സൗദി അർജെൻറ്റീനയെ ഫുട്ബോളിൽ തോൽപിച്ചതിനൊപ്പം സൗദി അറേബ്യയിൽ നടക്കുന്ന മാറ്റങ്ങൾ കൂടി കാണേണ്ടതുണ്ട്

Avatar
വെള്ളാശേരി ജോസഫ് | 23-11-2022 | 4 minutes Read

സൗദി അറേബ്യ മുൻ ലോക ചമ്പ്യാന്മാരായ അർജെൻറ്റീനയെ ഫുട്‍ബോളിൽ തോൽപിച്ചതിനൊപ്പം സൗദിയിലും ഗൾഫിലും കഴിഞ്ഞ പത്തിരുപത് വർഷങ്ങളായി നടക്കുന്ന മാറ്റങ്ങളെ കൂടിയാണ് നോക്കികാണേണ്ടത്. പല മലയാളികളും അതു നോക്കികാണുവാൻ മടിക്കുന്നു. സൗദി, യു.എ.ഇ. പോലുള്ള ഗൾഫ് നാടുകൾ പുരോഗതിയിലേക്ക് നീങ്ങുന്നതിൻറ്റെ സൂചനയായി തന്നെ ഫുട്‍ബോളിലെ ഈ ജയത്തേയും കാണുവാൻ സാധിക്കും. 1970-കൾ തൊട്ട് ഗൾഫിൽ എണ്ണപ്പണം സമൃദ്ധമായി ഉണ്ടായിരുന്നിട്ടും ലോകോത്തരമായ വിദ്യാഭ്യാസ സ്ഥാപനങ്ങളോ, ഗവേഷണ സ്ഥാപനങ്ങളോ ഒന്നും അവിടെ ഇല്ലായിരുന്നു. സ്പോർട്ട്സിലും അത്ലറ്റിക്സിലും വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്നതിലും അവർ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ പത്തിരുപതു വർഷമായി മാത്രമാണ് സൗദി, യു.എ.ഇ. പോലുള്ള ഗൾഫ് രാജ്യങ്ങളിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. ദുബായിൽ 163 നിലകളുള്ള ബുർജ് ഖലീഫ അടക്കം 300 മീറ്റർ ഉയരമുള്ള 28 കെട്ടിടങ്ങൾ കൂടിയുണ്ട്. വികസന കാര്യത്തിൽ ദുബായിയെ വെല്ലാനാണിപ്പോൾ മറ്റു ഗൾഫ് രാജ്യങ്ങൾ ശ്രമിക്കുന്നത്.105 മൈൽ നീളമുള്ള വൻ കെട്ടിടങ്ങൾ പാരലൽ ആയി നിരന്നു നിൽക്കുന്ന വമ്പൻ പദ്ധതിക്കൊരുങ്ങിയിരിക്കുകയാണ് ഇന്നിപ്പോൾ സൗദി അറേബ്യ. അംബരചുംബികളായ കെട്ടിടങ്ങൾ നിരന്നുനിൽക്കുന്ന ഈ 105 മൈൽ നീളമുള്ള പദ്ധതി 500 ബില്യൺ ഡോളറിൻറ്റെ ആണെന്ന് പറയുമ്പോൾ, എത്ര വിപുലമായ പ്രൊജക്റ്റ് ആണത് എന്ന് സങ്കൽപിക്കുവാൻ സാധിക്കും. ദുബായ് ഇപ്പോൾ തന്നെ കെട്ടിടങ്ങളുടെ ഉയരത്തിൻറ്റെ കാര്യത്തിൽ ന്യുയോർക്കിനേയും, ചൈനീസ് നഗരമായ 'ഷെൻസനേയും' മറികടന്നു കഴിഞ്ഞു.

