ഇന്ത്യയുടെ കാർഷിക മേഖലയിൽ യന്ത്രവൽക്കരണവും ആധുനികവൽക്കരണവും ഒഴിച്ചുകൂടാനാകാത്തതാണ്; പക്ഷെ നോട്ടുനിരോധനം പോലെ മുന്നൊരുക്കമില്ലാതെ പദ്ധതികൾ നടപ്പാക്കിയാൽ അത് വൻ ദുരന്തങ്ങൾക്കേ വഴിതെളിക്കൂ

Avatar
വെള്ളാശേരി ജോസഫ് | 23-09-2020 | 7 minutes Read

ഏതാനും വർഷങ്ങൾക്ക് മുമ്പ് ന്യൂസീലാൻഡിലെ ഒരു ഡയറി ഫാമിൽ സന്ദർശനം നടത്തിയ സുഹൃത്ത് എഴുതിയ അനുഭവ കുറിപ്പ് ഇപ്പോഴും ഓർമ്മിക്കുന്നു. അവിടുത്തെ കുന്നിൻ ചെരുവിലുള്ള ഒരു ഡയറി ഫാമിൽ ആകെ കൂടി വൃദ്ധ ദമ്പത്തികളും ഒരു ശ്രീലങ്കൻ കുടുംബവുമേ ഉള്ളൂ. നൂറു കണക്കിന് പശുക്കളും ആടുകളും ഉള്ള ആ ഡയറി ഫാമിൽ ഈ രണ്ടു കൂട്ടർക്കും കൂടി ദിവസവും 5-6 മണിക്കൂർ അധ്വാനമേ ഉള്ളൂ. എങ്ങനെയാണ് അവർ വിജയകരമായി ആ യൂണിറ്റ് നടത്തുന്നത്? പാൽ കറക്കാനുള്ള യന്ത്രമുണ്ട്; പാൽ കറന്നുകഴിഞ്ഞാൽ നേരെ അത് 'ഡീപ് ഫ്രീസറിലേക്ക്' പോകും; അതു കഴിയുമ്പോൾ 'റെഫ്രിജറേറ്റഡ്‌ ട്രെക്കിൽ' വാങ്ങാൻ ആൾ വരും; 'റെഫ്രിജറേറ്റഡ് ട്രെക്കിൻറ്റെ' ഡ്രൈവർ അളവും ഗുണനിലവാരവും കണക്കാക്കി പാൽ ട്രെക്കിലേക്ക് മാറ്റുന്നു; ആ വിവരം പാൽ സംസ്കരണ കേന്ദ്രത്തിലേക്ക് മൊബൈൽ സന്ദേശമായി പോകുന്നു; സന്ദേശം ലഭിച്ചു കഴിഞ്ഞാലുടൻ പാലിൻറ്റെ പണം കൃത്യമായി വൃദ്ധ ദമ്പത്തികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നു; അവർക്ക് പൈസ വന്നതിൻറ്റെ സന്ദേശം സ്വന്തം മൊബൈലിലും കിട്ടുന്നു. പാൽ കറക്കുന്നതും, യന്ത്രങ്ങൾ വൃത്തിയാക്കുന്നതും എല്ലാം അവിടെ മെഷീൻ വഴിയാണ്. സർക്കാരും, പാൽ സംസ്കരണ കേന്ദ്രങ്ങളും എല്ലാം അവിടെ കർഷകന് കൂട്ടായി ഉണ്ട്.

അതുകൊണ്ടുള്ള മെച്ചമെന്താണ്? ക്ഷീര കർഷകൻറ്റെ അധ്വാന ഭാരം കുറയുന്നൂ; കർഷകന് അവരുടെ ഉൽപന്നത്തിന് ആരുടേയും മുന്നിൽ കൈ നീട്ടാതെ കൃത്യമായ വിലയും കിട്ടുന്നൂ.

