സ്വാതന്ത്ര്യൻറ്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ നാം നമ്മുടെ രാഷ്ട്ര ശിൽപികളെ നിന്ദിക്കാമോ? ചരിത്രം പറയുമ്പോൾ വിദ്വേഷ പ്രചാരണവും, വ്യക്തിപരമായ ആക്രമണവും അല്ല വേണ്ടത്

Avatar
വെള്ളാശേരി ജോസഫ് | 16-08-2022 | 6 minutes Read

സ്വാതന്ത്ര്യൻറ്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ബി.ജെ.പി.-യും സംഘ പരിവാറുകാരും രാഷ്ട്ര ശിൽപികളെ നിന്ദിക്കുകയാണ്. 'പാർട്ടീഷ്യൻ റിമമ്പ്രൻസ് ഡേ' എന്നു പറഞ്ഞുകൊണ്ട് വിഭജനത്തിൻറ്റെ കുറ്റം കോൺഗ്രസ് പാർട്ടിയിൽ ആരോപിക്കുകയാണ് ബി.ജെ.പി.-യും സംഘ പരിവാറുകാരും. വിഭജനം 1947-ൽ എല്ലാവർക്കും വേദനാജനകമായ ഒന്നായിരുന്നു. വിഭജനം കൊളോണിയൽ സർക്കാർ ഇന്ത്യക്കാരുടെ തലയിൽ അടിച്ചേൽപ്പിച്ച ഒന്നായിരുന്നു. 'മൗണ്ട്ബാറ്റൻ പ്ലാൻ' എന്നായിരുന്നു ആ വിഭജന കരാർ അറിയപ്പെട്ടിരുന്നത് തന്നെ.

ബ്രട്ടീഷുകാർക്ക് ശീത യുദ്ധത്തിൻറ്റെ സമയത്ത് മുൻ സോവിയറ്റ് യൂണിയനെ ചെറുക്കാൻ പാക്കിസ്ഥാൻ പോലുള്ള ഒരു രാജ്യം വേണമായിരുന്നു. അത് തന്നെയായിരുന്നു ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തിന് പിന്നിലുള്ള പ്രധാന കാരണം. റഷ്യൻ സ്വാധീനത്തെ ചെറുക്കുവാൻ വേണ്ടി ചർച്ചിൽ ജിന്നയുമായി വളരെ നാൾ കത്തിടപാടുകൾ നടത്തിയതായി നാഷണൽ ജ്യോഗ്രഫിക് ചാനൽ ഒരു ഡോക്കുമെൻറ്ററിയിൽ കാണിക്കുന്നുണ്ട്. നാഷണൽ ജ്യോഗ്രഫിക് കുറച്ചു നാൾ മുമ്പ് പ്രക്ഷേപണം ചെയ്ത ഒരു ഡോക്കുമെൻറ്ററിയിൽ ബ്രട്ടീഷ് ജനറൽമാർ കമ്യുണിസ്റ്റ് സ്വാധീനത്തെ ചെറുക്കുന്നതിനെ കുറിച്ച് തയാറാക്കിയ അതീവ രഹസ്യമായ രേഖകൾ കാണിച്ചു. പിൽക്കാലത്ത് പാക്കിസ്ഥാൻ പാശ്ചാത്യ രാജ്യങ്ങളുമായി ഇന്ത്യക്കെതിരേ കൂട്ട് കൂടുകയുമുണ്ടായി. സൊവിയറ്റ് യൂണിയൻറ്റെ അഫ്ഗാൻ അധിനിവേശക്കാലത്ത് അമേരിക്ക സമർത്ഥമായി പാക്കിസ്ഥാനെ ഉപയോഗപ്പെടുത്തുകയായിരുന്നല്ലോ. പാക്കിസ്ഥാനിലെ ഇന്നത്തെ അസ്ഥിരതക്കും, മുസ്ലിം തീവ്രവാദത്തിനും തുടക്കം അവിടെ നിന്നാണ്. സോഷ്യലിസ്റ്റ് പ്ലാനിങ്ങിനോടും, പഞ്ചവത്സര പദ്ധതികളോടും ആഭിമുഖ്യം കാണിച്ച നെഹ്റുവിനെ പോലുള്ള നേതാക്കളോട് പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. ഈ ബ്രട്ടീഷ് താൽപര്യങ്ങളും, ജിന്നയുടെ 'പേഴ്‌സണൽ അംബീഷനും' കൂടിച്ചേർന്നപ്പോഴായിരുന്നു പാക്കിസ്ഥാൻ പിറവിയെടുത്തത്.

