കോവിഡിനേക്കാൾ ലോകത്തെ അസ്ഥിരപ്പെടുത്തുന്ന ഒന്നായി മാറുമോ റഷ്യൻ-യുക്രൈൻ യുദ്ധം?

Avatar
വെള്ളാശേരി ജോസഫ് | 06-09-2022 | 3 minutes Read

973-1662453370-ukraine-peace

കഴിഞ്ഞ ആഴ്ച പോളണ്ട് ജർമ്മനിയിൽ നിന്ന് രണ്ടാം ലോക മഹായുദ്ധകാലത്ത് കാണിച്ച ക്രൂരതകൾക്ക് 1.3 ട്രില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞിട്ട് ഇപ്പോൾ 77 വർഷങ്ങൾ കഴിഞ്ഞു. എന്നാലും പോളണ്ടുകാരെ ഒരു രീതിയിലും കുറ്റം പറയാൻ സാധിക്കുകയില്ല. കാരണം പോളണ്ടിലെ മൂന്നിലൊന്ന് ജനതയെ ആണ് ജർമൻ അധിനിവേശകാലത്ത് അവർ കൊന്നെടുക്കിയത്.

പട്ടാളക്കാരും സിവിലിയൻസും അടക്കം ഏതാണ്ട് രണ്ടു കോടിയോളം ജനമാണ് മുൻ സോവിയറ്റ് യൂണിയനിൽ ജർമൻ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്. പത്തര ലക്ഷത്തോളം സോവിയറ്റ് യഹൂദ ജനത ജർമ്മൻകാരാൽ കൊല്ലപ്പെട്ടു. ലിത്തുവേനിയയിലുള്ള 'പിണറൂയ്' കാടുകളിൽ ഒരു ലക്ഷത്തിലേറെ പേരെയാണ് അവിടുത്തെ വലിയ ഓയിൽ കിണറുകളിൽ ജർമൻ സൈന്യം കൊന്നു തള്ളിയത്. സന്തോഷ് ജോർജ് കുളങ്ങര സഞ്ചാരം പരിപാടിയിൽ ഇന്നും ഭീതിദമായ ആ കാട്ടു പ്രദേശങ്ങൾ കാണിക്കുന്നുണ്ട്. ഇത്രയും കൊലപാതകങ്ങളും ക്രൂരതകളും നടത്തിയ ജർമ്മൻകാരിൽ നിന്ന് ജർമൻ ഏകീകരണത്തിന് ശേഷം അവിടെ നിലയുറപ്പിച്ചിരുന്ന സോവിയറ്റ് പട്ടാളം പിൻവാങ്ങുമ്പോൾ അർഹമായ നഷ്ട പരിഹാരം സോവിയറ്റ് രാഷ്ട്രത്തലവൻ വാങ്ങിക്കണമായിരുന്നു. ഗോർബച്ചേവ് അത് ചെയ്തില്ല. അതിൻറ്റെ പേരിൽ 1962 തൊട്ട് 1986 വരെ സോവിയറ്റ് യൂണിയൻറ്റെ അമേരിക്കൻ അംബാസിഡർ ആയിരുന്ന അനാറ്റോളി ഡോബ്രിനിൻ മുൻ സോവിയറ്റ് പ്രസിഡൻറ്റ് ഗോർബച്ചേവിനെ തൻറ്റെ ആത്മകഥയിൽ വല്ലാതെ കുറ്റപ്പെടുത്തുന്നുണ്ട്. 'In Confidence: Moscow’s Ambassador to Six Cold War Presidents ' എന്ന പുസ്തകം അനാറ്റോളി ഡോബ്രിനിൻ എഴുതിയിട്ടുണ്ട്. ആ പുസ്തകത്തിൽ ഗോർബച്ചേവിൻറ്റെ ഇതുപോലുള്ള അനേകം കഴിവില്ലായ്മകൾ അദ്ദേഹം അക്കമിട്ടു പറയുന്നുണ്ട്. ഗോർബച്ചേവിനെതിരെ റഷ്യയിൽ വലിയ ജനവികാരം ഉള്ളത് ഇതുകൊണ്ടൊക്കെ ആണെന്ന് തോന്നുന്നു. കഴിഞ്ഞ ആഴ്ച ഗോർബച്ചേവിന് 'സ്റ്റെയ്റ്റ് ഫ്യുനറൽ' റഷ്യ കൊടുക്കാതിരുന്നതും ആ ജന വികാരത്തെ മാനിച്ചാണെന്നാണ് തോന്നുന്നത്.

