രാജവാഴ്ചക്കാലത്ത് രാജാവ് ഒന്നേയുണ്ടായിരുന്നുള്ളു. ഇന്ന്, രാഷ്ട്രീയനേതാക്കളൊക്കെ രാജാക്കന്മാരാണ്. ഒരു സാധാരണക്കാരന്റെ അനുഭവസാക്ഷ്യം

Avatar
Web Team | 03-11-2021 | 3 minutes Read

30-10-21.

സമയം വൈകിട്ട് 5.30
കാർ യാത്ര.
ലക്ഷ്യം ഇടുക്കി ജില്ലയിലെ,ഭാര്യയുടെ ജോലിസ്ഥലം.
നാളെ അവധിയായതുകൊണ്ട് അവളെ വീട്ടിലേക്ക് കൂട്ടണം.

കാറിൽ ഞാനും പത്താം ക്ളാസ്സുകാരനായ മോനും മാത്രം.
ലക്ഷ്യത്തിലെത്തുന്നതിന് മൂന്നുകിലോമീറ്റർ മുമ്പ്, എതിർദിശയിൽ ഒരു ബൊലീറോ ഇൻവേഡർ വരുന്നു.
വഴിയിൽ പാമ്പുപുളയുന്നതുപോലെ അങ്ങോട്ടുമിങ്ങോട്ടും നിയന്ത്രണം വിട്ടു പാഞ്ഞുപോകുന്നു.
ഇടതുഭാഗത്തേയ്ക്ക് പോയ വണ്ടി വലത്തേക്ക് വെട്ടിക്കുന്നു.
അത് വെട്ടിത്തിരിഞ്ഞ് എന്റെ കാറിന്റെ വലതുഭാഗത്തെ ഇരുഡോറുകളിലുമായി ഇടിക്കുന്നു.
ഇടിച്ചു നില്ക്കുന്നു.
വീണ്ടും സ്റ്റാർട്ട് ചെയ്ത് റിവേഴ്‌സ് എടുക്കുന്നു.
ഇത്തിരിദൂരം മുന്നോട്ടു പോകുന്നു.
അല്പമകലെ ഇടതുവശത്തേയ്ക്ക് റോഡിൽ നിന്ന് മുൻഭാഗം ഇറക്കി നിർത്തുന്നു.

ഏതാണ്ട് അറുപതുവയസ്സുള്ള മെലിഞ്ഞ ഒരാൾ ഇൻവേഡറിന്റെ ഡ്രൈവർ സീറ്റിൽ നിന്നിറങ്ങിവരുന്നു.
പിന്നിൽ അയാളുടെ ഭാര്യയുമുണ്ട്.

ഇതിനിടയിൽ ഇരുവശത്തുനിന്നും വന്ന വാഹനങ്ങൾ പലതും നിർത്തുകയും ചെറിയൊരു ആൾക്കൂട്ടം അവിടെ രൂപപ്പെടുകയും ചെയ്തു.

ആരൊക്കെയോ വന്ന് എന്നോട് എന്തെങ്കിലും പറ്റിയോ എന്ന് ചോദിക്കുന്നുണ്ട്.
ഇല്ലെന്ന് മറുപടി പറഞ്ഞ്, ദേഹത്ത് പൊട്ടിവീണ ചില്ലിൻകഷ്ണങ്ങൾ തൂത്തുകളഞ്ഞ് ഞാൻ പുറത്തിറങ്ങി.
അപ്പോഴേക്കും അയാൾ നടന്നടുത്തെത്തിക്കഴിഞ്ഞിരുന്നു.

" തെറ്റ് എന്റേതാണ്. ആ ബൈക്കുകാരനെ രക്ഷിക്കാൻ വെട്ടിച്ചതായിരുന്നു...."

അയാൾ കൈകൂപ്പി.
അയാളുടെ വായിൽ നിന്ന് മദ്യഗന്ധം ഉയരുന്നുണ്ടായിരുന്നു.
അയാൾ നടക്കുമ്പോൾ വേച്ചു പോകുന്നുണ്ടായിരുന്നു.

