ട്വൻറി 20 - താത്വികമായ ഒരു അവലോകനത്തിന്റെ സാദ്ധ്യതകൾ

Avatar
മുരളി തുമ്മാരുകുടി | 19-01-2021 | 5 minutes Read

ട്വൻറി 20 എന്ന രാഷ്ട്രീയപ്രസ്ഥാനം നമ്മുടെ ജനാധിപത്യവ്യവസ്ഥക്ക് ഒരു വെല്ലുവിളിയാണെന്ന അഭിപ്രായം ഒന്നും എനിക്കില്ല. വാസ്തവത്തിൽ ബഹുസ്വരമായ നമ്മുടെ ജനാധിപത്യ സംബ്രതായത്തിൽ പുതിയൊരു മോഡൽ . നമുക്ക് പരിചയമില്ലാത്ത ഒരു സംവിധാനമെന്ന പേരിൽ അനാവശ്യമായി എതിർക്കുന്നത് രാഷ്ട്രീയപ്പാർട്ടികൾക്ക് തന്നെയാണ് നഷ്ടമുണ്ടാക്കാൻ പോകുന്നത്. രാഷ്ട്രീയത്തിനപ്പുറം ഇതിലെ പല കാര്യങ്ങളും മറ്റെല്ലാ പഞ്ചായത്തുകൾക്കും ചെയ്യാവുന്നതാണ്. കിഴക്കമ്പലത്ത് നടക്കുന്ന ഇത്തരം കാര്യങ്ങൾ മറ്റു പഞ്ചായത്തുകളിലെ നേതൃത്വം വന്നു കാണേണ്ടതാണ്.

കിഴക്കമ്പലം എന്ന ഗ്രാമത്തെപ്പറ്റിയും ട്വന്റി 20 എന്ന പ്രസ്ഥാനത്തെപ്പറ്റിയും അറിയാത്ത മലയാളികൾ ഇപ്പോൾ ഇല്ല എന്ന് പറയാം. രണ്ടായിരത്തി പതിനഞ്ചു മുതൽ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത് ട്വൻറി 20 ആണ്. രണ്ടായിരത്തി ഇരുപതിലെ തിരഞ്ഞെടുപ്പിൽ അവർ സമീപത്തുള്ള പഞ്ചായത്തുകളിൽ മത്സരിച്ചു, ഏറെ വിജയിക്കുകയും ചെയ്തു.

കഴിഞ്ഞ വട്ടം ഒറ്റ പഞ്ചായത്തിൽ വിജയിച്ചപ്പോൾ തന്നെ ട്വൻറി 20 യെപ്പറ്റി രാഷ്ട്രീയക്കാരിലും ബുദ്ധിജീവികളും ഒക്കെ എതിർപ്പുകൾ ഉണ്ടായിരുന്നു. അരാഷ്ട്രീയവൽക്കരണം തൊട്ട് കോർപ്പൊരെട്ടൈസേഷൻ വരെ പലവിധ കാരണങ്ങളാൽ എതിർപ്പുകൾ ഉണ്ടായി. പക്ഷെ അന്ന് ഞാൻ ട്വൻറ്റി 20യെ അത്ര ശ്രദ്ധിച്ചിരുന്നില്ല.

കിഴക്കമ്പലം എൻ്റെ വീടായ വെങ്ങോലക്ക് തൊട്ടടുത്ത് കിടക്കുന്ന സ്ഥലമാണ്. ഈ വർഷം തിരഞ്ഞെടുപ്പിൽ ട്വൻറി 20 വെങ്ങോലയിൽ മത്സരിച്ചിരുന്നു, മത്സരിച്ച പതിനൊന്നു സീറ്റുകളിൽ എട്ടിലും വിജയിക്കുകയും ചെയ്തു. അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ അവർ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ രാഷ്ട്രീയത്തിലും രീതികളിലും എനിക്കിപ്പോൾ താല്പര്യമുണ്ട്.

790-1611067856-2020-thummarukudy

ഈ സാഹചര്യത്തിലാണ് ഈ ലേഖനം എഴുതുന്നത്.

തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞു തിരക്കൊഴിഞ്ഞ ഒരു ദിവസം ഞാൻ പ്രസ്ഥാനത്തിന്റെ അമരക്കാരനായ ശ്രീ സാബു ജേക്കബിനെ കാണാൻ പോയി. സാധാരണ ഞങ്ങൾ രാഷ്ട്രീയം ഒന്നും സംസാരിക്കാറില്ല, പക്ഷെ ഇത്തവണ സൗഹൃദ സംഭാഷണം ഒക്കെ കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു.

