Shamsudeen Mohamed : ഈ പോസ്റ്റ് നിങ്ങൾ വായിച്ച് ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക! ഇതിൽ എന്റെ വ്യക്തി താൽപ്പര്യങ്ങൾ ഇല്ല! നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ ചുറ്റുപാടുകൾ മാത്രമാണ്, ഇതിൽ ഭാഗികമായി എന്റെ വായനക്കാരിൽ ചിലർ പങ്കാളികൾ എങ്കിലും നിങ്ങളുടെ രാഷ്ട്രീയ ചിന്തയെ എന്റേതായ രീതിയിൽ തിരുത്താൻ മാത്രമേ ഞാൻ ശ്രമിച്ചിട്ടുള്ളൂ എന്ന് കണക്കാക്കി ഈ കുറിപ്പിനെ സ്വീകരിക്കൂ...
റിപ്പബ്ലിക് (republic) എന്ന ആംഗലേയ പദത്തിന്റെ അർത്ഥം "പൗരന്മാർ തന്നെ തെരഞ്ഞെടുക്കുന്ന ആളുകളിലൂടെ രാജ്യത്തിന്റെ ഉന്നതാധികാരത്തിലുള്ള ആളിനെ തീരുമാനിക്കുന്ന ഭരണസംവിധാനം ഉള്ള രാജ്യം" എന്നാണ്, രാജ-ചക്രവർത്തി ഭരണം (monarchy) അല്ലെന്ന്
ഇന്ത്യ റിപ്പബ്ലിക് ആണെന്നാണ് നമ്മുടെയൊക്കെ ധാരണ, ധാരണ മാത്രമല്ല! നിയമപരമായി റിപ്പബ്ലിക്കാണ്. എന്നാൽ നമ്മൾ തെരഞ്ഞെടുക്കുന്ന വ്യക്തികൾ യഥാർത്ഥത്തിൽ നമ്മുടെ താൽപ്പര്യമാണോ? അല്ല! തെരഞ്ഞെടുക്കാൻ സ്ഥാനാർത്ഥിപ്പട്ടികയിൽ പരിമിതമായിട്ടുള്ള ആളുകൾ മാത്രമേ കാണൂ, അതിനാൽ നമുക്ക് താല്പര്യമുള്ള ഒരാളെ നിർദ്ദേശിക്കാൻ നമുക്ക് ഇപ്പോഴും കഴിയില്ല! നമുക്ക് ഈ ലിസ്റ്റിൽ ഉള്ള ആരെയും വേണ്ട എന്നു പറയാനുള്ള അധികാരം ഉണ്ട് അതാണ് "നോട്ട" (ഇപ്രാവശ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെ ഒഴിവാക്കുന്ന End ബട്ടൻ ആയിരുന്നു)
നമുക്ക് സ്വന്തമായി ഒരാളിനെ തങ്ങളുടെ നേതാവായി തെരഞ്ഞെടുക്കാൻ ഇപ്പോഴും അർഹതയില്ല! എന്ന് പറഞ്ഞാൽ നമ്മൾ ഇപ്പോഴും റിപ്പബ്ലിക്കല്ല!
തങ്ങളിൽ നിന്നുള്ള, എന്നാൽ തങ്ങളെ നയിക്കാൻ പ്രാപ്തനാണെന്ന് ജനങ്ങൾക്കു തോന്നുന്ന ഒരാളുടെ പേര് നിർദ്ദേശിക്കാൻ വോട്ടർമാർക്ക് കഴിഞ്ഞുവെങ്കിൽ യോഗ്യരുടെ എണ്ണം സ്ഥാനാർത്ഥി(സ്വയം അയാൾ ആഗ്രഹിക്കുന്നില്ലെങ്കിലും) ലിസ്റ്റിൽ കൂടും, അതിൽ മികച്ച ഒന്നോ രണ്ടോ പേരെ അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും വിജയിപ്പിക്കാനായാൽ ഇന്നുള്ള പാർട്ടിക്കാരുടെ സ്ഥാനാർത്ഥി കുത്തക സമ്പ്രദായം ഇല്ലാതാകും.