" ബൈക്കുകാരനോ ? ഏതു ബൈക്കുകാരൻ ? "

ഞാൻ മോന്റെ മുഖത്ത് നോക്കി.
അവനും കണ്ടിട്ടുണ്ടായിരുന്നില്ല അങ്ങനെയൊരു ബൈക്കുകാരനെ.

അതിനിടയിൽ അയാളെ അറിയുന്ന ആരൊക്കെയോ പ്രമുഖർ അയാളുമായി വഴിയരികിൽ മാറിനിന്ന് ചർച്ച തുടങ്ങിക്കഴിഞ്ഞിരുന്നു.

ഞാൻ പോലീസിൽ വിളിച്ചു വിവരം പറഞ്ഞു.
ആൾക്കാർക്ക് പരിക്കൊന്നുമില്ലെങ്കിൽ നിങ്ങൾ സംസാരിച്ചു കോംപ്രമൈസിലെത്തൂ എന്ന് മറുപടിവന്നു.
ഞാൻ വിനീതവിധേയനായി അനുസരിച്ചു.
രണ്ടു ഡോറും സൈഡ് വ്യൂ മിററും മാറി പെയിന്റിങ്ങ് അടക്കം എത്രരൂപയാകുമെന്ന് സർവീസ് സെന്ററിലേക്ക് ഫോട്ടോ വാട്സാപ്പ് ചെയ്തു ചോദിച്ചു.
മുപ്പതിനായിരത്തിലധികം വേണ്ടിവരുമെന്നും അത് ഇൻഷ്വറൻസ് ക്ളെയിം കിട്ടുമെന്നും എങ്കിലും കയ്യിൽ നിന്നും ഏകദേശം പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയിൽ പൈസ ചിലവാകുമെന്നും മറുപടി വന്നു.
ഞാൻ ആ വിവരം അയാളെ അറിയിച്ചു.
ഉടനെ അയാൾ പറഞ്ഞു.

"അത് പറയരുത്. തെറ്റ് പൂർണ്ണമായും എന്റെ കയ്യിലാണ്. അതുകൊണ്ട് അതിന് ന്യായമായ നഷ്ടപരിഹാരം ഞാൻ നിങ്ങൾക്ക് തരും...."

ങേ !
ഞാൻ ഞെട്ടി.
മുഴുവൻ പൈസയും തരാനാണോ പ്ളാൻ ?

ആകെ ഏകദേശം അരലക്ഷം രൂപയാവുമെന്ന് പറഞ്ഞപ്പോൾ, അയാൾ പറഞ്ഞു.

" അത് പറയരുത്. ന്യായമായിട്ടുള്ള പൈസ എത്രവേണമെങ്കിലും ഞാൻ തരും. തെറ്റ് എന്റെയാണ്."

" എങ്കിൽ ചേട്ടൻ പറയ്. എത്ര തരാൻ കഴിയുമെന്ന് ?"

" ഞാൻ ഒരു അയ്യായിരം...."

അപ്പോൾ, അതാണ് പ്ളാൻ.

ഞാനയാളെ വിനയപൂർവം തൊഴുതു.
എന്നിട്ട് സാവധാനം പറഞ്ഞു.

" ചേട്ടാ, ഇത്ര കൃത്യമായി,ജീവനൊന്നും പോകാനിടയില്ലാത്തത്ര കരുതലോടെ എന്റെ കാറിന്റെ വലതുവശത്തെ വാതിൽ രണ്ടും ഇടിച്ചു പൊളിച്ച ചേട്ടന്റെ കഴിവിന്,ഞാനൊരിത്തിരി പൈസ അങ്ങോട്ട് തരാം. അത് വേണ്ടെന്ന് ചേട്ടൻ പറയരുത്. പ്ളീസ്..."