നെഹ്റുവിനെകാളേറെ ബി.ജെ.പി.-യും സംഘ പരിവാറുകാരും ഇപ്പോൾ പൊക്കിപ്പിടിക്കുന്ന സർദാർ പട്ടേൽ ഇൻഡ്യാ-പാക്കിസ്ഥാൻ വിഭജനത്തിന് അനുകൂലമായിരുന്നു. ക്യാബിനറ്റ് മിഷനുമായി പട്ടേൽ ഇക്കാര്യം ചർച്ച ചെയ്ത് അനുകൂലമായ നിലപാട് അറിയിക്കുന്നുമുണ്ട്. 1947 ഒക്റ്റോബർ 22-ന് പാക്കിസ്ഥാൻറ്റെ നോർത്ത് വെസ്റ്റ് ഫ്രണ്ടിയർ പ്രോവിൻസിൽ നിന്നുള്ള ട്രൈബലുകളുടെ ആക്രമണം ഉണ്ടായപ്പോൾ നെഹ്‌റുവിൻറ്റെ നേതൃത്വത്തിലാണ് ഇന്ത്യൻ സൈന്യം കാശ്മീരിൽ ഇടപെട്ടത്. കാശ്മീരി പണ്ഡിറ്റായ നെഹ്‌റുവിൻറ്റെ കാശ്മീരിനോടുള്ള വൈകാരികമായ ബന്ധം തന്നെയായിരുന്നു അത്തരം ശക്തമായ പ്രതികരണത്തിന് പിന്നിൽ പ്രവർത്തിച്ച ഒരു പ്രധാന ഘടകം. BJP ഇപ്പോൾ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്ന മരണം വരെ കോൺഗ്രസുകാരനായ പട്ടേലിന് കാശ്മീർ ഇന്ത്യയോട് കൂട്ടി ചേർക്കുന്നതിലും, അതുവഴിയുള്ള പ്രശ്നങ്ങളിലും വലിയ താൽപര്യമൊന്നും ഇല്ലായിരുന്നു. ഇത് ചരിത്ര സത്യം.

നെഹ്‌റുവിനെ പോലുള്ള ഒരു രാഷ്ട്രതന്ത്രജ്ഞതയിൽ നിപുണനായിരുന്ന ഒരു വ്യക്തിയെ കുറ്റം പറഞ്ഞുകൊണ്ടല്ല ബി.ജെ.പി. സർക്കാർ കാശ്മീർ പ്രശ്നമോ, മറ്റേതെങ്കിലും പ്രശ്നമോ പരിഹരിക്കാൻ നോക്കേണ്ടത്. സ്വതന്ത്ര ഇന്ത്യ കണ്ടതിൽ വെച്ച ഏറ്റവും ദീർഘവീക്ഷണമുള്ള 'ഇൻസ്റ്റിറ്റ്യുഷൻ ബിൽഡർ' ആയിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു. നെഹ്‌റു മൂലം നമ്മുടെ സമ്പത് വ്യവസ്ഥയുടെ നേട്ടങ്ങൾ മാത്രം നോക്കിയാൽ മതി അത് മനസിലാക്കുവാൻ. സ്വതന്ത്ര ഇന്ത്യയിൽ ശക്തമായ വ്യവസായിക അടിത്തറ സൃഷ്ടിച്ചത് നെഹ്രുവായിരുന്നു. നമ്മുടെ സാമ്പത്തിക വ്യവസ്ഥയുടെ ഏറ്റവും വലിയ വിമർശകർ പോലും ആദ്യ കാലത്ത് പൊതു മേഖലയ്ക്ക് ഊന്നൽ നൽകി അതിലൂടെ 'ഹെവി ഇൻഡസ്റ്റ്റീസ്' വളർന്നതിന് ശേഷം സ്വൊകാര്യ മേഖലയേയും പ്രോത്സാഹിപ്പിക്കാനാണ് നിർദേശം വെച്ചിട്ടുള്ളത്. നെഹ്റുവിൻറ്റെ വിമർശകർ രാമചന്ദ്ര ഗുഹയുടെ പുസ്തകവും - 'India after Gandhi - The History of the World's Largest Democracy', മുൻ CDS ഡയറക്റ്ററായിരുന്ന പുലപ്രെ ബാലകൃഷ്ണൻറ്റെ - 'Economic Growth in India - History & Prospect' എന്ന പുസ്തകവും വായിക്കുന്നത് നന്നായിരിക്കും. പുലപ്രെ ബാലകൃഷ്ണൻ കണക്കുകൾ വ്യക്തമായി ഉദ്ധരിച്ച് തന്നെ നെഹ്രുവിൻറ്റെ സമയത്ത് ഇന്ത്യ ചൈനയേക്കാൾ വ്യവസായിക വളർച്ച നേടിയിരുന്ന കാര്യം അനുസ്മരിപ്പിക്കുന്നു.