"എന്തുകൊണ്ടാണ് ഒരു രാഷ്ട്രീയപ്പാർട്ടിക്ക് ട്വൻറി 20 എന്ന പേരിട്ടത്? "

"വാസ്തവത്തിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി തുടങ്ങിയ ഒന്നല്ല ട്വൻറി 20 . കിഴക്കന്പലം പഞ്ചായത്ത് 2020 ൽ എങ്ങനെയായിരിക്കണം എന്ന ചിന്തയിലാണ് ട്വൻറി 20 എന്ന ചാരിറ്റി 2012 ൽ തുടങ്ങിയത്. 2015 ൽ തിരഞ്ഞെടുപ്പിന് നിൽക്കുന്പോൾ പോലും ഞങ്ങൾ ഒരു രാഷ്ട്രീയപ്പാർട്ടി ആയിരുന്നില്ല. ഓരോ വാർഡിലും സ്വതന്ത്രരായി ഓരോ ചിഹ്നത്തിലാണ് ഞങ്ങൾ മത്സരിച്ചത്. പക്ഷെ, അപ്പോഴേക്കും ജനങ്ങൾ ട്വൻറി 20 എന്ന പേരിൽ ഞങ്ങളെ അറിഞ്ഞു തുടങ്ങിയിരുന്നു. അങ്ങനെയാണ് ഞങ്ങൾ പാർട്ടി ഉണ്ടാക്കിയപ്പോൾ ട്വൻറി 20 എന്ന പേര് നൽകിയത്." സാബു പറഞ്ഞു.

ട്വൻറി 20 യെ കുറിച്ച് അറിയാത്തവർ ഇപ്പോൾ കേരളത്തിലില്ല എന്ന് തന്നെ പറയാം. വലിയ വിലക്കുറവിൽ അത്യാവശ്യ സാധനങ്ങൾ ലഭ്യമാക്കുന്ന ട്വന്റി ട്വന്റി ഭക്ഷ്യ സുരക്ഷാ മാർക്കറ്റ്, ലക്ഷംവീടുകളെ നവീകരിച്ചു കൊണ്ടുള്ള ഗോഡ്’സ് വില്ല, കൃഷി കാര്യക്ഷമമായി നടപ്പാക്കാൻ പണിയായുധങ്ങൾ സൗജന്യമായി നിശ്ചിത സമയത്തേക്ക് ലഭ്യമാക്കുക, നല്ല റോഡുകൾ നിർമ്മിക്കുക, പഞ്ചായത്തിന് സ്വന്തമായി ഫയർ സർവീസ് ഉണ്ടാക്കുക, തുടങ്ങി അനവധി നല്ല കാര്യങ്ങളുടെ പേരിലാണ് ഇന്ന് കിഴക്കന്പലം പഞ്ചായത്തും ട്വന്റി ട്വന്റി യും ഏറെ അറിയപ്പെടുന്നത്.

ഇത്തവണ കിഴക്കന്പലത്തിനും പുറത്തേക്ക് അവർ മത്സരത്തിനിറങ്ങിയപ്പോഴാണ് ട്വൻറി 20 കൂടുതൽ വാർത്തകളിൽ നിറഞ്ഞത്. അവർക്ക് അനുകൂലമായും പ്രതികൂലമായാലും നിരവധി വാർത്തകൾ വന്നു.

അനുകൂലമായ വാർത്തകളെപ്പറ്റി ആദ്യമേ പറഞ്ഞല്ലോ. ഭക്ഷ്യ സുരക്ഷ, നല്ല റോഡുകൾ എന്നിങ്ങനെ

എതിരായുള്ള വാർത്തകൾക്ക് പല തലങ്ങളുണ്ടായിരുന്നു.

കിറ്റക്സ് കന്പനിയുടെ പരിസ്ഥിതി മലിനീകരണം കാരണം കന്പനി അടച്ചുപൂട്ടുന്നതിൽ നിന്ന് പഞ്ചായത്തിനെ തടയാനായാണ് കന്പനി മാനേജ്‌മെന്റ് തന്നെ ഒരു പർട്ടിയുണ്ടാക്കി രാഷ്ട്രീയരംഗത്തേക്ക് ഇറങ്ങിയത്.

രാഷ്ട്രീയരംഗത്ത് ചിലരുമായുള്ള വ്യക്തിപരമായ അഭിപ്രായവ്യത്യാസം കാരണം അവരെ ഒരു പാഠം പഠിപ്പിക്കാനുണ്ടാക്കിയ പ്രസ്ഥാനമാണ്.

