നെഹ്റുവിനെ സ്മരിക്കുമ്പോൾ ശാസ്ത്ര ബോധത്തേയും മത നിരപേക്ഷതയേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും കുറിച്ചാണ് ഓർമ്മിക്കേണ്ടത് .

Avatar
വെള്ളാശേരി ജോസഫ് | 28-05-2021 | 7 minutes Read

ഏതാനും ദിവസം മുമ്പ് ഉത്തർപ്രദേശിൽ ഒരു സംഘം ഡോക്ടർമാർ വാക്സിനേഷൻ എടുക്കാൻ വേണ്ടി ഒരു ഗ്രാമത്തിൽ ചെല്ലുകയുണ്ടായി. ഡോക്ടർമാരുടെ വരവുകണ്ട് പേടിച്ചിട്ട് ഗ്രാമവാസികൾ ആ പ്രദേശം വിട്ടോടാൻ തുടങ്ങി. ചിലർ സരയൂ നദിയിൽ ചാടി. ഗ്രാമവാസികളെ വാക്സിനേഷന് വേണ്ടി 'സെൻസിറ്റൈസ്' ചെയ്യാനുള്ള ഡോക്ടർമാരുടെ ശ്രമം അമ്പേ പരാജയപ്പെട്ടു. ഡോക്ടർമാർ കുത്തിവെച്ചു മനുഷ്യരെ കൊല്ലാൻ ഇറങ്ങിയിരിക്കുകയാണെന്നായിരുന്നു ഗ്രാമവാസികൾ ധരിച്ചു വശായത്. വാക്സിനേഷനെ പേടിച്ച് ഉത്തർപ്രദേശിലെ ഗ്രാമവാസികൾ സരയൂ നദിയിൽ ചാടിയ വാർത്ത കഴിഞ്ഞ ആഴ്ച പത്രങ്ങളിലെല്ലാം വന്നതാണ്.

എന്തുകൊണ്ടാണ് ഗ്രാമവാസികൾ ഇതുപോലെ വാക്സിനേഷനെ പേടിക്കുന്നത്? ശാസ്ത്രബോധത്തിന്റെ അഭാവം തന്നെ കാരണം. കണ്ടമാനം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിൽക്കുന്ന ഈ രാജ്യത്ത് ശാസ്ത്രവിരുദ്ധതയും അന്ധവിശ്വാസങ്ങളും പരത്താൻ അനേകർ ഉണ്ട്. ബി.ജെ.പി.-യും സംഘ പരിവാറുകാരും സംഘടിതമായി തന്നെ ശാസ്ത്രവിരുദ്ധതയും അന്ധവിശ്വാസങ്ങളും പരത്തുന്നു. കേരളത്തിലെ ശബരിമല പ്രൊക്ഷോഭത്തിന്റെ സമയത്ത് ഇങ്ങനെ ആസൂത്രിതവും സംഘടിതവുമായി ആർത്തവത്തെ ചൊല്ലി വാർത്തകൾ പ്രചരിച്ചു. ആർത്തവത്തെ കുറിച്ച് ബി.ജെ.പി.-യും സംഘ പരിവാറുകാരും ശാസ്ത്രവിരുദ്ധതയും അന്ധവിശ്വാസങ്ങളും പരത്തി. വാട്ട്സാപ്പും സോഷ്യൽ മീഡിയയുമാണ് അന്ന് വൻതോതിൽ ജനമനസുകളെ സ്വാധീനിക്കാൻ ദുരുപയോഗം ചെയ്യപ്പെട്ടത്.

ഇന്നിപ്പോൾ വാക്സിനേഷനെതിരേ ആളുകളെ തിരിക്കാൻ വേണ്ടി ഉത്തരേന്ത്യയിൽ വൻ ജന സ്വാധീനമുള്ള ബാബാ രാംദേവ് പല പ്രസ്താവനകളും നടത്തുകയുണ്ടായി. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പരിപാടിയിൽ ബാബാ രാംദേവ് അലോപ്പതി ചികിത്സയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തി. അലോപ്പതി മരുന്നുകള്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചുവെന്നും ചികിത്സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ വളരെ കൂടുതലാണ് അതെന്നുമാണ് ബാബാ രാംദേവ് വിളിച്ചു പറഞ്ഞത്.