കോൺഗ്രസ് കഴിഞ്ഞ കാലയളവിൽ ചെയ്തുകൂട്ടിയ വികസന പ്രവർത്തനങ്ങൾ ഇന്നത്തെ പുതു തലമുറക്ക് ഓർമ്മയില്ലാ. ന്യുയോർക്ക് മെട്രോയെക്കാൾ എന്തുകൊണ്ടും മെച്ചമാണ് ഡൽഹി മെട്രോ. ഇന്ത്യൻ പോസ്റ്റൽ സർവീസ് അമേരിക്കൻ പോസ്റ്റൽ സർവീസിനേക്കാൾ വളരെയേറെ കാര്യക്ഷമമാണ്. നമുക്ക് ശക്തമായ റേഷൻ വിതരണ സംവിധാനമുണ്ട്. നെഹ്രുവാണ് റേഷൻ സമ്പ്രദായം ഇന്ത്യ മുഴുവൻ വ്യാപിപ്പിച്ചത്; മറ്റ് വികസന പദ്ധതികൾ കോൺഗ്രസ് സർക്കാരുകളുടേതും ആയിരുന്നു. ഐ.ഐ.എം., ഐ.ഐ. ടി., ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഐ.എസ്.ആർ.ഒ., പഞ്ചരത്ന കമ്പനികൾ, നവരത്ന കമ്പനികൾ, ഐ.സി.എം.ആർ., ആസൂത്രണ കമ്മീഷൻ, സാഹിത്യ അക്കാഡമി - ഇതൊക്കെ നെഹ്‌റുവിൻറ്റെ കാലത്ത് ഉണ്ടാക്കിയതാണ്. അല്ലാതെ ഗുരുജി ഗോൾവാർക്കറോ, ഹെഗ്‌ഡെവാറോ സവർക്കറോ ഉണ്ടാക്കിയതല്ല. അതുപോലെ തന്നെ നെഹ്‌റു ശാസ്ത്രപുരോഗതിക്കു വേണ്ടി ചെയ്ത കാര്യങ്ങൾ എണ്ണമറ്റതാണ്. അടിസ്ഥാന ഗവേഷണത്തിനു വേണ്ടി സി.എസ്ഐ.ആറും അതിൻറ്റെ കീഴിൽ പന്ത്രണ്ടോളം ഇന്ത്യൻ ഇൻസ്റ്റിറ്റിറ്റ്യുട്ടുകളും സ്ഥാപിച്ച പ്രധാനമന്ത്രിയായിരുന്നു നെഹ്‌റു. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീൽ പ്ലാൻറ്റ്, ഭക്രാ നൻഗൽ ഡാം - എന്നീ ബ്രിഹത് പദ്ധതികളും നെഹ്രുവിൻറ്റെ കാലത്ത് ഉണ്ടായി.

സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് 15 അർധരാത്രി മുതൽ 1964 മെയ് 27 വരെ 17 വർഷമാണ് നെഹ്റു ഇന്ത്യ ഭരിച്ചത്. നമുക്ക് ശക്തമായ ജുഡീഷ്യൽ സംവിധാനവും, സ്വതന്ത്ര മാധ്യമങ്ങളും, ജനാധിപത്യ സംവിധാനവും ഉണ്ടായത് നെഹ്രുവിൻറ്റെ ആ 17 വർഷത്തെ ഭരണത്തിലൂടെയായിരുന്നു. അത് കൂടാതെയാണ് രാജ്യത്തിൻറ്റെ ശക്തമായ അടിത്തറയ്ക്കു വേണ്ടി നെഹ്‌റു സ്ഥാപനങ്ങൾ പടുതുയർത്തിയത്. ഒന്നുമില്ലായ്മയിൽ നിന്നാണ് നെഹ്റു ഇതെല്ലാം പടുത്തുയർത്തിയതെന്ന് ഓർക്കണം. ബ്രട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ അഭയാർത്ഥികളും, കടക്കെണിയും, വർഗീയവൽക്കരണത്തിലൂടെ വ്രണിതമായ ഒരു മനസുമായിരുന്നു രാജ്യത്തിൻറ്റെ ആകെ കൈമുതൽ. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലൂടെ നെഹ്റുവിനേയും കോൺഗ്രസിനേയും വിമർശിക്കുന്നവരിൽ പലരും ഇത്തരം വിമർശന സ്വാതന്ത്ര്യം ഒന്നും നമ്മുടെ അയൽ രാജ്യങ്ങളിൽ പോലും ഇല്ല എന്ന വസ്തുത മനസിലാക്കുന്നില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ച ആ 'Freedom of Speech'-ൻറ്റെ ഫലമാണ് ഈ വിമർശന സ്വാതന്ത്ര്യം എന്ന വസ്തുത പലരും മനസിലാക്കുന്നില്ല. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ഉയർത്തി പിടിച്ച ആ പുരോഗമന മൂല്യങ്ങളാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയുടെ കരുത്ത്. ഇതൊക്കെ നിരന്തരമായി ഇന്ത്യയുടെ ഇന്നത്തെ യുവതലമുറയെ നിരന്തരമായി ഓർമിപ്പിച്ചുകൊണ്ടേയിരിക്കണം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മിക്ക ഇന്ത്യക്കാരും ഇന്ന് മൂന്ന് നേരം ഭക്ഷിക്കുന്നത് ഇന്ദിരാ ഗാന്ധി ഹരിത വിപ്ലവം ഗവൺമെൻറ്റിൻറ്റെ ഒരു പ്രധാന പദ്ധതി ആയി 1966-ലെ ക്ഷാമത്തിന് ശേഷം നടപ്പിൽ വരുത്തിയതുകൊണ്ടാണ്. 1970-കളിൽ ഇന്ത്യയിൽ കൊണ്ടുവന്ന സങ്കരയിനം വിത്തുകളും, അന്ന് നടപ്പിലാക്കിയ 'ഹയ്യ് യീൽഡിങ് വെറയ്റ്റി' (HYV) ഇനം ഗോതമ്പും, അരിയുമാണ് ഈ ഇൻഡ്യാ മഹാരാജ്യത്തെ പട്ടിണി മാറ്റിയത്. ഇന്ത്യ 'ഫുഡ് സഫിഷ്യൻറ്റ്' ആയിട്ട് അധിക കാലമൊന്നുമായിട്ടില്ല. മുൻ പ്രധാന മന്ത്രിമാരായിരുന്ന നെഹ്രുവിനും, ഇന്ദിരാ ഗാന്ധിക്കുമാണ് ഇന്ത്യയുടെ 'ഫുഡ് സെൽഫ് സഫിഷ്യൻസിക്ക്' നന്ദി പറയേണ്ടത്. 1947-നു മുമ്പുള്ള കൊളോണിയൽ സർക്കാർ ഒരിക്കലും ഒരു 'വെൽഫയർ സർക്കാർ' അല്ലായിരുന്നു. ജനാധിപത്യമാണ് ക്ഷേമ രാഷ്ട്രം എന്ന സങ്കൽപ്പത്തിന് തന്നെ അടിസ്ഥാന ശില പാകിയത്. ഇന്ത്യയിൽ ധവള വിപ്ലവം നെഹ്രുവിൻറ്റെ കാലത്താണ് ആരംഭിച്ചത്. വർഗീസ് കുര്യൻറ്റെ നെത്ര്വത്ത്വത്തിൽ ഗുജറാത്തിലായിരുന്നു തുടക്കം. ഹരിത വിപ്ലവം പിന്നീട് ഇന്ദിരാ ഗാന്ധിയുടെ കാലത് ശാസ്ത്രജ്ഞനായ നോർമൻ ബെർലാഗിനെ കൂട്ട് പിടിച്ചും. 1966-ൽ ഇന്ത്യയിൽ കടുത്ത ഭക്ഷ്യ ക്ഷാമം ഉണ്ടായി. ഇതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് ഭക്ഷ്യ ധാന്യങ്ങൾ കിട്ടുവാൻ അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി അമേരിക്ക സന്ദർശിക്കുകയും പ്രെസിഡൻറ്റ് ലിൻഡൻ ജോൺസണിൻറ്റെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ലിൻഡൻ ജോൺസൺ ഇന്ത്യക്ക് അടിയന്തിരമായി 3 മില്യൺ ടൺ ഭക്ഷ്യ ധാന്യങ്ങളുടെയും, 9 ദശ ലക്ഷം ഡോളറിൻറ്റെ സഹായവും പ്രഖ്യാപിച്ചു. ഇതിനു ശേഷമാണ് ഇന്ദിരാ ഗാന്ധി ഹരിത വിപ്ലവത്തിലൂടെ ഭക്ഷ്യോൽപ്പാദനം കൂട്ടുക എന്നത് ഗവൺമെൻറ്റിൻറ്റെ മുഖ്യ അജണ്ടയാക്കി മാറ്റിയതും അതിൽ വിജയിച്ചതും. ഹരിത വിപ്ലവം, 1971-ൽ പാക്കിസ്ഥാനെതിരെ നേടിയ സൈനിക വിജയം, ബംഗ്ളാദേശിൻറ്റെ രൂപീകരണം, പൊഖ്‌റാനിൽ നടത്തിയ ആണവ പരീക്ഷണം - ഇവയൊക്കെ ഇന്ദിരാ ഗാന്ധിയുടെ നേട്ടങ്ങളാണ്. സഞ്ജയ്‌ ഗാന്ധിയുടെ മുഷ്ക്ക് കാരണം കുറച്ചെങ്കിലും കുടുംബാസൂത്രണം ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടു. അല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ പാരമ്പര്യ സമൂഹത്തിൽ കുടുംബാസൂത്രണം എന്ന പദ്ധതി അംഗീകരിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. മൂഢസങ്കൽപ്പങ്ങൾക്ക് അടിമപ്പട്ടിരുന്ന സംഘ പരിവാറിലെ സ്വദേശി പ്രസ്ഥാനക്കാർ സങ്കരയിനം വിത്തുകളേയും, 'ഹയ്യ് യീൽഡിങ് വെറയ്റ്റിയേയും' സ്വദേശി മുദ്രാവാക്യം മുഴക്കിയെതിർത്ത ചരിത്രമേയുള്ളൂ. 1990-കളിൽ പോലും കൊച്ചിയിൽ ലോകബാങ്ക് സംഘത്തെ വഴിയിൽ തടഞ്ഞു കഴുത്തിനു പിടിച്ചു തപ്പാളിച്ച കൂട്ടരാണ് പലരും ഇന്നും പൊക്കിപ്പിടിക്കുന്ന നക്സലയിറ്റുകാർ. യാഥാർഥ്യ ബോധം ഇവരുടെയൊന്നും തലയുടെ ഏഴയലത്തു പോയിട്ട്, നൂറയലത്തു പോലും 1990-കളിൽ പോലും പോയിരുന്നില്ല.