ഇപ്പോഴുള്ള ഏറ്റവും വലിയ അപാകത അധികാരം കാംക്ഷിക്കുന്നവരാണ് സ്ഥാനാർത്ഥി പട്ടികയിൽ ഉള്ളവർ എല്ലാം, ആ പട്ടികയിൽ ഉള്ള ഒരാളെ വോട്ടർ തെരഞ്ഞെടുക്കുന്നതാണ് നമ്മുടെ ഇന്നത്തെ സമ്മതിദാനവകാശം! ഇതിൽ വോട്ടർക്ക് താൽപ്പര്യം(choice)! ഇഷ്ടമുള്ളതിനെ അഭിപ്രായപ്പെടാനാകില്ല! ഉള്ളതിൽ ഒരാളെ തെരഞ്ഞെടുക്കുക എന്ന ഒരു നിർബന്ധിതാവസ്ഥ ഒരു ഗതികേടാണ്.
99% സ്ഥാനാർത്ഥികളും ഏതെങ്കിലും പാർട്ടി നിയോഗിക്കുന്ന ആളായിരിക്കും, എന്നുവെച്ചാൽ പാർട്ടിക്കാരാണ് ഭരിക്കുന്നതെന്ന്, ജനങ്ങൾ അല്ല ഭരിക്കുന്നത്.
വ്യത്യസ്ത പാർട്ടിക്കാരെ ഓരോ മണ്ഡലങ്ങളിലും ഗതികേടിനാൽ നമ്മൾ വിജയിപ്പിച്ചു വിടുന്നു, നാം വിജയിപ്പിച്ചു വിട്ട ഏറ്റവും വലിയ കക്ഷിക്ക് സംസ്ഥാനത്തിന്റെയോ, രാജ്യത്തിന്റെ തന്നെയോ സർക്കാർ ഉണ്ടാക്കാനായി ഭൂരിപക്ഷം ഇല്ലാതെ വരുന്ന സാഹചര്യത്തിൽ കൂട്ടുകക്ഷിസർക്കാർ ഉണ്ടാക്കും, എന്നുവെച്ചാൽ തെരഞ്ഞെടുപ്പിൽ എതിർ കക്ഷി ആയിരുന്നവരെ ഭരിക്കാനായി കൂട്ടു പിടിക്കുന്നു! അതായത് സംഘടിത ഭരണസിൻഡിക്കേറ്റ് ഉണ്ടാക്കുന്നു! ഇത്രയും ആയപ്പോഴേക്കും ജനങ്ങളുടെ മുന്നിൽ കക്ഷിരാഷ്ട്രീയക്കാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞ പരസ്പരമുള്ള എതിർപ്പ് പച്ചക്കള്ളമായിപ്പോയി എന്നത് യാഥാർത്ഥ്യം!
തെരഞ്ഞെടുപ്പിൽ ഓരോ കക്ഷിയും വ്യത്യസ്ത അജണ്ടകൾ ജനങ്ങൾക്ക് മുന്നിൽ വെക്കാറുണ്ട്, ഇതിൽ പലതും മറുകക്ഷിക്ക് എതിർപ്പുള്ള വിഷയം ആയിരിക്കും, എന്നുവെച്ചാൽ ഉദ്ദേശ്യം നന്നായാലും കാര്യം നടപ്പിലാവുകയില്ല! കാരണം എതിരാളികളാണ് കൂടെ നിൽക്കുന്നത്.