ഇതിനിടയിൽ ഏറ്റവും പ്രധാനമായി കാണേണ്ട കാര്യമെന്താണെന്നുവെച്ചാൽ, സ്ത്രീകളുടെ 'വർക് പാർട്ടിസിപ്പേഷൻ' ശതമാനം സൗദി അറേബ്യയിൽ കേവലം അഞ്ചു വർഷങ്ങൾക്കുള്ളിൽ ഇരട്ടിയായി എന്നുള്ളതാണ്. ഇപ്പോൾ സൗദിയിൽ തൊഴിൽ എടുക്കുന്നവരിൽ 35 ശതമാനത്തോളമുള്ളത് സ്ത്രീകളാണ്. ശരിക്കും വിപ്ലവകരമായ മാറ്റമാണത്. ഇന്നിപ്പോൾ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ധാരാളം യുവതീ യുവാക്കൾ പാശ്ചാത്യ സ്ഥാപനങ്ങളിൽ പോയി പഠിക്കുന്നുമുണ്ട്.

989-1669213007-football

സദാചാര പോലീസിങ്ങും, മത പോലീസുമൊക്കെയാണ് പണ്ട് ഗൾഫ് രാജ്യങ്ങളുടെ പുരോഗതിക്ക് തടസം നിന്നിരുന്നത്. രണ്ടു മാസം മുമ്പാണല്ലോ ഇറാനിൽ ഹിജാബ് ധരിക്കാത്തതിന് തലക്ക് അടിയും ഇടിയുമൊക്കെ കൊടുത്ത് ഒരു 22 വയസ്സുകാരിയായ യുവതിയെ തല്ലിക്കൊന്നത്. മഹ്സ അമിനി എന്ന ആ 22 വയസ്സുകാരിയുടെ പേരിൽ ആരംഭിച്ച പ്രക്ഷോഭത്തിന്‌ പരസ്യമായ പിന്തുണ നൽകിക്കൊണ്ട് ഇറാനിയൻ ഫുട്‍ബോൾ താരങ്ങൾ അവരുടെ ദേശീയ ഗാനം പാടാൻ വിസമ്മതിച്ച വാർത്ത ഇപ്പോൾ ഖത്തറിൽ നിന്ന് വരുന്നുണ്ട്. സൗദിയിലും പണ്ട് ഇതുപോലെ അടിയും തൊഴിയുമൊക്കെ അവിടുത്തെ മത പോലീസ് കൊടുക്കുമായിരുന്നു. സൗദിയിൽ ജോലി ചെയ്ത പല മലയാളികളും കഴിഞ്ഞ നൂറ്റാണ്ടിൽ അതൊക്കെ ഇഷ്ടംപോലെ കണ്ടിട്ടുണ്ട്; അവരൊക്കെ അതിനെ കുറിച്ച് എഴുതിയിട്ടുമുണ്ട്.

പണ്ട് മത പോലീസ് ആയിരുന്നു സൗദിയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. അന്ന് സൗദിയിൽ പോയ ബിജു കുമാർ ആലക്കോട് ഒക്കെ അതിനെ കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. അന്നൊക്കെ വെള്ളിയാഴ്ച പ്രാർഥന കഴിഞ്ഞാൽ, സൗദിയിൽ ചാട്ടവാറടിയും തല വെട്ടലും സാധാരണ സംഭവം മാത്രമായിരുന്നു. പ്രാർത്ഥനാ സമയങ്ങളിൽ നമാസ് നടത്താത്ത മുസ്‌ളീങ്ങൾക്കും മത പോലീസിൻറ്റെ തല്ല് നല്ലതുപോലെ കിട്ടുമായിരുന്നു. സൗദിയിൽ 1980-കളിൽ സ്ത്രീകൾ അബായ മാത്രമേ ധരിച്ചിരുന്നുള്ളൂ; മുഖവും മറച്ചിരുന്നൂ. സ്ത്രീകൾക്ക് ഡ്രൈവ് ചെയ്യാൻ സ്വാതന്ത്ര്യം ഇല്ലായിരുന്നു. പൊതു സ്ഥലങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഇടങ്ങളായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിൻറ്റെ അവസാനം വരെ. അന്നൊക്കെ ഫാമിലി ഉള്ളിടത് വിവാഹം കഴിക്കാത്തവർക്ക് പ്രവേശനം ഇല്ലായിരുന്നു. ഹോട്ടലുകളിൽ ആണിനും പെണ്ണിനും ഒരുമിച്ചിരിക്കാൻ പാടില്ലായിരുന്നു. ജോലി സ്ഥലങ്ങളിൽ ഒന്നും സ്ത്രീകൾ ഇല്ലായിരുന്നു.

