ഉൽപ്പാദനവും വിതരണവും മെച്ചപ്പെടുത്താതെ പണ്ട് പാക്കിസ്ഥാനികളെ വിളിച്ചുകൊണ്ടിരുന്നതുപോലെ ചൈനക്കാരേയും തെറി വിളിച്ചിട്ടു കാര്യമൊന്നുമില്ല. കേവല ദേശസ്നേഹത്തിനപ്പുറമാണ് പ്രബലമായ ഒരു രാജ്യവുമായി ഏറ്റുമുട്ടുമ്പോൾ ഉള്ള വസ്തുതകൾ

Avatar
വെള്ളാശേരി ജോസഫ് | 22-06-2020 | 5 minutes Read

ചീനച്ചട്ടി, ചീനഭരണി - ഇവയൊക്കെ എറിഞ്ഞുടച്ച് കുടുംബിനികൾക്ക് ചൈനയോട് പ്രതിഷേധിക്കാം. മുക്കുവർക്ക് ചീനവല കടലിൽ വലിച്ചെറിഞ്ഞും ചൈനയോട് പ്രതിഷേധിക്കാം. പക്ഷെ ഇതുകൊണ്ടു വെല്ലോം ചൈന കുലുങ്ങുമോ? ചൈനയോട് മല്ലിടണമെങ്കിൽ നമ്മുടെ സമ്പദ് വ്യവസ്ഥ ശക്തിയാർജ്ജിക്കണം. കയ്യിൽ തുട്ടില്ലാതെ ആധുനിക രീതിയിൽ യുദ്ധം ചെയ്യാൻ ഏതെങ്കിലും ഒരു രാജ്യത്തിന് സാധിക്കുമോ? നമ്മുടെ റിസേർവ് ബാങ്ക് തന്നെ പറയുന്നത് ഇനി വരാൻ പോകുന്നത് 'നെഗറ്റീവ് ഗ്രോത്' ആയിരിക്കും എന്നാണ്. ചൈനീസ് ഉൽപന്നങ്ങളൊക്കെ ബഹിഷ്കരിച്ച് ചൈനീസ് ഇക്കോണമിയെ നേരിടണം എന്നുപറഞ്ഞു സോഷ്യൽ മീഡിയയിൽ ചിലർ അലമുറ ഇടുന്നുണ്ട്. കഴിഞ്ഞ 20-30 വർഷങ്ങൾക്കുള്ളിൽ ചൈന സൃഷ്ടിച്ച ലോജിസ്റ്റിക്സിനെ കുറിച്ച് ഒരു വിവരവുമില്ലാത്തവർ ആണിങ്ങനെ അലമുറ ഇടുന്നത്. നാഷണൽ ജ്യോഗ്രാഫിക്കിൻറ്റെ ഒരു ഡോക്കുമെൻറ്ററിയിൽ ചൈനീസ് ഉൽപ്പാദന മേഖല കാണിച്ചത് ഇപ്പോഴും ഓർമിക്കുന്നൂ. ലക്ഷക്കണക്കിനാളുകൾ പണിയെടുക്കുന്ന ഫാക്റ്ററികൾ; ആ ഫാക്റ്ററികളിൽ നിന്ന് ഉൽപ്പന്നങ്ങൾ കൊണ്ടുപോകാനുള്ള 'കണ്ടയിനർ ടെർമിനലുകൾ'; തുറമുഖങ്ങൾ; കപ്പലുകൾ - ഇവയെല്ലാം അഭംഗുരം പ്രവർത്തിക്കുന്ന ഒന്നാണ് ചൈനീസ് ഇക്കോണമി. “Those who rule the seas rule the world” - എന്നാണ് പറയപ്പെടുന്നത്. പണ്ട് സമുദ്രദേവനെ പേടിച്ച് ഇന്ത്യ ശക്തമായ നേവിയോ, കടൽമാർഗമുള്ള വ്യാപാരത്തേയോ കൃത്യമായി പ്രോത്സാഹിപ്പിച്ചിരുന്നില്ല. അതാണ് ശക്തമായ നേവിയുണ്ടായിരുന്ന ബ്രട്ടീഷ് സാമ്രാജ്യത്തോട് അടിയറവ് പറയേണ്ടി വന്നത്. ഇവിടെ ശക്തമായ സാമ്രാജ്യങ്ങൾ ഇല്ലാതിരുന്നതല്ലായിരുന്നു നമ്മൾ ബ്രട്ടീഷുകാരോട് പരാജയപ്പെടാൻ കാരണം. നമ്മുടെ മതബോധവും സാമൂഹ്യ ബോധവുമായിരുന്നു ഇന്ത്യ പണ്ട് ശക്തമായ നേവിയുണ്ടായിരുന്ന ബ്രട്ടീഷുകാരോട് പരാജയപ്പെടാൻ കാരണം.