പാർട്ടികൾ ഭരിച്ചത് കൊണ്ട് ജനങ്ങൾക്ക് എന്ത് ഗുണം? സംഘടിതമായി തങ്ങളുടെ ആശയങ്ങൾ നടപ്പിലാക്കാൻ കഴിയുമെന്ന് ന്യായീകരിക്കാം... റിപ്പബ്ലിക് രാജ്യത്ത് ഭരണഘടനയും കോടതിയും ഇല്ലെ? പിന്നെ എന്തിനാണ് തങ്ങൾക്ക് തനതായ ആശയങ്ങൾ? ഒരു പൗരന് എന്തെങ്കിലും കാര്യങ്ങളിൽ എതിരഭിപ്രായം ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാമല്ലോ! അതല്ലെ ന്യായം? കോടതിയിൽ വിലപ്പോവാത്ത ആശയങ്ങൾക്കാണ് പാർട്ടിയുടെ കൂടെ ചേരുന്നതെങ്കിൽ നിങ്ങൾ പറയുന്നത് അന്യായവും മറ്റുള്ളവർക്ക് ദ്രോഹമായി ഭവിക്കാവുന്നതും ആയിരിക്കില്ലെ? അത് തെറ്റല്ലെ? ഇനി അങ്ങനെയൊന്ന് ഭരിക്കുന്ന പാർട്ടികളെ കൊണ്ട് നേടിയെടുത്താൽ തന്നെ അത് നിയമവ്യവസ്ഥിതിയെ അട്ടിമറിക്കുന്നതാകില്ലെ?
സർവ്വരുടെയും നേട്ടത്തിനായി ഭരിക്കുമ്പോൾ എന്തിനാണ് ചിലർക്ക് വേണ്ടി മാത്രം പ്രത്യേക അജണ്ട? പലർക്കും പല ആശയങ്ങൾ ഉണ്ടാകുമ്പോൾ മൊത്തം സമൂഹത്തിൽ ഭിന്നതയല്ലെ ഉണ്ടാകുന്നത്? അങ്ങനെ ഭിന്നിക്കുമ്പോൾ രാജ്യത്തിന്റെ ശക്തി തന്നെ കുറയില്ലെ? ആ ശക്തികുറഞ്ഞ രാജ്യത്തിന്റെ പൗരന്മാർ ആയി അറിയാനാണോ നമുക്ക് ആഗ്രഹം? അല്ല! ദൃഢമായ ഒരു രാജ്യത്തെ പൗരന്മാരാകാനാണ് നമുക്ക് ഏവർക്കും ആഗ്രഹം!
പൗരന്മാരെ ഭിന്നിപ്പിച്ചാൽ നിയന്ത്രിക്കാൻ എളുപ്പമാണ്, എന്നുവെച്ചാൽ നിങ്ങളെയൊക്കെ ആരൊക്കെയോ നിയന്ത്രിക്കുന്നുണ്ടെന്ന്, നിങ്ങളെ അവർ കയറില്ലാതെ കെട്ടിയിടുന്നുണ്ട്.
നിങ്ങൾ ഒറ്റക്കൂട്ടമാകുമ്പോൾ ഉണ്ടാകാവുന്ന ബലം ആ വലിയ കൂട്ടത്തിൽ നിന്നും അകന്ന് ചെറുചെറു കൂട്ടമായ ഇപ്പോഴത്തെ അവസ്ഥ ദുർബലമാണെന്ന വസ്തുത മനസ്സിലാക്കുന്നില്ല! ഇന്ത്യക്കാരൻ എന്ന വലിയ കൂട്ടത്തിന്റെ ഉള്ളിൽ നിന്ന് വ്യത്യസ്ത ആശയങ്ങൾക്കായി വാദിക്കുന്ന ചെറിയ കൂട്ടങ്ങളിലെ വളരെ ചെറിയ അംഗമായി നാം ഓരോരുത്തരും നിലകൊള്ളുന്നു, തന്നെയുമല്ല നമ്മുടെ മുകളിൽ നമ്മളെ ഭരിക്കാനാനുള്ള അധികാരം ലക്ഷ്യം വെച്ച നമ്മുടെ നേതാവുമുണ്ട്, ആ നേതാവിന്റെ നിയന്ത്രണത്തിലാണ് റിപ്പബ്ലിക് ഇന്ത്യയിലെ പൗരന്റെ സ്വപ്നങ്ങൾ വിരാജിക്കുന്നത്, ചുരുക്കിപ്പറഞ്ഞാൽ സ്വാതന്ത്ര്യം ഇല്ല!
