയൊ, പെണ്മക്കളെയോ സങ്കൽപിച്ചു നോക്കിയാൽ ആളുകൾക്ക് കാര്യം മനസിലാകും. ഒരു മംഗള കർമത്തിനിടയിലും സ്ത്രീയെ വേദനിപ്പിക്കാൻ പെടാപ്പാട് പെടുകയാണ് ചില കശ്മലന്മാർ.

വരൻറ്റേയും വധുവിൻറ്റേയും തല ഇടിപ്പിക്കുന്നത് പോലെയുള്ള ആചാരങ്ങൾ പാലക്കാട് ചിലയിടങ്ങളിൽ ഇന്നും ഉണ്ടെന്നാണ് ആളുകൾ പറയുന്നത്. സോഷ്യൽ മീഡിയയിൽ അത്തരത്തിലുള്ള അനേകം അഭിപ്രായങ്ങൾ കാണാം. ഇതെഴുതുന്നയാൾ എന്തായാലും ഇത്തരം ആചാരങ്ങളൊന്നും ഒരിക്കലും കണ്ടിട്ടില്ലാ. ഒത്തിരി പേർ തല ഇടിപ്പിക്കുന്ന വീഡിയോ ഇപ്പോൾ ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. അതുപോലെ നവ വധുവിനെ കോണ്ട് അരകല്ലിൽ അരപ്പിക്കുന്ന ആചാരവും ചിലയിടങ്ങളിൽ ഉണ്ടെന്ന് ആളുകൾ പറയുന്നു. ഇത്തരം ആചാരങ്ങളുടെ സത്യാവസ്ഥയും ഇതെഴുതുന്നയാൾക്ക് അറിഞ്ഞുകൂടാ. പക്ഷെ കല്യാണ പട്ടു സാരിയിൽ നവ വധുവിനെ കോണ്ട് അരകല്ലിൽ അരപ്പിക്കുന്ന വീഡിയോ കണ്ടിട്ടുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇതുപോലുള്ള ആചാരങ്ങൾ അനുസരിച്ചു ജീവിക്കാൻ തയാറുള്ള പെൺകുട്ടികൾ ഉണ്ടെന്നുള്ളത് സത്യത്തിൽ അതിശയിപ്പിക്കുന്നു. ഇതെഴുതുന്നയാൾ ജനിച്ചു വളർന്ന മധ്യ കേരളത്തിൽ എന്തായാലും ഇത്തരം ആചാരങ്ങളൊന്നും കണ്ടിട്ടില്ലാ. മധ്യ കേരളത്തിൽ പൊതുവേ വളരെ 'അസേർട്ടീവ്' ആയ പെൺകുട്ടികളെയാണ് കാണാൻ സാധിക്കുക.

ചിലർ ഇതൊക്കെ 'ഹ്യൂമർ സെൻസിൽ' കണ്ടാൽ മതി എന്നു പറയുന്നു. തല ഇടിപ്പിക്കുന്നതിലും, നവ വധുവിനെ കോണ്ട് അരകല്ലിൽ അരപ്പിക്കുന്നതിലുമൊക്കെ 'ഹ്യൂമർ സെൻസ്‌' കാണാൻ സുബോധമുള്ളവർക്ക് ബുദ്ധിമുട്ടാണ്; മിക്കവർക്കും അത് ഒരിക്കലും സാധിക്കില്ല. പലപ്പോഴും സ്ത്രീകളെ 'ഹ്യുമിലിയേറ്റ്' ചെയ്യുന്നതതിനു വേണ്ടിയാണ് ഇത്തരം 'കലാ പരിപാടികൾ' കുടുംബങ്ങളിൽ അരങ്ങേറുന്നത്.

'ഹ്യൂമർ സെൻസ്‌' പറഞ്ഞു ഇത്തരം കോപ്രായങ്ങളെ ന്യായീകരിക്കുന്നവർക്കാർക്കെങ്കിലും പുരുഷന്മാരെ കൊണ്ട് അരകല്ലിൽ അരപ്പിക്കുന്ന ഒരു വീഡിയോ കാണിച്ചു തരാമോ? സ്ത്രീ പക്ഷത്തു നിന്ന് ചിന്തിച്ചാൽ മാത്രമേ കേരളത്തിൽ നടക്കുന്ന പല കോപ്രായങ്ങളുടേയും ശരിക്കുള്ള അർധം മനസിലാകൂ.