ഇന്ത്യയിൽ എന്തുകൊണ്ട് നമുക്ക് അത്തരമൊരു 'സിസ്റ്റം' നടപ്പാക്കികൂടാ? എന്തുകൊണ്ട് ആധുനികവൽക്കരണവും യന്ത്രവൽക്കരണവും ഇവിടെ നടപ്പാക്കപ്പെടുന്നില്ല? ഇവിടെ ഒരു പശു ഉണ്ടെങ്കിൽ ജീവിതകാലം മുഴുവൻ കർഷകൻ പശുവിൻറ്റെ പിന്നാലെ നടക്കേണ്ടി വരും. കുറച്ചു നാൾ മുമ്പ് ഒരു ഫ്രഞ്ച് സിനിമ കണ്ടത് ഇപ്പോഴും ഓർമ്മിക്കുന്നു. ആ ഫ്രഞ്ച് സിനിമയിൽ ജൂലി എന്ന കഥാപാത്രം ഒരു ആഫ്രിക്കക്കാരൻറ്റെ സഹായത്തോടെ പാരമ്പര്യമായി കിട്ടിയ കൃഷിഭൂമി നടത്തുന്നതാണ് കഥ. ഫ്രഞ്ചുകാരിയുടെ ഫാമിൽ പശുവുണ്ട്; പന്നിയുണ്ട്; കോഴികളുണ്ട്; മറ്റു കൃഷികളുമുണ്ട്. ആധുനികവൽക്കരണവും യന്ത്രവൽക്കരണവും ഉള്ളതുകൊണ്ട് ആഫ്രിക്കക്കാരൻ ഇല്ലെങ്കിൽ കൂടി ജൂലിക്ക് നന്നായി കൃഷി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കും.

ജൂലി കേരളത്തിലെയോ, ഇന്ത്യയിലെയോ കർഷകരെ പോലെ അല്ലാ. 'നൈറ്റ് ക്ലബിൽ' ജൂലി പാട്ട് പാടുന്നുണ്ട്; സ്ത്രീ സുഹൃത്തുക്കൾക്കൊപ്പം ബിയർ കഴിക്കുന്നുണ്ട് - മൊത്തത്തിൽ നോക്കിയാൽ അദ്ധ്വാനം ഒക്കെ ഉണ്ടെങ്കിലും അടിപൊളി ജീവിതമാണ്. സിനിമയുടെ അവസാനം ആഫ്രിക്കക്കാരൻറ്റെ ആത്മാർഥതയും അർപ്പണബോധവും കണ്ട് ജൂലി അയാളെ കല്യാണം കഴിക്കുന്നതാണ് കഥ. ഇന്ത്യയുടെ പാരമ്പര്യ കാർഷിക സമൂഹത്തിലുള്ളതുപോലെ ജാതിയും മതവും വർഗ-വർണ വ്യത്യാസങ്ങളും ജൂലിയെ ആഫ്രിക്കക്കാരനെ കല്യാണം കഴിക്കുന്നതിൽ നിന്ന് വിലക്കുന്നില്ലെന്നുള്ളത് പ്രത്യേകം കാണണം. സത്യത്തിൽ ആധുനികവൽക്കരണം എങ്ങനെ ഒരു കർഷക സ്ത്രീയുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നൂ എന്ന് കാണിക്കുന്നതും കൂടിയായിരുന്നു ആ ഫ്രഞ്ച് സിനിമ. പല ഫ്രഞ്ചുകാരും ഇതുപോലെ ഒന്നോ രണ്ടോ ആഫ്രിക്കക്കാരെ കൂട്ടി തങ്ങളുടെ കൃഷിഭൂമികൾ വൈവിധ്യമായ ഉൽപന്നങ്ങളോടെ വിജയകരമായി നടത്തുന്നുണ്ടെന്നുള്ളതും കൂടി ഇന്ത്യക്കാരായ നാം മനസിലാക്കണം.

ഇനി ഫ്രാൻസിലേക്കോ ന്യൂസീലാൻഡിലേക്കോ ഒന്നും പോകേണ്ടാ. കേരളത്തിലെ തമിഴ്‌നാട് അതിർത്തിയിലുള്ള മാട്ടുപ്പട്ടിയിലുള്ള 'ഇൻഡോ-സ്വിസ്' പ്രോജക്റ്റ് കണ്ടാൽ ആധുനികവൽക്കരണവും യന്ത്രവൽക്കരണവും സൃഷ്ടിക്കുന്ന മാറ്റങ്ങൾ ആർക്കും കാണാവുന്നതാണ്. അവിടെ ചങ്ങലയ്ക്കിട്ട നിർത്തിയിരിക്കുന്ന ഒരു പശുവിൽ നിന്ന് 25 ലിറ്റർ പാൽ കിട്ടും എന്നാണ് അവിടുത്തെ ഒരു ജീവനക്കാരൻ ഇതെഴുതുന്ന ആളോട് പറഞ്ഞത്. 25 ലിറ്റർ പാൽ കിട്ടുന്ന എത്ര പശുക്കളുണ്ട് ഇൻഡ്യാ മഹാരാജ്യത്ത്? മാട്ടുപ്പട്ടിയിലും പാൽ കറക്കാനുള്ള യന്ത്രമുണ്ട്.

