തീറ്റിപ്പോറ്റപ്പെടുന്ന ആ വിഭാഗത്തിൽ പെട്ടയാളാണ് ഞാൻ. എത്രതവണ കേട്ടിരിക്കുന്നെന്നോ ആ പ്രയോഗം. നികുതിപ്പണം നശിപ്പിക്കാനുള്ള നികൃഷ്ടജന്മങ്ങൾ...

Avatar
Sunil Jaleel | 29-04-2020 | 2 minutes Read

പോലീസായതിനാൽ എനിക്ക് ഞങ്ങളുടെ ജോലിയിലൂടെയേ മറുപടി പറയാനാവൂ. ബാക്കിയുള്ള ഓരോ വിഭാഗത്തിനും അവരുടെ ഭാഗങ്ങൾ പറയാനുണ്ടാവും... അവരുടെ വാദങ്ങൾ.

ചെറിയ ചില ഉദാഹരണങ്ങളിലേക്ക് ക്ഷണിക്കുകയാണ്.

മദ്യപിച്ച് വാഹനമോടിച്ച് വരുന്ന ഒരാളെ പിടിക്കുന്നതിലൂടെ അയാൾ ഉണ്ടാക്കാമായിരുന്ന ഒരപകടത്തെയാണ് തടയുന്നത്. നിങ്ങളുടെ പ്രിയപ്പെട്ടൊരാൾക്ക് ആ വാഹനമിടിച്ച് മരിക്കുകയോ ഗുരുതരമായ പരിക്ക് സംഭവിക്കുകയോ ചെയ്യുന്നതോർക്കുക. എന്റെ ഒരു വർഷത്തെ ശമ്പളം കൊണ്ട് അത് നികത്താനാവുമെന്ന് തോന്നുന്നില്ല.

അതിനുമപ്പുറം... റോഡിൽ ചോരയൊഴുക്കിക്കിടന്ന നിങ്ങളിലൊരാളെ ഏറ്റവും വേഗത്തിൽ ആശുപത്രിയിലെത്തിച്ചതിലൂടെ ആരാണ് ലാഭം നേടിയത്. അണഞ്ഞുപോകാമായിരുന്ന ഒരു കുടുംബത്തിന്റെ വെളിച്ചം കാറ്റിനെതിരെ കൈപിടിച്ച് ഞങ്ങൾ രക്ഷിക്കുമ്പോൾ പണം കൊണ്ട് നിങ്ങൾ കണക്കു പറയരുത്.

ജീവൻ പണയപ്പെടുത്തി ഒരു മയക്കുമരുന്ന് സംഘത്തെ കീഴടക്കുകയാണ്. നിങ്ങളുടെ കുടുംബത്തിൽ മയക്കുമരുന്നിന്റെ ഒരിര രൂപപ്പെടാത്തത് അതു കൊണ്ടാവാം. അഥവാ അങ്ങനെയൊന്ന് സംഭവിച്ചാൽ എത്ര രൂപ കൊണ്ട് നിങ്ങളതിനെ മറികടക്കും.

ഉറക്കമില്ലാതെ നടന്ന് ഇരുളിൽ മറഞ്ഞിരുന്ന ഒരുവനെ പിടികൂടുകയാണ്. അവന്റെ കയ്യിൽ നിന്ന് മാരകമായ ഒരായുധം പിടിച്ചെടുക്കുകയാണ്. ഞങ്ങൾ അന്നേരത്ത് വന്നില്ലായിരുന്നെങ്കിൽ... നിങ്ങൾ അതിലേ പോവുകയായിരുന്നെങ്കിൽ തോന്നുംപടി ശരീരത്തിലൂടെ കടന്നുപോവുന്ന ആ ആയുധം നിങ്ങൾക്ക് വരുത്താവുന്ന നഷ്ടങ്ങൾ ഓർത്തിട്ടുണ്ടോ..?

