കേരളത്തിലെ ത്രിതല പഞ്ചായത്ത് സംവിധാനത്തിലുള്ള പൊതുജനാരോഗ്യരംഗം മെച്ചപ്പെട്ട പ്രവർത്തനം കോവിഡ്19-നെ തുരത്തുന്ന കാര്യത്തിൽ കാഴ്ചവെക്കും;

Avatar
വെള്ളാശേരി ജോസഫ് | 03-06-2020 | 6 minutes Read

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം മാത്രമല്ലാ; തമിഴ്‌നാടും, കർണാടകവും ഗോവയും കൊറോണയെ പ്രതിരോധിക്കും; ഉത്തരേന്ത്യയുടെ കാര്യത്തിൽ സ്ഥിതി അതല്ലാ ..

കേരളത്തിൽ കൊറോണ മൂലമുള്ള മരണങ്ങൾ ആദ്യം കാര്യമായി ഉണ്ടായില്ല. അത് തങ്ങളുടെ മിടുക്കാണെന്ന മട്ടിൽ കേരള സർക്കാർ ലോകമാകെ തള്ളിമറിച്ചു; ആ രീതിയിൽ പ്രചാരണം നടത്തി അന്താരാഷ്‌ട്ര മാധ്യമങ്ങളേയും, ദേശീയ മാധ്യമങ്ങളേയും കയ്യിലെടുത്തു. എന്നാൽ കാര്യങ്ങൾ ഇപ്പോൾ മാറിമറിയുകയാണ്. കേരളത്തിൻറ്റേയും ഇന്ത്യയുടേയും കൊറോണ കാര്യത്തിൽ ഉണ്ടാകാൻ പോകുന്ന വർധന അന്താരാഷ്‌ട്ര മാധ്യമങ്ങളെ അവലംബിച്ച് ഇതെഴുതുന്ന ആൾ നേരത്തേ തന്നെ ചൂണ്ടികാട്ടിയതാണ്.

ഇന്ത്യയിൽ പല മാധ്യമങ്ങളും അന്താരാഷ്‌ട്ര വാർത്താ ചാനലുകൾ ഇന്ത്യയുടെ കാര്യത്തിൽ പറയുന്ന കാര്യങ്ങൾ പബ്ലീഷ് ചെയ്യാൻ തയ്യാറല്ല. ഒരു 'പീക്ക് ടൈം' കഴിഞ്ഞാൽ വികസിത രാജ്യങ്ങളിൽ കൊറോണയുടെ വ്യാപനത്തിൽ 'സോഷ്യൽ ഡിസ്റ്റൻസിങ്ങിലൂടെയും', മറ്റ് നടപടികളിലൂടെയും ഗണ്യമായ കുറവുണ്ടാകും; കൊറോണ മൂലം ഉണ്ടായ സാമ്പത്തിക മാന്ത്യത്തിലും മാറ്റം ഉണ്ടാകും. കാര്യങ്ങൾ വികസിത രാജ്യങ്ങളിൽ സ്റ്റെബിലൈസ് ചെയ്യുമ്പോഴും ഇന്ത്യയിൽ അത്തരം പ്രതീക്ഷകൾക്ക് വഴിയില്ലാ എന്നു തന്നെയാണ് പല വിദഗ്ധരും പറയുന്നത്. അതിന് പ്രധാന കാരണം ഇന്ത്യയുടെ ആസൂത്രിതമല്ലാത്ത നഗര വളർച്ചയാണ്. 2001-ലെ സെൻസസ് കണക്കുകൾ പ്രകാരം ഇന്ത്യയിൽ 42.6 മില്യൺ ചേരി നിവാസികൾ ഉണ്ട്. 2019 ആയപ്പോൾ ഇവരുടെ സംഖ്യ 104 മില്യണിൽ എത്തി. ചേരികളിലും, പുനരധിവാസ കോളനികളിലും, ആളുകൾ തിങ്ങിപ്പാർക്കുന്ന നഗര പ്രാന്തങ്ങളിലും, ഗ്രാമങ്ങളിലും കോവിഡ് - 19 വീശിയടിച്ചാൽ എന്തായിരിക്കും അവസ്ഥ? ഇന്ത്യൻ ജയിലുകളിൽ കൊറോണ വ്യാപിച്ചാൽ എന്തുചെയ്യും? ചിക്കാഗോ ജയിലിൽ കൊറോണ വ്യാപിച്ചെന്നാണ് അമേരിക്കയിൽ നിന്നുള്ള ലേറ്റസ്റ്റ് റിപ്പോർട്ട്. ഇന്ത്യയുടെ കാര്യത്തിൽ അത് സംഭവിച്ചാൽ ആ അവസ്ഥ ഭീകരമാകും.