രാഷ്ട്രീയപ്പാർട്ടികളുടെ കൂട്ടുകച്ചവടമാണ് "മുന്നണിസഖ്യം" ഒരു മുന്നണിക്ക് ഒരേയൊരു ആശയമെങ്കിൽ എന്തിനാണ് വേറെ വേറെ പാർട്ടികൾ? തുടക്കം മുതലേ മുസ്ലിം ലീഗും(IUML) കോൺഗ്രസ്സും സഖ്യകക്ഷികളാണ്, ഭരണപക്ഷത്തും പ്രതിപക്ഷത്തും എന്നും അവർ ഒരുമിച്ചായിരുന്നു, എങ്കിൽ എന്തിനാണ് രണ്ടു പാർട്ടി? പാർട്ടി കൂടുതൽ ഉണ്ടെങ്കിലേ ജനങ്ങൾ ഭിന്നിക്കൂ... ചെറു ആട്ടിൻ പറ്റമായി ഭിന്നിച്ചാൽ കക്ഷിരാഷ്ട്രീയനേതാക്കളായ ഇടയന്മാർക്ക് നിയന്ത്രിക്കാൻ എളുപ്പം!
തെരഞ്ഞെടുപ്പിൽ പാർട്ടികൾ തന്നെ എതിർകക്ഷിയിലെ സ്ഥാനാർത്ഥിയുടെ പേരിനോട് സാമ്യമുള്ള ആളെ സ്വതന്ത്ര സ്ഥാനാർത്ഥി ആക്കാറുണ്ട്, ഇത് വോട്ടർമാരെ കബളിപ്പിക്കാനാണെന്ന് സർവ്വർക്കും അറിയാം, ആരാണ് ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്നതെന്നും ഏവർക്കും അറിയാം... ഇത്തരം നാലാംകിട തന്ത്രങ്ങൾ പ്രയോഗിക്കുന്നവരെയാണോ തങ്ങളെ നയിക്കാനായി നിയോഗിക്കുന്നത്? ഇത്തരത്തിൽ ആണ് പാർട്ടിക്കാരുടെ പ്രവർത്തനം എങ്കിൽ എങ്ങനെ രാജ്യം മെച്ചപ്പെടും? ഇതാണോ നിങ്ങൾ സ്വയം ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന ഇന്ത്യ? നിങ്ങളെയാണ് ഈ പാർട്ടിക്കാർ കബളിപ്പിക്കുന്നത്, മനസ്സിലായില്ലെ? മനസ്സിലായിട്ടും മനസ്സിലായെന്ന് സമ്മതിക്കാനുള്ള വൈമനസ്യത്തിന്റെ കാരണം സ്വന്തമായി തന്നെ കണ്ടുപിടിക്കണം.
മതേതര ജനാധിപത്യ ഇന്ത്യയിലാണ് തെരഞ്ഞെടുപ്പ്, അതേ രാജ്യത്തെ ഭരിക്കാനായി! എന്നിട്ട് എന്തിനാണ് പാർട്ടിക്കാർ മതാധിഷ്ഠിതമായി സ്ഥാനാർത്ഥികളെ നിർത്തുന്നത്? മതങ്ങളെ പരിപോഷിപ്പിക്കുന്നത് പാർട്ടികൾ ആണെന്ന മഹാസത്യം ബോധ്യമായില്ലെ?
