ജാതി വാദികൾ അംഗീകരിക്കില്ലെങ്കിലും ഇന്ത്യയിൽ ജാതിയേക്കാളേറെ സാമൂഹ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് നിറത്തെ ചൊല്ലിയാണ് ..

Avatar
വെള്ളാശേരി ജോസഫ് | 20-07-2020 | 7 minutes Read

ജാതി വാദികൾ അംഗീകരിക്കില്ലെങ്കിലും ഇന്ത്യയിൽ ജാതിയേക്കാളേറെ സാമൂഹ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് നിറത്തെ ചൊല്ലിയാണ്; അമേരിക്കയിൽ സംഭവിച്ചത് പോലെ നിറത്തെ ചൊല്ലിയുള്ള സുപ്പീരിയോരിറ്റി കോമ്പ്ലെക്സിനെതിരെ ഇന്ത്യയിലും പ്രതിഷേധം ഉണ്ടാകേണ്ടിയിരിക്കുന്നു

ജോർജ് ഫ്ലോയിഡ് വധത്തെ ചൊല്ലി അമേരിക്കയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. ഇപ്പോൾ അമേരിക്കയിൽ നിറത്തെ ചൊല്ലിയുള്ള 'സുപ്പീരിയോരിറ്റി കോമ്പ്ലെക്സിനെതിരേ' ഡിബേറ്റ് നടക്കുകയാണ്. ഇന്ത്യയിലും അത്തരത്തിൽ നിറത്തെ ചൊല്ലി ഒരു ഡിബറ്റും, നിറത്തിൽ അധിഷ്ഠിതമായ വിവേചനത്തിനെതിരേയുള്ള പ്രതിഷേധങ്ങളും വരുമോ? നിറത്തിൻറ്റെ പേരിൽ തന്നെ സ്റ്റേജ് ഷോകളിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ടെന്നാണ് പ്രശസ്ത ഗായികയായ സയനോര ഇപ്പോൾ പറയുന്നത്. നിറത്തിൻറ്റെ പേരിലുള്ള മാറ്റിനിർത്തൽ ചെറുപ്പം മുതലേ അനുഭവിച്ചിട്ടുണ്ടെന്നും സയനോര പറയുന്നു. ജാതി വാദികൾ അംഗീകരിക്കില്ലെങ്കിലും ഇന്ത്യയിൽ ജാതിയേക്കാളേറെ സാമൂഹ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് നിറത്തെ ചൊല്ലിയാണ്.

സ്റ്റാർട്ടപ്പ് സംരംഭത്തിലൂടെ കോടീശ്വരനായി മാറിയ വരുൺ ചന്ദ്രൻ ‘ഓറക്കിൾ’ കമ്പനിയിൽ താൻ നേരിട്ട വർണ വിവേചനം ‘പന്തുകളിക്കാരൻ’ എന്ന പുസ്തകത്തിൽ അനുസ്മരിക്കുന്നുണ്ട്. ‘കറുത്തവൻ’ എന്ന് വരുൺ ചന്ദ്രനെ അധിക്ഷേപിച്ച കൂടെ ജോലി ചെയ്യുന്ന ആളെ പരസ്യമായി തല്ലാൻ വരുൺ ചന്ദ്രൻ മടിച്ചില്ല. പിന്നീട് HR ഡിപ്പാർട്ട്മെൻറ്റിൻറ്റെ ഇടപെടലിൽ അത് വലിയ വിഷയം ആയെങ്കിലും കമ്പനിക്കെതിരേ വർണവിവേചനം എന്ന ആരോപണം വരുമെന്ന് കണ്ടപ്പോൾ കമ്പനി അധികൃതർ അയഞ്ഞു. ഈ സംഭവം ‘പന്തുകളിക്കാരൻ’ എന്ന പുസ്തകത്തിലൂടെ വിവരിക്കുമ്പോൾ വരുൺ ചന്ദ്രൻ പറയുന്ന ഒരു കാര്യമുണ്ട്: അയിത്തമൊക്കെ കാലക്രമത്തിൽ മാഞ്ഞുപോകും; പക്ഷെ ഇന്ത്യയിൽ നിറത്തെ ചൊല്ലി വളരെയധികം പ്രശ്നങ്ങൾ നിലനിൽക്കും എന്നാണ് വരുൺ ചന്ദ്രൻ സ്വന്തം അനുഭവത്തിലൂടെ തന്നെ വ്യക്തമാക്കുന്നത്.