യൂറോപ്യൻ പൊളിറ്റിക്സ് അമേരിക്ക കാണുന്നതുപോലെ ആണെന്ന് തോന്നുന്നില്ല. റഷ്യയിൽ പുടിൻ സ്ഥിരം നെപ്പോളിയൻറ്റെ നേതൃത്വത്തിൽ റഷ്യയിൽ ഫ്രാൻസ് ആക്രമണം നടത്തിയതും, രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലർ 'ഓപ്പറേഷൻ ബാർബറോസ്സ' എന്നപേരിൽ റഷ്യയിൽ ആക്രമണം നടത്തിയതും ജനങ്ങളെ ഓർമിപ്പിക്കും. അതുകൊണ്ടുതന്നെ ഫ്രാൻസും ജർമ്മനിയും റഷ്യക്കെതിരെ സാമ്പത്തിക ഉപരോധവുമായി മുന്നോട്ടു നീങ്ങുമ്പോൾ, ആ രാജ്യങ്ങൾക്കെതിരെ റഷ്യയിൽ ജനവികാരം രൂപപ്പെടും. ഫ്രാൻസിൻറ്റേയും ജർമ്മനിയുടേയും റഷ്യക്ക് എതിരേയുള്ള സാമ്പത്തിക ഉപരോധം കൊണ്ട് ആ ഒരു ഗുണം മാത്രമേ ഉള്ളൂ.

ഇത് എഴുതുന്നത് ഏതെങ്കിലും രീതിയിൽ യുക്രൈന് എതിരെയുള്ള റഷ്യൻ ആക്രമണത്തെ ന്യായീകരിക്കാൻ അല്ല. ആ ആക്രമണം തീർച്ചയായും തെറ്റായിരുന്നു. പക്ഷേ ആക്രമണം ഉണ്ടായ സ്ഥിതിക്ക്, അതിന് ചർച്ചയിലൂടെ പരിഹാരം കാണാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. അതിനു പകരം യൂറോപ്പ്യൻ രാഷ്ട്രങ്ങളും അമേരിക്കയും ജപ്പാനുമെല്ലാം യുക്രൈന് സാമ്പത്തികവും സൈനികവും ഡിപ്ലോമാറ്റിക് ആയ എല്ലാ പിന്തുണയും കൊടുത്തുകൊണ്ട് മാക്സിമം സംഘർഷത്തെ മൂർച്ഛിപ്പിച്ചു. റഷ്യയും തിരിച്ചടിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജർമ്മനിക്കുള്ള ഗ്യാസ് സപ്ലൈ പൂർണ്ണമായും അവർ ഒഴിവാക്കി.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പെട്രോൾ, ഡീസൽ, പ്രകൃതിവാതകം, ഫെർട്ടിലൈസേഴ്സ്, മെറ്റൽസ് - ഈ രംഗങ്ങളിലെ ഭീമനാണ് റഷ്യ. രണ്ടു ഭൂഖണ്ഡങ്ങളിലായി പടർന്നു കിടക്കുന്ന ധാരാളം നാച്ചുറൽ റിസോഴ്സസ് ഉള്ള ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് റഷ്യ. ലോകത്ത് ഗോതമ്പിൻറ്റെ ഉൽപാദനത്തിലും വിതരണത്തിലും നിർണായക പങ്കു വഹിക്കുന്ന രണ്ടു രാജ്യങ്ങളാണ് റഷ്യയും യുക്രൈനും. സാമ്പത്തിക ഉപരോധം ഇതുവരെ റഷ്യൻ നാച്ചുറൽ റിസോഴ്സസിനെ ആശ്രയിച്ചു കഴിയുന്ന രാജ്യങ്ങൾക്കാണ് കുഴപ്പം ഉണ്ടാക്കിയത്; അതല്ലാതെ റഷ്യയ്ക്കല്ല.

ആഗോളവൽക്കരണത്തിൻറ്റെ ഈ കാലത്ത് എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ, അത് ലോകത്തെ മുഴുവൻ ബാധിക്കും. ഇപ്പോൾ തന്നെ നോക്കൂ: ശ്രീലങ്കയും പാക്കിസ്ഥാനും സാമ്പത്തികമായി തകർന്നു കഴിഞ്ഞു.
ഏതാനും ദിവസം മുമ്പ് അർജനൻറ്റീനിയൻ വൈസ് പ്രസിഡണ്ടിനെ വധിക്കാൻ ശ്രമം നടന്നു. പോയിൻറ്റ് ബ്ലാങ്കിലാണ് വെടിവെച്ചത്. കാഞ്ചി വലിച്ചതായിരുന്നു. എന്നിട്ടും ഭാഗ്യത്തിന് റിവോൾവർ വർക്ക് ചെയ്യാതിരുന്നതിനാൽ വെടിയേറ്റില്ല എന്ന് മാത്രം.