അലോപ്പതി ചികിത്സയ്‌ക്കെതിരെയുള്ള ബാബാ രാംദേവിൻറ്റെ വിവാദ പരാമര്‍ശത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉത്തരാഖണ്ഡ് യൂണിറ്റ് ആയിരം കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ചു. 15 ദിവസത്തിനുള്ളില്‍ വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ 1000 കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നായിരുന്നു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറ്റെ മുന്നറിയിപ്പ്. ബാബാ രാംദേവിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം ഉണ്ടാകുകയും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പരാമര്‍ശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് രാംദേവിന് കത്തയക്കുകയും ചെയ്തിരുന്നു.

ഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡൻറ്റ് ഡോക്ടർമാർ ബാബാ രാംദേവിനെതിരെ പ്രകടനം നടത്തി. 'അറസ്റ്റ് ബാബാ രാംദേവ്' എന്ന ക്യാമ്പെയിൻ പോലും സോഷ്യൽ മീഡിയയിൽ നടന്നു. പക്ഷെ ബാബാ രാംദേവിന് യാതൊരു കുലുക്കവുമില്ല. അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നവരുടെ പിതാക്കൻമാർക്ക് പോലും തന്നെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ബാബാ രാംദേവിന്റെ വെല്ലുവിളി. കേന്ദ്രത്തിൽ തനിക്ക് നല്ല പിടിയുണ്ടെന്നുള്ളതാണ് ബാബാ രാംദേവിന്റെ അഹങ്കാരത്തിനും അതിരുകടന്ന ആത്മവിശ്വാസത്തിനും കാരണം.

"അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നവരുടെ പിതാക്കൻമാർക്ക് പോലും തന്നെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന്" ബാബാ രാംദേവ് പറയുമ്പോൾ പച്ചയായ ഭാഷയിൽ വിമർശകരുടെ അപ്പന് വിളിക്കുകയാണ് ബാബാ രാംദേവ്. മുമ്പും മോഡേൺ മെഡിസിനെതിരെ പല വിവാദ പരാമർശങ്ങളും നടത്തിയിട്ടുണ്ട് ബാബാ രാംദേവ്. ബാബാ രാംദേവിൻറ്റെ പതാഞ്ചലി ഗ്രൂപ്പിൻറ്റെ ചീഫ് ഫിസിഷ്യൻ ആയ ആചാര്യ ബാലകൃഷ്ണൻ യോഗക്കും ആയുർവേദത്തിനും എതിരേ ക്രിസ്ത്യൻ പ്രൊപ്പഗാണ്ട നടക്കുന്നു എന്നും ആരോപിച്ചു. വാക്സിനേഷനും മോഡേൺ മെഡിസിനും എതിരേയുള്ള വിവാദ പരാമർശങ്ങൾക്ക് ഗൂഡാലോചനയുടേയും വർഗീയതയുടേയും മാനങ്ങൾ കൊടുക്കാൻ ശ്രമിക്കുകയാണ് രാംദേവും കൂട്ടരും.