ഈ നിറത്തെ ചൊല്ലിയുള്ള പ്രശ്നങ്ങൾ കേരളത്തിലോ, ബാന്ഗ്ലൂരിലോ മാത്രമല്ലാ; ലോകം മുഴുവൻ ഉണ്ട്. ഇന്ത്യയിലെ പല നഗരങ്ങളിലും അത് വളരെ രൂക്ഷവുമാണ്. പണ്ടൊരിക്കൽ ഡൽഹി മെട്രോ സ്റ്റേഷനിൽ ഒരു ആഫ്രിക്കകാരനെ ആളുകൾ വട്ടം കൂടി തല്ലിയത് ഓർമ്മിക്കുന്നു. ആഫ്രിക്കക്കാർക്ക് ഇന്ത്യയിലെ പല നഗരങ്ങളിലും തല്ല് കിട്ടാറുണ്ട്. ആഫ്രിക്കക്കാർക്ക് തല്ല് കിട്ടുന്നതിന് കാരണം പലപ്പോഴും നിറമാണ്. ഡൽഹി മെട്രോ സ്റ്റേഷനിൽ നടന്നതുപോലെ ആഫ്രിക്കക്കാർക്കെതിരെ പല സംഘടിതമായ ആക്രമണങ്ങളും ഇന്ത്യൻ നഗരങ്ങളിൽ നടന്നിട്ടുണ്ട്. എല്ലാ ആഫ്രിക്കക്കാരും മയക്കുമരുന്ന് വിൽപ്പനക്കാരും, കള്ളുകുടിയന്മാരും, സാമൂഹ്യ വിരുദ്ധരും ഒക്കെയായി ചിത്രീകരിക്കപ്പെടുന്നതും നിറത്തെ ചൊല്ലിയുള്ള രൂഢമൂലമായ പ്രശ്നങ്ങൾ ഇന്ത്യൻ സമൂഹങ്ങളിൽ നിലനിൽക്കുന്നത് കൊണ്ടാണ്.

ഇന്ത്യൻ ചരിത്രത്തിൽ സത്യം പറഞ്ഞാൽ ഈ നിറത്തെ ചൊല്ലിയുള്ള മേൽക്കോയ്‌മ ഒന്നുമില്ല. നാഷണൽ മ്യുസിയത്തിലോ, മറ്റേതെങ്കിലും ചരിത്ര മ്യുസിയത്തിലോ പോയാൽ പണ്ടത്തെ ശിൽപങ്ങളിൽ നിറത്തെ പ്രതി എന്തെങ്കിലും 'സുപ്പീരിയോറിറ്റി' കാണാൻ സാധിക്കില്ല. പണ്ടത്തെ സങ്കൽപ്പങ്ങളിൽ വെളുത്തു തുടുത്തിട്ടുള്ള ദേവന്മാരെയോ ദേവതകളേയോ കാണാൻ സാധിക്കില്ല. പക്ഷെ അതൊന്നും ഇന്നത്തെ നിറത്തിൻറ്റെ പേരിൽ മിഥ്യാഭിമാനം പേറുന്ന മനുഷ്യരോട് പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ല.

ഹിന്ദുയിസത്തിൽ ശ്രീകൃഷ്ണൻ കാർവർണനാണ്; പരമ ശിവനാകട്ടെ നീലകണ്ഠനും. പക്ഷെ നിറത്തെ ചൊല്ലിയുള്ള സങ്കൽപ്പങ്ങൾ ആഴത്തിൽ വേരൂന്നിയിട്ടുള്ള നമ്മുടെ സമൂഹത്തിൽ കാർവർണനെ ആരാധിക്കുന്ന സ്ത്രീകളും, നീലകണ്ഠനായ പരമ ശിവനെ ആരാധിക്കുന്നവരും വെളുപ്പിൽ അഴകില്ല എന്ന് പറഞ്ഞാൽ പെട്ടെന്നൊന്നും അംഗീകരിച്ചു തരില്ല.