റഷ്യൻ യുക്രൈൻ യുദ്ധം തുടർന്നാൽ ഇതുപോലുള്ള പല വാർത്തകളും കേൾക്കേണ്ടി വരും. കേരളത്തിൽ തന്നെ നോക്കൂ: റബ്ബർ കൃഷിക്ക് ഉപയോഗിക്കുന്ന ഫോർമിക് ആസിഡ്, പൊട്ടാഷ്, യൂറിയ - ഇവയുടെയൊക്കെ വില ഒരു വർഷത്തിനുള്ളിൽ തന്നെ ഇരട്ടിയിൽ മിച്ചമായി. ഫെർട്ടിലൈസർ വില ഇനിയും കൂടാനേ പോകുന്നുള്ളൂ. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ആയിരക്കണക്കിന് കിലോമീറ്റർ അകലെ കിടക്കുന്ന കേരളത്തെ പോലും ബാധിക്കുകയാണ്. കേരളത്തിൽ കഴിഞ്ഞ ഏപ്രിലിൽ സർവ്വേ നടത്തിയപ്പോൾ റബർ ബോർഡിന് കർഷകരെ സഹായിക്കുന്നതിൽ പരിമിതികൾ ഉണ്ട് എന്നാണ് പലരും പറഞ്ഞത്. മാർക്കറ്റിൽ ഉള്ള വിലയെക്കാൾ വളരെ കുറച്ചു വിലയിൽ ഫെർട്ടിലൈസറും, ഫോർമിക് ആസിഡും നൽകാൻ റബർ ബോർഡിന് ആവില്ല. ഗുജറാത്ത് ബെയ്സ്ഡ് കമ്പനിയായ 'ശുദ്ധ് നർമ്മദ' ആണ് ഫോർമിക് ആസിഡ് കൂടുതലായും ഉത്പാദിപ്പിക്കുന്നത്. കമ്പനിക്ക് ഇൻഗ്രെഡിയൻസിൻറ്റെ വില കൂടിയതുകൊണ്ട് ആസിഡിൻറ്റെ വിലയും ഉയർത്തേണ്ടതായി വന്നു. അതുപോലെ തന്നെ, മാഗ്ലൂർ ബെയ്സ്ഡ് കമ്പനികൾക്ക് ഫെർട്ടിലൈസർ വിലയും ഉയർത്തേണ്ടതായി വന്നു. കേരളത്തിൽ 12 ലക്ഷം റബർ കർഷകർക്ക് ഇപ്പോൾ ഉത്പാദന ചെലവും, ലേബർ ചാർജും അനുസരിച്ചുള്ള വരുമാനം കിട്ടുന്നില്ല. ചെറുകിട കർഷകൻറ്റെ ജീവിതം ദുരിതത്തിൽ ആവാൻ മറ്റെന്തു വേണം?

ഒക്ടോബറോടെ യൂറോപ്പിൽ കടുത്ത വിൻറ്റർ തുടങ്ങും. അപ്പോൾ റഷ്യൻ ഗ്യാസ് ഇല്ലാതെ അവർ എങ്ങനെ പിടിച്ചുനിൽക്കും? സീമൻസ്, മേഴ്സിഡസ് ബെൻസ്, ഫോൽക്സ് വാഗൻ - തുടങ്ങിയ ലോകോത്തര കമ്പനികൾ ഉള്ള വൻ വ്യവസായിക ശക്തിയാണ് ജർമ്മനി. അതുകൊണ്ട് പെട്ടെന്നൊന്നും അവർ പരാജയപ്പെടുകയില്ല. പക്ഷേ ഇൻഫ്ലേഷൻ കൂടുമ്പോൾ, എങ്ങനെ ജനരോഷത്തെ ഭരണകൂടം നേരിടും? പണ്ട് ഇന്ധനവില കൂടിയപ്പോൾ കാറുകളെല്ലാം ഹൈവേയിൽ നിറുത്തിയിട്ടിട്ട് പോയ ആളുകളാണ് ജർമ്മൻകാർ. ജനാധിപത്യത്തിൽ ഇത്തരം ജനരോഷം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. അതുതന്നെയാണെന്ന് തോന്നുന്നു റഷ്യക്കും വേണ്ടത്. ചുരുക്കം പറഞ്ഞാൽ, കോവിഡിനേക്കാൾ ലോകത്തെ അസ്ഥിരപ്പെടുത്തുന്ന ഒന്നായി മാറികൊണ്ടിരിക്കുകയാണ് ഈ റഷ്യൻ യുക്രൈൻ യുദ്ധം.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)


Also Read » Study German using Malayalam - Lesson 5


Also Read » Study German using Malayalam - Lesson 3



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 05:46:23 am | 29-03-2024 CET