ഇന്ദിര ഗാന്ധിയുടെ കാലശേഷം രാജീവ് ഗാന്ധി വന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യയിൽ 'കംബ്യുട്ടറൈസേഷൻ' അത്ര പെട്ടെന്നെന്നും വരില്ലായിരുന്നു. ഇന്ത്യയിലെ കംബ്യുട്ടറൈസേഷൻറ്റെ പിതാവ് രാജീവ് ഗാന്ധിയാണ്. മോഡിയടക്കം കംപ്യുട്ടറിലൂടെ രാജീവ് ഗാന്ധിയെ വിമർശിക്കുന്ന പലരും അത് ഓർമിക്കുന്നില്ല. കമ്പ്യൂട്ടർ വിപ്ലവം, മാരുതി സുസുകി കാർ നിർമാണം, സ്ത്രീകൾക്ക് 33 ശതമാനം പ്രാതിനിധ്യം നൽകുന്ന പഞ്ചായത്തി രാജ് നിയമം, നഗര പാലികാ ആക്റ്റ്, കൂറുമാറ്റ നിയമം, ടെലിഫോൺ നൂതന പ്രക്രിയ അങ്ങിനെ എത്രയോ മാറ്റങ്ങൾ രാജീവ് ഗാന്ധി ചുരുങ്ങിയ കാലത്തിനുള്ളിൽ നടപ്പിലാക്കി. സാം പിട്രോഡയിലൂടെ നടപ്പാക്കിയ ടെലികോം റെവലൂഷൻ ഒന്നു മാത്രം മതി രാജീവ് ഗാന്ധിയുടെ നാമം എന്നും ഓർമ്മിക്കാൻ. മുമ്പൊക്കെ ഒരു എസ്.ടി.ഡി. കോൾ ചെയ്യാൻ എത്ര ബുദ്ധിമുട്ടായിരുന്നു എന്ന് അനുഭവിച്ചവർക്കൊക്കെ അറിയാം. അന്ന് ട്രങ്ക് കോൾ ബുക്ക് ചെയ്ത് കാത്തിരിക്കണം. ലൈൻ വല്ലപ്പോഴുമേ ക്ളിയറാകാറുള്ളൂ. ട്രങ്ക് കോൾ ബുക്ക് ചെയ്തതിനു ശേഷം കണക്ഷൻ കിട്ടാൻ എക്സ്ചേഞ്ച് ജീവനക്കാരുടെ സഹായം തേടണം. പിന്നെ അതിന് അവരുടെ വായിലിരിക്കുന്നത് കേൾക്കണം. ഇപ്പോഴത്തെ തലമുറക്ക് അതൊന്നും ഓർമയില്ല. സ്മാർട്ട് ഫോണും കയ്യിൽ പിടിച്ചു നടക്കുമ്പോൾ 30-40 വർഷം മുമ്പ് സ്മാർട്ട് ഫോൺ പോയിട്ട് നേരേചൊവ്വേ ഒരു ഫോണിൽ പോലും സംസാരിച്ചിട്ടുള്ളവരല്ല തങ്ങളുടെ മുൻ തലമുറയിലുള്ളവർ എന്ന് പലരും ഓർമിക്കുന്നതേ ഇല്ലാ.