ഇരുപതാം നൂറ്റാണ്ടിൽ രാജാ രവിവർമ്മയുടെ കലണ്ടർ ചിത്രങ്ങൾ ഇന്ത്യയിൽ പോപ്പുലർ ആകാൻ തുടങ്ങിയപ്പോൾ മാത്രമാണ് ഹിന്ദുയിസത്തിലെ ദേവന്മാരും, ദേവിമാരും വെളുത്തു തുടുത്തവരാകാൻ തുടങ്ങിയത്. സാരിയും ബ്ലൗസുമൊന്നും അതിനുമുമ്പ് ഇന്ത്യയിലെ ദേവിമാർക്കില്ലായിരുന്നു. പ്രാചീന കാലത്തെ ഇന്ത്യയിലെ മിക്ക ദേവന്മാരും, ദേവിമാരും കറുത്തവരും കൗപീനധാരികളുമായിരുന്നു. സംശയമുണ്ടെങ്കിൽ ആർക്കും ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ പോയി നോക്കാം. ബുദ്ധ പ്രതിമകളിൽ മാത്രമേ, നമുക്ക് പൂർണമായും വസ്ത്രം ധരിച്ച ദേവതാ ശിൽപങ്ങൾ കാണാൻ സാധിക്കൂ. ബുദ്ധ പ്രതിമകളിൽ പലതിലും റോമൻ ചക്രവർത്തിമാരുടേത് പോലുള്ള വസ്ത്രധാരണമാണ്. അതിലൊക്കെ യവന സ്വാധീനം സ്പഷ്ടമായി കാണാം. ഇതൊക്കെ വ്യക്തമാക്കുന്നത് എന്താണ്? പ്രാചീന കാലത്ത് ഇന്ത്യയിലെ ആളുകൾ കറുത്ത ദേവന്മാരേയും, ദേവിമാരേയും ഇഷ്ടപ്പെട്ടിരുന്നു എന്നുതന്നെയാണ് ഇത് വ്യക്തമാക്കുന്നത്. അപ്പോൾ സമൂഹത്തിലും ആളുകളെ ഇഷ്ടപ്പെടാൻ വെളുപ്പ് ഒരു വിഷയമായിരുന്നില്ലാ എന്നത് ചുരുക്കം.

ഇതെഴുതുന്നയാൾ ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിലെ പ്രതിമകൾ സസൂക്ഷ്മം നിരീക്ഷിച്ചിട്ടുണ്ട്; വളരെയധികം നേരം അതിനുവേണ്ടി ചെലവിട്ടിട്ടുമുണ്ട്. കറുത്തവരും, കൗപീനധാരികളുമായ ദേവന്മാരേയും, ദേവികളുമാരെയുമാണ് എനിക്കവിടെ കാണാൻ സാധിച്ചിട്ടുള്ളത്. അവരെയൊന്നും ജനം ഇഷ്ടപ്പെട്ടിട്ടില്ലാ എന്ന് പറയാൻ സാധിക്കുമോ? അപ്പോൾ ഇന്ത്യയിൽ പണ്ട് ഇന്നത്തെ പോലുള്ള നിറത്തെ ചൊല്ലിയുള്ള സങ്കൽപ്പങ്ങൾ ഇല്ലായിരുന്നു എന്ന് അനുമാനിക്കണം. പ്രാചീന കാലത്തെ ഇന്ത്യയിൽ ഇന്നത്തെപോലെ പുരുഷനും വീട്ടുകാർക്കും വിവാഹത്തിന് പങ്കാളിയെ തിരഞ്ഞെടുക്കാൻ നിറം ഒരു 'ക്രൈറ്റീരിയ' ആയിരുന്നില്ലാ എന്നത് ചുരുക്കം. പക്ഷെ ഇന്നിതൊക്കെ പറഞ്ഞാൽ ആളുകൾ അംഗീകരിക്കുമോ?

പെൺകുട്ടികൾ വെളുത്തിരിക്കണം എന്നതാണ് നമ്മുടെ സൗന്ദര്യ സങ്കൽപ്പം. അതുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിൽ പാർവതി, ലക്ഷ്മി, സരസ്വതി - ഈ ദേവതമാരെല്ലാം വെളുത്തു തുടുത്തു പട്ടു സാരിയിൽ പൊതിഞ്ഞിരിക്കുന്നത്. നാഷണൽ മ്യുസിയത്തിലോ, മറ്റേതെങ്കിലും ചരിത്ര മ്യുസിയത്തിലോ പോയാൽ പണ്ടുണ്ടായിരുന്ന ദേവതാ സങ്കൽപ്പങ്ങളിൽ ഇങ്ങനത്തെ വെളുത്തു തുടുത്തിട്ടുള്ളതും, പട്ടു സാരിയിൽ പൊതിഞ്ഞിരിക്കുന്നതും ആയിരിക്കുന്ന ഒരു ദേവതകളേയും കാണാൻ സാധിക്കില്ല എന്നുള്ളത് പരമ സത്യമാണ്. പക്ഷെ അതൊന്നും ഇന്നത്തെ മനുഷ്യരോട് പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ല.

കല്യാണങ്ങളിൽ 'പെണ്ണിന് നിറം കുറഞ്ഞു പോയി' എന്നുള്ളത് സ്ഥിരം കേൾക്കുന്ന ഒരു പരിദേവനമാണല്ലോ. അതുകൊണ്ടാണല്ലോ കോടി കണക്കിന് രൂപയുടെ വെളുക്കാനുള്ള ക്രീമായ 'ഫെയർ ആൻഡ് ലവ്ലി' വിറ്റു പോയത്; ഇന്നും വിൽക്കപ്പെടുന്നത്. കറുത്തു മെലിഞ്ഞ ഒരു സ്ത്രീയെ എന്തുകൊണ്ടാണ് സംഘ പരിവാറുകാർ 'ഭാരത മാതാവായി' പ്രദർശിപ്പിക്കാത്തത്? 'ഭാരത മാതാവ്' എന്തുകൊണ്ടാണ് വെളുത്തു തുടുത്തു പട്ടു സാരിയിൽ പൊതിഞ്ഞിരിക്കുന്നത്? ഇന്ത്യയിലെ സ്ത്രീകളെല്ലാം അങ്ങനെ വെളുത്തു തുടുത്തു പട്ടു സാരിയിൽ പൊതിഞ്ഞിരിക്കുന്നവരാണോ??? ഇന്ത്യൻ സ്ത്രീത്ത്വത്തിൻറ്റെ പ്രതീകമായി സംഘ പരിവാറുകാർ 'ഭാരത മാതാവിനെ' പ്രദർശിപ്പിക്കുമ്പോൾ യാഥാർഥ്യ ബോധം എന്നൊന്ന് വേണ്ടേ???