മീൻ വിൽപ്പനക്കാരായ സ്ത്രീകളേയും പുരുഷന്മാരേയും നോക്കൂ: കുറച്ചു നാൾ മുമ്പ് നാട്ടിൽ പോയപ്പോഴുണ്ടായ ഒരു സംഭവം പറയാം. വെയിറ്റിങ് ഷെഡ്‌ഡിൽ ബസു കേറാൻ നിൽക്കുമ്പോൾ ഒരു മീൻ വിൽപ്പനക്കാരൻ അത് വഴിയേ വരുന്നൂ. പുള്ളി ബൈക്കിലാണ് വരുന്നത്. മീനെടുത്തു കൊടുക്കുന്നതോ ഗ്ലവ്സ് ഒക്കെ ഇട്ടും. തികഞ്ഞ എക്സിക്യുട്ടീവ് ലുക്ക്. പിന്നാലെ മീൻ വിൽപ്പനക്കാരിയായ സ്ത്രീ വരുന്നൂ. അവർ വലിയ അലുമിനിയം ചട്ടി ഒക്കെ തലയിൽ വെച്ച് കിലോമീറ്ററുകളോളം നടന്നാണ് വരവ്. വെയിലത്ത് അവർക്കു നടക്കേണ്ടി വരുന്ന ബുദ്ധിമുട്ടിനെ കുറിച്ചോ, വലിയ അലുമിനിയം ചട്ടി ചുമക്കുമ്പോൾ ഉള്ള ഭാരത്തെ കുറിച്ചോ സാക്ഷര കേരളം ചിന്തിക്കുന്നില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മീൻ വിൽപ്പനക്കാരായ സ്ത്രീകൾക്ക് ഇലക്ട്രിക് റിക്ഷയോ, ഗിയറില്ലാത്ത സ്കൂട്ടറോ ഒക്കെ എളുപ്പത്തിൽ കൊടുക്കാവുന്നതാണ്. നമ്മുടെ മൽസ്യ ഫെഡ്ഡും, കേരളാ സർക്കാരും ഒന്നും ആ വഴിക്കു ചിന്തിക്കുന്നില്ല. മീൻ വിറ്റതിന് ശേഷവും അവർക്ക് കുട്ടികളുടെ പരിപാലനവും, വീട്ടിലെ ജോലികളും കൂടി ചെയ്യേണ്ടതായി വരും.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഈയിടെ രഹന ഫാത്തിമയുടെ 'ശരീരം സമരം സാന്നിധ്യം'എന്ന പുസ്തകം വായിച്ചു. ഈ പുസ്തകത്തിൽ രഹന ഫാത്തിമയുടെ ഉമ്മ ചെറുപ്പത്തിൽ അവരുടെ യോനിയിൽ മുളക് അരച്ചു ചേർത്ത് പൊള്ളിച്ചതിനെ കുറിച്ച് എഴുതുന്നുണ്ട്. ഇങ്ങനെയൊക്കെ പെൺകുട്ടികളെ കേരളത്തിൽ ഉപദ്രവിക്കാറുണ്ടെന്നുള്ളത് ഇതെഴുതുന്നയാൾക്ക് പുതിയ അറിവായിരുന്നു. അതുകൊണ്ട് വായിച്ചിട്ട് വല്ലാത്ത ഷോക്കായിപ്പോയി. എന്തായാലും സ്വപ്ന സുരേഷും, രഹന ഫാത്തിമയും പറയുന്ന പല കാര്യങ്ങളും വായിച്ചു കഴിഞ്ഞപ്പോൾ, കേരളത്തിൽ നമ്മളൊക്കെ കാണാത്തതും അറിയാത്തതുമായ വളരെയേറെ ദുരനുഭവങ്ങൾ നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടു.

സ്‌കൂളിനടടുത്തുള്ള ഒരു തിയേറ്ററിൽ സാധാരണ കൂട്ടുകാരോടൊത്ത് എല്ലാ സിനിമകളും കാണാറുള്ള ഒരു മുസ്‌ലീം പെൺകുട്ടി അറിയാതെ ഒരു 'എ പടം' കൂടി കണ്ടതിനാൽ, ഉമ്മ കാന്താരി മുളകരച്ചു കണ്ണിൽ തേച്ചത് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിട്ടുണ്ട്. ഇത്തരം കലാപരിപാടികൾ ആൺകുട്ടികളുടെ അടുത്ത് ചെയ്യുമെന്ന് തോന്നുന്നില്ല. അങ്ങനെ ചെയ്യുകയായിരുന്നെങ്കിൽ,1980-കളിലും, 90-കളിലും വളർന്ന മിക്ക ആൺകുട്ടികളും ഈ കാന്താരി മുളകരച്ചു കണ്ണിൽ തേക്കുന്ന കലാപരിപാടിക്ക് വിധേയമാക്കപ്പെട്ടേനെ.