ഏറ്റവും കർക്കശമായ മത നിയമങ്ങൾ ഉണ്ടായിരുന്ന സൗദി അറേബ്യ പോലും ഇന്നിപ്പോൾ ലിബറൽ ആയി മാറുന്ന കാഴ്ചയാണ് വിഷ്വൽ മീഡിയയിലൂടെ കാണാൻ സാധിക്കുന്നത്. ഇസ്‌ലാമിക രാജ്യങ്ങളിൽ പെട്ട പാകിസ്താനിലെ ഫ്യുഡൽ-എലീറ്റ് വിഭാഗത്തിലെ സ്ത്രീകൾ പണ്ടു മുതലേ വളരെ സ്വതന്ത്രർ ആയി ജീവിക്കുന്നവരാണ്. ബേനസീർ ഭൂട്ടോയെ പോലെയും, 'Blood and Sword: A Daughter’s Memoir' എന്ന പുസ്തകം എഴുതിയ ഫാത്തിമ ഭൂട്ടോയെ പോലെയും അനേകം സ്ത്രീകൾ പാക്കിസ്ഥാനിൽ ഉണ്ട്. പാക്കിസ്ഥാൻ എഴുത്തുകാരി ബാപ്സി സിധ്വയുടെ 'പാക്കിസ്ഥാനി ബ്രയ്ഡ്' എന്ന ഇംഗ്ലീഷ് നോവൽ പണ്ട് ഇതെഴുതുന്നയാൾ വായിച്ചിട്ടുണ്ട്. ആ രീതിയിലുള്ള ഫ്യുഡൽ-എലീറ്റ് വിഭാഗത്തിലെ സ്ത്രീകൾ മാത്രമല്ല സൗദിയിൽ സ്വാതന്ത്ര്യം അനുഭവിക്കുന്നത് എന്നുള്ളതാണ് ഇന്നത്തെ സൗദി അറേബ്യയുടെ പ്രത്യേകത. സൗദിയിൽ ഇന്നിപ്പോൾ സ്ത്രീകൾക്ക് വേഷത്തിനും ചോയ്സ് ഉണ്ട്. മുഖം മറയ്ക്കണം എന്നില്ല. അബായാ (സ്ത്രീകൾ ധരിക്കുന്ന കറുത്ത വേഷം) നിർബന്ധമല്ല. മാന്യമായ ഏത് വസ്ത്രമുടുത്തും വെളിയിൽ ഇറങ്ങാം. മുഖമൊഴികെ ശരീരം വെളിയിൽ കാണിക്കരുതെന്ന് മാത്രം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇരുപത് വർഷങ്ങൾക്ക് മുമ്പ് പോലും സൗദിയിൽ സ്ത്രീകൾക്ക് പല കാര്യങ്ങളിലും വിലക്ക് ഉണ്ടായിരുന്നു. അതിൽ നിന്നും സൗദി ഇന്നിപ്പോൾ എത്രയോ മാറിയിരിക്കുന്നൂ. പണ്ടത്തെ സൗദി അറേബ്യയിലെ സ്ഥിതി വെച്ച് നോക്കുമ്പോൾ, സ്ത്രീകൾക്ക് തനിയെ ഡ്രൈവ് ചെയ്യാനുള്ള അനുവാദം തന്നെ വലിയ പുരോഗമനമാണ്. മുഖം കാണിച്ചുള്ള ഡ്രസ്സ്‌ പോലും പണ്ട് അവിടെ രാജകുടുംബങ്ങളിൽ ഒക്കെ ഉള്ള സ്ത്രീകൾ മാത്രമേ ധരിച്ചിരുന്നുള്ളൂ. ഇരുപത് വർഷങ്ങൾക്ക് മുമ്പ് രാജകുടുംബങ്ങളിലെ സ്ത്രീകൾ വിദേശത്ത് പോകുമ്പോൾ മോഡേൺ ഡ്രസ്സ്‌ ഇട്ട് നടക്കുന്നതും, വാഹനങ്ങൾ സ്വയം ഓടിക്കുന്നതും അവിടെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നൂ.