കിഴക്കന്പലത്ത് നടക്കുന്നത് കന്പനി ഭരണമാണ്. ഇത് ജനാധിപത്യ വിരുദ്ധമാണ്.

കന്പനി ലാഭവിഹിതം നാട്ടുകാർക്കായി ചിലവഴിക്കണം എന്ന നിയമം അനുസരിച്ച് കന്പനി ചെയ്യേണ്ട കാര്യങ്ങൾ മാത്രം ചെയ്ത് അതിന് രാഷ്ട്രീയലാഭം ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

ഇത്തരം പ്രചാരണങ്ങൾ ഉണ്ടായിട്ടും, വോട്ട് ചെയ്യാൻ ചെന്നവരെ ആക്രമിച്ച സംഭവങ്ങളുണ്ടായിട്ടും ഇത്തവണത്തെ തിരഞ്ഞെടുപ്പിലും കിഴക്കന്പലത്ത് ട്വൻറി 20 തന്നെ ജയിച്ചു. പോരാത്തതിന് അടുത്തുള്ള പഞ്ചായത്തുകളിൽ വിജയിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പുകളിൽ ട്വൻറി 20 കൂടുതൽ സ്ഥലത്ത് വിജയിച്ചതോടെ അവർക്കെതിരെയുള്ള പ്രചാരണങ്ങൾ കൂടുതൽ ശക്തമായി. മുൻപ് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും ട്വന്റി ട്വന്റിക്കെതിരെ പറയുന്നത്. വാസ്തവത്തിൽ അതിൽ പലതിനും വലിയ പ്രസക്തിയില്ല. കിഴക്കമ്പലത്ത് സ്ഥാപനം നടത്താൻ മഴുവന്നൂർ പഞ്ചായത്തിൽ ഭരണം പിടിക്കേണ്ട കാര്യമില്ലല്ലോ.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ട്വൻറി 20 എന്ന രാഷ്ട്രീയപ്രസ്ഥാനം നമ്മുടെ ജനാധിപത്യവ്യവസ്ഥക്ക് ഒരു വെല്ലുവിളിയാണെന്ന അഭിപ്രായം ഒന്നും എനിക്കില്ല. വാസ്തവത്തിൽ ബഹുസ്വരമായ നമ്മുടെ ജനാധിപത്യ സംബ്രതായത്തിൽ പുതിയൊരു മോഡൽ, അത്രയേ ഉള്ളൂ. കേരളത്തിലെ തൊള്ളായിരത്തിൽ അധികം പഞ്ചായത്തിലും നടക്കാത്ത പല കാര്യങ്ങളും ആണ് അവിടെ നടന്നതും നടക്കുന്നതും. അത് ജനങ്ങൾക്ക് പ്രായോഗികമായ ഗുണങ്ങൾ നൽകിയിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. അക്കാര്യം അടുത്ത പഞ്ചായത്തുകളിൽ ഉള്ളവർ ശ്രദ്ധിക്കുന്നുണ്ടെന്നും അതിനെ പിന്തുണക്കുന്നുണ്ടെന്നും അടുത്ത പഞ്ചായത്തിലെ ഫലങ്ങൾ സൂചിപ്പിക്കുന്നു. അപ്പോൾ ഇനി അവരെ ശ്രദ്ധിക്കാതിരിക്കുന്നതോ മോശക്കാരാക്കി ചിത്രീകരിക്കുന്നതോ ഫലപ്രദമല്ല. അവരെ കൂടുതൽ നന്നായി മനസിലാക്കുക എന്നതാണ് വേണ്ടത്.

അതിനർത്ഥം രാഷ്ട്രീയമായി വിജയിച്ചതിനാൽ അല്ലെങ്കിൽ നല്ല റോഡും വില കുറച്ചു ഭക്ഷണ വസ്തുക്കളും ലഭ്യമായാൽ കിഴക്കമ്പലത്ത് തെറ്റായി എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ അതിനെ എതിർക്കരുത് എന്നല്ല.

ഒരു സ്ഥലത്ത് ഒരു ഫാക്ടറി നടത്തുന്പോൾ അവിടെ നിയമവിരുദ്ധമായി എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് തീർച്ചയായും പരിശോധിക്കണം. അതിന് പഞ്ചായത്തിനും പുറത്ത് അധികാരങ്ങളുള്ള സംവിധാനങ്ങൾ (ഉദാ: മലിനീകരണ നിയന്ത്രണ ബോർഡ്) ഇപ്പോൾ തന്നെ നിലവിലുണ്ട്.