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഉൽപ്പാദന മേഖലയിലെ പ്രശ്നങ്ങളാണ്. ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക എന്നൊക്കെ സോഷ്യൽ മീഡിയയിലൂടെ പറയാൻ എളുപ്പമാണ്. പ്രാക്റ്റിക്കലായി നടക്കുന്ന ഒരു സംഭവമല്ല അത്. നമ്മുടെ ഉൽപാദന മേഖല ചൈനീസ് ഉൽപന്നങ്ങളോട് മത്സരിച്ചു ജയിക്കാതെ ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതി പോലും ഇവിടെ നിറുത്താനാവില്ല എന്നതാണ് യാഥാർഥ്യം. ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതി ഭരണകൂട ഉരുക്കുമുഷ്ടി ഉപയോഗിച്ച് നിറുത്തിയാൽ ഇവിടെ കള്ളക്കടത്ത് കൂടും എന്ന ഒറ്റ പ്രയോജനമേ ഉള്ളൂ. ദുബായ്, ശ്രീലങ്കാ, സിംഗപ്പൂർ - എന്നിങ്ങനെ അനേകം രാജ്യങ്ങളിൽ നിന്ന് നമ്മളറിയാതെ ചൈനീസ് ഉൽപന്നങ്ങൾ ഇന്ത്യയിലേക്ക് ഒഴുകും. ചൈന അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. സത്യത്തിൽ പല അമേരിക്കൻ പേരുകളിലും, ചൈനീസ് അല്ലാത്ത പേരുകളിലും അനവധി ഇലക്ട്രോണിക്ക് ഉപകരണങ്ങളും, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും ഇന്ന് വിൽക്കപ്പെടുന്നുണ്ട്. നമ്മൾ അമേരിക്കൻ പ്രൊഡക്റ്റാണെന്ന് വിചാരിച്ചു വാങ്ങിക്കുന്ന സാധനങ്ങളുടെ യഥാർഥ ഉൽപ്പാദനം ചൈനയിലാണ് നടക്കുന്നതെന്ന് മാത്രം!!!

india

ഇന്ത്യ വിചാരിച്ചാലോ, അമേരിക്ക വിചാരിച്ചാലോ അതല്ലെങ്കിൽ കുറച്ചു പേർ ചൈനീസ് പ്ലാസ്റ്റിക്ക്, കളിപ്പാട്ടം, പടക്കം – ഇവയൊക്കെ പറഞ്ഞു ബഹിഷ്ക്കരിച്ചാലോ ചൈനീസ് ഇക്കോണമി ഇന്ന് തളരത്തില്ല. ചൈനീസ് ഇക്കോണമി ഇന്ന് വളർന്നു കഴിഞ്ഞതിൻറ്റെ പിന്നിൽ ‘ആധുനികത’ എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസത്തിൻറ്റെ പ്രധാന സവിശേഷത ഉണ്ട്.