കോൺഗ്രസ് അവസാനമായി ഇന്ത്യ ഭരിച്ചപ്പോൾ സൃഷ്ടിച്ച അനേകം പദ്ധതികളുടെ നേട്ടങ്ങൾ ഇന്നും നമ്മുടെ കൺമുന്നിൽ തന്നെയുണ്ട്. ഡോക്ടർ മൻമോഹൻ സിങ്ങിൻറ്റെ ഗവൺമെൻറ്റിൻറ്റേതായിരുന്നു ആ നേട്ടങ്ങൾ. ഗ്രാമീണ മേഖലക്ക് തൊഴിലുറപ്പ് പദ്ധതി, ഇന്ന് ബി.ജെ.പി. പോലും പൊക്കിപിടിക്കുന്ന ആധാർ, ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനലക്ഷങ്ങളുടെ സാമ്പത്തികമായ ഉയർച്ച, ഇന്ത്യയിൽ ആഗോള രീതിക്കനുസരിച്ചുള്ള വികസനം, ഡൽഹി മെട്രോ പോലുള്ള ഇൻഫ്രാസ്ട്രക്ച്ചർ മികവ് - ഇതൊക്കെ അന്നത്തെ ഡോക്ടർ മൻമോഹൻ സിംഗ് സർക്കാരിൻറ്റെ നേട്ടങ്ങളായിരുന്നു.