ഈ അലമ്പൊക്കെ കാണുമ്പോഴാണ് മത നിരപേക്ഷതയും ശാസ്ത്രബോധവും ഇന്ത്യയിൽ പ്രോത്സാഹിപ്പിച്ച നെഹ്‌റുവിനെ സ്മരിക്കേണ്ടത്. നെഹ്‌റുവിന്റെ ചരമ വാർഷിക ദിനമായ മെയ് 27 'സയൻറ്റിഫിക്ക് ടെമ്പർ' ഇന്ത്യയിൽ പ്രോത്സാഹിപ്പിച്ച വ്യക്തിയുടെ ഓർമദിനമായിട്ടാണ് വാസ്തവത്തിൽ ആചരിക്കേണ്ടത്. ഐ.ഐ.എം., ഐ.ഐ. ടി., ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഐ.എസ്.ആർ.ഒ., പഞ്ചരത്ന കമ്പനികൾ, നവരത്ന കമ്പനികൾ, ഐ.സി.എം.ആർ., ആസൂത്രണ കമ്മീഷൻ, സാഹിത്യ അക്കാഡമി - ഇതൊക്കെ നെഹ്‌റുവിന്റെ കാലത്ത് ഉണ്ടാക്കിയതാണ്. ഇതൊക്കെ കൂടാതെ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീൽ പ്ലാൻറ്റ്, ഭക്രാ നൻഗൽ ഡാം - ഇവയൊക്കെ നെഹ്റു യാധാർത്യമാക്കിയ ബ്രിഹത് പദ്ധതികളായിരുന്നു. ഇതൊന്നും ഗുരുജി ഗോൾവാർക്കറോ, ഹെഗ്‌ഡെവാറോ, സവർക്കറോ ഉണ്ടാക്കിയതല്ല. രാജ്യസ്നേഹമുണ്ടെങ്കിൽ രാഷ്ട്രശില്പിയായ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയെ സംഘ പരിവാറുകാർ അടക്കം എല്ലാവരും അംഗീകരിക്കേണ്ടതും ബഹുമാനിക്കേണ്ടതുമാണ്.

സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് 15 അർധരാത്രി മുതൽ 1964 മെയ് 27 വരെ 17 വർഷമാണ് നെഹ്റു ഇന്ത്യ ഭരിച്ചത്. നമുക്ക് ശക്തമായ ജുഡീഷ്യൽ സംവിധാനവും, സ്വതന്ത്ര മാധ്യമങ്ങളും, ജനാധിപത്യ സംവിധാനവും ഉണ്ടായത് നെഹ്രുവിൻറ്റെ ആ 17 വർഷത്തെ ഭരണത്തിലൂടെയായിരുന്നു. അത് കൂടാതെയാണ് രാജ്യത്തിൻറ്റെ ശക്തമായ അടിത്തറയ്ക്കു വേണ്ടി നെഹ്‌റു സ്ഥാപനങ്ങൾ പടുതുയർത്തിയത്. ഒന്നുമില്ലായ്മയിൽ നിന്നാണ് നെഹ്റു ഇതെല്ലാം പടുത്തുയർത്തിയതെന്ന് ഓർക്കണം. ബ്രട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ അഭയാർത്ഥികളും, കടക്കെണിയും, വർഗീയവൽക്കരണത്തിലൂടെ വ്രണിതമായ ഒരു മനസുമായിരുന്നു രാജ്യത്തിൻറ്റെ ആകെ കൈമുതൽ. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലൂടെ നെഹ്റുവിനെ വിമർശിക്കുന്നവരിൽ പലരും ഇത്തരം വിമർശന സ്വാതന്ത്ര്യം ഒന്നും നമ്മുടെ അയൽ രാജ്യങ്ങളിൽ പോലും ഇല്ല എന്ന വസ്തുത മനസിലാക്കുന്നില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ച ആ 'Freedom of Speech'-ൻറ്റെ ഫലമാണ് ഈ വിമർശന സ്വാതന്ത്ര്യം എന്ന വസ്തുത പലരും മനസിലാക്കുന്നില്ല. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ഉയർത്തി പിടിച്ച ആ പുരോഗമന മൂല്യങ്ങളാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയുടെ കരുത്ത്. വാട്ട്സാപ്പും ഫെയിസ്ബുക്കും ട്വിറ്ററും ഒക്കെ കേന്ദ്ര സർക്കാരിൽ നിന്ന് ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ നെഹ്‌റു ഉയർത്തിപിടിച്ച അഭിപ്രായ സ്വാതന്ത്ര്യത്തെ നാം ആദരപൂർവം സ്മരിക്കേണ്ടതുണ്ട്.