ആ സവിശേഷത 'സയൻസ് ഇൻ ദ ഫോം ഓഫ് ടെക്‌നോളജി' ആണ്. ചൈനയുടെ സമുദ്രോൽപ്പന്നങ്ങൾ തന്നെ നോക്കിയാൽ മതി 'സയൻസ് ഇൻ ദ ഫോം ഓഫ് ടെക്‌നോളജി' എന്ന ആ സവിശേഷത മനസിലാക്കുവാൻ. ചുറ്റുമുള്ള കടലുകളിൽ ചൈന ‘സീ ഫുഡ്’ വൻതോതിൽ കൃഷി ചെയ്യുന്നൂ. അതുകൊണ്ട് ചൈനീസ് ഉപഭോക്താവിൻറ്റെ തീൻമേശയിൽ മത്സ്യവും, മറ്റ്‌ സമുദ്രോൽപ്പന്നങ്ങളും നിറയുന്നു.
ജാപ്പനീസ് ജനതയും സമുദ്രോൽപ്പന്നങ്ങൾ ആസ്വദിച്ചു കഴിക്കുന്നവരാണ്. പക്ഷെ കടലിൽ നിന്ന് പിടിക്കുന്നതല്ലാതെ കടലിൽ കൃഷി ചെയ്യുവാൻ ജപ്പാൻകാർക്ക് ആയിട്ടില്ല. ചൈനയെ അപേക്ഷിച്ച് ഇൻഡ്യാക്കാർക്ക് തണുപ്പില്ലാത്ത കടൽവെള്ളം ചുറ്റിലുമുണ്ട്. പക്ഷെ നമ്മുടെ നേതാക്കൻമാർക്ക് ദീർഘ വീക്ഷണമില്ല. സമീപ കാലത്ത് ആധുനികതയുടെ സവിശേഷത ആയ 'സയൻസ് ഇൻ ദ ഫോം ഓഫ് ടെക്‌നോളജി' കുറച്ചെങ്കിലും കമ്പ്യൂട്ടർ വൽക്കരണത്തിലൂടെയും, ടെലിക്കോം വിപ്ലവത്തിലൂടെയും പ്രോത്സാഹിപ്പിച്ച ഒരേയൊരു നേതാവ് രാജീവ് ഗാന്ധി മാത്രമായിരുന്നു.

ഇപ്പോഴുള്ള നേതാക്കൻമാർ പ്രായം ചെന്ന പശുക്കളെ കന്നുകാലി ചന്തയിൽ വിൽക്കാൻ പോലും കഴിയാത്ത രീതിയിലേക്ക് ഉത്തരേന്ത്യയിലെ പാവപ്പെട്ട കർഷകരെ എത്തിച്ച് അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുകയാണ്. ഒരു ഗതിയും, പര ഗതിയും ഇല്ലാത്ത പാവപ്പെട്ട ബീഹാറുകാരെ മഹാരാഷ്ട്രക്കാരുടെ പേര് പറഞ്ഞു ശിവസേനക്കാർ ഓടിച്ചിട്ട് തല്ലുമ്പോൾ അറിയാം നമ്മുടെ നേതാക്കൻമാരുടെ ദീർഘ വീക്ഷണത്തിൻറ്റെ അഭാവം. ഇവിടെ പ്രശ്നങ്ങളും, ഭിന്നിപ്പും സൃഷ്ടിക്കാൻ മാത്രമേ നേതാക്കൻമാർക്ക് താൽപര്യമുള്ളൂ. രാഷ്ട്ര നിർമാണ പ്രക്രിയയിൽ ദീർഘ വീക്ഷണത്തോടെ ഇടപെടാൻ അവർക്കൊന്നും താൽപര്യവുമില്ലാ; സമയവുമില്ലാ.
ചൈനയിലേതു പോലെ ഇപ്പോൾ ഇലക്രോണിക്സ്-ഡിജിറ്റൽ-ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസ് മേഖലയിലെ വളർച്ച നേടാനാണ് നാം ശ്രമിക്കേണ്ടത്. ചൈന ഇപ്പോൾ റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിലും, ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസിലും, ഇൻഫ്രാസ്ട്രക്ച്ചറിലും ഒക്കെ ഇന്ത്യയെ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു.