ആധുനികവൽക്കരണവും യന്ത്രവൽക്കരണവും ക്ഷീര മേഖലയിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ മാട്ടുപ്പട്ടിയിലുള്ള 'ഇൻഡോ-സ്വിസ്' പ്രോജക്റ്റ് നമുക്ക് കാണിച്ചുതരുന്നുണ്ട്. അരവിന്ദൻറ്റെ 'ചിദംബരം' സിനിമയുടെ ഷൂട്ടിങ് നടന്നത് പ്രധാനമായും മാട്ടുപ്പട്ടിയിലുള്ള ആ ഫാമിലാണ്.

ആധുനികവൽക്കരണവും യന്ത്രവൽക്കരണവും മാനസികമായി ഉൾക്കൊള്ളാൻ നമ്മുടെ പാരമ്പര്യ കാർഷിക സമൂഹത്തിലുള്ള പലരും തയാറല്ല. ഇത് ഇന്ത്യയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ എട്ടും പത്തും എരുമകളുള്ള അനേകം ക്ഷീര കർഷകരുണ്ട്. അതിൽ എത്ര പേർക്ക് പാൽ കറക്കാനുള്ള യന്ത്രമുണ്ട് എന്ന് ചോദിച്ചാൽ ആധുനികവൽക്കരണത്തോടും യന്ത്രവൽക്കരണത്തോടും ഉള്ള പാരമ്പര്യ കർഷകരുടെ വിമുഖത നമുക്ക് മനസിലാക്കുവാൻ സാധിക്കും. ആ കർഷകർക്കൊക്കെ പാൽ കറക്കാനുള്ള യന്ത്രം വാങ്ങാനുള്ള സാമ്പത്തിക ശേഷിയുണ്ടെന്നുള്ള കാര്യം തർക്കമറ്റതാണ്. വലിയ ശാസ്ത്രബോധവും വിപ്ലവവും പറയുന്ന ഇടതുപക്ഷക്കാർ പോലും ഇന്ത്യയിലെ പാരമ്പര്യ കർഷകരെ ആധുനികവൽക്കരണത്തിലേക്കും യന്ത്രവൽക്കരണത്തിലേക്കും നയിച്ചിട്ടില്ല എന്നതാണ് ഈ രാജ്യത്തെ ദുഃഖകരമായ വസ്തുത. മുൻ സോവിയറ്റ് യൂണിയനിൽ ആധുനികവൽക്കരണത്തേയും യന്ത്രവൽക്കരണത്തേയും എതിർത്ത കർഷകരോട് സ്റ്റാലിൻ ഒരു ദയയും കാണിച്ചിട്ടില്ല എന്ന കാര്യമെങ്കിലും നമ്മുടെ ഇടതുപക്ഷക്കാർ ഓർക്കണം.