ഇന്ത്യയിൽ ലക്ഷ്മി, പാർവതി, സരസ്വതി - എന്നീ ദേവിമാരോടൊപ്പം ഭദ്രകാളിയുമുണ്ട്‌. തമിഴ്നാട്ടിലൊക്കെ മാരിയമ്മൻ കോവിലുകളും ഇഷ്ടം പോലെയുണ്ട്. കാളിയും ദ്രവീഡിയൻ ദേവതമാരിലെ ഭൂരിപക്ഷം പേരും ഇന്നും കറുത്തിട്ടാണ്. അതുകൊണ്ടുതന്നെ ബ്രട്ടീഷുകാർ ഇന്ത്യയിൽ ഉണ്ടാക്കിയെടുത്ത നിറത്തെ ചൊല്ലിയുള്ള സൗന്ദര്യ സങ്കൽപം ഉണ്ടെങ്കിൽ പോലും ഹിന്ദുയിസത്തിലെ എല്ലാ ദേവന്മാരും, ദേവിമാരും വെളുത്തിട്ടല്ലാ എന്ന് ചുരുക്കം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇന്ത്യയിൽ ‘ഹോമോജെനസ്’ ആയിട്ടുള്ള ഒരു കമ്യുണിറ്റി പോലും ഇല്ലാ എന്നാണ് നരവംശ ശാസ്ത്രജ്ഞന്മാർ ഒന്നടക്കം പറയുന്നത്. ഒരു ഗ്രാമത്തിൽ തന്നെയുള്ള പലരും പല നിറക്കാരും, പല ശാരീരിക ‘ഫീച്ചേഴ്സും’ ഉള്ളവരാണ്. ചിലർ നിറത്തെ ജാതിയുമായി ബന്ധപ്പെടുത്തുന്നു. അപ്പോഴും ചില വസ്തുതകൾ ഓർക്കണം. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ജാതി ഉണ്ട്. ‘മംഗളോയിഡ് ഫീച്ചേഴ്സ്’ അല്ലെങ്കിൽ മുഖലക്ഷണമുള്ള അവരുടെ ഇടയിൽ എങ്ങനെയാണ് ജാതി വന്നത്? ഇതിന് കൃത്യമായ ഉത്തരമില്ലാ. നിറത്തെ ചൊല്ലിയുള്ള പ്രശ്നം ചരിത്രപരമായി ആര്യൻ ആക്രമണത്തോട് കൂടിയാണെന്ന് ചിലർ പറയും. പക്ഷെ ആ വാദത്തിലും കണ്ടമാനം പ്രശ്നങ്ങൾ ഉണ്ട്. ഇന്ത്യയിൽ ഏറ്റവും അധികം ദളിത് പ്രാതിനിധ്യം ഉള്ളത് പഞ്ചാബിലാണ് – 2011-ലെ സെൻസസ് പ്രകാരം 31.94 ശതമാനം. ആര്യൻ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ അത് പഞ്ചാബിലൂടെ അല്ലാതാകാൻ ഒരു വഴിയും ഇല്ലല്ലോ. “ദ്രവീഡിയരായ കറുത്ത നിറക്കാരായ ദളിതരെ മുഴുവൻ തല്ലിയോടിച്ചു” – എന്ന് പറയുമ്പോൾ പഞ്ചാബിലെ ഈ 31.94 ശതമാനം ദളിത് പ്രാതിനിധ്യത്തിന് ആർക്കെങ്കിലും മറുപടി ഉണ്ടോ? അത് മാത്രമല്ല; പഞ്ചാബിലെ ദളിതരിൽ ഭൂരിപക്ഷവും നല്ല വെളുത്തിട്ടാണ്. സംശയമുണ്ടെങ്കിൽ ആർക്കും പഞ്ചാബിൽ പോയി നോക്കാം. ആര്യൻ ആക്രമണ സിദ്ധാന്തം ഇത്ര പൊലിപ്പാക്കാനുള്ള കാരണമെന്താണ്? യഥാർഥത്തിൽ ഈ ‘ആര്യൻ ആക്രമണ സിദ്ധാന്തത്തിന്’ പിന്നിലുള്ള യഥാർഥ വസ്തുത കറുപ്പിനെ ചൊല്ലിയുള്ള അപകർഷതാ ബോധം മാത്രമാണ്. ഇന്ത്യയിൽ നിറത്തെ ചൊല്ലിയുള്ള വിവാദങ്ങൾ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലേക്കും പടർന്ന കാരണം കൊണ്ടുതന്നെയാണ് ആര്യൻ ആക്രമണ സിദ്ധാന്തം ഉണ്ടായത്. ആര്യൻ ആക്രമണ സിദ്ധാന്തത്തെ കുറിച്ച് പോരുകോഴികളെ പോലെ പലരും പല ഫോറങ്ങളിലും പോരടിക്കുന്നതിൻറ്റെ പിന്നിലുള്ള ചേതോവികാരം കാണാൻ ഒട്ടും വിഷമമില്ല. അതുകൊണ്ടു തന്നെ ഈ ആര്യൻ ആക്രമണ സിദ്ധാന്തം തെറ്റാണെന്നു പറഞ്ഞാൽ കറുപ്പ് നിറക്കാരൊന്നും പെട്ടെന്ന് സമ്മതിച്ചു തരികയുമില്ല. ആര്യൻ ആക്രമണ സിദ്ധാന്തത്തിൽ മാത്രമല്ലാ; ഇന്ത്യയിലെ മിക്ക സാമൂഹ്യ പ്രശ്നങ്ങളിലും ഈ നിറത്തെ ചൊല്ലി ഒത്തിരി കുഴപ്പങ്ങൾ വരുന്നുണ്ട്.

