കൊറോണ വ്യാപനത്തിന്റെ സമയത്തെങ്കിലും ജനസംഖ്യാ വിസ്ഫോടനം എന്ന രൂക്ഷമായ പ്രശ്നം രാജ്യം തിരിച്ചറിയുമോ ?

Avatar
വെള്ളാശേരി ജോസഫ് | 20-09-2020 | 5 minutes Read

ചെറിയൊരു പ്രദേശത്ത് കണ്ടമാനം ജനസംഖ്യ ഉള്ളതാണ് കോവിഡിനെ ചെറുക്കുന്നതിൽ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി; ഇന്ത്യയുടെ മെട്രോ നഗരങ്ങളിലും, ടൗണുകളിലും, ചേരികളിലും ജനസാന്ദ്രത സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഏറെയാണ്; കൊറോണ വ്യാപനത്തിൻറ്റെ സമയത്തെങ്കിലും ജനസംഖ്യാ വിസ്ഫോടനം എന്ന രൂക്ഷമായ പ്രശ്നം രാജ്യം തിരിച്ചറിയുമോ?

population
Photo Credit : » @timmossholder

നിലവിൽ 137 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ഇന്നത്തെ രീതിയിൽ പോയാൽ, 2027-ൽ ചൈനയുടെ 143 കോടി മറികടന്ന് ഇന്ത്യ ലോക ജനസംഖ്യയിൽ ഒന്നാമതെത്തും എന്ന് കഴിഞ്ഞവർഷം ഐക്യരാഷ്ട്രസഭയുടെ ഒരു റിപ്പോർട്ട് കൃത്യമായ കണക്കുകൾ നിരത്തി വെളിപ്പെടുത്തുകയുണ്ടായി. സത്യത്തിൽ കോവിഡ് കാലത്ത് ഇന്ത്യയിലെ നഗരങ്ങളിലേയും ചേരികളിലേയും ജനസാന്ദ്രത കൊറോണയെ ചെറുക്കുന്നതിൽ പൊതുജനരോഗ്യസംവിധാനത്തിന് വലിയ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്.

ചെറിയൊരു പ്രദേശത്ത് കണ്ടമാനം ജനസംഖ്യ ഉള്ള രാജ്യമാണ് ഇന്ത്യ. വലുപ്പത്തിൽ ലോകരാജ്യങ്ങളുടെ ഇടയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേ വരികയുള്ളൂ; അതേസമയം ചൈനക്ക് വലുപ്പത്തിൽ മൂന്നാം സ്ഥാനമുണ്ട്. ഇന്ത്യയെക്കാളേറെ ജനസംഖ്യ ഉണ്ടെങ്കിലും 9.6 ദശലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ചൈന ഇന്ത്യയെക്കാളും എത്രയോ വലുതാണ്. ഇന്ത്യയിലെ വികസന പ്രവർത്തനങ്ങൾ മൊത്തം പാഴായി പോകുന്നതിൽ നമ്മുടെ ജനസംഖ്യാ വർദ്ധനവാണ് ഏറ്റവും പ്രധാനമായ കാരണം. 1930 മുതൽ ആണ് ഇന്ത്യയിലെ ജനസംഖ്യ കൂടാൻ തുടങ്ങിയത്. അതിന് മുമ്പ് ജനനത്തോടൊപ്പം മരണവും ഇന്ത്യയിൽ നടന്നിരുന്നു. പകർച്ച വ്യാധികളിൽ നിന്ന് മോഡേൺ മെഡിസിൻറ്റെ വരവോടെ കുറേയൊക്കെ മുക്തി നേടിയതും, ആഭ്യന്തര സംഘർഷങ്ങളിൽ ആളുകൾ മരിച്ചു വീഴുന്നത് കുറഞ്ഞതും ആയിരുന്നു 1930-കൾ മുതൽ ഇന്ത്യയിൽ ജനസംഖ്യ വർദ്ധിക്കാൻ കാരണം. കൊളോണിയൽ സർക്കാർ ജനസംഖ്യാ നിയന്ത്രണ പരിപാടികൾ ഇന്ത്യയിൽ നടപ്പാക്കിയില്ല.