കൂട്ടുകൃഷി സമ്പ്രദായ ആരംഭിക്കുന്നതിനു മുമ്പ് മുൻ സോവിയറ്റ് യൂണിയനിലെ കൃഷി ഓഫീസർമാർ അവിടുത്തെ പാരമ്പര്യ കർഷകരോട് ആധുനികവൽക്കരണത്തിൻറ്റേയും യന്ത്രവൽക്കരണത്തിൻറ്റേയും സാധ്യതകളെ കുറിച്ച് സംസാരിച്ചു; പിന്നീട് കൃഷി ഓഫീസർമാർ സംസാരിക്കുമ്പോൾ കർഷകർ കുടുംബത്തിലുള്ളവരോട് സംസാരിക്കണമെന്ന് പറയും; അത് കഴിഞ്ഞു ബന്ധുക്കളോട് സംസാരിക്കണമെന്ന് പറയും; പിന്നീട് സുഹൃത്തുക്കളോട് സംസാരിക്കണമെന്നും പറയും. കർഷകരെ ബോധവൽക്കരിക്കാൻ നിരന്തരമായ ശ്രമങ്ങൾ നടത്തി പരാജയപ്പെട്ട സോവിയറ്റ് സർക്കാർ അവസാനം ആധുനികവൽക്കരണത്തേയും യന്ത്രവൽക്കരണത്തേയും എതിർക്കുന്ന കർഷകരെ കൊന്നുകളയാൻ ആണ് തീരുമാനിച്ചത്. സോവിയറ്റ് 'കളക്റ്റിവൈസേഷനിൽ' എത്ര കർഷകർ കൊല്ലപ്പെട്ടു എന്ന് വിൻസ്റ്റൺ ചർച്ചിൽ രണ്ടാം ലോക മഹായുദ്ധ കാലത്തിനിടയിലുള്ള ഒരു കൂടിക്കാഴ്ചയിൽ സ്റ്റാലിനോട് ചോദിച്ചപ്പോൾ “Stalin raised his snow white hands and indicated 10” എന്നാണ് ‘Rise and Fall of Joseph Stalin’ എഴുതിയ റോബർട്ട് പെയിൻ പറയുന്നത്. ഇത് ഒരു ബൂർഷ്വാ പ്രചാരണവും അല്ല; സ്റ്റാലിൻറ്റെ തന്നെ വാക്കുകളാണ്. തികഞ്ഞ ഏകാധിപതിയായിരുന്നെങ്കിലും ഇതൊക്കെ കാണിക്കുന്നത് സ്റ്റാലിൻ ഒരു പ്രായോഗിക വാദിയായിരുന്നു.എന്ന് തന്നെയാണ്. ഇന്ത്യയിൽ മുൻ സോവിയറ്റ് യൂണിയനിലെ പോലുള്ള രീതികൾ സാധ്യമല്ല.

ചരിത്രകാരനായ ബിപൻ ചന്ദ്ര പറയുന്നത് ഇന്ത്യയെ പോലെ ഒരു ജനാധിപത്യ രാജ്യത്ത് നയങ്ങൾ നടപ്പാക്കാൻ അത്ര എളുപ്പം അല്ല എന്നാണ്. അത് കുറെ ശരിയാണ് താനും. മുൻ സോവിയറ്റ് യൂണിയനിലെ പോലെ ഏകാധിപത്യവും, അടിച്ചമർത്തലും ഇന്ത്യയിൽ സാധ്യമല്ല..

അമേരിക്കയിൽ വാൾമാർട്ടിൻറ്റെ 'റെഫ്രിജെറേറ്റഡ് ട്രക്കുകൾ' കാർഷികോൽപന്നങ്ങൾ സംഭരിക്കാൻ രാജ്യം മുഴുവനും ഏതു സമയത്തും കറങ്ങി കൊണ്ടിരിക്കും. ചൂടും ഈർപ്പവും കൂടുതൽ ഉള്ള ഇന്ത്യയിൽ പഴങ്ങളും, പച്ചക്കറികളും, പാലുൽപന്നങ്ങളും വളരെ പെട്ടന്ന് നശിച്ചു പോകുന്നത് ആധുനിക സംഭരണവും വിതരണവും കാര്യക്ഷമമല്ലാത്തത് കൊണ്ടാണ്. 'നോൺ വെജിറ്റേറിയൻറ്റെ' കാര്യത്തിലും ഇതു തന്നെ പ്രശ്നം. 'ഫുഡ് കോർപ്പറേഷൻ' ഗോഡൗണുകളിൽ എലി നമ്മുടെ ധാന്യങ്ങൾ വലിയ അളവിൽ കൊണ്ടുപോകുന്നു എന്നത് പല തവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയിൽ എന്നിട്ടും ആളുകൾക്ക് യാഥാർഥ്യ ബോധം കൈവന്നിട്ടില്ല.