ഒപ്പം പഠിച്ചവരൊക്കെ കൂടിയ വരുമാനം തേടി മികച്ച സ്വകാര്യ സ്ഥാപനങ്ങളിൽ കയറിയപ്പോൾ കഷ്ടപ്പെട്ട് പഠിച്ച് എണ്ണിച്ചുട്ട അപ്പം പോലെ കിട്ടിയ ശമ്പളവുമായി ജീവിക്കുന്നവരാണ് ഞങ്ങൾ. വായ്പകൾക്കും കടങ്ങൾക്കുമിടയിലെ നൂൽപ്പാലത്തിലൂടെയാണ് ഓരോ മാസവും ഓടിത്തീർക്കുന്നത്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നിങ്ങൾ ഉയർത്തിവെച്ച ജീവിത നിലവാര മത്സരത്തിൽ എന്നും പിന്നിൽ ഓടുന്നവരുടെ കൂട്ടമാണത്. 3050 രൂപ ശമ്പളത്തിൽ പതിനാറു വർഷം മുമ്പ് ഞാൻ ജോലിക്ക് കയറുമ്പോൾ സ്വകാര്യ മേഖലയിൽ 15000 മുതൽ ജോലി ചെയ്യുന്ന സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവരിൽ പലർക്കും സർക്കാർ ജോലി പുച്ഛവുമായിരുന്നു.

ഒരു സർക്കാർ ജീവനക്കാരൻ തന്റെ സർവീസ് കാലം കൊണ്ട് സമ്പാദിക്കുന്നത് ഉണ്ടാക്കാൻ തങ്ങൾക്ക് നാലഞ്ചു വർഷം മതിയെന്ന് വീമ്പു പറഞ്ഞവരെയും കണ്ടിട്ടുണ്ട്.

ശമ്പളത്തിന്റെ ഭൂരിഭാഗവും നമ്മുടെ ജനങ്ങൾക്കിടയിൽ ചെലവിടുന്നവരാണ് ഞങ്ങൾ. പലചരക്ക്, മീൻ, പച്ചക്കറി, പാൽ, പത്രം... എല്ലാ മാസവും ലക്ഷക്കണക്കിന് സാധാരണക്കാരുടെ വരുമാനത്തിലേക്ക് നല്ലൊരു ഭാഗവും നൽകുന്നവരാണ് ഞങ്ങൾ. എല്ലാ വർഷവും നൽകുന്ന കോർപ്പറേഷൻ / പഞ്ചായത്ത് തൊഴിൽ നികുതികൾ, ഇൻകം ടാക്സ് തുടങ്ങിയവയുടെ കണക്കെടുത്താൽ ഇവിടത്തെ ഏറ്റവും വലിയ നികുതിദാതാക്കളുടെ സമൂഹമാണിത്.

നിങ്ങടെ നികുതിപ്പണത്തിൽ നിന്ന് ചുമ്മാ എടുത്തങ്ങ് തരുന്ന ദാനമല്ല... ഏൽപിച്ചതും അതിലധികവും ജോലി ചെയ്യുന്നതിന് നൽകുന്ന പ്രതിഫലമാണത്. അതിന് ഉത്തരവാദിത്വമുണ്ട്.. കടമകളുണ്ട്.. ചെയ്തില്ലെങ്കിൽ ചോദിക്കാൻ ആളുണ്ട്. ശിക്ഷകളുണ്ട്. പിരിച്ചുവിടലു പോലുമുണ്ട്.

ഒരു സാധനം വാങ്ങിയാൽ ബില്ലു വേണ്ടെന്ന് പറയുന്ന, സ്ഥലം വാങ്ങുമ്പോൾ വിലയുടെ പത്തിലൊന്നിന് രജിസ്റ്റർ ചെയ്യുന്നവർ പറയുന്നത് കേൾക്കാൻ രസമുണ്ട്.... ജീവിതത്തിലിതുവരെ ഇത്തരം നികുതിപോലും കൊടുക്കാത്തവരും..

ഞങ്ങടെ നികുതിപ്പണത്തീന്ന്....

Photo Credit : bt.com

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 11:58:53 am | 03-12-2023 CET