സത്യം പറഞ്ഞാൽ, കൊളോണിയൽ സർക്കാരിനെന്നല്ല, ഒരു സർക്കാരിനും അത്ര എളുപ്പത്തിൽ ഇന്ത്യയിൽ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കാൻ സാധിക്കില്ലെന്നുള്ളതാണ് വസ്തുത. കാരണം നമ്മുടെ പൊതുബോധം ജനസംഖ്യാ നിയന്ത്രണത്തിന് എതിരാണ്. ഇന്നുപോലും വിവാഹം കഴിഞ്ഞാൽ സ്ത്രീകൾക്ക് 'വിശേഷമുണ്ടോ വിശേഷമുണ്ടോ' എന്ന് ആളുകൾ ചോദിച്ചുകൊണ്ടിരിക്കുമല്ലോ. ഉത്തരേന്ത്യയിൽ കുഞ്ഞുങ്ങളുണ്ടാകുന്നത്; പ്രത്യേകിച്ച് ആൺകുഞ്ഞുങ്ങൾ ഉണ്ടാവുന്നത് വലിയ ഉത്സവമായാണ് കൊണ്ടാടുന്നത്.

ആൺകുട്ടികൾ ഉണ്ടായാൽ എല്ലാവർക്കും സ്വീറ്റ്സ് കൊടുക്കണം; പിന്നെ ആട്ടവും പാട്ടുമായി ഹിജഡകൾ വരും കുഞ്ഞുങ്ങളെ അനുഗ്രഹിക്കാൻ. അവർക്ക് സാരിയും അവർ ചോദിക്കുന്ന കാശും കൊടുക്കണം. അല്ലെങ്കിൽ തുണി പൊക്കി കാണിക്കാൻ വരെ അവർ മടിക്കുകയില്ല. കുഞ്ഞുങ്ങൾ ഉണ്ടാവുന്നത് ഉത്സവമായി കൊണ്ടാടുന്ന ഒരു രാജ്യത്ത് ജനസംഖ്യ വർദ്ധിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

ആണുങ്ങളിൽ നിർബന്ധിത വന്ധ്യംകരണം ആണ് നമ്മുടെ ജനസംഖ്യ നിയന്ത്രിക്കാൻ ഏക പോംവഴി. പണ്ട് സഞ്ജയ്‌ ഗാന്ധി അത് ചെയ്യാൻ നോക്കിയപ്പോൾ മനുഷ്യസ്നേഹികൾ എന്ന പേരിൽ ചിലർ അപ്പോൾ പൊട്ടിക്കരഞ്ഞു. 'നാസ്ബന്തി' എന്ന ജനസംഖ്യാ നിർമാർജന പരിപാടി അന്ന് വലിയ തോതിൽ അപലപിക്കപ്പെട്ടു. മുസ്ലീങ്ങൾ ഈ പദ്ധതി എതിർക്കുമെന്നാണ് അന്ന് പലരും പറഞ്ഞിരുന്നത്. 'നാസ്ബന്തി' എന്ന കുടുംബാസൂത്രണ പദ്ധതി നടപ്പാക്കുന്നതിൽ സഞ്ജയ്‌ ഗാന്ധിക്കൊപ്പം ശക്തമായി നിലകൊണ്ട ഒരു വ്യക്തി രുക്‌സാന സുൽത്താന ആയിരുന്നു.

രുക്‌സാന സുൽത്താനയെ സഞ്ജയ്‌ ഗാന്ധി കുടുംബാസൂത്രണത്തിൻറ്റെ ആശയപ്രചാരണത്തിന് വേണ്ടി പുരാതന ഡൽഹിയിലേക്ക് അയച്ചു. ഭാഗ്യവശാൽ രുക്‌സാന സുൽത്താനയെ ശ്രവിച്ച പല മുസ്‌ലീം സ്ത്രീകളും കുടുംബാസൂത്രണമെന്ന ആശയത്തെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. അന്ന് മുസ്‌ലീം പുരുഷൻമാരിൽ നിന്ന് വ്യത്യസ്തമായ സമീപനം അവരുടെ ഭാര്യമാർക്ക് വന്നതിൽ ഒരത്ഭുതവുമില്ലാ; കാരണം എട്ടും പത്തും പ്രസവിച്ച് അവരാകെ മടുത്തിരുന്നു.

