സർക്കാരിനെ വിശ്വാസമാണ്. സർക്കാർ നമ്മളുടേതാണ്. സർക്കാർ നമ്മളാണ്

Avatar
ജെ എസ് അടൂർ | 11-05-2020 | 2 minutes Read

കോവിഡ് സമയത്ത് കേരളത്തിൽ കാണുന്ന ഒരു പ്രശ്നം വിവിധ അഭിപ്രായങ്ങളോടുള്ള തികഞ്ഞ അസഹിഷ്ണുതതയാണ്. ഭരണ പാർട്ടി രാഷ്ട്രീയ ലെൻസും പ്രതീപക്ഷ പാർട്ടി രാഷ്ട്രീയ ലെൻസും വച്ചാണ് എന്ത് പറഞ്ഞാലും ഏത് പറഞ്ഞാലും നോക്കുക. ഏതൊരു അടിയന്തര ഘട്ടത്തിലും വിവിധ അഭിപ്രായങ്ങൾ വരും. അതു കേട്ടിട്ടത് ആവശ്യമുള്ളത് യഥാർത്യ ബോധത്തോടെ ചെയ്യുക എന്നതാണ് കരണീയം

കേരളത്തിൽ സർക്കാരും പഞ്ചായത്തും ജനങ്ങളും എല്ലാം സഹകരിച്ചു വളരെ നല്ല പ്രവർത്തനങ്ങളാണ് ചെയ്യുന്നത് എന്നാണ് അഭിപ്രായം.

കേരളത്തിൽ എല്ലാ തലത്തിലും കൂട്ടായ പ്രവർത്തനം നടത്തിയത് വളരെ നല്ല കാര്യമാണ്. അതിൽ നമ്മുടെ സർക്കാരും ഉദ്യോഗസ്ഥരും മാതൃകപരമായി പ്രവർത്തിച്ചതിൽ അഭിമാനീക്കുന്നു. അതിൽ മുകളിൽ നിന്ന് താഴെ തട്ട് വരെ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.

പക്ഷെ സർക്കാർ എന്ന് പറയുന്ന സംവിധാനം ഇവിടുത്തെ എല്ലാം ജനങ്ങളുടെതുമാണ്. സർക്കാർ എന്ന് പറയുന്നത് അഞ്ചര ലക്ഷം ആളുകൾ ജോലി ചെയ്യുന്ന ഒരു സംവിധാനമാണ്. ആ അഞ്ചര ലക്ഷം പേർ കേരളത്തിലെ എല്ലാ രാഷ്ട്രീയ സാമൂഹിക വിഭാഗങ്ങളിൽ നിന്ന് ഉള്ളവരാണ്. കാല കാലങ്ങളിൽ
തിരെഞ്ഞെടുക്കപെട്ടവരിൽ ചിലർ മന്ത്രിമാരായി അവരുടെ ജോലി ചെയ്യുന്നു. ഇവരെല്ലാം അവരെ ജനങ്ങൾ ശമ്പളം കൊടുത്തു ഏൽപ്പിച്ചത് ഉത്തരവാദിത്തോടെ ചെയ്യുന്നത് നല്ല കാര്യമാണ്.

ബഹുമാനപെട്ട പിണറായി വിജയൻ എന്റെ കൂടി മുഖ്യ മന്ത്രിയാണ്. ബഹുമാനപെട്ട ഷൈലജ എന്റെ കൂടി മന്ത്രിയാണ് അതുപോലെ തന്നെ ശ്രീ രമേശ്‌ ചെന്നിത്തല എന്റെ കൂടെ പ്രതിപക്ഷ നേതാവാണ് അതാണ് പൗര ബോധത്തിൽ അടിസ്ഥാനമായ ജനായത്ത ബോധം. ഇവരെല്ലാരും ശമ്പളവും മറ്റു സന്നാഹങ്ങളും വാങ്ങുന്നത് ഇവിടുത്തെ എല്ലാം ജനങളുടെയും നികുതിപണം കൊണ്ടാണ്.

അതു കൊണ്ടാണ് അവർ അകൗണ്ടബിൾ ആയിരിക്കണം എന്നു പറയുന്നത്.

വിവിധ ആശയങ്ങളും അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും ജനായത്ത സംവാദ സംസ്കാരത്തിന് അത്യാവശ്യമാണ്.

