-> കുട്ടികൾ ഒരു ടീനേജ് പ്രായം ഒക്കെ ആവുന്നു, അവർക്ക് അവരുടെ അഭിപ്രായങ്ങൾ ഉണ്ടാവുന്നു, അത് പലപ്പോഴും നമ്മളുമായി ഒത്തുചേരാതെ വരുന്നു, കൂടാതെ നമ്മൾ അവരുടെ ഭാവി ആലോചിച്ചു ചിലപ്പോഴെങ്കിലും ആധിപിടിക്കുന്നു...
-> നമ്മുടെ മാതാ പിതാക്കൾ മരിയ്ക്കുന്നു, അല്ലെങ്കിൽ അവർക്ക് പല അസുഖങ്ങളും ഇടയ്ക്കിടയ്ക്ക് വരുന്നു...
-> ഫിൽറ്ററും, വയർ ഉള്ളിലേക്ക് പിടിക്കലും മറ്റുമായി സാമൂഹികമാധ്യമങ്ങളിലും, പ്രായം കൂടി വരുന്നു എന്ന് സമ്മതിക്കാതെ തലയിൽ കറുത്തത്തും അല്ലാത്തതും ആയ കളറടിച്ചും, മറ്റു പലതും ചെയ്തും, മനസ്സുകൊണ്ടും അല്ലാതെയും, നമ്മൾ ചെറുപ്പത്തെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നു. പക്ഷെ പല്ലുവേദന, നടുവേദന, കൊളസ്‌ട്രോൾ, ഷുഗർ തുടങ്ങിയ പലതരം അസുഖങ്ങൾ മുതൽ അമ്മാവൻ വിളികൾ വരെ പലതും നമ്മളെ നമ്മുടെ പ്രായം ഓർമ്മപ്പെടുത്തുന്നു...
-> കരിയറിൽ ഒന്നും ആയില്ല അല്ലെങ്കിൽ ഇനിയും ഉയരത്തിൽ എത്തണം എന്നൊക്കെയുള്ള പലതരം ചിന്തകൾ വരുന്നു...ഒപ്പം ജോലിപോകൽ തുടങ്ങിയ പലതും സംഭവിക്കാവുന്ന സാഹചര്യങ്ങളും മുന്നിൽ കാണുന്നു...
-> മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്തു, ഒന്നും ആയില്ല എന്ന തോന്നൽ വരുന്നു....
-> അവനവനെക്കുറിച്ചൊരു ധാരണയും ഇല്ലാത്ത പ്രായത്തിൽ, പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കാതെ പ്രേമിച്ചും അല്ലാതെയും കല്യാണം കഴിച്ച ശേഷം ശ്ശെടാ ഇതൊന്നും അല്ല എനിക്ക് വേണ്ടത് എന്ന ഒരു തിരിച്ചറിവ് എത്തുന്നു...അത് കുടുംബ ജീവിതത്തെ ഒരു പ്രഷർ കുക്കർ പരുവത്തിൽ എത്തിക്കുന്നു....
-> സ്ത്രീകൾക്ക് ആർത്തവ വിരാമമുൾപ്പടെയുള്ള കാര്യങ്ങൾ അതിന്റെ ഭാഗമായ ഹോർമോൺ മാറ്റങ്ങൾ ഉണ്ടാവുന്നു...
-> ജീവിതത്തിൽ ഇല്ലാത്ത/ നഷ്ട്ടപെട്ട കാര്യങ്ങൾ തിരഞ്ഞു കണ്ടുപിടിച്ചു അതിനെക്കുറിച്ചു മാത്രം ചിന്തിച്ചു നടക്കുന്നു...
-> ഇനി വിദേശത്താണെങ്കിൽ കുട്ടികൾ ടീനേജ് ആവുമ്പോൾ അവർ അവരുടെ ഒരു കൾച്ചർ ഉണ്ടാക്കുന്നു, അത് പലപ്പോഴും നമ്മുടെ ശീലങ്ങളുമായി കലഹിക്കുന്ന. നമ്മൾക്ക് നമ്മുടെ ജനിച്ചു വളർന്ന ജീവിത പരിസരം വിടുകയും, ജീവിക്കുന്ന കൾച്ചറുമായി മുഴുവനായും ചേരാൻ പറ്റാതെ ജീവിക്കുന്നു എന്ന ഒരു തോന്നൽ ഉണ്ടാവുകയും ചെയ്യുന്നു...
-> Familiarity breeds contempt എന്ന വാചകത്തിനെ അന്വർത്ഥമാക്കും വിധത്തിൽ ദമ്പതികൾക്ക് തങ്ങളുടെ പാർട്ണർ എന്നത് ഒരു ബോറൻ വ്യക്തിയായി മാറുന്നു...
-> ഒരു വ്യക്തി എന്ന നിലയിൽ നമ്മൾ എന്താണ് എന്ന് നമ്മൾക്ക് ഒരു ഐഡിയ കിട്ടുന്നു, പക്ഷെ നിത്യ ജീവിതത്തിൽ താത്പര്യമില്ലാതെ പലതരം കോംപ്രമൈസുകൾ ചെയ്യേണ്ടി വരുന്നു...