എന്തായാലും അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഇപ്പോൾ സൗദി, യു.എ.ഇ. പോലുള്ള ഗൾഫ് നാടുകൾ പുരോഗതിയിലേക്ക് നീങ്ങുകയാണ്. യു.എ.ഇ.-യിൽ ബഹിരാകാശ യാത്ര, ഉപഗ്രഹ വിക്ഷേപണം തുടങ്ങിയ അനേകം മേഖലകളിൽ സ്ത്രീകൾ ഇന്നിപ്പോൾ മുന്നിലുണ്ട്. സൗദിയിൽ കുറച്ചു നാൾ മുമ്പ് സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിൽ ദശാബ്ദങ്ങളായി ഉണ്ടായിരുന്ന വിലക്ക് നീക്കിയതും സ്ത്രീകൾക്ക് മേൽ ബന്ധുക്കളായ പുരുഷന്മാർക്ക് ഏകപക്ഷീയമായ അധികാരം നല്‍കുന്ന 'രക്ഷാകർതൃ നിയമങ്ങൾ' ലഘൂകരിച്ചതുമൊക്കെ മുഹമ്മദ് ബിൻ സൽമാൻ രാജാവ് കൊണ്ടുവന്ന സ്ത്രീപക്ഷ പരിഷ്‌കാരങ്ങളായിരുന്നു.

കുറച്ചു നാൾ മുമ്പ് സൗദിയിലെ വനിതാ പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്സുമായുള്ള ഒരു ഇൻറ്റർവ്യൂ ടി.വി.-യിൽ ഇതെഴുതുന്നയാൾ കണ്ടിരുന്നു. ആ ഡോക്കുമെൻറ്ററിയിൽ വളരെ ആത്മവിശ്വാസത്തോടെയാണ് ആ സൗദി സ്ത്രീകൾ സംസാരിക്കുന്നത് കണ്ടത്. ക്യാമറയും തൂക്കിയിട്ട് ബൈക്ക് ഓടിച്ചു ആ സ്ത്രീകളൊക്കെ വരുന്നത് ഡോക്കുമെൻറ്ററിയിൽ നന്നായി കാണിച്ചിരുന്നു. ഇത്തരത്തിൽ സൗദിയിൽ ഇഷ്ടംപോലെ വനിതാ പ്രൊഫഷണലുകൾ ഇപ്പോഴുണ്ട്.

ടെക്നോളജിയുടെ ഇടപെടലാണ് സൗദിയിൽ മാറ്റങ്ങൾ വേഗത്തിലാക്കിയത്. ആധുനികതയെ കുറിച്ചുള്ള ഒരു നിർവചനം തന്നെ 'സയൻസ് ഇൻ ദ ഫോം ഓഫ് ടെക്‌നോളജി' എന്നതാണല്ലോ. ഈ ഡിജിറ്റൽ യുഗത്തിൽ, 'സയൻസ് ഇൻ ദ ഫോം ഓഫ് ടെക്‌നോളജി' സമൂഹത്തിൽ മാറ്റങ്ങൾ വളരെ ത്വരിത ഗതിയിൽ ആക്കുന്നൂ. ഒരു സ്മാർട്ട് ഫോൺ സൃഷ്ടിക്കുന്ന വിപ്ലവകരമായ മാറ്റം തന്നെ നോക്കിയാൽ അതു കാണുവാൻ സാധിക്കും. ഇന്നത്തെ സൗദി പൗരൻമാർ അവരുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇൻറ്റർനെറ്റും സ്മാർട്ട് ഫോണും വഴി ആക്കുമ്പോൾ, വൻ മാറ്റങ്ങൾക്കാണ് അവിടെ തുടക്കം കുറിക്കുക.

