കഴിഞ്ഞ നൂറ്റാണ്ടുകളിൽ മഹാമാരികൾ വരുമ്പോൾ ആളുകൾ കൂട്ടമായി ആരാധനാലയങ്ങളിലേക്കാണ് പോകാറുള്ളത്. വസൂരി വരുന്നതൊക്കെ ദേവിയുടെ വിളയാട്ടം ആണെന്ന് ഒരു കൂട്ടർ, ദൈവ കോപം ആണെന്ന് മറ്റൊരു കൂട്ടർ, അല്ല ദൈവം നമ്മളെ പരീക്ഷിക്കുന്നതാണെന്ന് മൂന്നാമതൊരു കൂട്ടർ. വിശദീകരണം എന്താണെങ്കിലും അത്തരം ദുരന്ത കാലങ്ങൾ ദൈവ വിശ്വാസം കുറച്ചില്ല, മതങ്ങളുടെ സ്വാധീനം കൂട്ടുകയും ചെയ്തു. ക്ഷേത്രമില്ലതിരുന്ന പല ഗ്രാമങ്ങളിലും ക്ഷേത്രമുണ്ടായത് വസൂരിക്കാലത്താണ് എന്ന് അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട്.
ഈ കൊറോണക്കാലത്ത് പക്ഷെ മതങ്ങളും ആൾദൈവങ്ങളും ദൈവങ്ങളും അൽപ്പം പിൻവാങ്ങി നിൽക്കുകയാണ്. രോഗത്തെ ചെറുക്കുന്ന ജോലി ശാസ്ത്രത്തിനും ആളുകളെ സഹായിക്കുന്ന ജോലി സർക്കാരിനും ആണ് പ്രധാനമായും വിട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ കൊറോണാന്തര കാലം മതത്തിന്റെ പ്രസക്തി കുറയും എന്നൊക്കെ ആളുകൾ ചിന്തിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച് ഡൽഹിയിൽ ഒരു പ്രഭാഷണം നടത്തിയപ്പോൾ ഈ വിഷയത്തെ പറ്റി ഒരാൾ ചോദ്യം ഉന്നയിച്ചിരുന്നു.
അന്ന് രാവിലെ ഞാൻ എന്റെ സുഹൃത്തും കേരള യുക്തിവാദി സംഘം പ്രസിഡന്റുമായ അഡ്വക്കേറ്റ് അനിൽ കുമാറുമായി ഈ വിഷയം സംസാരിച്ചിരുന്നു. കൊറോണ കഴിയുമ്പോൾ മതത്തിന്റെ സ്വാധീനം ഒട്ടും കുറയുമെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് സാമ്പത്തിക സ്ഥിതി കൂടുതൽ ബുദ്ധിമുട്ടാകുന്നതോടെ വിശ്വാസം അല്പം കൂടും എന്നാണ് എന്റെ തോന്നൽ. ശാസ്ത്രത്തിൽ വിശ്വസിക്കുമ്പോൾ ദൈവ വിശ്വാസം കുറയുമെന്നതിനും ഒരു തെളിവുമില്ല. മൂന്നാഴ്ച ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പരിപാലനത്തിൽ കഴിഞ്ഞു രോഗം മാറി പുറത്തിറങ്ങുന്നവർ ആദ്യം നന്ദി പറയുന്നത് ദൈവത്തിന് തന്നെയാണ്. അത് നമ്മൾ പഠിച്ചിരിക്കുന്ന ഒരു ഫ്രെയിം വർക്കിന്റെ രീതിയാണ്.
എന്താണെങ്കിലും "കോവിഡാനന്തര കേരളം യുക്തി വാദി വീക്ഷണത്തിൽ" എന്ന എന്റെ സുഹൃത്ത് അനിൽ കുമാറിന്റെ പ്രഭാഷണം തീവ്ര മത വിശ്വാസികൾ അല്ലാത്തവർ ഒന്ന് കേട്ട് നോക്കണം.
കോവിദാനന്തര കേരളത്തിൽ മതവും ദൈവവും (ആൾദൈവങ്ങളും) അപ്രസകതമാകില്ല എന്നും, കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകളുടെയും ശ്രദ്ധ ആകർഷിക്കാനുള്ള കഴിവും അവരിലേക്ക് സന്ദേശങ്ങൾ എത്തിക്കാനുള്ള സംവിധാനവും, പ്രായോഗികമായി അനവധി വിഭവങ്ങളും ഉള്ള മതങ്ങൾക്കും മത ബന്ധിത പ്രസ്ഥാനങ്ങൾക്കും ആളുകളുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിൽ മുതൽ ആളുകൾക്ക് പ്രായോഗിക സഹായം ചെയ്യുന്നത് വരെയുള്ള ഏറെ വിഷയങ്ങളിൽ പലതും ചെയ്യാനുണ്ട് എന്നതാണ് എന്റെ വിശ്വാസം.
അതിനെ പറ്റി പിന്നീടൊരിക്കൽ എഴുതാം.
കോവിഡാനന്തര കേരളം യുക്തിവാദ വീക്ഷണത്തിൽ - അഡ്വ. കെ.എൻ.അനിൽകുമാർ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി