വയസ്സാകുന്ന മനുഷ്യാവകാശങ്ങൾ - മുരളി തുമ്മാരുകുടി

Avatar
മുരളി തുമ്മാരുകുടി | 23-05-2020 | 3 minutes Read

aged people
Photo Credit : » @mbennettphoto

വയസ്സാകുന്ന മനുഷ്യാവകാശങ്ങൾ

ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെ അങ്ങുമിങ്ങും ഈ ചൂടുകാലത്ത് നടക്കുന്ന കുട്ടികൾ ഉൾപ്പടെയുള്ളവരുടെ ചിത്രം ഏറെ വിഷമിപ്പിച്ചു. "എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്" എന്നൊക്കെ ഒന്നാം ക്‌ളാസ് മുതൽ പറഞ്ഞു പഠിപ്പിച്ചിട്ട് എന്റെ സഹോദരങ്ങൾ അങ്ങനെ നടക്കുമ്പോൾ ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നതൊരു വലിയ സങ്കടം ആണ്. അതുകൊണ്ടാണ് ഒരാഴ്ചയായി ഒന്നും എഴുതാതിരുന്നത്.

ഇന്ന് കുറച്ചു ഫിലോസോഫിക്കൽ ആണ്, അതുകൊണ്ട് വയസ്സായവരുടെ അവകാശങ്ങൾ നഷ്ടപ്പെടുന്നതിനെ പറ്റി പറയാം.

നമ്മൾ ഇന്നലെ വരെ ജീവ വായുപോലെ നമ്മുടെ അവകാശമായിക്കണ്ടിരുന്ന പലതും ഇനിയുള്ള കാലത്ത് അങ്ങനെയല്ലാതായി മാറും എന്നും കുറച്ചു നാൾ കഴിയുമ്പോൾ സമൂഹത്തിലും ഭരണത്തിലും എല്ലാവർക്കും ഒരേ പങ്കാളിത്തം വിഭാവനം ചെയ്തിരുന്ന ജനാധിപത്യം പോലും നിലനിന്നേക്കില്ല എന്നുമൊക്കെ ഹരാരി കുറച്ചു വർഷങ്ങൾക്ക് മുൻപ് എഴുതിയപ്പോൾ അല്പം കടന്ന കയ്യായിട്ടാണ് തോന്നിയത്. ഇന്നിപ്പോൾ കൊറോണക്കാലം വെറും മൂന്നു മാസം പിന്നിടുമ്പോൾ അക്കാലം ഒന്നും അത്ര ദൂരത്തിൽ അല്ല എന്ന് തോന്നുന്നു.

ഏറ്റവും അതിശയകരമായ വേഗത്തിൽ അപ്രത്യക്ഷമായത് പ്രായമായവരുടെ അവകാശങ്ങൾ ആണ്. തലമുറകളായി എല്ലാ ജീവനും തുല്യമാണെന്നും, പ്രായം ഒരു അക്കം മാത്രമാണെന്നും (age is just a number) എന്നൊക്കെ പറഞ്ഞാണ് നമ്മൾ ശീലിച്ചത്. പക്ഷെ രോഗികളുടെ എണ്ണം വെന്റിലേറ്ററുകളുടെ എണ്ണത്തിന്റെ മുകളിൽ കയറുന്ന സാഹചര്യം വന്നപ്പോൾ ചിലരുടെ ജീവൻ മറ്റുള്ളവരേതിനേക്കാൾ വിലകുറഞ്ഞതായി. പൊതുസമൂഹം ആദ്യം നോക്കിയത് പ്രായമായവരുടെ നേരെയാണ്.

"ഇവരൊക്കെ ജീവിതം ജീവിച്ചതല്ലേ, അപ്പോൾ ഉള്ള ഐ സി യു വും വെന്റിലേറ്ററുമൊക്കെ അത്രയും കാലം ജീവിക്കാത്തവർക്ക് കൊടുക്കാം"

എന്ന് ചിന്തിക്കുന്ന കാലം പലയിടത്തും എത്തി. രോഗികളുടെ ആധിക്യവും വെന്റിലേറ്ററുകളുടെ എണ്ണക്കുറവും വച്ച് വിലയില്ലാത്ത ജീവിതങ്ങളുടെ അക്കം എൺപത്തി അഞ്ചോ എൺപതോ എഴുപത്തി അഞ്ചോ ഒക്കെയായി. കാര്യങ്ങൾ കൂടുതൽ വഷളായിരുന്നെങ്കിൽ അത് വീണ്ടും താഴേക്ക് വന്ന് എഴുപതും അറുപതുമൊക്കെ ആയേനെ!. ഈ കൊറോണയെ നമ്മൾ കീഴടക്കുന്നതിന് മുൻപ്, ഈ ചോദ്യങ്ങളും തെരഞ്ഞെടുപ്പുകളും നമ്മുടെ കേരളത്തിൽ പോലും ഉണ്ടായേക്കാം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കുന്നത് പ്രായമായവരുടെ മാത്രം മരണമല്ല, നമ്മൾ തലമുറകളായി ആർജ്ജിച്ച സംസ്കാരത്തിന്റെ മരണം കൂടിയാണ്.

രോഗികളെയും വയസ്സായവരേയും ഒക്കെ സംരക്ഷിക്കുക എന്നത് മറ്റു മൃഗങ്ങൾ സാധാരണ ചെയ്യുന്ന ഒന്നല്ല. വയസ്സായി ഓടാൻ ബുദ്ധിമുട്ടുള്ള ഒരു മാൻ കൂട്ടത്തിൽ ഉണ്ടെങ്കിൽ അതിനെക്കൂടി സംരക്ഷിച്ച് കൊണ്ട് കട്ടിൽ ജീവിക്കാം എന്ന് ഒരു മാൻ കൂട്ടം തീരുമാനിച്ചാൽ അതിലെ ആരോഗ്യമുള്ളവരുടെ കാര്യം കൂടി കുഴപ്പത്തിലാകും. അതുകൊണ്ടു തന്നെ അവർ ആരോഗ്യമുള്ളവരുടെ കാര്യമാണ് നോക്കുന്നത്. മനുഷ്യൻ മൃഗവുമായി എത്ര അടുത്താണെന്നുള്ളതിന്റെ ഒരു പ്രിവ്യൂ ഒക്കെയാണ് കൊറോണ നമുക്ക് തന്നത്.

( ആനകളും തിമിംഗലങ്ങളും ഉൾപ്പടെ അപൂർവ്വം ജീവികളാണ് വയസ്സായവരെ സംരക്ഷിക്കുന്ന സ്വഭാവം ഉള്ളത്. വയസ്സായ ആനകൾക്ക് കൂടി പോകാൻ പറ്റുന്ന വേഗത്തിലേ ആനക്കൂട്ടങ്ങൾ നടക്കുകയുള്ളൂ. ചെറുപ്പകാലത്ത് സിംഹമായി ജീവിച്ചിട്ട് വയസ്സാകുമ്പോൾ ആനയാകുന്നതാണ് ബുദ്ധി)

ഈ കൊറോണക്കാലത്തിൽ വയസ്സായവർക്കും വയസ്സാവാൻ പോകുന്നവർക്കും ചിലതൊക്കെ പഠിക്കാനുണ്ട്. മക്കൾക്ക് വേണ്ടി ഒക്കെയുള്ള ജീവിതം ഒക്കെ ഔട്ട് ഓഫ് ഫാഷൻ ആണ്. അവരുടെ തടി കേടാവുന്ന കാലം വന്നാൽ നിങ്ങളുടെ കാര്യം കട്ടപ്പൊകയാണ്. അതുകൊണ്ട് ജീവിക്കുന്ന കാലത്ത് സമ്പൂർണ്ണമായി ജീവിക്കുക, മനുഷ്യാവകാശങ്ങൾക്കൊക്കെ പ്രായമാവുകയാണ്. അതുകൊണ്ട് സ്വന്തം കാര്യം നോക്കാൻ പഠിക്കുക. ജനാധിപത്യം നിലനിൽക്കുന്ന കാലത്തോളമെങ്കിലും വയസ്സന്മാർ സംഘടിച്ച് ഒരു വോട്ടിങ്ങ് ബ്ലോക്ക് ആവുക. വയസ്സായവരുടെ അവകാശങ്ങൾ ക്രോഡീകരിക്കാൻ ശ്രമിക്കുക. ഇനിയൊരു മഹാമാരിയോ ഭക്ഷ്യക്ഷാമമോ ഒക്കെ ഉണ്ടായാൽ "വയസ്സായവരൊക്കെ ക്യൂവിൽ നിന്നും മാറി നിൽക്കട്ടെ" എന്ന് പറയാൻ അവസരമുണ്ടാക്കാതിരിക്കുക.

പ്രായമായവരുടെ അവകാശങ്ങൾ മാത്രമല്ല ഈ കൊറോണക്കാലം കൊണ്ടുപോയത്. എല്ലാ മനുഷ്യരുടെയും എന്തെങ്കിലും ഒക്കെ അവകാശങ്ങൾ ഇല്ലാതായിട്ടുണ്ട്.തൊഴിലാളികളുടേത് ഉൾപ്പടെ ഏറെ അവകാശങ്ങൾ അതിവേഗത്തിൽ ഇല്ലാതാവാൻ പോവുകയാണ്. ഇതൊക്കെ പൊതുസമൂഹത്തിന്റെ നന്മക്ക് വേണ്ടിയാണെന്നുള്ള ചിന്തയിൽ അധികം ചിന്തിക്കാതെ ഒട്ടും എതിർക്കാതെ നമ്മൾ അതെല്ലാം വിട്ടുകൊടുത്തിട്ടും ഉണ്ട്. ഈ കൊറോണക്കാലം കഴിയുന്നതിന് മുൻപ് ഇനി എന്തൊക്കെ അവകാശങ്ങൾ ആണ് നമുക്ക് നഷ്ടപ്പെടാൻ പോകുന്നത് ?, ഈ കൊറോണ കഴിയുന്ന ഒരു കാലം ഉണ്ടായാൽ അതൊക്കെ നമുക്ക് തിരിച്ചു കിട്ടുമോ ?. കൊറോണ കുറച്ചു കാലം നീണ്ടു നിന്നാൽ പണ്ട് നമുക്ക് ഇത്തരം അവകാശങ്ങൾ ഉണ്ടായിരുന്നു എന്ന് നാം ഓർക്കുമോ ?

#ചിന്തയുടെകാലം

# മുരളി തുമ്മാരുകുടി .


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About മുരളി തുമ്മാരുകുടി

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 04:54:49 am | 17-04-2024 CEST