മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതി വിധി കേരളത്തിനെതിരാകാൻ എന്താണ് കാരണം.. ❓

Avatar
സുജിത് കുമാർ | 25-10-2021 | 3 minutes Read

⭕ മൂന്നു ഘട്ടങ്ങളിൽ ആയി നടത്തിയ ബലപ്പെടുത്തലുകൾ മുല്ലപ്പെരിയാറിനെ പുതിയ അണക്കെട്ട് പോലെത്തന്നെ സുദൃഢമാക്കി എന്ന് കോടതിക്ക് സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബോദ്ധ്യപ്പെട്ടു എന്നതുകൊണ്ട് തന്നെ.

അതായത് ഈ ബലപ്പെടുത്തലിനു ശേഷം മുല്ലപ്പെരിയാർ ഡാം സുരക്ഷിതമല്ല , പൊളിച്ച് കളയണം എന്ന വാദത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്നർത്ഥം.

മുല്ലപ്പെരിയാർ ബലപ്പെടുത്തലിനു ശേഷം ഒരു നൂറ്റാണ്ട് പഴക്കമുള്ള വെറും ഒരു സുർക്കി ഡാം ആയി കണക്കാക്കാൻ കഴിയില്ല. മറിച്ച് ഒരു കോമ്പോസിറ്റ് ഡാം ആയി കണക്കാക്കേണ്ടി വരും. ഡാം ബലപ്പെടുത്തലിൽ എന്താണ് യഥാർത്ഥത്തിൽ നടന്നതെന്നുള്ള കാര്യം മനസ്സിലാക്കിയാൽ പൊട്ടാൻ തയ്യാറായി നിൽക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള ഡാമാണ് മുല്ലപ്പെരിയാർ എന്ന ഭീതി അസ്ഥാനത്താണെന്നു മനസ്സിലാക്കാൻ കഴിയും.

⭕ മുല്ലപ്പെരിയാർ ഒരു ഗ്രാവിറ്റി ഡാം ആണ്. അതായത് അണക്കെട്ടിന്റെ ഭാരം ആണ് വെള്ളത്തെ തടഞ്ഞ് നിർത്തുന്നത്. കോൺക്രീറ്റ്, മണ്ണ്, കല്ല്, സുർക്കി മിശ്രിതം എന്നു വേണ്ട ഭാരവും ഉറപ്പും കൂട്ടിപ്പിടുത്തവും നൽക്കാൻ കഴിയുന്ന ഏത് പദാർത്ഥങ്ങൾ ഉപയോഗിച്ചും ഗ്രാവിറ്റി ഡാമുകൾ നിർമ്മിക്കാം. ഓരോ പ്രദേശങ്ങളിലെയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയ്ക്കും സാങ്കേതിക പരിചയത്തിനും അനുസരിച്ചും ലോകത്ത് എല്ലായിടത്തും തന്നെ ഈ പറഞ്ഞ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് നിർമ്മിച്ച ഡാമുകൾ കാണാൻ കഴിയും. മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്നത് ചുണ്ണാമ്പ് സുർക്കി മിശ്രിതം ആണ്. കാലപ്പഴക്കത്താൽ അണക്കെട്ടിനു ബലക്ഷയം ഉണ്ടാകുന്നു എന്നതിനർത്ഥം വിള്ളലുകൾ ഉണ്ടാവുകയും അവയിലൂടെ ഡാമിനു ഭാരം നൽകുന്ന സുർക്കി മിശ്രിതം നഷ്ടപ്പെടുകയും ചെയ്തു എന്ന അനുമാനമാണ് മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഉണ്ടായത്.

⭕ ഗുജറാത്തിലെ മോർവി അണക്കെട്ട് ദുരന്തത്തെത്തുടർന്നാണ് പഴക്കം ചെന്ന അണക്കെട്ടായ മുല്ലപ്പെരിയാറും ഡീകമ്മീഷൺ ചെയ്യണമെന്ന വാദത്തിനു വലിയ മാദ്ധ്യമ ശ്രദ്ധ ലഭിക്കുന്നത്. തുടർന്ന് അണക്കെട്ട് പൊളിച്ച് കളയുകയാണോ ബലപ്പെടുത്തുകയാണോ പ്രായോഗികം എന്ന ചോദ്യമുയർന്നപ്പോൾ സ്വാഭാവികമായും ബലപ്പെടുത്തുക എന്ന നിർദ്ദേശത്തിന് സെൻട്രൽ വാട്ടർ കമ്മീഷൻ വഴങ്ങിയിട്ടുണ്ടാകാം. ഇടുക്കി ഡാം അടിയന്തിരമായി പൊളിച്ച് കളയണോ അതോ ബലപ്പെടുത്തണോ എന്നൊരു ചർച്ച ഇന്ന് ഉയർന്ന് വന്നാലും ബലപ്പെടുത്താനുള്ള ആധുനിക സാങ്കേതിക വിദ്യകൾ നിലവിലിരിക്കെ അങ്ങനെ ഒരു തീരുമാനത്തിലേക്ക് പോകാനേ സാദ്ധ്യതയുള്ളൂ എന്ന് മനസ്സിലാക്കാനാകും. അതനുസരിച്ച് മൂന്നു ഘട്ടങ്ങളിൽ ആയി ബലപ്പെടുത്തലുകൾ നടന്നു. ഈ ബലപ്പെടുത്തലുകൾ എന്തായിരുന്നു എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അതു കഴിഞ്ഞതിനു ശേഷം ആശങ്കപ്പെടാം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