ട്വൻറി 20 എന്ന രാഷ്ട്രീയ പ്രസ്ഥാനം നമ്മുടെ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച നിയമത്തിന് അപ്പുറം ജനാധിപത്യപരമല്ലാതെയാണ് പ്രവർത്തിക്കുന്നതെങ്കിൽ അതിനെ എതിർക്കണം. പക്ഷെ അതിനും കൃത്യമായ നിയമങ്ങളും അത് നടപ്പിലാക്കാൻ പഞ്ചായത്തിന് പുറത്ത് അധികാരമുള്ള സംവിധാനങ്ങൾ ഉണ്ട്.

അതേസമയം ജനങ്ങൾ ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത ഒരു പാർട്ടിയെയും ഭരണ സംവിധാനത്തെയും നമുക്ക് പരിചയമില്ലാത്ത ഒരു സംവിധാനമെന്ന പേരിൽ അനാവശ്യമായി എതിർക്കുന്നത് രാഷ്ട്രീയപ്പാർട്ടികൾക്ക് തന്നെയാണ് നഷ്ടമുണ്ടാക്കാൻ പോകുന്നത്.

എൻ്റെ അഭിപ്രായത്തിൽ ട്വൻറി 20 എന്ന മാതൃകയിൽ നിന്നും കേരളത്തിലെ എല്ലാ പഞ്ചായത്തുകൾക്കും കുറച്ചു കാര്യങ്ങൾ പഠിക്കാനുണ്ട്.

ഓരോ വാർഡിലെയും അടിസ്ഥാനമായ സാമൂഹ്യ സാന്പത്തിക ഘടകങ്ങൾ പ്രൊഫഷണലായി പഠിച്ചതിനു ശേഷമാണ് ആ വാർഡിൽ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കുന്നത്.

പഞ്ചായത്തിൽ നടപ്പിലാക്കേണ്ട പദ്ധതികൾ പ്രൊഫഷണലായി ഡിസൈൻ ചെയ്യാൻ എൻജിനീയർമാർ, എം സി എ ക്കാർ, കൃഷി ശാസ്ത്രജ്ഞർ, പഞ്ചായത്ത് റവന്യു വകുപ്പിലെ റിട്ടയേർഡ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ ഒരു സംഘമുണ്ട്.

പഞ്ചായത്ത് ഓഫീസിൽ എന്തെങ്കിലും അത്യാവശ്യവുമായി വരുന്നവർക്ക് ഒന്നുകിൽ കാര്യങ്ങൾ അന്നുതന്നെ ചെയ്തുകൊടുക്കുക, അല്ലെങ്കിൽ കാര്യങ്ങൾ ചെയ്തതിനു ശേഷം അവരുടെ വീട്ടിൽ പേപ്പറുകൾ എത്തിക്കുക എന്ന രീതി നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്.

ആധുനിക കൃഷി യന്ത്രങ്ങൾ സൗജന്യമായി നാട്ടുകാർക്ക് ലഭ്യമാക്കുന്നുണ്ട് .

സംവരണം ഉള്ളതിനേക്കാൾ കൂടുതൽ വനിതകളെ വാർഡ് അംഗങ്ങളായി തിരഞ്ഞെടുക്കുന്നു.

ട്വൻറി 20 ജയിച്ച ഓരോ പഞ്ചായത്തിലും പ്രസിഡന്റ് സ്ഥാനത്ത് സ്ത്രീകൾ ആണ്

കിഴക്കന്പലം എന്ന് അധികം ആരും കേട്ടിട്ടില്ലാത്ത ഒരു പ്രദേശത്തെ നെ കേരളത്തിലെന്പാടും ചർച്ചാവിഷയമാക്കിയത്.

രാഷ്ട്രീയത്തിനപ്പുറം ഇതിലെ പല കാര്യങ്ങളും മറ്റെല്ലാ പഞ്ചായത്തുകൾക്കും ചെയ്യാവുന്നതാണ്. കിഴക്കമ്പലത്ത് നടക്കുന്ന ഇത്തരം കാര്യങ്ങൾ മറ്റു പഞ്ചായത്തുകളിലെ നേതൃത്വം വന്നു കാണേണ്ടതാണ്. കില ഉൾപ്പടെ ഉള്ള സ്ഥാപനങ്ങൾ അതിനെ പഠിച്ചു നല്ല മാതൃകകൾ ഉണ്ടെങ്കിൽ മറ്റിടത്ത് നടപ്പിലാക്കാൻ ശ്രമിക്കേണ്ടതാണ്.