ഉൽപ്പാദനം മെച്ചപ്പെട്ടത് കൊണ്ടു മാത്രം കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. ഉൽപ്പാദനത്തിനോടൊപ്പം സംഭരണം, സ്റ്റോറേജ്, വിതരണം - ഇവയൊക്കെ അത്യാധുനിക രീതിയിൽ നടപ്പിൽ വരുത്തേണ്ടതുണ്ട്. ലോജിസ്റ്റിക്സ് മേഖലയിൽ ഇൻവെസ്റ്റ്മെൻറ്റാണ് കാർഷിക പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ അത്യന്താപേക്ഷിതമായി വേണ്ടത്. ആധുനികവൽക്കരണത്തിലൂടെയാണ് കാർഷികോൽപന്നങ്ങളുടെ കയറ്റുമതിയിൽ ഓസ്‌ട്രേലിയ, ഹോളണ്ട് - എന്നീ രാജ്യങ്ങൾ ലോകരാജ്യങ്ങളിൽ മുൻപന്തിയിൽ എത്തിയത്. കാർഷികോൽപന്നങ്ങളുടെ പാക്കേജിങ്ങിൽ ഇന്ത്യ ലോക നിലവാരത്തിന് വളരെ പിന്നിലാണുള്ളത്. കാഡ്ബറി, നെസ്‌ലെ, മാഗി - ഇവയൊക്കെ ഇക്കാര്യത്തിൽ കുറച്ചു ഭേദപ്പെട്ടതാണെന്ന് മാത്രം. റെഫ്രിജറേറ്റഡ് ട്രക്കുകൾ, കോൾഡ് സ്റ്റോറേജ് ഫെസിലിറ്റി, ട്രാൻസ്പോർട്ടേഷൻ, കാർഗോ മൂവ്മെൻറ്റ്, പാക്കേജിംഗ് - എന്നി കാര്യങ്ങളിൽ നാം വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ്. അത്തരം കാര്യങ്ങളിൽ ഇൻവെസ്റ്റ്മെൻറ്റ് നടത്തി ലോക രാജ്യങ്ങളോട് കോമ്പറ്റീഷൻ ചെയ്യുന്നതാണ് കാർഷിക പ്രതിസന്ധി പരിഹരിക്കാനുള്ള ആത്യന്തിക പരിഹാരം. അതല്ലാതെ നമ്മുടെ കർഷകർ ആത്മഹത്യ ചെയ്യുന്നു എന്ന് നാഴികക്ക് നാൽപത് വട്ടം പറഞ്ഞുകൊണ്ടിരുന്നിട്ട് ഇവിടെ ആർക്കും ഒരു പ്രയോജനവും ഇല്ലാ.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കർഷക ആത്മഹത്യ ഒരു യാഥാർഥ്യമാണെന്ന് സാമൂഹ്യബോധമുള്ള പലരും ഇതിനോടകം തന്നെ അംഗീകരിച്ചു കഴിഞ്ഞു. ആ ആത്മഹത്യകൾക്ക് പരിഹാരം തേടാനുള്ള ക്രിയാത്മകമായ നടപടികളാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആവശ്യം. ഒപ്പം കർഷകൻറ്റെ അധ്വാന ഭാരം കുറക്കുകയും കൂടി വേണം. അതിനൊക്കെ ഇൻവെസ്റ്റ്മെൻറ്റും, യന്ത്രവൽക്കരണവും, ആധുനികവൽക്കരണവും അല്ലാതെ മറ്റൊരു പോംവഴികളും നമ്മുടെ മുമ്പിൽ ഇല്ലാ. കാർഷിക മേഖലയിൽ ഇൻവെസ്റ്റ്മെൻറ്റ് കൊണ്ടുവരുമ്പോൾ കോർപറേറ്റുകൾക്ക് ഇന്ത്യ മുഴുവൻ പതിച്ചു കൊടുക്കുന്നു എന്നുള്ള ആരോപണം വരാം. അത്തരം കാലഹരണപ്പെട്ട വാദഗതികളൊന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റൽ ഇന്ത്യയിൽ സുബോധമുള്ളവർ അംഗീകരിക്കില്ല.

കുത്തകകളും കോർപ്പറേറ്റുകളും നമ്മുടെ കാർഷിക മേഖല ഏറ്റെടുക്കാൻ പോകുന്നൂ എന്ന രീതിയിലുള്ള ഇപ്പോഴത്തെ ഇടതുപക്ഷ പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ല. റിലയൻസിനും, ബിഗ് ബസാറിനും, വിശാൽ മെഗാ മാർട്ടിനും, ലുലുവിനുമൊന്നും ഇന്ത്യയിലെ പച്ചക്കറി ചന്തകളെ ഇല്ലാതാക്കാൻ സാധ്യമല്ല. ടൗണുകളിലും ഹൗസിങ്ങ് സൊസൈറ്റികൾക്ക് സമീപത്തുമുള്ള ആഴ്ച ചന്തകൾ ഇൻഡ്യാക്കാരുടെ നിത്യ ജീവിതത്തിൻറ്റെ ഭാഗം തന്നെയാണ്. ഉത്തരേന്ത്യയിലെ ഏത് പച്ചക്കറി മാർക്കറ്റിലും ഉപഭോക്താവിന് സ്വയം പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കാം. 'റിലയൻസ് ഫ്രഷിൽ' കിട്ടുന്നതിനേക്കാൾ ഫ്രഷായി അവിടെയൊക്കെ പച്ചക്കറികൾ ഉപഭോക്താവിന് കിട്ടും.