സ്വപ്ന സുരേഷിൻറ്റെ ‘ചതിയുടെ പത്മവ്യൂഹം' എന്ന ആത്മകഥ വായിച്ചാലറിയാം അവർ സ്വന്തം വീട്ടിലും, രണ്ടു ഭർത്താക്കന്മാരുടെ വീട്ടിലും സഹിച്ച വിഷമാവസ്ഥ. സ്വപ്ന സുരേഷ് തൻറ്റെ രണ്ടു വിവാഹങ്ങളിൽ കൂടി വീണ ചതികുഴികളെ കുറിച്ച് സവിസ്തരം ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. സ്വപ്ന സുരേഷിൻറ്റെ ഭർത്താക്കന്മാരുടെ തറവാടുകളിൽ ഉണ്ടായിരുന്ന ആരും ഒരു സ്ത്രീയെ ഇങ്ങനെ അപമാനിക്കുന്നതിനോടും, ഉപദ്രവിക്കുന്നതിനും എതിരേ ഒന്നും മിണ്ടുന്നില്ല എന്നതാണ് ആ ആത്മകഥയുടെ വായനക്കാരെ കൂടുതൽ അത്ഭുതപ്പെടുത്തുന്നത്.

അഞ്ച് കിലോ സ്വർണം, 35 ലക്ഷം രൂപ, മുന്തിയ കാർ - ഇവയൊക്കെ സ്ത്രീധനമായി നൽകി, തന്നെ പൊന്നിൽ കുളിപ്പിച്ചാണ് വിവാഹം നടത്തിയതെന്നാണ് സ്വപ്ന സുരേഷ് ആത്മകഥയിൽ പറയുന്നത്. ആത്മകഥയിൽ കൊടുത്തിരിക്കുന്ന വിവാഹ തലേന്നും, വിവാഹ ദിവസവും ഉള്ള ഫോട്ടോകൾ പൊന്നിൽ കുളിച്ചു നിൽക്കുന്ന സ്വപ്ന സുരേഷിനെ നന്നായി കാണിക്കുന്നുമുണ്ട്. ഇങ്ങനെ തിളങ്ങുന്ന പട്ടു സാരിയിൽ, സർവാഭരണ വിഭൂഷിതയായി സ്വപ്നതുല്യമായ ഒരു വിവാഹം നടത്തിയിട്ട് വധുവിന് പ്രയോജനമൊന്നും ഉണ്ടായില്ല. താൻ ക്രൂരമായ 'മാരിറ്റൽ റെയ്പ്പിനും', 'ഡൊമിസ്റ്റിക്ക് വയലൻസിനും' അനേകം തവണ ആദ്യ വിവാഹത്തിന് ശേഷം വിധേയമായി എന്നാണ് സ്വപ്ന സുരേഷ് ആത്മകഥയിലൂടെ പറയുന്നത്.

സ്വപ്ന സുരേഷ് UAE-യുടെ കോൺസുലേറ്റിൽ കോൺസുലാർ ജെനറലിൻറ്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുമ്പോൾ കിട്ടിയിരുന്ന ഒരു ലക്ഷത്തിന് മീതെയുള്ള ശമ്പളം അപഹരിക്കുമായിരുന്നു രണ്ടാം ഭർത്താവ്. പുള്ളിക്കാരിയുടെ ബാങ്കിൻറ്റെ ഡെബിറ്റ് കാർഡ് പോലും ഭർത്താവിൻറ്റെ കയ്യിലായിരുന്നു. ഇങ്ങനെ ജോലി ചെയ്തുണ്ടാക്കുന്ന ധനം അപഹരിക്കുന്നത് കൂടാതെ, ഒരു തവണ വഴക്കുണ്ടാക്കിയപ്പോൾ, സ്വപ്ന സുരേഷിനെ കൊല്ലാൻ വരെ രണ്ടാം ഭർത്താവ് ശ്രമിച്ചതായി ആത്മകഥയിൽ പറയുന്നുണ്ട്. കുറച്ചു നാൾ മുമ്പ് വിസ്മയ ആത്മഹത്യ ചെയ്യേണ്ടി വന്നതും ഇത്തരത്തിലുള്ള കുടുംബ സാഹചര്യം കൊണ്ടായിരിക്കാം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രൊഫഷണൽ ഡിഗ്രി ഹോൾഡർക്ക് പോലും കേരളത്തിൽ ഇതാണ് അവസ്ഥ.

