അമേരിക്കയിൽ ഇടയ്ക്കിടെ ജനക്കൂട്ടത്തിനു നേരെ ചുമ്മാ തോക്കെടുത്ത് വെടിവെക്കുന്ന ഭ്രാന്തന്മാർ ഇറങ്ങാറുണ്ടല്ലോ. ഈ ഭ്രാന്തന്മാർ മിക്കവരും മണിക്കൂറുകൾക്കുള്ളിൽ പോലീസിന്റെ വെടിയേറ്റ് മരിക്കും അല്ലെങ്കിൽ ശിഷ്ടകാലം മുഴുവൻ ജയിലിൽ കിടക്കും.
പിന്നെന്തിനാണ് ഇവർ ഈ പണിക്ക് പോകുന്നത്! മനഃശാസ്ത്രജ്ഞർ പറയുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇവരിങ്ങനെ ചെയ്യുന്നത് എന്നാണ്; മരിച്ചുകഴിഞ്ഞുള്ള പബ്ലിസിറ്റിയായാലും മതി എന്ന ലൈൻ ആണവർക്ക്. ഡിപ്രഷൻ കൂടി ഉന്മാദാവസ്ഥയിൽ ആയവരോ മറ്റു മാനസിക വൈകല്യങ്ങൾക്ക് ഇരയായവരോ ആണ് ഇത്തരം കൊലയാളികളിൽ ഭൂരിഭാഗവും.
വെടിവെപ്പുകൾക്ക് ശേഷം അമേരിക്കയിലെ ടാബ്ലോയിഡുകൾ എന്നറിയപ്പെടുന്ന കുട്ടിപത്രങ്ങൾ കൊലയാളിയുടെയും, ഇവരുടെ വീടിന്റെയും, പഠിച്ച സ്‌കൂളിന്റെയും ഒക്കെ ചിത്രങ്ങളും ഇവരുടെ കുട്ടിക്കാലസുഹൃത്തുക്കളുടെ കമന്റുകളും ഒക്കെ ചേർത്ത് വലിയ ഫീച്ചറുകൾ തയ്യാറാക്കും. "ടോമി വളരെ നല്ലൊരു കുട്ടിയായിരുന്നു. അഞ്ചാം ക്‌ളാസ്സിൽവെച്ച് അവൻ ചെയ്ത പ്രസംഗത്തിന്റെ വീഡിയോ ഇപ്പോളും എന്റെ കൈയ്യിൽ ഉണ്ട്" എന്നുപറയുന്ന ടീച്ചർമാരുടെ പ്രതികരണങ്ങളും "ടോമി എല്ലാദിവസവും കാറ് കഴുകുന്നത് കാണാം എന്നതൊഴിച്ചാൽ ഞങ്ങൾക്ക് അവനെപ്പറ്റി ഒന്നും അറിയില്ല" എന്ന് പറയുന്ന അയൽക്കാരെയുമൊക്കെ വെച്ച് നല്ല കളറിലാണത് ഇറക്കുക.
ഈ ഫീച്ചറുകൾ ഭാവി കൊലയാളികളെ ഒരുക്കിയെടുക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടത്രേ! മരണശേഷം ആണെങ്കിൽ പോലും തങ്ങളെപ്പറ്റി ആളുകൾ ഇങ്ങനെ സംസാരിക്കുകയും പേടിയോടെ ഓർക്കുകയും ചെയ്യുന്നത് ഇങ്ങനെയുള്ള മാനസികരോഗികൾ വലിയ കാര്യമായാണ് കരുതുന്നത്. കൊലയാളികളുടെ പേരോ ഫോട്ടോയോ മാധ്യമങ്ങൾ നൽകരുത് എന്നോ മറ്റോ ഒരു നിയമം കൊണ്ടുവരുന്ന കാര്യം അവിടെ ചർച്ചയിൽ ഉണ്ടായിരുന്നു. എന്തായി എന്നെനിക്കറിയില്ല.
കുറ്റകൃത്യങ്ങൾക്ക് അനാവശ്യമായ പരസ്യവും വൈകാരികതയും കൊടുക്കാതിരിക്കുക എന്നത് ഒരു ആരോഗ്യമുള്ള സമൂഹത്തിന്റെ ലക്ഷണമാണ്. പല കുറ്റകൃത്യങ്ങളും അതേപ്പറ്റിയുള്ള ചർച്ചകളും പ്രതികരണങ്ങളും വർദ്ധിക്കുന്നതനുസരിച്ച് കൂടിവരുന്ന ഒരു പ്രതിഭാസം നമ്മൾ നമ്മുടെ നാട്ടിൽ കാണുന്നുണ്ട്, പ്രേത്യേകിച്ചും ലൈംഗിക കുറ്റകൃത്യങ്ങൾ.
വർഗീയ പ്രസ്ഥാനങ്ങളും പ്രതികരണങ്ങൾ ഉണ്ടാക്കാനായി പലതും ചെയ്യാറുണ്ട്. അവർ എന്തെങ്കിലും അക്രമം ചെയ്തു പ്രതികരണം ഉണ്ടാക്കും, എന്നിട്ട് ആ പ്രതികരണത്തെ കാണിച്ചാണ് അവർ സ്വന്തപക്ഷത്ത് ആളെക്കൂട്ടുന്നത്.
അവഗണിക്കുക, പ്രതികരിക്കാതിരിക്കുക എന്നതാണ് നെഗറ്റീവ് പബ്ലിസിറ്റിയുടെ ഇക്കാലത്ത് നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല പ്രതികരണം.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.