ചൈനയുടേത് ഇന്നിപ്പോൾ 13 ട്രില്യൺ GDP സൈസുള്ള ഇക്കോണമി ആണ്; ഇന്ത്യയുടേത് 2.6 ട്രില്യൺ സൈസുള്ള ഇക്കോണമിയും. ഇന്ത്യയുടെ GDP-യുടെ ഏകദേശം അഞ്ചിരട്ടിയാണ് ചൈനയുടെ GDP. ഒരു വർഷത്തെ ചൈനയുടെ പ്രോഡക്ട് & സർവീസ് കയറ്റുമതി ശരാശരി 60 ബില്യൺ ഡോളറിലും കൂടുതൽ ആണ്. ഇന്ത്യയുടെ വെറും 11 ബില്യൺ ഡോളറിൻറ്റെ മാത്രം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ചൈനയുടെ ഉൽപാദന രംഗത്തെ വളർച്ച അറിയാൻ കേരളത്തിലെയോ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയോ ഏതെങ്കിലും ഇലക്രോണിക് കടയിലോ, കുട്ടികൾക്ക് കളിപ്പാട്ടം വിൽക്കുന്ന കടയിലോ പോയാൽ മതി. ചൈനീസ് വളർച്ചയുടെ മറ്റൊരു കാര്യം ചൈനയുടെ വളർച്ച ഉൽപാദനം കൊണ്ടുള്ളതാണ് എന്നാണ്. ഇന്ത്യയുടേത് സർവീസസ് – അതായത് കൃഷിയും വ്യവസായവും കൂടാതെ സേവന മേഖലയിലെ കണക്കും കൂടെ കൂട്ടി ആണ്.

തൊഴിൽ അന്വേഷിച്ച് ചൈനാക്കാരൻ അലഞ്ഞു നടക്കുന്നത് വരെ അവരുടെ നാട്ടിൽ ദാരിദ്ര്യം ഇല്ല. ഇന്ത്യയിലെ പോലെ ഹത ഭാഗ്യരായ ചെറുപ്പക്കക്കാർ സംവരണത്തിന് വേണ്ടി മുറവിളി കൂട്ടുന്നതുപോലുള്ള രാഷ്ട്രീയ നാടകമൊന്നും ചൈനയിൽ ഉൽപാദനം തകൃതിയായി നടക്കുമ്പോൾ സംഭവിക്കില്ല. ചൈനയിൽ ഗ്രാമങ്ങളിൽ നിന്ന് ആളുകൾ നഗരങ്ങളിലേക്കും, ഉൽപാദന മേഖലകളിലേക്കും കുടിയേറുന്നത് മെച്ചപ്പെട്ട വേതനം പ്രതീക്ഷിച്ചാണ്; അല്ലാതെ ഇന്ത്യയിലെ പോലെ ദാരിദ്ര്യം കൊണ്ടല്ല.
ഇന്ത്യയിൽ 2011-12 -ന് ശേഷം തൊഴിൽ സൃഷ്ടിക്കുന്ന കൺസ്ട്രക്ഷൻ സെക്റ്റർ ആകെ മൊത്തം ഡൗൺ ആണ്. ടെക്സ്റ്റയിൽസിലാണെങ്കിൽ ചൈന 145 ബില്യൺ ഡോളർ എക്സ്പോർട്ട് നടത്തുമ്പോൾ നാം ബംഗ്ലാദേശിനേക്കാളും വിയറ്റ്നാമിനെക്കാളും പിന്നിലാണ്. ഇതെല്ലാം കാണിക്കുന്നത് ഇന്ത്യയിലെ രാഷ്ട്രീയ നെത്ര്വത്ത്വത്തിൻറ്റെ ദീർഘവീഷണത്തിൻറ്റെ അഭാവം തന്നെയാണ്. പശുവിൻറ്റെ പേരിൽ തമ്മിൽ തല്ലുന്ന നമ്മൾ ലെതർ ഉൽപന്നങ്ങളിൽ നമുക്കുണ്ടായിരുന്ന നേട്ടം മറ്റ് രാജ്യങ്ങളുടെ മുന്നിൽ അടിയറവ് വെച്ചത് സ്വോഭാവികം മാത്രം. 2014-നു മുമ്പ് ഇന്ത്യക്ക് ഫാർമസ്യൂട്ടിക്കൽസ്, സ്പെയ്സ്, ഐ. ടി. - ഇവയിൽ ലോകോത്തര നിലവാരം ഉണ്ടായിരുന്നു. ഇന്നിപ്പോൾ അങ്ങനെയൊരു ലോകോത്തര നിലവാരം ഒരു സെക്റ്ററിലും നമുക്ക് അവകാശപ്പെടാനില്ല. 'മെയ്ക്ക് ഇൻ ഇൻഡ്യാ' എന്ന് പറഞ്ഞു കുറെ ആളുകളെ കളിപ്പിച്ചത് മാത്രമാണ് ഇന്ത്യയുടെ ഭരണവർഗത്തിന് ഈ കാലയളവിൽ പറയാനുള്ളത്. 'മെയ്ക്ക് ഇൻ ഇൻഡ്യാ' ഇനി 'അസ്സെംബ്ളിങ് ഇൻ ഇൻഡ്യാ' ആയി വഴിമാറുന്നൂ എന്ന് ചിലരൊക്കെ പറയുന്നൂ. അതും ശരിയാകുമെന്ന്‌ തോന്നുന്നില്ല. കാരണം അത്ര ശോചനീയമാണ് ഇന്ത്യയുടെ ഭരണ വ്യവസ്ഥിതിയും, ഇൻഫ്രാസ്ട്രക്ച്ചർ രംഗത്തെ അപര്യാപ്തതകളും.