കമലാ ദാസ് എന്ന മാധവിക്കുട്ടി വെളിവാക്കുന്നതും ഇതൊക്കെ തന്നെയാണ്. മാധവിക്കുട്ടി ഒരു ഇൻറ്റെർവ്യുവിൽ തൻറ്റെ ഭർത്താവാണ് ആദ്യം പുള്ളിക്കാരിയെ ബലാത്സംഗം ചെയ്തതെന്ന് പറഞ്ഞിട്ടുണ്ട്. "രാവിലെ മൂത്രം പോവില്ല, അപ്പോൾ അമ്മമ്മ വന്ന് കാലിൽ വെള്ളമൊഴിച്ചു തരും" - എന്നും പറഞ്ഞിട്ടുണ്ട്. പാരമ്പര്യ സമൂഹത്തിൻറ്റെ മൂല്യ വ്യവസ്ഥിതിയിൽ ഊറ്റം കൊള്ളുന്നവർക്ക് കമലാ ദാസിൻറ്റെ ഈ വിവരണത്തോട് എന്ത് മറുപടിയാണുള്ളത്? "എൻറ്റെ ഭർത്താവ് എന്നെ അദ്ദേഹത്തിൻറ്റെ മേലധികാരികളുടെ അടുത്തേക്കയക്കാറുണ്ടായിരുന്നു. ഒരു ഉദ്യോഗകയറ്റം ലഭ്യമാക്കുക എന്നതായിരുന്നു അദ്ദേഹത്തിൻറ്റെ ലക്ഷ്യം" എന്നും കമലാ ദാസ് 'പ്രണയത്തിൻറ്റെ രാജകുമാരി' എന്ന പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട് (പ്രണയത്തിൻറ്റെ രാജകുമാരി, ഗ്രീൻ ബുക്സ്, 2015 എഡിഷൻ, പേജ് 188).

കമലാ ദാസിനെ കുറിച്ചുള്ള 'പ്രണയത്തിൻറ്റെ രാജകുമാരി' എന്ന പുസ്തകത്തിൻറ്റെ തന്നെ തുടർന്നുള്ള പേജുകളിൽ മദ്യപിച്ചു വന്ന ഭർത്താവ് തന്നെ അഞ്ചു തവണ ബലാത്‌സംഗം ചെയ്തതും, ബലാത്സംഗത്തെ തുടർന്ന് തനിക്ക് ഭ്രാന്ത് പിടിച്ചതും കമലാ ദാസ് വിവരിക്കുന്നുണ്ട്. ക്യാനഡയിലെ എഴുത്തുകാരിയും, ഡോക്കുമെൻറ്ററി സിനിമാ നിർമാതവുമായ മെറിലി വെയ്സ്ബോഡുമായി നടത്തിയ അഭിമുഖത്തിലാണ് കമലാ ദാസ് ഇതൊക്കെ വെളിപ്പെടുത്തിയത്. ഇത്രയൊക്കെയായിട്ടും കമലാ ദാസിന് ഭർത്താവ് മാധവദാസുമൊത്തുള്ള വിവാഹം തുടരുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു എന്നും പുസ്തകം വെളിവാക്കുന്നുണ്ട്. വരേണ്യ വർഗത്തിൽ ജനിക്കുകയും ജീവിക്കുകയും ചെയ്ത കമലാ ദാസിൻറ്റെ ദുർവിധി ഇതാകുമ്പോൾ, ഇന്ത്യയുടെ കുടുംബവ്യവസ്ഥിതിയിൽ സാധാരണക്കാരായ സ്ത്രീയുടെ അവസ്‌ഥ വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ.

സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടിയും, പണ്ടൊക്കെ പുസ്തകങ്ങളിൽ കൂടിയും സ്ത്രീകൾ വസ്തുതകൾ വെളിപ്പെടുത്തുമ്പോൾ, സ്ത്രീ പക്ഷത്തുനിന്ന് ചിന്തിക്കേണ്ടതിൻറ്റെ ആവശ്യകതയാണ് മലയാളി മനസിലാക്കേണ്ടത്. "പെണ്ണായി തീർന്നാൽ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം” - എന്നൊക്കെയുള്ള ചൊല്ലുകളിൽ കൂടി സ്ത്രീകളെ നോക്കി കാണാതിരിക്കുവാനായി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളി സ്വയം മാറേണ്ടതുണ്ട്.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)


Also Read » Study German using Malayalam - Lesson 19


Also Read » Study German using Malayalam - Lesson 17Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 05:48:12 am | 19-06-2024 CEST