കൊറോണ തുടങ്ങിയപ്പോൾ തന്നെ റഷ്യൻ ടി.വി. ഇന്ത്യയിലെ ആരോഗ്യ രംഗത്തെ കുറിച്ച് നല്ലൊരു അപഗ്രഥനം നടത്തുകയുണ്ടായി. ഇന്ത്യയിൽ 300 മില്യൺ തൊട്ട് 500 മില്യൺ ആളുകൾക്കിടയിൽ കൊറോണ വ്യാപിക്കാം എന്നാണ് റഷ്യൻ ടി.വി. - യുടെ അവതാരകൻ പറഞ്ഞത്. എന്നുവെച്ചാൽ 30 കോടി മുതൽ ആളുകളെ ബാധിക്കാമെന്ന് സാരം. അത് വെറുതെ പറഞ്ഞതുമല്ല. 'സെൻറ്റർ ഫോർ ഡിസീസ് ഡൈനാമിക്സിൻറ്റെ' ഡയറക്ടറായ രമണൻ ലക്ഷ്മി നാരായണൻറ്റെ അഭിപ്രായവും കൂടി ഉൾപ്പെടുത്തികൊണ്ടാണ് റഷ്യൻ ടി.വി. ഈ കാര്യങ്ങൾ അവതരിപ്പിച്ചത്. ഇന്ത്യയിൽ ആകെ 20, 000 വെൻറ്റിലേറ്ററുകളേ ഉള്ളൂ. ഈ രോഗം ഇന്ത്യയിൽ പടർന്നുപിടിച്ചാൽ ഉദ്ദേശം 9 മില്യൺ വെൻറ്റിലേറ്ററുകളുടെ കുറവ് അനുഭവപ്പെടും എന്നാണ് റഷ്യൻ ടി.വി. അഭിപ്രായപ്പെട്ടത്. ഇപ്പോൾ ഓൾ ഇൻഡ്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യുട്ടും, ബാൻഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസും ചെലവ് കുറഞ്ഞ രീതിയിൽ വെൻറ്റിലേറ്ററുകൾ നിർമിക്കാം എന്ന് പറയുന്നുണ്ട്. പക്ഷെ കാര്യങ്ങൾ കൈവിട്ടു പോകുന്ന ഒരു സാഹചര്യം വന്നാൽ, ഇത്തരം നിർമാണ പ്രവർത്തനങ്ങൾ എങ്ങനെ സഹായിക്കും എന്ന് കണ്ടറിയേണ്ട ഒരു കാര്യം മാത്രമാണ്.