വീട്ടമ്മമാരൊക്കെ പച്ചക്കറികൾ തിരയുന്നത് ഉത്തരേന്ത്യയിലെ പച്ചക്കറി മാർക്കറ്റുകളിലെ സ്ഥിരം കാഴ്ചയാണ്. അതു കൂടാതെ ചെറുകിട കർഷകർ ചിലപ്പോൾ ഉന്തുവണ്ടികളിലും കൊണ്ടുനടന്ന് വിൽക്കാറുണ്ട്. കുതിരവണ്ടിയിൽ ശർക്കര ഒക്കെ വിൽക്കുന്നത് ഉത്തരേന്ത്യയിലെ ഒരു സ്ഥിരം കാഴ്ചയാണ്. സത്യത്തിൽ ഇന്ത്യയിലെ 'ബാസാർ സിസ്റ്റത്തിന്' പകരം വെക്കാൻ പറ്റിയ ഒന്നില്ല. 'ലാലാജി' എന്നറിയപ്പെടുന്ന ഇടനിലക്കാർക്ക് പകരമായി കർഷകർ നേരിട്ട് വിൽക്കട്ടെ; അതല്ലെങ്കിൽ കർഷകർക്ക് വേണ്ടി വിൽക്കാൻ അവരുടെ സഹകരണ സംഘങ്ങൾ വരട്ടെ. ഇപ്പോഴത്തെ ഡിജിറ്റൽ ടെക്‌നോളജിയും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും കർഷകർക്ക് ഉൽപന്നങ്ങൾ വിൽക്കാൻ സഹായകരമായിത്തീരും എന്നുള്ള കാര്യത്തിൽ സംശയമേ ഇല്ലാ.

റിലയൻസ് പോലുള്ള കുത്തകകൾ ഒരിക്കൽ മാർക്കറ്റിൽ ആധിപത്യം സ്ഥാപിച്ചാൽ അവർക്ക് തോന്നുംപടി വില കൂട്ടി വിൽക്കും എന്ന് ആർക്കാണ് അറിയാത്തത്? ഗുജറാത്തി ബനിയകൾക്ക് അല്ലെങ്കിൽ തന്നെ എന്ത്‌ എത്തിക്‌സും മൊറാലിറ്റിയും ആണുള്ളത്? ഉത്തരേന്ത്യൻ 'ബനിയാ ക്ലാസ്' മൊത്തത്തിൽ എത്തിക്സിൻറ്റെ കാര്യത്തിൽ മോശമാണ്. അവരുടെ എത്തിക്‌സും മൊറാലിറ്റിയും മനസ്സിലാക്കണമെങ്കിൽ ഇപ്പോൾ അവർ ഏറ്റെടുത്തിരുക്കുന്ന നമ്മുടെ ഇംഗ്ലീഷ് വാർത്താ ചാനലുകൾ നോക്കിയാൽ മാത്രം മതി. അടിമുടി വിഷമയമായി മാറിക്കഴിഞ്ഞിരിക്കുന്നു നമ്മുടെ മിക്ക ഇംഗ്ലീഷ് വാർത്താ ചാനലുകളും. ഈ കൊറോണ കാലത്ത് പോലും റിപ്പബ്ലിക്ക് ചാനലിനൊന്നും നന്നാകാൻ ഒരു താൽപര്യവുമില്ലെന്ന് അവരുടെ വാർത്താ അവതരണം കണ്ടാൽ ആർക്കും മനസിലാകും. ഇതൊക്കെയാണെങ്കിലും റിലയൻസിനും, ബിഗ് ബസാറിനും, വിശാൽ മെഗാ മാർട്ടിനും, ലുലുവിനുമൊന്നും ഒരു പരിധിയിൽ കൂടുതൽ ഇന്ത്യയിൽ പഴങ്ങൾക്കും പച്ചക്കറികൾക്കും വില കൂട്ടാനാകില്ല എന്നതും കൂടി കാണണം. കാരണം സവോളക്കും തക്കാളിക്കും വില കൂട്ടിയാൽ ഉത്തരേന്ത്യയിൽ പല സർക്കാരുകളും നിലംപൊത്തും; സവോളക്കും തക്കാളിക്കും വില കൂടിയത് മൂലം പല സർക്കാരുകളും തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടിട്ടുമുണ്ട്.