ഇങ്ങനെ പലവിധമായ കാര്യങ്ങൾ നമ്മുടെ ചുറ്റും സംഭവിക്കുകയും അത് നമ്മുടെ വ്യക്തിത്വത്തെയും, ആരോഗ്യത്തേയും, ശീലങ്ങളേയും, സ്വഭാവത്തേയും, ആത്മധൈര്യത്തേയും നെഗറ്റിവ് ആയി ബാധിക്കുകയും ചെയുന്ന സമയം ആണ് പലർക്കും നമ്മുടെ ജീവിതത്തിലെ നാല്പതുകൾ മുതലുള്ള കാലം. അങ്ങനെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ അസംതൃപ്തി കണ്ടെത്തുന്ന ഈ നാല്പതിനും അറുപതിനും ഇടയ്ക്കുള്ള കാലത്തെ നമ്മുടെ മാനസിക വ്യാപാരങ്ങളെ നമ്മൾ മിഡ് ലൈഫ് ക്രൈസിസ് എന്ന് പേരിട്ടു വിളിക്കുന്നു.
ഇനി ഇതിനെക്കുറിച്ചു കൂടുതൽ ഐഡിയ കിട്ടാൻ ചില കാര്യങ്ങൾ കൂടി. പൈസ, സോഷ്യൽ സ്റ്റാറ്റസ് തുടങ്ങിയ പലതും നന്നായി ഉണ്ടായാലും ഈ ക്രൈസിസ് നമ്മൾക്ക് ഉണ്ടാവാം. പിന്നെ മറ്റൊരു കാര്യം ഇത് മനുഷ്യന്റെ സാമൂഹിക ചുറ്റുപാടുകൾ കാരണം മാത്രം ഉണ്ടാവുന്ന ഒന്നല്ല എന്നതാണ്. നമ്മുടെ ജീനിനോട് അടുത്തു നിൽക്കുന്ന ചിമ്പാൻസി. ഒറാങ്ങുട്ടാൻ പോലുള്ള ജീവികൾക്കും ഇതുണ്ടാവാറുണ്ട്. എന്ന് വെച്ചാൽ ബയോളജിയും ഒരു കാരണമാണ്. ഇനി ഇത് എല്ലാവർക്കും ഉണ്ടാകുമോ എന്നതാണ് ചോദ്യമെങ്കിൽ ചില പഠനങ്ങൾ തരുന്ന ഉത്തരം നാലിൽ ഒരാൾക്കോ മറ്റോ ഉണ്ടാവാം എന്നതാണ്.
ഇനി ഇതൊക്കെ ഉണ്ടെന്ന് മനസ്സിലാക്കിയാലും ഇതിനെ നേരിടാൻ നമ്മൾ പലപ്പോഴും ശ്രമിക്കാറില്ല. രണ്ടു പ്രധാന സംഗതികൾ ആണ് ഇവിടെ നമ്മളെ അതിലെ നിന്നും തടയുന്നത്. ഒന്ന്, മാനസിക പ്രശ്ങ്ങളെക്കുറിച്ചുള്ള ബോധമില്ലായ്‌മ. നമ്മൾക്ക് ഒരു പനി വന്നാൽ, ഒരു മുറിവ് പറ്റിയാൽ ഉടനെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ പോയി മരുന്നോ, പ്ലാസ്റ്ററോ വാങ്ങി വരും. പക്ഷെ മനസ്സിന് സുഖമില്ലാത്ത ഒരു അവസ്ഥ, ഒരു ഉന്മേഷക്കുറവ് പോലുളള വല്ലതും വന്നാൽ നമ്മൾ അതെന്താവും എന്ന് ചിന്തിക്കില്ല അല്ലെങ്കിൽ ഇതൊക്കെ ഇങ്ങനെ പോകും, കുറച്ചു കഴിഞ്ഞാൽ ശരിയാവും എന്ന് കരുതി വിടും. രണ്ട്, നമ്മൾക്ക് മാനസികമായി പ്രശ്നങ്ങൾ ഉണ്ടെന്ന് അംഗീകരിക്കാൻ, അതിനൊരു വിദഗ്ദനെ കാണാനുള്ള മടി. അതിനു കാരണം ആരെങ്കിലും ഒരു സൈക്കോളജിസ്റ്റിനെ കാണാൻ പോയി എന്ന് പറഞ്ഞാൽ നമ്മൾക്ക് അതിത്രമാത്രം. അവന്/അവൾക്ക് വട്ടാണ്. അതുകൊണ്ടുതന്നെ രഹസ്യമായി ഒക്കെയാണ് പോകാൻ തെയ്യാറാവുന്നവർ തന്നെ പലപ്പോഴും പോകുക. മറ്റുള്ളവർ എന്ത് പറയും, കരുതും എന്ന പേടി.
പലരോടും സംസാരിച്ചതും, ഒപ്പം ഇന്നലെ രാത്രി ഒരു സുഹൃത്തിന്റെ വക ഭീഷണിയും ആണ് ഇതൊക്കെ എഴുതാൻ കാരണം. ഒരു കാര്യം പറയുന്നു, ഇത് വായിച്ച, പലരോടും സംസാരിക്കുമ്പോൾ തോന്നുന്ന അഭിപ്രായങ്ങൾ ആണ്, ഇതിനെക്കുറിച്ച് പ്രഫഷണൽ ആയി പഠിച്ചു പറയുന്ന ഒന്നല്ല. എഴുതിവന്നപ്പോൾ നീളം കൂടി പിന്നെ മടിയും. അതുകൊണ്ട് ആർക്കെങ്കിലും ഗുണമായാലൊ എന്ന് കരുതി മിഡ് ലൈഫ് ക്രൈസിന്റെ ലക്ഷണങ്ങൾ, എങ്ങനെ നേരിടാം എന്നതും എഴുതാം എന്ന് കരുതുന്നു. അടുത്ത കുറിപ്പായി.
Also Read » മിഡ് ലൈഫ് ക്രൈസിസ് - പാർട്ട് 2
Also Read » മിഡ് ലൈഫ് ക്രൈസിസ് - പാർട്ട് 3
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.