കോൺഗ്രസ് നെഹ്‌റുവിൻറ്റെ മത നിരപേക്ഷത കൈവിട്ടതാണ് ഇന്ന് കാണുന്ന വർഗീയതക്ക് തുണയായത്. പശുവും കിടാവും കോൺഗ്രസ് ചിഹ്നമായി സ്വീകരിച്ചപ്പോൾ തന്നെ നെഹ്‌റുവിൻറ്റെ സെക്കുലർ ചിന്തയെ വെല്ലുവിളിക്കുകയായിരുന്നു. ജനതാ സർക്കാർ പിന്നീട് ഗോവധം നിരോധിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് അലഹബാദ് ഹൈക്കോടതി തന്നെ ഗോവധ നിരോധന ബിൽ സർക്കാർ ദുരുപയോഗിക്കുക ആണെന്ന് പറഞ്ഞു. ഗോവധ നിരോധന നിയമം എടുത്തു കാണിച്ച് ആളുകളെ ആവശ്യമില്ലാതെ നിയമപരമായി പീഡിപ്പിക്കുന്നു എന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടും ഉത്തർപ്രദേശിലെ യോഗി സർക്കാരിന് ഒരു കുലുക്കവുമില്ല.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സത്യത്തിൽ നെഹ്‌റുവിയൻ ചിന്താഗതിക്ക് വിരുദ്ധമായ ബി.ജെ.പി.-ടേയും, ആർ.എസ്.സി-ൻറ്റേയും പശു സ്നേഹം രാജ്യത്തെ അധോഗതിയിലേക്കേ നയിക്കുകയുള്ളൂ. പശു സ്നേഹം മൂലം ഇവിടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയില്ല. ക്ഷീര കർഷകർക്കും അത് ഗുണം ചെയ്യില്ല. പശു സ്നേഹവും, നോട്ടു നിരോധനവും മൂലം തുകൽ മേഖലയിലും (ലെതർ ഇൻഡസ്ട്ട്രി) വൻ പ്രതിസന്ധി രൂപപ്പെട്ടത് മാത്രമാണ് ഫലം. മുംബയിലെ ധാരാവി, ഉത്തർ പ്രദേശിലെ കാൺപൂർ, തമിഴ്‌നാട്ടിലെ ചില കേന്ദ്രങ്ങൾ - ഈ സ്ഥലത്തെയൊക്കെ ജീവനാഡി തന്നെ ലെതർ ഇൻഡസ്ട്ട്രിയാണ്. ഈ തുകൽ മേഖലയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം ബി.ജെ.പി.-യുടേയും, സംഘ പരിവാറുകാരുടേയും പശു രാഷ്ട്രീയമാണ്. ബി.ജെ.പി. പല സംസ്ഥാനങ്ങളിലും അധികാരത്തിൽ എത്തിയപ്പോൾ നടപ്പാക്കിയ ഗോവധ നിരോധനം മൂലം തുകൽ വ്യവസായത്തിന് വൻ പ്രതിസന്ധി നേരിട്ടു. രാജ്യത്തിൻറ്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക സ്ഥാനമുണ്ടായിരുന്ന തുകൽ വ്യവസായത്തിൻറ്റെ നട്ടെല്ലൊടിക്കുന്ന സ്ഥിതിയാണ് ഇതുമൂലം ഉണ്ടായത്. ലോകത്ത് തുകൽ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കാര്യത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം ഉണ്ടായിരുന്നു. ഇതിൽ അനുദിനം ഇടിവുണ്ടായി. പാദരക്ഷകളുടെ കയറ്റുമതിയിൽ ഇടിവുണ്ടായി. കൃത്യമായ സപ്ളൈ ഉറപ്പില്ലാതെ ആയതോടെ ഇന്ത്യയിൽ നിന്ന് തുകൽ ഇറക്കുമതി ചെയ്തിരുന്ന ആഗോള ബ്രാൻറ്റുകളെല്ലാം ചൈന, ബംഗ്ളാദേശ്, ഇൻഡോനേഷ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി തുടങ്ങുകയും ചെയ്തു. മാംസത്തിൻറ്റേയും തുകലിൻറ്റേയും കയറ്റുമതി കേന്ദ്രങ്ങൾ മിക്കവയും പൂട്ടി. തൊഴിലില്ലായ്മയും ഈ മേഖലയിൽ വ്യാപകമായി.