കേരളത്തിൽ ഉള്ള പ്രശ്നം ഗൾഫിലേക്കും, അന്യ സംസ്ഥാനങ്ങളിലേക്കും പോയിട്ടുള്ള മലയാളികളായ മൈഗ്രൻറ്റ് ലേബറേഴ്സ് ആണ്. ഗൾഫിലെ ലേബർ ക്യാമ്പുകളിൽ കൊറോണ പടർന്നുപിടിച്ചാൽ എന്തായിരിക്കും അവിടുത്തെ മലയാളികളുടെ അവസ്ഥ? അതുപോലെ മുംബയിൽ 10 ലക്ഷത്തിലേറെ മലയാളികൾ ഉണ്ട്. ഡൽഹിയിൽ 15 ലക്ഷത്തോളം മലയാളികൾ ഉണ്ട്. മുംബയിൽ ഇതിനോടകം തന്നെ സാമൂഹ്യ വ്യാപനം ഉണ്ടായതായി പറയുന്നുണ്ട്. ഗുജറാത്തിലും സാമൂഹ്യ വ്യാപനം ഉണ്ടായതായി പറയപ്പെട്ന്നുണ്ട്. ഡൽഹിയിൽ നിന്നും, മുംബയിൽ നിന്നും, ഗുജറാത്തിൽ നിന്നും, ഗൾഫിൽ നിന്നുമൊക്കെയുള്ള മലയാളികൾ നാട്ടിൽ തിരിച്ചെത്തിയാൽ എന്തായിരിക്കും അവസ്ഥ?

പക്ഷെ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെന്നു പറഞ്ഞാലും കേരളം കുറെയൊക്കെ മാനേജ് ചെയ്യും എന്നാണ് ഇതെഴുതുന്ന ആൾക്ക് തോന്നുന്നത്. അതിനു പ്രധാന കാരണം അനേകം ജനകീയ സർക്കാരുകൾ ആരോഗ്യത്തിൻറ്റേയും, വിദ്യാഭ്യാസത്തിൻറ്റേയും, ഫാമിലി പ്ലാനിങ്ങിൻറ്റേയും ഒക്കെ കാര്യത്തിൽ നടപ്പാക്കിയിട്ടുള്ള 'ത്രിതല പഞ്ചായത്ത്' സംവിധാനം ആണ്. ജനസാന്ദ്രത കൂടിയ കേരളത്തിൽ 'ത്രിതല പഞ്ചായത്ത്' സംവിധാനം വളരെ നന്നായി നടപ്പിലാക്കുവാൻ അനേകം ജനകീയ സർക്കാരുകൾക്ക് കഴിഞ്ഞിട്ടുണ്ട്. പണ്ട് "തൊട്ട് കൂടാത്തവർ; തീണ്ടി കൂടാത്തവർ ദൃഷ്ടിയിൽ പെട്ടാൽ ദോഷമുള്ളോർ" - ഉണ്ടായിരുന്ന കാലത്ത് ആ മൂല്യബോധത്തിനൊക്കെ ഉപരിയായി പ്രവർത്തിച്ച മിഷനറിമാരും കേരളത്തിൻറ്റെ ആരോഗ്യപരിപാലനത്തിന് കരുത്തുറ്റ സംഭാവനകൾ നൽകിയിട്ടുണ്ട്. അവരെ തിരുവിതാംകൂറിലും, കൊച്ചിയിലും പ്രവർത്തിക്കുവാൻ അനുവദിക്കുകയും, അവർക്ക് വേണ്ട സകല പിന്തുണയും സഹായവും ചെയ്തുകൊടുത്ത കേരളത്തിലെ രാജ വംശങ്ങളും കേരളത്തിൻറ്റെ ആരോഗ്യ മേഖലക്ക് നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്.