ഉദാരവത്കരണത്തിൻറ്റെ മുപ്പതാം വാർഷികമായ 2021-ൽ ഡോക്ടർ മൻമോഹൻ സിംഗ് ടൈമ്സ് ഓഫ് ഇന്ത്യയോട് പറഞ്ഞത് 40 കോടിയോളം ജനതയെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ഉദാരവത്കരണത്തിന് സാധിച്ചു എന്നാണ്. UPA ഭരണ കാലത്ത് ദാരിദ്ര്യ നിർമാർജനത്തിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയുട്ടെണ്ടെന്ന വസ്തുത ആരും കാണാതിരിക്കരുത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 407 മില്യൺ എന്ന സംഖ്യയിൽ നിന്ന് 269 മില്യണിലേക്ക് 2004-05 കാലഘട്ടത്തിൽ നിന്ന് 2011-12-ൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ എത്തിക്കുവാൻ സാധിച്ചു എന്ന് നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് ഒരു നിസാര നേട്ടം അല്ല. എല്ലാ അർത്ഥത്തിലും ഇത് മഹനീയമായ നേട്ടം തന്നെയാണ്. ഒരു വശത്ത് സാമ്പത്തിക വളർച്ചയും മറു വശത്ത് തൊഴിലുറപ്പു പദ്ധതികൾ പോലെയുള്ള ക്ഷേമ പ്രവർത്തനങ്ങളും വഴിയാണ് ഇത് സാധിച്ചത്. 138 ദശ ലക്ഷം ജനതയെയാണ് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ എത്തിക്കുവാൻ സാധിച്ചത്. നാഷണൽ സാമ്പിൾ സർവേകൾ ഇത് കൃത്യമായി വ്യക്തമാക്കുന്നുമുണ്ട്.

ഇതെഴുതുന്നയാൾക്ക് ഡൽഹിയിൽ വെച്ച് പങ്കെടുക്കുവാൻ സാധിച്ച ഡോക്ടർ മൻമോഹൻ സിങ്ങിൻറ്റെ ഒരു പ്രഭാഷണത്തിനു ശേഷമുള്ള ചോദ്യോത്തര വേളയിൽ അദ്ദേഹം പറഞ്ഞത് "ഉദാരവൽക്കരണത്തിൻറ്റെ ഒരു പ്രധാന ലക്ഷ്യം ശക്തമായ മധ്യ വർഗത്തെ ഇന്ത്യയിൽ സൃഷ്ടിക്കുകയാണ്" എന്നായിരുന്നു. സാമ്പത്തിക ഉദാരവൽക്കരണത്തിൻറ്റെ ഫലമായി ശക്തമായ മധ്യ വർഗം ഇന്ത്യയിൽ രൂപം കൊണ്ടു എന്നതും സമീപ കാല ചരിത്ര സത്യമാണ്. ഈ ചരിത്ര സത്യങ്ങളൊക്കെ വിദ്വേഷ പ്രചാരണവും, വ്യക്തിപരമായ ആക്രമണങ്ങളും മൂലം ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്തുന്നില്ലാ; അതാണ് ഇന്നത്തെ കോൺഗ്രസ് പാർട്ടിയുടെ പരാജയങ്ങൾക്ക് കാരണം.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)


Also Read » Study German using Malayalam - Lesson 19


Also Read » Study German using Malayalam - Lesson 17Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 01:08:11 am | 29-05-2024 CEST