പശു രാഷ്ട്രീയം കർഷകരുടെയും ജീവിതം ദുരിതത്തിലാക്കി. ഗോവധം നിരോധനം കർശനമായി നടപ്പിലാക്കിയാലുള്ള ദൂഷ്യ ഫലങ്ങളെ കുറിച്ച് മുൻ പ്ലാനിങ് കമ്മീഷൻ മെമ്പർ കീർത്തി പരീക് കുറെ നാൾ മുമ്പ് ദീർഘമായി എഴുതി. തനത് ഇന്ത്യൻ വംശങ്ങളിലുള്ള പശുക്കളെ വിൽക്കാൻ പറ്റാതെ വളർത്തുന്നത് നഷ്ടത്തിലേക്ക് നയിക്കും എന്നത് കണ്ട് അത്തരം പശുക്കളുടെ വംശനാശം ആയിരിക്കും ഗോവധം നിരോധനം കർശനമായി നടപ്പിലാക്കിയാൽ സംഭവിക്കുക എന്ന് കീർത്തി പരീക് തുറന്നെഴുതി. പക്ഷെ ഇതൊക്കെ പശുസ്നേഹം പറയുന്നവരുടെ തലയ്ക്കകത്ത് കേറുമോ?

മഹാത്മാ ഗാന്ധിയുടെ മാനുഷികതയേയും, ജവഹർലാൽ നെഹ്റുവിൻറ്റെ മതനിരപേക്ഷതയേയും അപഹസിച്ച എല്ലാവരും ഇന്ന് കാണുന്ന ബി.ജെ.പി.-യുടെ വളർച്ചയ്ക്ക് ഉത്തരവാദികളാണ്. ഈ രണ്ടു പേരുടേയും ആദർശങ്ങൾ തള്ളിപ്പറഞ്ഞ ആളുകളെല്ലാം ബി.ജെ.പി.-യുടെ വളർച്ചയ്ക്ക് വഴിയൊരുക്കുകയായിരുന്നു. അതിൽ കോൺഗ്രസുകാരും പെടും. മഹാത്മാ ഗാന്ധിക്ക് എല്ലാം ത്യജിച്ച ഒരു സന്യാസിയുടെ പരിവേഷം ഉണ്ടായിരുന്നു. ഇന്ത്യയെ ബ്രട്ടീഷുകാരിൽ നിന്ന് മോചിപ്പിക്കാനായി പിറവിയെടുത്ത ഒരു അവതാരം പോലെയാണ് സാധാരണക്കാരായ ജനം ഗാന്ധിജിയെ നോക്കികണ്ടിരുന്നത്. മഹാത്മാ ഗാന്ധി ജീവിച്ചിരുന്നപ്പോൾ അതുകൊണ്ട് തന്നെ ഹിന്ദുത്വ രാഷ്ട്രീയം വേരോടുവാൻ സാധ്യമല്ലായിരുന്നു.