ഉത്തരേന്ത്യയിൽ BJP ഗോവധത്തിന് എതിരെ പ്രവർത്തിക്കുമ്പോൾ കേരളത്തിലും ഗോവയിലും ഗോവധത്തെ കുറിച്ച് മിണ്ടുന്നില്ല! കേരളത്തിലെയും ഗോവയിലേയും വോട്ടർമാരിൽ ഭൂരിഭാഗവും മാട്ടിറച്ചി ഭക്ഷിക്കുന്നവരാണെന്ന് അറിഞ്ഞുകൊണ്ട് ഈ സംസ്ഥാനങ്ങളിൽ മാറ്റം വരുത്തിയതാണ്, യഥാർത്ഥത്തിൽ ഉത്തരേന്ത്യയിലെ ഹിന്ദു സമൂഹത്തെ BJP ആശയപരമായി വഞ്ചിച്ചതാണെന്ന് വ്യക്തം! എന്നാൽ ഗോവധം പറഞ്ഞിരുന്നാൽ കേരളത്തിലും ഗോവയിലും ഒരു സീറ്റ് പോലും കിട്ടുകയില്ല! അപ്പോൾ BJP യുടെ ആശയങ്ങൾക്ക് ബലം ഇല്ലെന്ന് ബോധ്യമായില്ലെ? ഈ BJP യാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി! പിന്നെയെങ്ങനെ ഇന്ത്യ മെച്ചപ്പെടും?
തീവ്ര ഹിന്ദുത്വ അജണ്ടയാണ് BJP ക്ക് എന്ന് പറയുമ്പോൾ ഒരു കാര്യം നിങ്ങൾ ഓർത്തുവോ? ഏതെങ്കിലും ഹിന്ദുവിന് എന്തെങ്കിലും ഒരു ഗുണം BJP സർക്കാർ അധികാരത്തിൽ വന്നിട്ട് കിട്ടിയോ? ഇല്ല! കാരണം എന്തെന്ന് അറിയുമോ? ഭരണഘടനാവിരുദ്ധമായി ആർക്കും ഒന്നും ചെയ്യാനാകില്ല! എന്നാൽ ചിലരെ അധികാരത്തിൽ എത്തിക്കാനായി മതപരമായി ജനങ്ങളെ പ്രകോപിപ്പിക്കുന്നു, ഇന്ത്യൻ പൗരന്മാർ പരസ്പരം മതത്തിന്റെ പേരിൽ ഭിന്നിക്കുമ്പോൾ രാജ്യത്തിന്റെ തന്നെ ശക്തി ചോർന്നുപോകുന്നുവെന്ന വസ്തുത റിപ്പബ്ലിക് രാജ്യത്തെ പൗരന്മാരെന്ന് ഊക്കം കൊള്ളുന്ന നാം മനസ്സിലാക്കുന്നില്ല!
ഇന്ത്യ റിപ്പബ്ലിക് അല്ല! ഇന്ത്യ മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ചെറുകൂട്ടങ്ങളായി ഭിന്നിപ്പിക്കുന്ന രാഷ്ട്രീയപ്പാർട്ടികളുടെ രാജ്യമാണ്.
ജനങ്ങളെ ഒന്നിപ്പിക്കുന്ന ഒരു സമ്പ്രദായവും ഇന്ന് ഇന്ത്യയിലുള്ള ഭൂരിഭാഗം പാർട്ടികൾക്കും ഇല്ല!
ഇന്ത്യയിലെ ഭരണഘടനയെ കുറിച്ച് ജനങ്ങൾക്ക് ബോധ്യം ഉണ്ടാകണമെന്ന് ഒരു രാഷ്ട്രീയപ്പാർട്ടിക്കും നിർബന്ധമില്ല!