ചരിത്രപരമായി യവനരുടെ വരവോടു കൂടിയും, പിന്നീട് മുഗളനും, താർത്താരിയും, അഫ്ഗാനിയും, പേർഷ്യരും എല്ലാം ചേർന്നാണ് ഇൻഡ്യാക്കാർക്ക് ഈ നിറത്തെ ചൊല്ലിയുള്ള സങ്കൽപ്പങ്ങൾ സമ്മാനിച്ചത്. 200-300 വർഷം നമ്മെ ഭരിച്ച ബ്രട്ടീഷുകാരാണ് ശരിക്കും ഈ നിറത്തെ ചൊല്ലിയുള്ള ‘സുപ്പീരിയോരിറ്റി കോമ്പ്ലെക്സ്’ ഇൻഡ്യാക്കാരിൽ രൂഢമൂലമാക്കിയത്. ബ്രട്ടീഷുകാർ ഇന്ത്യ വിട്ടതിന് ശേഷം നമ്മുടെ പട്ടാള ഓഫീസർമാർക്കും, സിവിൽ സർവീസ് ഉദ്യോഗസ്ഥ പ്രഭുക്കൾക്കും കീഴുദ്യോഗസ്ഥരുടെ വിധേയത്വം നേടാൻ വലിയ പ്രയാസമായിരുന്നു. അത്രയും ശക്തമായിരുന്നു ബ്രട്ടീഷുകാർ നിറത്തെ ചൊല്ലി ഉണ്ടാക്കിയെടുത്ത സുപ്പീരിയോരിറ്റി കോമ്പ്ലെക്സ്!!!

കറുപ്പിനെ ചൊല്ലിയുള്ള ഇൻഡ്യാക്കാരുടെ അപകർഷതാ ബോധം മാറ്റാൻ എന്താണ് എളുപ്പമുള്ള വഴി? ഇതെഴുതുന്ന ആൾക്ക് തോന്നുന്നത് നമ്മുടെ നടൻ ശ്രീനിവാസനാണ് എറ്റവും നല്ല വഴി പറഞ്ഞു തന്നിട്ടുള്ളതെന്നാണ്. ശ്രീനിവാസൻ തൻറ്റെ നിറത്തെ കുറിച്ച് പറഞ്ഞു ആഘോഷിക്കുകയാണ്; ജീവിതം ആഹ്ലാദഭരിതമാക്കുകയാണ്. വളരെ ചുരുക്കം പേർക്കേ ഇതു പോലെ ജീവിക്കാൻ സാധിക്കുകയുള്ളൂ. തൻറ്റെ നിറത്തേയും, രൂപത്തെയും പറ്റി സ്വയം കളിയാക്കാൻ ഒരു മടിയും ശ്രീനിവാസൻ പല സിനിമകളിലും കാണിച്ചിട്ടില്ല. ഒരു സിനിമയിൽ വെളുത്ത നിറമുള്ള പെണ്ണിനെ കെട്ടാൻ മുഖം മുഴുവനും ക്രീം തേക്കുന്ന ശ്രീനിവാസനേയും ഇനി കൂടുതൽ വെളുക്കണമെങ്കിൽ വൈറ്റ് വാഷ് ചെയ്യണമെന്ന് പറയുന്ന ബ്യുട്ടീഷനെയും കാണാം. തനിക്കു നല്ല ഗ്ളാമർ ഉണ്ടെന്ന് പല ഇൻറ്റെർവ്യൂകളിലും ശ്രീനിവാസൻ മടി കൂടാതെ പറഞ്ഞിട്ടുമുണ്ട്. സ്വന്തം നിറത്തേയും, രൂപത്തെയും പറ്റി നല്ല ആത്മ വിശ്വാസമുള്ളവർക്കേ അങ്ങനെ പറയാൻ സാധിക്കൂ.