'അടിയന്തര ഘട്ടങ്ങളിൽ ' സർക്കാരിനെ പിന്തുണക്കുമ്പോൾ തന്നെ സർക്കാരും അധികാരികളും പറയുന്നത് കേട്ട് ഒരക്ഷരം മിണ്ടാതെ അംഗീകരിക്കുക എന്നതല്ല ജനയാത്തം. കണ്ണുമടച്ചു സർക്കാർ എന്ത് ചെയ്താലും വിമർശിക്കുന്നത് പോലെ പ്രശ്നംമാണ് സർക്കാർ എന്ത് ചെയ്താലും അത് മാത്രമാണ് ശരി എന്ന നിലപാട്

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതു " കുത്തി തിരുപ്പു ' എന്ന് പറഞ്ഞു അസഹിഷ്ണുതയോടെ ആക്രമിച്ചു ട്രോൾ ചെയ്താൽ ചിലർക്ക് അതു ഒരു വിരേചന സുഖം നൽകും. പക്ഷെ അതുകൊണ്ടു സാധാരണ ജനങ്ങളുടെ ആശങ്കകൾ മാറില്ല.

പഞ്ചായത്ത്‌ തിരെഞ്ഞെടുപ്പ് സെപ്റ്റംബറിൽ നടക്കുമോ എന്ന് കണ്ടറിയാം .


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇപ്പോൾ പലപ്പോഴും എഫ് ബി യിൽ ഓരോ പാർട്ടികളുടെയും സ്ഥിരം കുഴലൂത്തുകാർ കോവിഡ് പ്രതീകരണം തിരെഞ്ഞെടുപ്പ് ഗോദയായി കാണുന്നോ എന്നു തോന്നുന്നു.

കണ്ടു പരിചയിച്ച സ്ഥിരം കക്ഷി രാഷ്ട്രീയ പല്ലവികൾക്കും ആരോപണ -പ്രത്യാരോപണങ്ങൾക്കും അപ്പുറം ഒരുപാടു ജനങ്ങൾ ഇവിടെയുണ്ട്

സർക്കാരിനൊപ്പം നിന്ന് രാഷ്ട്രീയ പാർട്ടി തിമിരങ്ങൾക്കപ്പുറമുള്ള യാഥാർഥ്യം ബോധത്തോടെയും പ്രായോഗിക കാര്യക്ഷതെയോടെയും കോവിഡിനെ പ്രതിരോധിക്കുവാൻ കൂടുതൽ ഏകപനോതോടെ പ്രവർത്തിക്കേണ്ട സമയമാണ്.

കോവിഡ് അടുത്ത ഒരു വർഷമോ അതിൽ അധികമോ കൂടെക്കാണും. കോവിഡുമൊത്തു എങ്ങനെ ജീവിക്കാം എന്ന് സർക്കാരും ജനങ്ങളും സജ്ജമായി ശീലിക്കേണ്ടിയിയിരിക്കുന്നു. കോവിഡ് നെ അതിജീവിക്കാൻ നമ്മൾ ഒരുമിച്ചു പ്രവർത്തിക്കണം

അടുത്ത ഘട്ടം കോവിഡ് വ്യാപനം കേരളത്തിലും ഇന്ത്യയിലും ഉണ്ടാകും. കേരളത്തിൽ കാലവർഷത്തിൽ അതിനോട് അനുബന്ധിച്ചു അസുഖങ്ങളും ഉണ്ടാകാം. പ്രളയ സാധ്യതകൾ തള്ളിക്കളയാനാകില്ല.

അതു കൊണ്ടു എല്ലാവരും ഒത്തു ചേർന്നു വിവിധ ആശയങ്ങൾ സഹിഷ്ണുതയോട് കേട്ട് അതിൽ നല്ലത് എടുത്തു തയ്യാറെടുപ്പാണ് വേണ്ടത്.

ഇത് അടുത്ത രണ്ടോ മൂന്നോ ആഴ്ചകൊണ്ട് പോകുന്നു വൈറസ് അല്ല. അതുകൊണ്ടു തന്നെ നമ്മുക്ക് ഷോര്ട്ട് ടെം സ്ട്രാറ്റജിയോടൊപ്പം രോഗ പ്രതികരണ മാനേജ്മെന്റും, സാമ്പത്തിക മാനേജ്‌മെന്റും സർക്കാർ പ്രതീകരണവും എല്ലാം ആലോചിച്ചു ഒരുമിച്ചു മുന്നോട്ടു പോകണം.

ഒരുമിച്ചു മുന്നോട്ടു പോകണമെങ്കിൽ വിവിധ ആശയങ്ങളെയും അഭിപ്രായങ്ങളെയും വിമർശനങ്ങളെയും ഉൾക്കൊണ്ടാണ് പോകേണ്ടത്

സർക്കാരിനെ വിശ്വാസമാണ് . കാരണം സർക്കാർ നമ്മളാണ്. സർക്കാർ നമ്മുടെ എല്ലാവരുടേതുമാണ്.

അല്ലാതെ ഏതെങ്കിലും ഒരു പാർട്ടിയുടെയൊ വിഗ്രഹൽക്കരിക്കപ്പെടുന്ന നേതാക്കളുതോ അല്ല.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 07:49:50 am | 26-05-2022 CEST