ഈയടുത്ത് സൗദിയിൽ നിന്ന് സ്ത്രീകൾ മാത്രം ഓപ്പറേറ്റ് ചെയ്ത ഒരു വിമാനയാത്ര വൻ വാർത്താ പ്രാധാന്യം നേടിയിരുന്നൂ; പൈലറ്റിൻറ്റെ അടക്കം ആ വിമാനം മാനേജ് ചെയ്ത സ്ത്രീകളുടെ ഫോട്ടോകൾ പത്രങ്ങളിൽ വന്നതുമാണ്. സൗദിയിൽ മിക്ക രംഗങ്ങളിലും ഇന്നിപ്പോൾ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. പണ്ട് ഹോട്ടലുകളിൽ ആണിനും പെണ്ണിനും ഒരുമിച്ചിരിക്കാൻ പാടില്ലായിരുന്നു. ജോലി സ്ഥലങ്ങളിൽ ഒന്നും സ്ത്രീകൾ ഇല്ലായിരുന്നു. പക്ഷെ സൗദിയിലെ ഇന്നത്തെ കാഴ്ചകൾ തീർത്തും വ്യത്യസ്തമാണ്. നിരവധി സ്ത്രീകൾ ഡ്രൈവ് ചെയ്യുന്നൂ. മുഖവും തലയും മറക്കേണ്ടവർക്ക് മറക്കാം. അല്ലാത്തവർക്ക് അങ്ങനേയും ആകാം. ഓഫീസുകളിൽ, സൂപ്പർ മാർക്കറ്റുകളിൽ, ഹോട്ടലുകളിൽ, ഓൺലൈൻ സംരംഭങ്ങളിൽ, ഡെലിവറി തുടങ്ങി എല്ലാ മേഖലകളിലും രാവെന്നോ പകലെന്നോ ഭേദം ഇല്ലാതെ ഇന്ന് സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. റെസ്റ്റോറൻറ്റിലും മറ്റും ആണിനും പെണ്ണിനും ഒരുമിച്ചിരിക്കാം. ആ രീതിയിൽ സൗദി ഇപ്പോൾ മാറ്റത്തിൻറ്റെ പാതയിലാണ്. ഈയിടെ സൗദിയിൽ നടന്ന ഫാഷൻ പരേഡിൻറ്റെ വീഡിയോ കണ്ടിരുന്നൂ. പാശ്ചാത്യ നാടുകളിൽ നടക്കുന്ന ഫാഷൻ പരേഡ് പോലെ തന്നെ ആയിരുന്നു അതും. നഗ്നതാ പ്രദർശനം ഇല്ലായിരുന്നൂ എന്നേയുള്ളൂ. സൗദിയും ഗൾഫ് രാജ്യങ്ങളും എന്തായാലും മറ്റൊരു ലാസ് വെഗാസോ, ആംസ്റ്റർഡാമോ ആയി മാറാൻ പോവുന്നില്ല. ആരും അവരിൽ നിന്ന് അത്തരം മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നുമില്ലാ. അവരുടെ ആധുനികവൽക്കരണത്തിൻറ്റെ രീതികൾ അവർ തന്നെ നിശ്ചയിക്കട്ടെ. ഓരോ രാജ്യത്തിനും അതാണ് നല്ലതും.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)


Also Read » Study German using Malayalam - Lesson 5


Also Read » Study German using Malayalam - Lesson 3Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 05:20:04 am | 17-04-2024 CEST