രാഷ്ട്രീയപ്പാർട്ടികൾ ഇത്തരം കാര്യങ്ങൾ പഠിക്കുമോ അതോ വിഷയം രാഷ്ട്രീയമായി നേരിടുമോ എന്ന് എനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. പക്ഷെ കേരളത്തിലെ അക്കാദമിക് രംഗത്ത് ഉള്ളവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം പറയാം.

2005 മുതൽ 2015 വരെ കൊളംബിയയിലെ എർത്ത് ഇൻസ്റ്റിറ്റ്യുട്ടും ഐക്യരാഷ്ട്ര സഭയും ചേർന്ന് മിലേനിയം വില്ലേജ് എന്ന ഒരു പ്രോജക്ട് ചെയ്തിരുന്നു. ലോക പ്രശസ്ത എക്കണോമിസ്റ്റായ പ്രൊഫസർ ജെഫ്രി സാക്സ് ആണ് ഈ പരീക്ഷണത്തിന് നേതൃത്വം നൽകിയത്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഇൻഫ്രാസ്‌ട്രക്ച്ചർ, ബിസിനസ് ഡെവലപ്മെന്റ് എന്നിവയിൽ ചെറിയ ഇൻവെസ്റ്റ്മെന്റ് നടത്തുകയും കൃത്യമായ സാങ്കേതിക സഹായം ഗ്രാമങ്ങൾക്ക് നൽകുകയും ചെയ്താൽ ആ ഗ്രാമങ്ങളെ പട്ടിണി വിമുക്തമാക്കാനും മറ്റു മിലേനിയം ഡെവലപ്പ്മന്റ് ഗോളുകൾ നേടാനും സാധിക്കുമോ എന്നൊരു പരീക്ഷണമായിരുന്നു അത്. ഈ പരീക്ഷണം രണ്ടായിരത്തി പതിനഞ്ചിൽ അവസാനിച്ചു, ഇതിന്റെ റിപ്പോർട്ടുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്.

കിഴക്കന്പലത്ത് ഇപ്പോൾ നടക്കുന്നതും ഒരു വികസനത്തിന്റെ കാര്യത്തിലെ വലിയ ഒരു പരീക്ഷണമായി എടുക്കാം. അത് അഞ്ചു വർഷം പിന്നിട്ടു കഴിഞ്ഞു. മറ്റു മൂന്നു പഞ്ചായത്തുകളിൽ ഇത്തരത്തിലുള്ള പരീക്ഷണം തുടങ്ങുകയാണ്. ഇനി ഓരോ വർഷവും കിഴക്കമ്പലത്തിലെയും ഈ മൂന്നു പഞ്ചായത്തുകളിലെയും സുസ്ഥിര വികസന സൂചികകൾ കൃത്യമായ അക്കാദമിക് രീതികളിൽ പഠിക്കുക. ഇതുപോലെ തന്നെ സമീപ പ്രദേശത്തുള്ള മറ്റുള്ള രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്നതും ഇതേ തരം അടിസ്ഥാന സാഹചര്യം ഉള്ളതുമായ കുറച്ചു ഗ്രാമങ്ങളെ "റഫറൻസ്" പഞ്ചായത്ത് ആയും പഠിക്കുക. എന്നിട്ട് ഈ പഞ്ചായത്തുകളിൽ വികസന സൂചികകൾ മാത്രമല്ല പഞ്ചായത്തിലെ മറ്റു സൂചികകൾ (ഉദാഹരണം, പോലീസ് കേസുകൾ, മദ്യപാനം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ) എന്നിങ്ങനെ ഉള്ള ഒക്കെ പഠിക്കാമല്ലോ.

രണ്ടായിരത്തി ഇരുപത്തി അഞ്ച് ആകുമ്പോഴേക്കും കേരളത്തിൽ രാഷ്ട്രീയ പ്രാധാന്യം ഉള്ളതും ലോകം അക്കാദമിക് ആയി ശ്രദ്ധിക്കുന്നതും ആയ ഒരു പഠനം നിങ്ങൾക്ക് ലഭിക്കും. നാട്ടിലെ ഏതെങ്കിലും നല്ല സ്ഥാപനം ഇതിന് മുൻകൈ എടുക്കുമെന്ന് വിശ്വസിക്കുന്നു. വലിയ സാധ്യതയാണ് കളയരുത്.

മുരളി തുമ്മാരുകുടി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About മുരളി തുമ്മാരുകുടി

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 09:52:41 am | 29-03-2024 CET