കുടുംബിനികൾ ഉത്തരേന്ത്യയിൽ ശക്തമായ വോട്ട് ബാങ്കാണ്. ഒരു സർക്കാരിനും അവരെ വെറുപ്പിച്ചുകൊണ്ട് മുന്നോട്ട് പോകാനാവില്ല. കുത്തകകളും കോർപ്പറേറ്റുകളും ഭാവിയിൽ കാർഷിക ഉൽപന്നങ്ങൾക്ക് വില കൂട്ടാൻ പോകുന്നൂ എന്നൊക്കെ പറയുമ്പോൾ ഇത്തരം വസ്തുതകൾ കൂടി സുബോധമുള്ളവർ മനസിലാക്കണം.

ഇന്ത്യയിൽ 'ഹൈടെക്ക് ഡയറി ഫാമുകൾ' വരേണ്ടത് കാലത്തിൻറ്റെ ആവശ്യകതയാണ്. ഇതൊക്കെ പറഞ്ഞാൽ 'പശുസ്നേഹം' പറയുന്ന ബി.ജെ.പി.-യും സംഘ പരിവാറുകാരും എതിർക്കും. ആധുനികവൽക്കരണത്തോടും യന്ത്രവൽക്കരണത്തിനോടും നമ്മുടെ ഇടതുപക്ഷക്കാരും പൃഷ്ഠം കാണിക്കും. ഇന്ത്യ പിന്നെ എങ്ങനെ നന്നാകാനാണ്? ഇതെഴുതുന്നയാൾ മാട്ടുപ്പട്ടിയിലെ 'ഇൻഡോ-സ്വിസ്' പ്രോജക്റ്റിൻറ്റെ യൂണിറ്റിൽ പോയിട്ടുണ്ട്. അവിടെ ചങ്ങലയ്ക്കിട്ട് നിർത്തിയിരിക്കുന്ന ഭീമാകാരങ്ങളായ പശുക്കളെ കണ്ടിട്ടുമുണ്ട്. ഒരു പശുവിൽ നിന്ന് 25 ലിറ്റർ പാൽ കിട്ടുമെന്നാണ് അന്ന് ഒരു ജീവനക്കാരൻ ഇതെഴുതുന്നയാളോട് പറഞ്ഞത്. ഇന്ത്യയിൽ അത്തരത്തിലുള്ള പശുക്കളാണ് വേണ്ടത്. ഏതൊക്കെ പറഞ്ഞാൽ 'പശുസ്നേഹം' പറയുന്ന ബി.ജെ.പി.-യും സംഘ പരിവാറുകാരും ഇടതുപക്ഷത്തോടൊപ്പം ഇന്ത്യയുടെ ആധുനികവൽക്കരണത്തേയും യന്ത്രവൽക്കരണത്തേയും എതിർക്കും. ഇക്കാര്യത്തിൽ രണ്ടു കൂട്ടരും പലപ്പോഴും ഒരേ തൂവൽ പക്ഷികളെ പോലെയാണ്. ആയിരകണക്കിന് പശുക്കളുമായി രാജസ്ഥാനിൽ നിന്നുള്ള ബൻജാര ഗോത്ര വർഗക്കാർ ഡൽഹി-ഹരിയാന ബോർഡറിൽ വരുന്നത് കണ്ടിട്ടുണ്ട്. അവരോട് കറവ വറ്റിയ പശുക്കളെ വിൽക്കരുതെന്ന് പറഞ്ഞാൽ അവരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതിന് തുല്യമാണ്. ഉത്തർ പ്രദേശിൽ കറവ വറ്റിയ പശുക്കളെ ബി.ജെ.പി.-യുടേയും സംഘ പരിവാറുകാരുടേയും 'പശുസ്നേഹം' മൂലം കർഷകർക്ക് വിൽക്കാൻ സാധിക്കാതെ വന്നു. കർഷകർ എന്തുചെയ്തു? വെറുതെ പശുക്കളെ അഴിച്ചുവിട്ടു. പശുക്കൾ വിളകൾ തിന്ന് നശിപ്പിക്കുകയും ചെയ്തു. ഉത്തരേന്ത്യയിൽ അലഞ്ഞു തിരിയുന്ന പശുക്കൾ പച്ചക്കറി മാർക്കറ്റുകളിൽ വിൽപനക്കാരുടെ ഉൽപന്നങ്ങൾ തിന്നുന്നതും, കച്ചവടക്കാർ വലിയ ലാത്തികൊണ്ട് അവയെ അടിച്ചോടിക്കുന്നതും സ്ഥിരം കാഴ്ചയാണ്.