891-1635177574-sujithkumar-mullaperiyar

1️⃣ ഒരു ഗ്രാവിറ്റി ഡാമിനെ സംബന്ധിച്ചിടത്തോളം ഭാരം പരമപ്രധാനം ആയതിനാൽ ഭാരം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ ഏറ്റവും മുകളിലായി 21 അടി വീതിയിൽ മൂന്ന് അടി കനത്തിൽ മുഴുവൻ നീളത്തിലും കോൺക്രീറ്റ് പാളി ഉണ്ടാക്കി. ഇത് ഡാമിന്റെ മൊത്തം ഭാരം 12,000 ടൺ അധിക ഭാരം നൽകി.

2️⃣ ഡാമിന്റെ മുൻ വശത്ത് നിന്ന് അഞ്ചു അടി മാറി ഏറ്റവും മുകളിൽ നിന്ന് താഴെ വരെ അടിത്തട്ടിലെ പാറയിലൂടെ 30 അടി താഴ്ചയിൽ നാലിഞ്ച് വ്യാസമുള്ള ദ്വാരങ്ങൾ തുരന്നെടുത്തു. ഇതിലൂടെ 7 മില്ലിമീറ്റർ വ്യാസമുള്ള ഉയർന്ന വലിവ് ബലം താങ്ങാൻ ശേഷിയുള്ള 34 ഉരുക്ക് വടങ്ങൾ കൂട്ടീ ബന്ധിപ്പിച്ച് ഇറക്കി. സ്റ്റീൽ വയറുകളെ അടിത്തട്ടിലെ പാറയുമായി ഉറപ്പിച്ച് നിർത്താനായി വളരെ പെട്ടന്ന് സെറ്റ് ആകുന്ന കോൺക്രീറ്റ് മിശ്രിതം ഈ ദ്വാരങ്ങളിലൂടെ പമ്പ് ചെയ്ത് നിറച്ചു. ഇത്തരത്തിൽ നിശ്ചിത ദൂരം ഇടവിട്ട് ഡാമിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ മൊത്തം 95 കേബിൾ ആങ്കറുകൾ കോൺക്രീറ്റ് ആവരണത്തോടെ നിർമ്മിച്ചു. ഇത് ഡാമിന് ഭൂകമ്പ പ്രതിരോധ ശേഷിയും ഉറപ്പും നൽകുവാൻ ഉപകരിക്കുന്നു.

3️⃣ ഡാമിന്റെ പിറകു വശത്ത് പത്തടി ആഴത്തിൽ കോൺക്രിറ്റ് ഫൗണ്ടേഷൻ ഇട്ടൂകൊണ്ട് 32 അടി വീതിയിൽ 145 അടി ഉയരത്തിൽ കോൺക്രീറ്റ് ചുവർ നിർമ്മിച്ചു. പഴയ ഡാം സ്ട്രക്ചറും ഈ പുതിയ ഡാം സ്ട്രക്ചറും തമ്മിൽ കൂടിച്ചേർന്ന് ഒരൊറ്റ നിർമ്മിതിയായി നിലനിൽക്കുന്ന രീതിയിൽ ആണ് ഇത് രൂപകല്പന ചെയ്തത്.

⭕ മുകളിൽ പറഞ്ഞ കാര്യങ്ങൾ യാഥാർത്ഥ്യ ബോധത്തോടെ അതി വൈകാരികത ഒഴിവാക്കി പരിശോധിച്ച് നോക്കിയാൽ ഈ ഭീതി പരത്തുന്നതുപോലെ പൊട്ടാൻ വെമ്പി നിൽക്കുന്ന ജല ബോംബ് അല്ല മുല്ലപ്പെരിയാർ ഡാം എന്ന് മനസ്സിലാക്കാം. അതിന് ‘ഡാം വിദഗ്ദൻ‘ ആകേണ്ട കാര്യമൊന്നുമില്ല. സമാനമായ ബലപ്പെടുത്തൽ പ്രക്രിയകൾ ലോകത്തെമ്പാടുമുള്ള പഴയ ഡാമുകളിലെല്ലാം ചെയുന്നതുമാണ്. അധികം വൈകാതെ തന്നെ നമുക്കും നമ്മുടെ പല ഡാമുകളും ഇതുപോലെ ബലപ്പെടുത്താനുള്ളതാണ്. പൊളിച്ച് കളഞ്ഞ് പുതിയത് പണിയുന്നതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല.

⭕ സുപ്രീം കോടതിയ്ക്ക് കേരളത്തിലെ ജനങ്ങളോട് എന്തെങ്കിലും വൈരാഗ്യമോ തമിഴ്നാടിനോട് പ്രത്യേകമായി സ്നേഹമോ ഉണ്ടാകാനുള്ള യാതൊരു സാദ്ധ്യതയുമില്ല. അനാവശ്യമായ ഭീതി പരത്താതിരിക്കുക.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About സുജിത് കുമാർ

Sujith Kumar a Science and technology enthusiast. » Youtube / » FaceBook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 04:05:07 am | 17-04-2024 CEST