ഹിന്ദി മേഖലയിൽ അഞ്ചും ആറും കുഞ്ഞുങ്ങൾ ഇപ്പോഴും ഒരു സാധാരണ കാര്യം മാത്രമാണ്. കൂടുതലും വരുമാനം കുറഞ്ഞവരിലാണ് കൂടുതൽ കുഞ്ഞുങ്ങളെ കാണാൻ സാധിക്കുന്നതും. ഡൽഹിയിലെ സമ്പന്നമായ ഡിഫൻസ്‌ കോളനിയിലോ, വസന്ത് കുഞ്ചിലോ പോയാൽ അധികം കുട്ടികളെ കാണാൻ സാധിക്കുകയില്ല. എന്നാൽ രാജ്യ തലസ്ഥാനത്തെ 'ഫോർത് ക്ലാസ്' ജീവനക്കാർ താമസിക്കുന്നിടത്തോ, പുനരധിവാസ കോളനികളിലോ ചെന്നാൽ നെല്ലിക്കാ കൊട്ട മറിഞ്ഞതു പോലെ പിള്ളേരെ കാണാൻ സാധിക്കും.

ചിലപ്പോൾ വിദ്യാഭ്യാസം ഉള്ള ദമ്പതികൾ പോലും സന്താന നിയന്ത്രണത്തിൽ പിന്നോക്കം ആണെന്നതാണ് ഇൻഡ്യാ മഹാരാജ്യത്തിലെ ദുഃഖകരമായ ഒരു വസ്തുത. എന്തായാലും അടിയന്തിരാവസ്ഥകാലത്തെ സഞ്ജയ്‌ ഗാന്ധിയുടെ മുഷ്ക്ക് കാരണം കുറച്ചെങ്കിലും കുടുംബാസൂത്രണം ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടു. അല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ പാരമ്പര്യ സമൂഹത്തിൽ കുടുംബാസൂത്രണം എന്ന പദ്ധതി അംഗീകരിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്.

പെറ്റു കൂട്ടുന്ന കാര്യത്തിൽ മതങ്ങൾ തമ്മിൽ ഇന്ത്യയിൽ മൽസരമാണ്; പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ. ഇന്ത്യയിൽ ദാരിദ്ര്യവും മത സ്വാധീനവും, ബോധമില്ലായ്മയും ജനസംഖ്യാ വർദ്ധനവിനുള്ള കാരണങ്ങളാണ്. ഇപ്പോൾ സംഘ പരിവാറുകാരിലെ ചിലർ മുസ്ലീങ്ങളെ അപേക്ഷിച്ചു ഹിന്ദുക്കളുടെ ജനസംഖ്യ പിന്നോക്കം പോകുന്നു എന്നുപറഞ്ഞു വ്യാപകമായ പ്രചാരണം നടത്തുന്നുണ്ട്. സംഘ പരിവാറുകാരുടെ ചില സ്വാമിമാർ ഹിന്ദു സ്ത്രീകളോട് കൂടുതൽ പെറ്റുകൂട്ടാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ കാണാം. ഇങ്ങനെ ആഹ്വാനം ചെയ്യുന്നതല്ലാതെ ഈ സ്വാമിമാരൊക്കെ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ അവരുടെ ചെലവ് കൂടി ഏറ്റെടുക്കുമോ?