പിന്നെ വേണ്ടത് ശാസ്ത്ര ബോധമാണ്. ഇന്ത്യയിൽ 'ഫെയർ ആൻഡ് ലവ്ലി' - യും, ആയുർവേദ മരുന്നുകളും ഉപയോഗിച്ച് ശരീരം വെളുപ്പിക്കാൻ ശ്രമിക്കുമ്പോൾ മദാമ്മമാർ വെയിൽ കൊണ്ട് കാണ്ടമാനമുള്ള വെളുപ്പ് മാറ്റിയെടുക്കുവാൻ ശ്രമിക്കുകയാണ്.

പക്ഷെ എന്തൊക്കെ പറഞ്ഞാലും സാമൂഹ്യമായും, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന മലയാളികളിൽ നിറത്തെ ചൊല്ലി പ്രശ്നങ്ങളുണ്ടായിരുന്നു. കേരളത്തിലെ വിവാഹ മാർക്കറ്റിൽ നിറം കുറവാണ് എന്ന കാരണത്താൽ മാറ്റിനിർത്തപ്പെടുന്ന പെൺകുട്ടികളെ തമിഴ്നാട്ടിലേയും മൈസൂരിലേയും വിവാഹ മാർക്കറ്റിലേക്ക് പണ്ട് കയറ്റുമതി ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. പണ്ട് കേരളത്തിൽ ജോലി ചെയ്തിരുന്ന തമിഴരും അവരുടെ വരുമാനത്തിൽ ഏറിയപങ്കും ചിലവഴിക്കുന്നത് സ്വന്തം മുഖം ഒന്ന് വെളുപ്പിക്കാൻ ആയിരുന്നു. നിറവെറിയുടെ പരിഹാസങ്ങൾ തന്നെ കാരണം. ഇന്ന് പല ഇന്ത്യൻ നഗരങ്ങളിൽ ആഫ്രിക്കക്കാർക്ക് തല്ലു കിട്ടുന്നതും ഈ നിറവെറി കൊണ്ടു തന്നെ.

ഇന്നത്തെ സംഘ പരിവാറുകാരുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ നിലാപാടെടുക്കണമെങ്കിൽ കറുപ്പ് നിറത്തെ അംഗീകരിക്കണം. വെളുത്ത ഗോമാതാവ് തരുന്നതെല്ലാം നമ്മുടെ കറുത്ത എരുമ മാതാവും തരുന്നുണ്ടല്ലോ. എന്നിട്ടെന്താ വെളുത്ത ഗോമാതാവിനെ സംരക്ഷിക്കണമെന്ന് മുറവിളി കൂട്ടുന്ന സംഘ പരിവാറുകാർ കറുത്ത എരുമ മാതാവിനെ സംരക്ഷിക്കണമെന്ന് പറയാത്തത്?