ചൈന ഇരുമ്പുമറക്കുള്ളിൽ ആയതുകൊണ്ട് ചൈനയുടെ യഥാർത്ഥ ശക്തി ലോകരാജ്യങ്ങൾക്ക് അറിയാൻ വയ്യാ. പക്ഷെ അമേരിക്കൻ ടെലിവിഷൻ സീരിയലുകൾ ഒക്കെ നൽകുന്ന സൂചനകൾ അനുസരിച്ചാണെങ്കിൽ, ചൈന ഒരു 'സൂപ്പർ പവർ' സ്റ്റാറ്റസിനോട് അടുക്കുകയാണ്. ചൈനയുമായി വ്യാപാര തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന അമേരിക്കയുടെ തർച്ചയുടെ തുടക്കം അമേരിക്കക്കാർ തന്നെ ടെലിവിഷൻ സീരിയലുകളിലൂടെ പ്രവചിച്ചുട്ടുണ്ടെന്നുള്ളതാണ് രസകരമായ കാര്യം. ഒരു സാമ്പത്തിക ശക്തി എന്ന നിലയിലും, സൈനിക ശക്തി എന്ന നിലയിലും അമേരിക്കയുടെ തകർച്ചയുടെ തുടക്കം അമേരിക്കക്കാർ തന്നെ നേരത്തേ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അമേരിക്കൻ ടെലിവിഷൻ സീരിയലായ 'ബോസ്റ്റൺ ലീഗലിൽ' അവരുടെ സ്ഥാപനത്തിന് സാമ്പത്തിക ബാധ്യത വന്നപ്പോൾ ചൈനക്കാർ അവരുടെ സ്ഥാപനം ഏറ്റെടുക്കുന്നത് കാണിക്കുന്നുണ്ട്. അതേപോലെ കൗണ്ടർ ടെററിസത്തെ കുറിച്ചുള്ള അമേരിക്കൻ സീരിയലായ '24'- ൽ, സീരിയലിൻറ്റെ നായകനായ ജാക്ക് ബവ്വറിനെ ചൈനാക്കാർ കടത്തിക്കൊണ്ട് പോവുന്നത് കാണിക്കുന്നുണ്ട്. അതേ ടെലിവിഷൻ സീരിയലിൽ തന്നെ അമേരിക്കൻ സ്റ്റെയിറ്റുമായി കലഹിക്കുമ്പോൾ ഒരാൾ ചൈനയിൽ അഭയം തേടാൻ പോവുന്നത് കാണിക്കുന്നുണ്ട്. ചുരുക്കം പറഞ്ഞാൽ ഇപ്പോൾ അമേരിക്കയുടെ ശത്രു റഷ്യയല്ല; ചൈനയാണെന്നു സാരം. അങ്ങനെ അമേരിക്ക പോലും ഭയപ്പെടുന്ന ഒരു രാജ്യമായി മാറിക്കഴിഞ്ഞു ചൈന ഇന്ന്.

യഥാർഥ വസ്തുതതകൾ ടെലിവിഷൻ സീരിയലുകളിലോ, സിനിമകളിലോ കാണിക്കുന്നതല്ലെന്ന് പറഞ്ഞാൽ പോലും ചൈനീസ് സമ്പദ് വ്യവസ്ഥിതിയുടെ ശക്തിയും, ചൈനീസ് ഇൻഫ്രാസ്ട്രക്ച്ചറിൻറ്റെ മേന്മയും ഇന്ന് ലോകം അംഗീകരിച്ചേ മതിയാകൂ. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനിതനായ ജോസഫ് സ്റ്റിഗ്ലിറ്റ്സ് ചൈനയായിരിക്കും അടുത്ത 'സൂപ്പർ പവർ'എന്ന് ഡേറ്റകളുടെ അടിസ്ഥാനത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.