രാമ ഭക്തനും, രാമ രാജ്യത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്തിരുന്ന ഗാന്ധിയെ തള്ളി ഹിന്ദുത്വ രാഷ്ട്രീയത്തിൻറ്റെ വക്താക്കൾക്ക് എങ്ങനെയാണ് മറ്റൊരു രാമനെ പ്രതിഷ്ഠിക്കാൻ ആവുക? പക്ഷെ ഗാന്ധിജിയുടെ ആ രാമഭക്തി തികഞ്ഞ മത സാഹോദര്യത്തിന് തടസ്സമായില്ല എന്നും കൂടി ഓർക്കണം. ശ്രീരാമൻ എന്ന പേരിനെ ഇന്ത്യയിൽ രക്തപ്പുഴകളുടേയും, ക്രൂരതയുടേയും, മത വൈര്യത്തിൻറ്റേയും പര്യായം ആക്കി ബി.ജെ.പി.-യും സംഘ പരിവാറുകാരും മാറ്റി. ഗാന്ധിജിയുടെ രാമൻ സ്നേഹത്തിൻറ്റേയും അഭയത്തിൻറ്റേയും മര്യാദയുടേയും നിറകുടം അയിരുന്നു. ശ്രീ രാമചന്ദ്രനെ പ്രകീർത്തിക്കുന്നത് ഇന്നിപ്പോൾ മുസ്‌ലീം വിരുദ്ധതയുടെ പ്രതീകമായി മാറ്റിയിരിക്കുകയാണ് ബി.ജെ.പി.-യും സംഘ പരിവാറുകാരും. അവിടെയാണ് പ്രശ്നം മുഴുവനും.

ഗാന്ധിജിയുടെ രാമ ഭക്തിയിൽ മുസ്‌ലീം വിരുദ്ധതക്ക് യാതൊരു സ്ഥാനവുമില്ലായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരം മുസ്ലീങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ഗാന്ധി നിലകൊണ്ടത്. ഗോഡ്സെ ഗാന്ധിയെ വധിക്കുന്നത് തന്നെ പാക്കിസ്ഥാൻ അനുകൂല നിലപാടെടുത്തു എന്ന ആരോപണം ഉന്നയിച്ചാണ്. ഇന്ത്യയിലെ മുസ്ലീങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി ജീവൻ തന്നെ ബലിയർപ്പിച്ച മഹാത്മാ ഗാന്ധിയുടെ സംഭാവനകൾ മൗദീദിസ്റ്റുകൾ അംഗീകരിച്ചില്ല. കമ്യൂണിസ്റ്റുകാരും അംബേദ്കറിസ്റ്റുകളും നിരന്തരം ഗാന്ധിയെ അപഹസിച്ചു. ഇപ്പോഴാണ് കെ. വേണുവിനെ പോലുള്ള പഴയ നക്സലൈറ്റ് ആചാര്യൻമാർക്ക് സംഘ പരിവാറുകാരുടെ വർഗീയവൽക്കരണത്തെ നേരിടാൻ ഗാന്ധിയൻ തത്വസംഹിതയാണ് ഏറ്റവും നല്ലതെന്ന തിരിച്ചറിവുണ്ടായത്.