ജനങ്ങൾ ഭരണഘടനയെ കുറിച്ച് പഠിച്ചാൽ പാർട്ടിക്കാർക്ക് തന്നെ ആപത്താകുമെന്ന് അറിയാം.... നമ്മൾ ഖുർആനും, ബൈബിളും, ഗീതയും, മാർക്സിനെയു., ലെനിനെയും പഠിക്കുന്നു, ഇന്ത്യൻ ഭരണഘടന പഠിക്കുന്നില്ല! ഭരണഘടന ഇന്ത്യയിലെ മൊത്തം ജനങ്ങളെ ഒന്നിച്ചു ഒരു കുടക്കീഴിൽ നിർത്താനുള്ളതാണ്, ആ വലിയ കുടക്ക് കീഴിൽ ഒന്നിക്കാതെ നമ്മളെ പല വർണ്ണങ്ങളുള്ള വേറെവേറെ കുടക്ക് കീഴിൽ നിർത്തുന്നു!
ഇന്ത്യക്കാർ ഏതൊക്കെ വസ്ത്രം ധരിക്കാം എന്ന നിയമം ഇല്ല! വസ്ത്രധാരണം നിറങ്ങളിൽ ആയതിനാൽ ഒരു രാജ്യത്തിന്റെ നിറം പോലെ ഇന്ത്യൻ വസ്ത്രധാരണരീതി എന്ന ഒന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു, ജനങ്ങൾ ഭിന്നിക്കുന്നതിന്റെ മറ്റൊരു കാരണം അതാണ്, നമ്മുടെ ഭരണകർത്താക്കൾ നമ്മളെ ഒന്നിപ്പിക്കുന്നില്ല! പകരം അകറ്റുന്നു!
ഇന്ത്യയിൽ പാർട്ടികളുടെ എണ്ണത്തിന് നിയന്ത്രണം ഇല്ല! പാർട്ടികൾ ഏതൊക്കെ വിഷയം തങ്ങളുടെ ആശയമാക്കും എന്നതിനും നിയന്ത്രണം ഇല്ല! ഏതൊക്കെ തരത്തിൽ പ്രവർത്തനങ്ങൾ നടത്താം എന്നതിലും നിയന്ത്രണം ഇല്ല!
ആരെങ്കിലും നിയന്ത്രിക്കുന്ന ഏതെങ്കിലും പാർട്ടിക്ക് വോട്ട് ചെയ്യേണ്ടുന്ന ഗതികേടാണ് ഭാരതപൗരന്, താൻ ആരെയാണ് തന്റെ രാജ്യത്തിന്റെ (ഏതെങ്കിലും മണ്ഡലത്തിന്റെ) സാരഥിയായി തെരഞ്ഞെടുക്കുന്നതെന്ന് പ്രകടിപ്പിക്കാൻ പൗരന് ഒരു മാർഗ്ഗവുമില്ല!
നൂറ് പേർ ഒരുമിച്ച് നൂറ് കോടി മുടക്കിയാൽ മാറ്റിമറിക്കാവുന്ന ദുർബലമായ രാഷ്ട്രീയസമ്പ്രദായമാണ് ഇന്ന് ഭാരതത്തിൽ, ഈ നില മെച്ചപ്പെടണമെങ്കിൽ രാജ്യത്തിന്റെ ഭരണഘടന ഓരോ പൗരനും മനസ്സിലാക്കണം! ജനങ്ങൾ ഭരണഘടനയെ പഠിച്ചാൽ പാർട്ടിക്കാർക്ക് നിലനിൽപ്പ് ഉണ്ടാവുകയില്ലെന്ന തികഞ്ഞ ബോധ്യം ഉള്ളതിനാൽ നമ്മളെ ഭരിക്കുന്ന ഒരു കക്ഷിരാഷ്ട്രീയക്കാരും ജനങ്ങളെ ഭരണഘടനയും, യഥാർത്ഥ ജനാധിപത്യവും പഠിപ്പിക്കാൻ മുതിരുകയില്ല!
ഇന്ത്യയെ പാർട്ടിക്കാരിൽ നിന്നും സ്വതന്ത്രമാക്കൂ.... അന്നേ ഇന്ത്യ യഥാർത്ഥത്തിൽ റിപ്പബ്ലിക് ആകൂ....
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.