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കൂടുതൽ കൂടുതൽ കുട്ടികളെ ഉണ്ടാക്കാൻ പറയുന്നതല്ലാതെ അവർക്ക് നല്ല വിദ്യാഭ്യാസം, പോഷകാഹാരം - ഇവയൊന്നും കൊടുക്കുവാൻ ആരും ശ്രദ്ധിക്കുന്നില്ലെന്നുള്ളതാണ് ഇൻഡ്യാ മഹാരാജ്യത്തിലെ ദുഃഖസത്യം. മതബോധവും ഇൻഡ്യാ മഹാരാജ്യത്ത് ജനസംഖ്യ വർധിക്കാൻ കാരണമാകുന്നുണ്ട്.

ഒറ്റ മതക്കാരും കുട്ടികൾ ഇഷ്ടം പോലെ വേണം എന്ന മിഥ്യാബോധത്തിൽ നിന്ന് മുക്തരല്ല. ഹിന്ദു മതത്തിൽ മരണാനന്തര കർമങ്ങൾ ആൺമക്കളെ കൊണ്ട് ചെയ്യിക്കുന്നത് കൊണ്ട് തൻറ്റെ ആത്മാവിന് മോക്ഷം കിട്ടണമെങ്കിൽ ആൺകുഞ്ഞു ജനിക്കണം എന്നാണ് പല പിതാക്കൻമാരുടേയും ആഗ്രഹം. ഇത്തരത്തിൽ ആൺകുഞ്ഞുണ്ടാകാൻ ഭാര്യമാരെ അഞ്ചും, ആറും വരെ പ്രസവിപ്പിക്കുന്നതൊക്കെ ഉത്തരേന്ത്യയിൽ സാധാരണമാണ്. സ്ത്രീകളെ കൊണ്ട് മരണാനന്തര കർമങ്ങൾ ചെയ്യിപ്പിക്കുകയാണ് ഇതിന് ഏക പോംവഴി.

ഏതെങ്കിലും ഒരു സമുദായത്തെ മാത്രം ജനസംഖ്യ കൂടുന്നതിൽ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പിലാക്കുവാൻ പല സമുദായ നേതാക്കൾക്കും താല്പര്യമില്ല. ഒരു സമുദായത്തേയും ഇക്കാര്യത്തിൽ വെള്ളപൂശുന്നതിൽ കാര്യമില്ല. എല്ലാ മതങ്ങളും ഇക്കാര്യത്തിൽ കണക്കാണ്. ഇന്ത്യൻ സമൂഹത്തിൻറ്റെ ആധുനികവൽക്കരണം മാത്രമാണ് ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ഏക പോംവഴി.

ഉത്തരേന്ത്യയിൽ ഇന്നും ശ്മശാനങ്ങളിൽ അപൂർവമായേ സ്ത്രീകളെ കാണാൻ സാധിക്കുകയുള്ളൂ. 20-30 വർഷങ്ങൾക്ക് മുമ്പ് സ്ത്രീകൾ ശ്മശാനങ്ങളിൽ പോകുന്നതേ കാണാൻ സാധിക്കില്ലായിരുന്നു. ബി.ജെ.പി- യുടെ ജനസംഖ്യാ നിയന്ത്രണ പദ്ധതിയിൽ, മുസ്ലീങ്ങളുടെ ജനസംഖ്യ കുറക്കുന്ന കാര്യത്തിൽ മാത്രമേ അവർക്ക് താല്പര്യമുള്ളൂ. ഹിന്ദു ജനതയും പെറ്റു കൂട്ടുന്നുണ്ടെന്നുള്ളത് അവർ കാണുന്നില്ല. അവിടെയാണ് കുഴപ്പം മുഴുവനും. ഹിന്ദു സമൂഹത്തിലെ പുരുഷൻമാർ മരണാനന്തര കർമങ്ങൾ ചെയ്യിക്കാൻ വേണ്ടി ആൺകുഞ്ഞുങ്ങൾ ഉണ്ടായി കാണുന്നത് ആഗ്രഹിക്കുന്നുണ്ട്. ആ വകുപ്പിൽ ഇന്ത്യയിൽ ജനസംഖ്യ കണ്ടമാനം കൂടുന്നുണ്ട്. അതൊന്നും ബി.ജെ.പി.-ക്കാരും സംഘ പരിവാറുകാരും ഒരിക്കലും കാണുകയേ ഇല്ലാ.