'ഞാനൊരു സനാതന ഹിന്ദുവാണെന്ന്' പറഞ്ഞുകൊണ്ടു തന്നെയായിരുന്നു ഗാന്ധി സ്വതന്ത്ര ഇന്ത്യയിൽ മുസ്ലീങ്ങളുടെ സംരക്ഷണത്തിന് വേണ്ടി നിലകൊണ്ടത്. ഭൂരിപക്ഷ സമുദായത്തിന് അങ്ങനെ ഒരു മാതൃക സൃഷ്ടിക്കാൻ ഗാന്ധിക്ക് സാധിച്ചു. പക്ഷെ ഇന്നിപ്പോൾ ആ മാതൃക ഏറ്റെടുക്കാൻ അധികം പേരൊന്നും മുന്നോട്ട് വരുന്നില്ലെന്നുള്ളതാണ് സമകാലീന ഇന്ത്യയിലെ ദുഃഖസത്യം. സ്വതന്ത്ര ഇന്ത്യയിൽ കമ്യൂണിസ്റ്റുകാർ ഏറ്റവും നിന്ദിച്ച വ്യക്തികളിൽ ഒരാൾ ഒരുപക്ഷെ നെഹ്രുവായിരിക്കും. മൂഢ കമ്യൂണിസ്റ്റ് സങ്കൽപ്പങ്ങൾക്ക് അടിമപ്പെട്ട അവർക്ക് നെഹ്റു 'റണ്ണിങ് ഡോഗ് ഓഫ് ഇമ്പീരിയലിസം' ആയിരുന്നു. നെഹ്രുവിൻറ്റെ പഞ്ചവത്സര പദ്ധതികളെ അവർ 'പഞ്ഞവത്സര പദ്ധതികൾ' എന്ന് വിളിച്ചാണ് അധിക്ഷേപിച്ചിരുന്നത്. തീവ്ര ഇടതുപക്ഷം ആയ നക്സലൈറ്റുകളാകട്ടെ, നെഹ്റുവിനെ അധിക്ഷേപിക്കുന്നതിൽ ഒരു പടി കൂടി മുന്നോട്ടുപോയി. 1970-കളിൽ അവർ തിരുവനന്തപുരത്തെ അരിസ്റ്റോ ജങ്ഷനിലുള്ള നെഹ്റുവിൻറ്റെ പ്രതിമ ബോംബ് വെച്ച് തകർത്തു. ഇന്നിപ്പോൾ മുൻ സോവിയറ്റ് യൂണിയനിലും, ചൈനയിലും, കിഴക്കൻ യൂറോപ്പിലുമൊന്നും ജനത്തിന് കമ്യൂണിസം വേണ്ടാ. 30-40 വർഷങ്ങളായി കമ്യൂണസത്തിൻറ്റെ എല്ലാ സാധ്യതകളും അടഞ്ഞു. അപ്പോൾ ശാസ്ത്രീയതയുടേയും, മൂഢ സങ്കൽപ്പങ്ങളുടേയും പേരിൽ ഇന്ത്യയുടെ രാഷ്ട്ര ശിൽപിയെ അവഹേളിച്ചവർക്ക് എന്ത് മറുപടിയുണ്ട്?

മഹാത്മാ ഗാന്ധിയുടെ മാനുഷികതയും, ജവഹർലാൽ നെഹ്റുവിൻറ്റെ മതനിരപേക്ഷതയും നിന്ദിക്കപ്പെട്ടപ്പോൾ ഒരു വലിയ വിടവാണ് സൃഷ്ടിക്കപ്പെട്ടത്. ആ വിടവിലൂടെയായിരുന്നു ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഘ പരിവാറുകാരുടെ തള്ളിക്കയറ്റം. ഈ രണ്ടു മഹാമേരുക്കൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലനിന്നിടത്തോളം കാലം സംഘ പരിവാറുകാർക്ക് യാതൊരു സ്വാധീനവും സൃഷ്ടിക്കാനായില്ല എന്നും കൂടി ഓർക്കേണ്ടതുണ്ട്.