കൂടിനിന്നവർ ആരൊക്കെയോ ചിരിച്ചെന്ന് തോന്നുന്നു.
അയാളതു ശ്രദ്ധിക്കാതെ പറഞ്ഞുകൊണ്ടേയിരുന്നു,തെറ്റ് തന്റേതാണെന്നും ന്യായമായ ഒരു തുക അയാൾ എനിക്ക് തരുമെന്നും.
പക്ഷേ, പറച്ചിലല്ലാതെ ഒന്നും നടക്കുന്നില്ലെന്നും ഒരുപക്ഷേ പറ്റിക്കാനാണ് പ്ളാനെന്നും തോന്നിയപ്പോൾ ഞാൻ വീണ്ടും പോലീസിനെ വിളിച്ചു.
അപ്പോൾ അവർ ഇരുകൂട്ടരോടും സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അങ്ങനെ, സ്റ്റേഷനിൽ എത്തി വണ്ടിയിൽ നിന്നിറങ്ങിയ അയാളോട് അടുത്ത് നിന്ന ഏ.എസ്.ഐ.ചോദിച്ചു.

"നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ ? നടക്കുമ്പോൾ വേച്ചു പോകുന്നല്ലോ...."

ഇല്ല സാർ എന്ന് ഭാര്യ ആദ്യവും അയാൾ രണ്ടാമതും മറുപടി പറഞ്ഞപ്പോൾ ഏ.എസ്.ഐ.എന്നെ മാറ്റി നിർത്തി പറഞ്ഞു.

" അയ്യായിരമെങ്കിൽ അയ്യായിരം. കിട്ടുന്ന പൈസയ്ക്ക് കോംപ്രമൈസ് ചെയ്യുന്നതാണ് ബുദ്ധി. കോടതിയിൽ പോയാൽ പത്തോ ഇരുനൂറോ രൂപയുടെ ഒരു ഫൈനിൽ ചിലപ്പോൾ സംഗതിയൊതുങ്ങും.
മെഡിക്കൽ എടുത്ത് അയാൾ കുടിച്ചിട്ടുണ്ടെന്നു തെളിയിച്ചാൽ ചിലപ്പോൾ ഒരു മൂന്നുമാസത്തേക്ക് അയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും മൂവായിരം രൂപാ പിഴയിടുകയും ചെയ്തേക്കാം.
അതുകൊണ്ട് പക്ഷെ, നിങ്ങൾക്ക് എന്തുനേട്ടം ?
അതുകൊണ്ട് നിങ്ങൾ വീണ്ടും സംസാരിക്കൂ...."

ഇതും പറഞ്ഞ് ഏ.എസ്.ഐ.സ്റ്റേഷനിലേയ്ക്കു കയറിപ്പോയി.
അപ്പോഴേക്കും ടൗണിൽ സമ്മേളനം നടക്കുന്ന സ്ഥലത്തുനിന്ന് അയാളുടെ ഭാര്യയുടെ രാഷ്ട്രീയ സംഘടനയുടെ ആളുകൾ കൂട്ടമായി സ്റ്റേഷനിൽ എത്തിയിരുന്നു.
അവരിലൊരാൾ എന്നോടു പറഞ്ഞു.

"ആ ചേച്ചി പാർട്ടിയുടെ വനിതാപോഷകസംഘടനയുടെ സ്റ്റേറ്റ് കമ്മറ്റിമെമ്പറും എക്സ് പഞ്ചായത്ത് മെമ്പറുമാണ്..."

" ആയിക്കോട്ടെ. അതും ഇടിയും തമ്മിൽ എന്തുബന്ധം "

അതിനു മറുപടി പറയുന്നതിനുപകരം അയാൾ പറഞ്ഞു.