നമ്മുടെ ഉൽപ്പാദന മേഖലയും, ഇൻഫ്രാസ്ട്രക്ച്ചറും കരുത്താർജിക്കാതെ ചൈനയോട് മുട്ടാൻ നമുക്ക് പരിമിതികളുണ്ടെന്നുള്ള യാഥാർഥ്യം എത്ര വലിയ രാജ്യസ്നേഹി ആണെങ്കിലും അംഗീകരിച്ചേ മതിയാകൂ. കഴിഞ്ഞ കുറെയേറെ വർഷങ്ങളായി നമ്മുടെ ഉൽപ്പാദന മേഖലയും, തൊഴിൽ മേഖലയും പിന്നോട്ടാണ്. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി പറഞ്ഞു ആദ്യം നമ്മുടെ സർക്കാർ ഇന്ത്യക്കാരെ പറ്റിക്കുകയായിരുന്നു. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി പിന്നീട് 'അസംബ്ലിങ് ഇൻ ഇന്ത്യ' ആയി മാറി. അതും വലിയ ഗുണമൊന്നും ചെയ്തില്ലാ. സ്വന്തമായി ഉൽപ്പാദന രംഗത്ത് വളർച്ച കൈവരിക്കാതെ ഇന്ത്യയെ ഒരു വികസിത രാജ്യം ആയി ആരും കണക്കാക്കില്ല എന്നുള്ള കാര്യം ഉത്തരവാദിത്ത്വബോധമുള്ള ആരും മറന്നു പോകരുത്. 'എക്സലൻസിന്' പ്രാധാന്യം കൊടുക്കുന്ന ഒരു രീതി ഇന്ത്യൻ സമൂഹത്തിന് ഇന്നും ഇല്ലാ. ആരെങ്കിലും സ്വന്തം കഴിവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടാൽ അയാളെ എങ്ങനെയെങ്കിലും ഒതുക്കണമെന്നാണ് നമ്മുടെ മിക്ക സ്ഥാപനങ്ങളിലുള്ളവരുടേയും ചിന്ത. അതുകൊണ്ടു തന്നെ മഹത്തായ സൃഷ്ടികളോ, മഹത്തായ സംരഭങ്ങളോ ഇന്ത്യയിൽ നിന്ന് വരുന്നില്ല. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്ക് നോബൽ സമ്മാനങ്ങൾ ഒന്നും കിട്ടുന്നില്ല. നമ്മുടെ അത്ലട്ടുകൾക്ക് ഒളിമ്പിക് മെഡലുകൾ ഒന്നും കിട്ടുന്നില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ ഒന്നും തന്നെയില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള പഠന കേന്ദ്രങ്ങളോ, ഗവേഷണ സ്ഥാപനങ്ങളോ, യൂണിവേഴ്സിറ്റികളോ ഇല്ല. ആകെ കൂടിയുള്ള നേട്ടം ബഹിരാകാശ രംഗത്ത് മാത്രമാണ്. അതും അത്ര വലിയ നേട്ടം ഒന്നുമല്ല. ISRO ഉപയോഗിക്കുന്ന പലതും വിദേശ കമ്പനികളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. ഐ.ടി., ഫാർമസ്യൂട്ടിക്കൽസ് - ഈ രംഗത്തൊക്കെ നമ്മൾ ലോകോത്തര നിലവാരം കൈവരിച്ചതായിരുന്നു. പക്ഷെ അത് നമുക്ക് നിലനിർത്താൻ ആയില്ലാ. ചുരുക്കം പറഞ്ഞാൽ ഉൽപ്പാദനവും വിതരണവും മെച്ചപ്പെടുത്താതെ പണ്ട് പാക്കിസ്ഥാനികളെ ഹിന്ദിയിൽ 'കുത്തേ', 'കമീനേ' എന്നൊക്കെ വിളിച്ചുകൊണ്ടിരുന്നതുപോലെ ചൈനക്കാരേയും തെറി വിളിച്ചിട്ടു കാര്യമില്ലെന്നു സാരം.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 07:20:13 pm | 02-12-2023 CET