കൊറോണ പടർന്നുപിടിച്ചിരിക്കുന്ന ഇക്കാലത്ത് തിരുവിതാംകൂറിൽ ആധുനിക നഴ്സിംഗ് സമ്പ്രദായം ഏർപ്പെടുത്തുന്നതിൽ ക്രൈസ്തവ സഭക്കുള്ള പങ്ക് സ്മരിക്കപ്പെടേണ്ടതുണ്ട്. അധികം പേർക്കും അറിവുള്ളതല്ല അക്കാര്യം. കൊല്ലം ബിഷപ്പ് ആയിരുന്ന അലോഷ്യസ് മരിയ ബെൻസിഗർ ആയിരുന്നു ആധുനിക നേഴ്‌സിംഗ് രീതികൾ കേരളത്തിൽ എത്തിച്ചതിൻറ്റെ പിന്നിൽ പ്രവർത്തിച്ചത്. ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിൽ വിദേശ കന്യാസ്ത്രീകളാണ് നേഴ്സുമാരായി പ്രവർത്തിച്ചിരുന്നത്. അവരുടെ സേവനങ്ങളെ മാനിച്ച്, തിരുവിതാംകൂറിൽ അവർക്ക് അലവൻസും, സൗജന്യമായി ക്വാർട്ടേഴ്സും തിരുവിതാംകൂർ ദിവാൻ ലഭ്യമാക്കിയിരുന്നു. സ്വിറ്റ്സർലണ്ടിലെ മെൻസിൻജിനിലെ ഹോളി ക്രോസ്സ് കോൺവെൻറ്റിൽ നിന്നുള്ളവരായിരുന്നു ആദ്യത്തെ കന്യാസ്ത്രീ നേഴ്‌സുമാർ. 1906 ഒക്ടോബർ 1- ന് അവർ എത്തി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നഴ്സിംഗ് വിഭാഗത്തിൻറ്റെ ചുമതലയേറ്റു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മാവേലിക്കര, തിരുവല്ല, നാഗർകോവിൽ, പറവൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളുടെ ചുമതല ഈ നേഴ്സുമാരായിരുന്ന കന്യാസ്ത്രീമാർക്കായിരുന്നു. ഇവ കൂടാതെ തിരുവനപുരത്തെ മാനസികാശുപത്രിയിലും, നൂറനാട്ടിലെ കുഷ്ഠരോഗാശുപത്രിയിലും യൂറോപ്പിൽ നിന്നുള്ള കന്യാസ്ത്രീമാർ നേഴ്സുമാരായി സേവനം അനുഷ്ഠിച്ചു. ഒന്നാം ലോക മഹായുദ്ധം മൂലം യൂറോപ്പിൽ നിന്ന് കന്യാസ്ത്രീകൾക്ക് വരാൻ ബുദ്ധിമുട്ട് ആയതിനെ തുടർന്ന് 1920-ൽ കൊല്ലത്ത് തദ്ദേശീയരായ വനിതകൾക്കായി ബെൻസീഗർ മെത്രാൻ ഒരു സ്ഥാപനം ആരംഭിച്ചു. ഇന്ന് കൊല്ലത്തെ ബെൻസീഗർ നഴ്സിംഗ് കോളേജും, കൊട്ടിയത്തെ ഹോളി ക്രോസ്സ് നഴ്സിംഗ് കോളേജും ആ മഹാൻറ്റെ നിത്യസ്മാരകങ്ങളായി നിലകൊള്ളുന്നൂ എന്നുള്ളത് മലയാളികൾ ഓർമിക്കേണ്ടതാണ്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഒന്നാം ലോക മഹായുദ്ധത്തിൻറ്റേയും, രണ്ടാം ലോകമഹാ യുദ്ധത്തിൻറ്റേയും കെടുതികൾ അനുഭവിച്ച യൂറോപ്യൻ ജനത പിന്നീട് മാനവികതയുടെ വലിയ സന്ദേശം ഉൾക്കൊള്ളുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. സമൃദ്ധമായ പല കുടുംബങ്ങളും യുദ്ധാനന്തരം അനുഭവിക്കേണ്ടിവന്ന ദാരിദ്ര്യത്തിൻറ്റേയും, അരക്ഷിതാവസ്ഥയുടേയും അന്തരീക്ഷത്തിൽ ഫ്‌ളോറൻസ് നയിറ്റിങേലിനെ പോലുള്ള പെൺകുട്ടികളാണ് യൂറോപ്പിൽ മനുഷ്യ സേവനത്തിൻറ്റെ മഹത്തായ സന്ദേശങ്ങൾ പ്രധാനമായും ഉൾക്കൊണ്ടത്. ഇന്ത്യയിലെ അനാഥാലയങ്ങളിലും, ആരോഗ്യ മേഖലകളിലും, സ്‌കൂളുകളിലും ഒക്കെ പ്രവർത്തിച്ച മിഷൻ സംഘടനകളിൽ പ്രവർത്തിച്ച പെൺകുട്ടികളിൽ പലരും യൂറോപ്യൻ പ്രഭു കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു. മഹത്തായ മാനവികതയുടെ ആ സന്ദേശം ഉൾക്കൊള്ളേണ്ടതിന് പകരം പല പാശ്ചാത്യ മിഷനറിമാർക്കും സമ്മർദങ്ങളെ തുടർന്ന് സ്വതന്ത്ര ഇന്ത്യ വിസ നിഷേധിച്ചു. അതേസമയം പത്തൊമ്പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിലും ഇന്ത്യയിൽ നിലനിന്നിരുന്ന കർശനമായ ജാതി വ്യവസ്ഥയുടെ സംബ്രദായങ്ങളോടും, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തോടുള്ള എതിർപ്പിനും, ആരോഗ്യരംഗത്തെ അപര്യാപ്തതകൾക്കും ഇന്ത്യയിൽ തന്നെ പരിഹാര മാർഗങ്ങളും ഉണ്ടായില്ല. അതാണ് ഇപ്പോഴും പ്രാഥമിക ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം - എന്നീ മേഖലകളിൽ ഇന്ത്യ പിന്നോക്കം നിൽക്കുന്നത്. ആ ചരിത്രപരമായ കാരണങ്ങളൊക്കെ ഇന്നിപ്പോൾ നിഷേധിച്ചിട്ട് കാര്യമില്ല. താഴ്ന്ന ജാതിക്കാരെ അടുപ്പിക്കാതിരുന്ന ഒരു സാമൂഹ്യ സാഹചര്യത്തിൽ അത്തരം ജാതി ചിന്തയ്ക്ക് അടിമപ്പെടാതിരുന്ന മിഷനറിമാരാണ് ആദ്യമായി താഴ്ന്ന ജാതിയിൽ പെട്ടവർക്ക് അക്ഷരാഭ്യാസവും ആരോഗ്യപരിപാലനവുമൊക്കെ നൽകിയത്. ഇപ്പോൾ എത്രയൊക്കെ നുണ പ്രചാരണം നടത്തിയാലും ഒരു മിനിമം ചരിത്രബോധം ഉള്ളവർക്ക് അന്നത്തെ സാമൂഹ്യാന്തരീക്ഷം നന്നായി മനസിലാക്കുവാൻ സാധിക്കും.