നെഹ്റു മതേതരനായിരുന്നു. പക്ഷെ അപ്പോഴും ഇന്ത്യയിലെ ജനങ്ങളുടെ പ്രധാനമന്ത്രിയും ആയിരുന്നു. ജനലക്ഷങ്ങളുടെ പ്രിയങ്കരനായ നേതാവായിരിക്കുമ്പോൾ ജനങ്ങളുടെ അഭിലാഷങ്ങൾ പലപ്പോഴും നേതാവ് സ്വീകരിക്കേണ്ടതായി വരും. നെഹ്റു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് 1947 ഓഗസ്റ്റ് 14 - ന് ജവഹർലാൽ നെഹ്റുവിനെ സന്യാസിമാർ 'പീതാംബരം' ധരിപ്പിച്ചിട്ടുണ്ട്; നെറ്റിയിൽ ഭസ്മം പൂശിയിട്ടുണ്ട്; സന്യാസിമാർ നെഹ്റുവിനെ തഞ്ചാവൂരിൽ നിന്നുള്ള ജലം കൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്തു. 'ഫ്രീഡം അറ്റ് മിഡ്നയിറ്റിൽ' അതൊക്കെ വളരെ വിശദമായി പറയുന്നുണ്ട് ((ന്യുയോർക്ക്: ഏവൺ ബുക്സ്, 1975 എഡിഷൻ, പേജ് 282). ഇന്ത്യയുടെ പാരമ്പര്യ രീതികൾ ഒരിക്കലും തള്ളിപ്പറഞ്ഞ ആളല്ലായിരുന്നു പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു. സമ്മേളനങ്ങൾക്കൊക്കെ പോകുമ്പോൾ അദ്ദേഹത്തെ സ്ത്രീകൾ ആരതി ഉഴിഞ്ഞായിരുന്നു എതിരേറ്റിരുന്നത്. നെഹ്രുവിന് അതൊക്കെ വളരെ ഇഷ്ടവും ആയിരുന്നു. എല്ലാ ദിവസവും യോഗ ചെയ്തിരുന്ന ആളായിരുന്നല്ലോ നെഹ്റു. നെഹ്റു 'ശീർഷാസനത്തിൽ' നിൽക്കുന്ന ബ്ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോ വളരെ പ്രസിദ്ധവും ആണല്ലോ. നെഹ്റു ഗംഗാ നദി ഇന്ത്യയെന്ന മഹത്തായ സംസ്കാരത്തിൻറ്റെ അവിഭാജ്യ ഘടകമാകുന്നതെങ്ങെനെയെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് മരണശേഷം തൻറ്റെ ചിതാഭസ്മം ഗംഗയിലൊഴുക്കണമെന്ന് പറഞ്ഞിരുന്നു. നെഹ്റുവിൻറ്റെ ആഗ്രഹപ്രകാരം അങ്ങനെ ചിതാഭസ്മം ഒഴുകുകയും ചെയ്തെന്നാണ് അറിവ്. പാക്കിസ്ഥാനെ യുദ്ധത്തിലൂടെ പരാജയപ്പെടുത്തിയ ഇന്ദിരാ ഗാന്ധി ഇന്ത്യക്കാർക്ക് ദുർഗയായിരുന്നു. പക്ഷെ നെഹ്റുവിൻറ്റെ ഗംഗയോടുള്ള സ്നേഹവും, ഇന്ദിരാ ഗാന്ധിയുടെ ദുർഗയും ഒരിക്കലും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നതായിരുന്നില്ല. ബി.ജെ.പി. - യും, സംഘ പരിവാറുകാരും 1990 - കളിൽ ചെയ്തത്പോലെ ആരാധനാലയങ്ങൾ പൊളിക്കാനും, കലാപം നയിക്കാനുമുള്ള ആഹ്വാനങ്ങളൊന്നും ദീർഘ വീക്ഷണമുണ്ടായിരുന്ന നമ്മുടെ മുൻ ഭരണാധികാരികളിൽ നിന്ന് ഒരിക്കലും വന്നിരുന്നില്ല. അവരൊക്കെ ഭാരത സംസ്കാരത്തെ ഉൾക്കൊണ്ടിരുന്നു; അതേസമയം ഇന്ത്യയുടെ ബഹുസ്വരത കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)


Also Read » നിങ്ങളിൽ എത്ര പേർ ക്രഡിറ്റ് സ്കോർ സ്ഥിരമായി പരിശോധിക്കാറുണ്ട്? എത്രപേർക്ക് അതിനെക്കുറിച്ച് അറിവുണ്ട്? ക്രഡിറ്റ് സ്കോർ എങ്ങിനെയൊക്കെ കുറയുന്നു, എങ്ങിനെയൊക്കെ കൂടുന്നു.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 04:42:42 am | 17-04-2024 CEST