ഇന്നിപ്പോൾ ഇരുനിറം ഉള്ള മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരൻ. ഏഷ്യയിലേയും ഏറ്റവും വലിയ പണക്കാരൻ മുകേഷ് അംബാനിയാണെന്ന് പറയപ്പെടുന്നു. ഇന്ത്യയിലെ ആദ്യത്തെ 'ട്രില്യനയർ' ആയ മുകേഷ് അംബാനിയോടൊപ്പം സുന്ദരിയായ ഭാര്യ നീതാ അംബാനിയേയും മിക്കപ്പോഴും കാണാം. മുകേഷ് അംബാനി ഇരുനിറക്കാരനായതുകൊണ്ട് കാശുണ്ടാക്കാൻ നിറം ഒരു 'ക്രൈറ്റീരിയ' അല്ലെന്ന് ഇന്നത്തെ ഇന്ത്യയിൽ വാദിക്കാം. ഭാര്യ നീതാ അംബാനി നല്ലപോലെ വെളുത്തിട്ടാണെന്നുള്ളതും എതിർ പക്ഷക്കാർക്ക് പറയാം. എന്തായാലും ഗുജറാത്തിലെ മർവാഡികളിൽ നിറം ഒരു ഇഷ്യൂ അല്ലെന്ന് ആർക്കും പറയാൻ സാധിക്കില്ല. ഗുജറാത്തിൽ മാത്രമല്ല; ഇന്ത്യയിൽ മിക്കയിടങ്ങളിലും കല്യാണത്തിന് നിറം ഒരു വലിയ ഇഷ്യു തന്നെയാണ്. പണ്ട് കൂടെ ജോലി ചെയ്തിരുന്ന ബംഗാളിയായ സ്ത്രീ ഇതെഴുതുന്ന ആളോട് പറഞ്ഞത് ബംഗാളിൽ കല്യാണം ആലോചിക്കുമ്പോൾ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് നിറത്തിനാണെന്നാണ്. മുകേഷ് അംബാനിയെ പോലെ ഇഷ്ടം പോലെ ഇരു നിറക്കാരും, കറുത്തവരും ബംഗാളിൽ ഉണ്ട്. പക്ഷെ ബംഗാളിലോ ഇന്ത്യൻ സിനിമയിലോ കറുത്ത ഒരു നായികയെ കാണിച്ചു തരാൻ സാധിക്കുമോ? കറുത്തവരെ പോലും ഇന്ത്യൻ സിനിമ വെളുപ്പിക്കാറാണ് പതിവ്. വില്ലൻമാരും, ദുഷ്ട കഥാപാത്രങ്ങളും മാത്രമേ സാധാരണ ഗതിയിൽ ഇന്ത്യൻ സിനിമയിൽ കറുത്തവരായിട്ടുള്ളൂ.

സിനിമാ നടിമാരിൽ ഭാനുപ്രിയ, സരിത, നന്ദിത ദാസ് എന്നിവർ ഇരുനിറമാണെങ്കിൽ കൂടി അവർ ഒരുപാട് പേരുടെ ആരാധനാ പാത്രങ്ങൾ ആയിരുന്നു. ഹിന്ദിയിൽ ഇരുനിറക്കാരിയായിരുന്ന രേഖക്ക് കണ്ടമാനം ആരാധകർ ഉണ്ടായിരുന്നു. നടന്മാരിൽ കറുത്തവർ ഇഷ്ടം പോലെ. സത്യൻ നന്നായിട്ട് കറുത്തിട്ടായിരുന്നു. നടിമാർക്കും നടന്മാർക്കും നിറം കാരണം ആരാധന കുറഞ്ഞിട്ടില്ല. മാദക തിടമ്പായിരുന്ന സിൽക്ക് സ്മിതയുടെ നിറം ഇരു നിറമായിരുന്നു. പക്ഷെ ആരാധനക്ക് സിൽക്ക് സ്മിതയുടെ കാര്യത്തിൽ എന്തെങ്കിലും കുറവുണ്ടായിരുന്നുവോ?

ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകൾക്കാണെന്ന് തോന്നുന്നു, ഈ നിറത്തെ ചൊല്ലിയുള്ള മിഥ്യാഭിമാനം കണ്ടമാനം ഉള്ളത്. വിവാഹമാലോചിക്കുമ്പോൾ ആണുങ്ങൾ പെണ്ണിനെ ഇഷ്ടപ്പെട്ടാലും ചെയ്താലും കൂടെയുള്ള അമ്മമാരും, സഹോദരിമാരും, ബന്ധുക്കളുമായ സ്ത്രീകൾക്ക് നിറം ബോധ്യപ്പെട്ടില്ലെങ്കിൽ അവർ പെണ്ണിനെ 'അപ്പ്രൂവ്' ചെയ്യണമെന്നില്ല. പുരുഷന്മാരെ സംബന്ധിച്ച് ഒരു സ്ത്രീയെ ഇഷ്ടപ്പെടാൻ നിറം ഒരു പ്രധാനപ്പെട്ട 'ക്രൈറ്റീരിയ' ആണോ??? അല്ലെന്നാണ് തോന്നുന്നത്. "When the candles are out, all women are fair" - എന്നതായിരിക്കും മിക്കപ്പോഴും പുരുഷൻറ്റെ കാര്യത്തിൽ ശരി.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

Photo Credit : » @louishansel


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 01:30:26 am | 25-06-2024 CEST