അതൊക്കെ കൂടാതെ, സമൂഹത്തിൽ പെൺകുട്ടികളോടുള്ള അവഗണന നിലനിൽക്കുന്നതുകൊണ്ട് പെൺ ഭ്രൂണഹത്യയും വ്യാപകമായി നടക്കുന്നൂ. ആൺകുഞ്ഞുങ്ങളുടെ ജനനത്തിനു വേണ്ടി പെൺ ഭ്രൂണഹത്യ നടത്തുന്നത് വലിയ സാമൂഹ്യ പ്രശ്നങ്ങൾക്കും ജനസംഖ്യാ വർധനവിനും വഴിയൊരുക്കുന്നു. 15 വർഷത്തിൽ മിച്ചം ബി.ജെ.പി. ഗുജറാത്ത് ഭരിച്ചിട്ട് അവിടെ സ്ത്രീ പുരുഷ അനുപാതം വളരെ മോശമാണ്. പെൺ ഭ്രൂണഹത്യ അവിടെ വ്യാപകമായി നടക്കുന്നു. വിവാഹ പ്രായമായ ആണുങ്ങൾക്ക് ഗുജറാത്തിൽ പെണ്ണു പോലും കിട്ടുന്നില്ല. പട്ടേൽ സമുദായത്തിൽ പെട്ടവർ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പെൺകുട്ടികളെ ഗുജറാത്തിൽ ഇറക്കുമതി ചെയ്യുകയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് 42 ഒറിയ പെൺകുട്ടികൾക്ക് വേണ്ടി ഗുജറാത്തിൽ ക്യൂ നിന്നത് 5000 പേരാണ്. പത്രങ്ങളിലൊക്ക വന്ന വാർത്തയാണിത്. വെറുതെയല്ല സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനിതനായ അമർത്യ സെൻ പൊതു ജനാരോഗ്യവും, വിദ്യാഭ്യാസവും സൃഷ്ടിക്കാതെ വ്യവസായ പുരോഗതി നേടാൻ യത്നിക്കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം ഇന്ത്യയാണെന്ന് പറഞ്ഞത്.

സഞ്ജയ്‌ ഗാന്ധി കുടുംബാസൂത്രണം നടപ്പിലാക്കുവാൻ മുഷ്ക്ക് പ്രകടിപ്പിച്ചതാണ് കോൺഗ്രസ്സ് അടിയന്തിരാവസ്ഥക്ക് ശേഷം തോൽക്കാൻ കാരണം. സ്ത്രീകൾ തന്നെ അന്ന് ഇതിൻറ്റെ പേരിൽ തങ്ങളുടെ ഭർത്താക്കന്മാരെ ഷണ്ഡന്മാരാക്കി എന്നുപറഞ്ഞു ഇന്ദിരാ ഗാന്ധിക്ക് എതിരേ തിരിഞ്ഞു. പക്ഷെ 1970-കളിൽ നിങ്ങൾ ഒരു വലിയ ബോംബിൻറ്റെ മുകളിലാണ് കേറിയിരിക്കുന്നത് എന്ന് പല അന്താരാഷ്ട്ര വിദഗ്ധരും ജനസംഖ്യാ വർദ്ധനവ് ചൂണ്ടിക്കാട്ടി ഇന്ത്യക്ക് മുന്നറിയിപ്പ് തന്നിട്ടുണ്ടായിരുന്നു. 1930-കൾ തുടങ്ങി ഓരോ വർഷവും ഒരു കോടിയോളം സംഖ്യ മൊത്തം ജനസംഖ്യയിൽ ഇന്ത്യയിൽ കൂടിയിട്ടുണ്ടെന്നുള്ള കാര്യം ആർക്കും നിഷേധിക്കാൻ സാധ്യമല്ല.