സഞ്ജയ് നമ്പീശൻ 'ബീഹാർ : ഇൻ ദ അയ്‌സ്‌ ഓഫ് ദ ബിഹോൾഡർ' എന്ന ഒരു പുസ്തകമുണ്ട്. ഡോക്ടറായ ഭാര്യ കാവേരി നമ്പീശനൊപ്പം ബീഹാറിൽ താമസമാക്കിയപ്പോൾ ഉണ്ടായ അനുഭവങ്ങളെ കുറിച്ചാണ് 'ബീഹാർ : ഇൻ ദ അയ്‌സ്‌ ഓഫ് ദ ബിഹോൾഡർ' എന്ന പുസ്തകം. മിഷനറിമാർ സ്ഥാപിച്ച ആശുപത്രിയിൽ ആയിരുന്നു സർജനായ കാവേരി നമ്പീശൻ ജോലി ചെയ്തിരുന്നത്. ആ ആശുപത്രിയുടെ ചരിത്രം പറയുമ്പോൾ ജാതി ചിന്ത ഒട്ടുമില്ലാതെ യൂറോപ്യൻ മിഷനറിമാർ തദ്ദേശീയരെ പരിചരിച്ചിരുന്ന കഥ സഞ്ജയ് നമ്പീശൻ പറയുന്നുണ്ട്. യൂറോപ്യൻ മിഷനറിമാർ സ്ഥലമൊഴിഞ്ഞപ്പോൾ പിന്നീട് വന്ന ഇന്ത്യൻ ഡോക്ടർമാരും നേഴ്സുമാരും വീണ്ടും രോഗികളെ ശുശ്രൂഷിക്കുമ്പോൾ ജാതിബോധത്തിന് അടിമപ്പെടുന്ന കാര്യവും സഞ്ജയ് നമ്പീശൻ പറയുന്നുണ്ട്. 1990-കളിൽ ഗുണ്ടായിസവും അക്രമങ്ങളും കണ്ടമാനം അരങ്ങു വാണപ്പോൾ ആണ് സഞ്ജയ് നമ്പീശനും ഭാര്യയും ബീഹാറിൽ എത്തിയത്. രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിൽ അപ്പോൾ ആ ബീഹാർ ടൗണിൽ പോരിലായിരുന്നു. വെടിയേറ്റ് വീഴുന്ന സന്ഖാഗങ്ങളെ ചികിത്സിക്കാൻ ആ മിഷനറി ആശുപത്രി വേണമായിരുന്നു. അതുകൊണ്ട് അക്രമവും, പിടിച്ചുപറിയും, തട്ടിക്കൊണ്ടുപോകലും ആയിരുന്നു തൊഴിലെങ്കിലും രണ്ടു ഗുണ്ടാസംഘങ്ങളും കൂടി ആ ആശുപത്രി സംരക്ഷിച്ചു!!! സത്യത്തിൽ 1990-കളിലെ ഉത്തരേന്ത്യൻ ഫ്യുഡൽ അക്രമ പരമ്പരകൾ കുറിച്ചുള്ള വിവരണം തന്നെയാണ് സഞ്ജയ് നമ്പീശൻറ്റെ 'ബീഹാർ : ഇൻ ദ അയ്‌സ്‌ ഓഫ് ദ ബിഹോൾഡർ' എന്ന പുസ്തകത്തിൽ ഉള്ളത്.