ചുരുക്കം പറഞ്ഞാൽ, ഇന്ത്യയുടെ കാർഷിക മേഖലയിൽ യന്ത്രവൽക്കരണവും ആധുനികവൽക്കരണവും ഒഴിച്ചുകൂടാനാകാത്തതാണ്; പക്ഷെ നോട്ടുനിരോധനം പോലെ മുന്നൊരുക്കമില്ലാതെ പദ്ധതികൾ നടപ്പാക്കിയാൽ അത് വൻ ദുരന്തങ്ങൾക്കേ വഴിതെളിക്കൂ. ഇടനിലക്കാരൻ ഇല്ലായതുകൊണ്ടുമാത്രം കർഷകന് ഉൽപന്നങ്ങൾക്ക് പണം കിട്ടണമെന്നില്ല. ബീഹാറിൽ ഇടനിലക്കാരെ നിരോധിച്ചപ്പോൾ കർഷകന് ഏറ്റവും കുറഞ്ഞ നിരക്കിനേക്കാൾ കുറഞ്ഞ വിലയാണ് ഉൽപന്നങ്ങൾക്ക് കിട്ടിയത്. ഉദാരവൽക്കരണത്തിൻറ്റെ ഫലമായുള്ള മാർക്കറ്റിംഗ് തത്വത്തിനനുസരിച്ച് വിലനിർണ്ണയം വരുകയാണെങ്കിൽ കർഷകന് കുറച്ചുകാലത്തേക്ക് വില കുറച്ചേ കിട്ടുകയുള്ളൂ..ആ സമയം വരെ നമ്മുടെ കർഷകർക്ക് പിടിച്ചു നിൽക്കാനുള്ള സംവിധാനങ്ങൾ ഇപ്പോഴില്ല.

അവിടെയാണ് പ്രശ്നം മുഴുവനും. ഉൽപ്പാദനം, സംഭരണം, സ്റ്റോറേജ്, വിതരണം - ഇതാണ് കാർഷിക മേഖലയെ മുന്നോട്ട് നയിക്കുന്ന പ്രക്രിയകൾ. ഇൻഫ്രാസ്ട്രക്ച്ചറും സ്റ്റോറേജ് സംവിധാനങ്ങളും ഈ രാജ്യത്ത് ഇനിയും പൂർണമായും വികസിച്ചിട്ടില്ലാ. കുത്തകകളോട് നിയമപരമായി ഏറ്റുമുട്ടാനുള്ള പാങ്ങും നമ്മുടെ കൃഷിക്കാർക്കില്ലാ. മോഡിയും ബി.ജെ.പി.-യും എപ്പോഴും നാടകീയമായാണ് പദ്ധതികൾ പ്രഖ്യാപിക്കുന്നത്. ഒരു രാത്രിയിൽ നോട്ടുനിരോധനം കൊണ്ടുവന്നു. അർദ്ധരാത്രിയിൽ ജി.എസ്.ടി. നിയമം പാർലമെൻറ്റിൽ പാസാക്കി. കർഷക ബില്ലിൻറ്റെ കാര്യത്തിലും അതാണ് നടന്നത്. കർഷക ബില്ലുകൾ പാർലമെൻറ്റിൽ ഒരു ചർച്ചയും കൂടാതെ പാസ്സാക്കി. ഇത്തരം രീതികളൊന്നും ജനാധിപത്യ വ്യവസ്ഥിതിയിൽ നല്ലതല്ല. ഈ കർഷക ബില്ലുകൾ നോട്ടുനിരോധനം പോലെ തിരക്കിട്ട് നടപ്പാക്കിയതിലെ അനൗചിത്യം തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഇന്ത്യയെ പോലെ അത്യന്തം സങ്കീർണവും വിശാലവുമായ ഒരു രാജ്യത്ത് നാടകീയമായ നീക്കങ്ങൾക്ക് വലിയ പ്രസക്തി ഒന്നും ഇല്ലാ എന്ന് എന്നാണ് ബി.ജെ.പി.-യും സംഘ പരിവാറുകാരും മനസിലാക്കാൻ പോകുന്നത്?

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

Photo Credit : » @redzeppelin


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 2 | Saved : 03:02:25 pm | 29-03-2024 CET