" അയ്യായിരത്തിൽ കോംപ്രമൈസ് ചെയ്യണം. "

" ചേട്ടാ, ഞാൻ ആ ചേട്ടന്റെ അടുത്ത് വെറുതെ ധർമ്മം ചോദിക്കുന്നതല്ല.
ഒരു തെറ്റും ചെയ്യാത്ത എന്റെ വണ്ടിയിൽ കള്ളുകുടിച്ചു ലെവലില്ലാതെ,ഇല്ലാത്ത ബൈക്കുകാരനെ പഴിപറഞ്ഞ്, കൺട്രോൾ തെറ്റി വന്നിടിച്ചതാണയാൾ. അത് നന്നാക്കാൻ അമ്പതിനായിരം രൂപയാകുമെന്ന് പറഞ്ഞപ്പോൾ അയാൾ അയ്യായിരം തരാമെന്ന് പറഞ്ഞത് ഉളുപ്പില്ലാതെ കൈനീട്ടി വാങ്ങി മടങ്ങിപ്പോകണമെന്ന് പറയാൻ ചേട്ടനെങ്ങനെ മനസ്സുവരുന്നു ? "

അയാൾ മറുപടി പറഞ്ഞില്ല.
മെല്ലെ തിരിഞ്ഞ് അവരുടെയടുത്തേക്ക് മടങ്ങിപ്പോയി.
കുറച്ചു നേരത്തെ ചർച്ചയ്ക്ക് ശേഷം മടങ്ങിവന്നു പറഞ്ഞു.

" ഒരു കാര്യം ചെയ്യാം. ഒരു 7500 രൂപ തരാം. അതിൽ ഒതുങ്ങണം. പ്ളീസ്...."

ഏ.എസ്.ഐ.നേരത്തെ പറഞ്ഞ കാര്യങ്ങൾ ഒരുനിമിഷം എന്റെ മനസ്സിൽ മിന്നിമറഞ്ഞു.
എനിക്ക് ഇത്തരം കാര്യങ്ങളുടെ നിയമക്രമങ്ങളും ശിക്ഷയുമൊന്നുമറിയില്ല. പക്ഷെ, ഇതിനുമുമ്പും നാട്ടിലുള്ള പല വാഹന ഉടമകളും ഇതുപോലെ ഈ കാര്യങ്ങൾ പറയുന്നത് കേട്ടിട്ടുണ്ട്....

കൂടെ മോനുണ്ട്.
പോലീസ് സ്റ്റേഷനപ്പുറത്തെ ക്വാർട്ടേഴ്സിൽ ചായയും തിളപ്പിച്ച് അഞ്ചരമുതൽ ഭാര്യ,തിരിച്ചു നാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്നുണ്ട്.
ഇപ്പോൾ തന്നെ സമയം ആറേമുക്കാലായിരിക്കുന്നു...

മനസ്സില്ലാമനസ്സോടെ ഞാൻ വഴങ്ങി...

അപ്പോൾ അയാൾ കയ്യിൽ പൈസയില്ല, പൈസയെടുത്തുവരാമെന്നുപറഞ്ഞ് പോയി.
മടങ്ങിവന്നപ്പോൾ ഏഴര...

ക്വാർട്ടേഴ്സിൽ എത്തി തണുത്ത ചായയും കുടിച്ച് നാട്ടിലേക്ക് ഉള്ള മടക്കയാത്രയെക്കുറിച്ച് ആലോചിച്ചപ്പോൾ എന്റെ മനസ്സിൽ, എന്റെ വാഹനത്തിന് രാഷ്ട്രീയക്കാരനായ ആ കള്ളുകുടിയൻ ഉണ്ടാക്കിയ തകരാറിനേക്കാൾ നിറഞ്ഞുനിന്നത് നിയമവ്യവസ്ഥയുടെ തകരാറായിരുന്നു.
അതോ നിയമപാലകരുടെ നിസ്സഹായാവസ്ഥയോ ?

രാജവാഴ്ചക്കാലത്ത് രാജാവ് ഒന്നേയുണ്ടായിരുന്നുള്ളു.
ഇന്ന്, രാഷ്ട്രീയനേതാക്കളൊക്കെ രാജാക്കന്മാരാണ്.

നിരത്തും നിയമപാലകരും അവർക്കുള്ളതാണ്.

Photo Credit : https://unsplash.com/@fikry_anshor


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 07:40:32 pm | 16-04-2024 CEST