കുറെ നാൾ മുമ്പ് പ്രചരിച്ചിരുന്ന ഒരു വീഡിയോയാണ് ഉത്തർ പ്രദേശിൽ കാൽ മുറിച്ചു മാറ്റിയ രോഗിക്ക് മുറിച്ചു മാറ്റപ്പെട്ട അതേ കാൽ തലയിണയായി മാറിയ കാഴ്ച. മുറിച്ചു മാറ്റിയ കാല് ഒരു രോഗിക്ക് തലയിണയായി മാറിയ കാഴ്ച കേട്ട് ആരും ഞെട്ടേണ്ട കാര്യമില്ലാ. ഞെട്ടുന്നവർ സുരാജ് വെഞ്ഞാറമൂടിൻറ്റെ ഉത്തർ പ്രദേശിലെ യാത്രാനുഭവം വായിച്ചാൽ മാത്രം മതി. സുരാജ് വെഞ്ഞാറമൂടിൻറ്റെ മിമിക്രി സംഘത്തിന് ഉത്തർ പ്രദേശിൽ വെച്ച് വാഹനാപകടം നേരിട്ടു. കൂട്ടത്തിൽ ഒരാളുടെ കാല് അലഹബാദ് മെഡിക്കൽ കോളേജിൽ വെച്ച് മുറിച്ചു കളയേണ്ടി വന്നു. തൻറ്റെ കാല് മുറിച്ചു മാറ്റാതിരിക്കാൻ വേണ്ടി ഡോക്ടർമാരെ കാണുമ്പോഴേ 'മേരാ കാൽ' എന്ന് പറഞ്ഞുകൊണ്ട് അലറി കരയുമായിരുന്നു സുരാജ് വെഞ്ഞാറമൂട്. ഹിന്ദി അറിയാതിരുന്നത് കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. എന്തായാലും അവസാനം ഡോക്റ്റർമാർക്ക് കാര്യം മനസിലായി. സുരാജ് വെഞ്ഞാറമൂടിന് കാല് നഷ്ടപ്പെട്ടില്ല. ഉത്തർ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ആരോഗ്യ രംഗം എത്ര പരിതാപകരം ആണെന്നാണ് ഇതൊക്കെ കാണിക്കുന്നത്. കുറെ നാൾ മുമ്പാണല്ലോ നൂറോളം നവജാത ശിശുക്കൾക്ക് ഗോരഖ്പൂരിൽ ജീവൻ നഷ്ടമായത്. എന്തായാലും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യക്ക് അഭിമാനിക്കാവുന്ന ഒന്നല്ല നമ്മുടെ പൊതുജനാരോഗ്യ രംഗം.