ഇന്ത്യയുടെ വ്യവസായ പ്രമുഖരിൽ ജെ.ആർ.ഡി. ടാറ്റ മാത്രമാണ് ജനസംഖ്യാ വർദ്ധനവ് എന്ന ഗൗരവമായ വിഷയം ഉയർത്തിയ ഒരേയൊരു വ്യക്തി. നെഹ്‌റു ഈ വിഷയത്തിൻറ്റെ ഗൗരവം മനസിലാക്കിയപ്പോഴേക്കും കാര്യങ്ങൾ വൈകി പോയിരുന്നു. നെഹ്‌റു ഒരു പത്രപ്രവർത്തകനോട് വർധിച്ചു വരുന്ന ജനസംഖ്യയാണ് വികസന പദ്ധതികളെല്ലാം പാഴായി പോകാനുള്ള പ്രധാന കാരണമെന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കുടുംബാസൂത്രണം നടപ്പാക്കുക വഴി കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതിന് ശേഷം ഇതൊരു രാഷ്ട്രീയ വിഷയമാക്കാൻ ഇന്ത്യയിൽ ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയും ധൈര്യം കാണിച്ചിട്ടില്ല. അടിയന്തിരാവസ്ഥ കാലഘട്ടത്തിന് ശേഷം നമ്മുടെ രാഷ്ട്രീയ പാർട്ടികൾ കുടുംബാസൂത്രണം മുഖ്യപദ്ധതിയായി ഏറ്റെടുക്കാൻ മടിക്കുന്നത് തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികൾ കാണുന്നതുകൊണ്ടാണ്; അതല്ലാതെ ഇതിൻറ്റെ പ്രാധാന്യം തിരിച്ചറിയാത്തത് കൊണ്ടല്ല.

ഇൻഡ്യയിലെ ഏറ്റവും ആദ്യം പരിഹരിക്കേണ്ട വിഷയം ആണ് ജനസംഖ്യാ വർദ്ധനവെന്നുള്ളതിൽ ഇന്നാർക്കും ഒരു തർക്കവുമില്ല. പക്ഷെ പൊതുജനത്തോട് നല്ല ഭാഷയിൽ ഇതിനെ കുറിച്ച് പറഞ്ഞാൽ അവർ കേൾക്കില്ല. ഗർഭ നിരോധന ഉറയും ലൂപ്പുമൊക്കെ ഉണ്ടെങ്കിലും, ഇന്ത്യയുടെ പാരമ്പര്യ സമൂഹത്തിൽ അവയൊക്കെ കുടുംബാസൂത്രണത്തിൽ ഫലപ്രദമായ മാർഗങ്ങളല്ല. ഇന്ത്യയുടെ കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ ജനിക്കാനിരിക്കുന്ന കുട്ടികളുടെ കാര്യത്തിൽ സ്ത്രീകൾക്ക് സ്വതതന്ത്രമായ തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുണ്ട്.

അതുകൊണ്ട് ലൂപ്പ് ഫിറ്റുചെയ്യലൊക്കെ വിഷമമുള്ള കാര്യങ്ങളാണ്. ഗർഭനിരോധന ഉറകൾ ആരും കാണാതെ സൂക്ഷിച്ചു വെക്കുന്നതും, ഉപയോഗിച്ച് കഴിഞ്ഞു മറവ് ചെയ്യുന്നതുമൊക്കെ യാഥാസ്ഥിതിക ഇന്ത്യയിൽ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. പെറ്റു കൂട്ടുന്നത് എന്തോ വലിയ പുണ്യ പ്രവൃത്തി ആണെന്ന് പഠിപ്പിക്കുന്ന സമൂഹവും മതങ്ങളും ഉള്ള നാട്ടിൽ അതുകൊണ്ടുതന്നെ നിർബന്ധിത വന്ധ്യംകരണം മാത്രമാണ് ജനസംഖ്യ നിയന്ത്രിക്കാനുള്ള ഏക പോംവഴി.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 01:13:30 am | 29-05-2024 CEST