ഇന്ത്യൻ മധ്യവർഗത്തിന് മിഥ്യാഭിമാനം പകർന്നുനൽകിയ പാർട്ടി അധികാരത്തിൽ വന്നിട്ട് ഉത്തരേന്ത്യയിലെ പൊതുജനാരോഗ്യരംഗം മെച്ചപ്പെട്ടിട്ടിലില്ലാ. ഇപ്പോൾ കൊറോണ വ്യാപനത്തിൽ ഇന്ത്യയുടെ ആസൂത്രിതമല്ലാത്ത നഗര വളർച്ചക്കും, ഉത്തരേന്ത്യൻ നഗരങ്ങളിൽ നിന്ന് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് നടക്കുന്ന മൈഗ്രൻറ്റ് ലേബറേഴ്സിനും നിർണായകമായ പങ്കുണ്ട്. ഉത്തരേന്ത്യയിൽ നിന്ന് വ്യത്യസ്തമായി പൊതുജനാരോഗ്യരംഗം മെച്ചപ്പെട്ടിരിക്കുന്ന ദക്ഷിണേന്ത്യ കോവിഡ്19 - നെ തുരത്തുന്ന കാര്യത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം മാത്രമല്ലാ; തമിഴ്‌നാടും, കർണാടകവും ഗോവയും കൊറോണ കാര്യത്തിൽ കുറെയൊക്കെ മാനേജ് ചെയ്യുമെന്നാണ് തോന്നുന്നത്. പക്ഷെ ഉത്തരേന്ത്യയുടെ കാര്യം മഹാ കഷ്ടത്തിലാണ്. ബീഹാറിലും ഉത്തർ പ്രദേശിലും ഒക്കെ മൈഗ്രൻറ്റ് ലേബറേഴ്സ് യാതൊരു ആരോഗ്യ സൗകര്യങ്ങളുമില്ലാത്ത ഗ്രാമ പ്രദേശങ്ങളിൽ ഇതിനോടകം തന്നെ കോവിഡ് - 19 ബാധിതരായി കഴിഞ്ഞു എന്നാണ് അവിടുന്നൊക്കെയുള്ള റിപ്പോർട്ടുകൾ. 750-ഓളം മൈഗ്രൻറ്റ് ലേബറേഴ്സ് 50 ഡിഗ്രിക്കടുത്ത് ചൂടുള്ളപ്പോൾ നടന്നപ്പോൾ കുഴഞ്ഞുവീണു മരിച്ചു എന്നും പറയപ്പെടുന്നു. ഇതൊക്കെ മാധ്യമങ്ങളിൽ വന്ന കണക്കാണ്. യഥാർഥ അവസ്ഥ ഇതിനേക്കാളൊക്കെ എത്രയോ ഭീകരമായിരിക്കും? അല്ലെങ്കിൽ തന്നെ, 50 ഡിഗ്രിക്കടുത്ത് ചൂടുള്ളപ്പോൾ ആയിരകണക്കിന് കിലോമീറ്ററുകൾ വെള്ളവും ഭക്ഷണവും ഇല്ലാതെ നടന്നാൽ എത്ര പേർക്ക് ജീവിക്കാനാകും?

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

# വെള്ളാശേരി ജോസഫ്

Photo Credit : » @martinsanchez


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 07:14:19 pm | 02-12-2023 CET