PCB യുടെ ഒരുദ്യോഗസ്ഥന്റെ നിലവിലുള്ള കാഷ് കളക്ഷൻ മാത്രമാണ് 15 ലക്ഷം. ഒഎസ് ഫയലിന് 25,000. ആകെ ഉണ്ടാക്കിയ തുക എത്രയായിരിക്കും?
PCB യിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാങ്ങാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നതിൽ സർക്കാരിന് ഒപ്പം പങ്ക് ജുഡീഷ്യറിക്കും ഉണ്ട് എന്നത് പറയാതെ ഇരിക്കാനാവില്ല. അപരിമിതമായ, ചോദ്യം ചെയ്യപ്പെടാത്ത അധികാരമാണ് PCB ഉദ്യോഗസ്ഥർക്ക്. അവരൊരു Consent കൊടുത്താൽ, ഒരു റിപ്പോർട്ട് തയ്യാറാക്കിയാൽ, ആരുണ്ടിവിടെ ചോദിക്കാൻ??
അപ്പീൽ അതോറിറ്റി എന്നൊരു സംഗതിയുണ്ട് നിയമത്തിൽ. ജില്ലാ ജഡ്ജിയാണ് ചെയർമാൻ ആയി വരേണ്ടത്. പകരം ഏറ്റവും തിരക്കുള്ള ലോ സെക്രട്ടറിയെ നിയമിച്ചത് കൊണ്ട് അത് പ്രവർത്തിക്കുന്നില്ല.
ഹൈക്കോടതിയിൽ റിട്ട് ഹരജിയിൽ കേസ് നടക്കുന്നത് വ്യക്തിക്ക് മൗലികാവകാശം ലംഘിക്കപ്പെടുമ്പോൾ ആണ്.
സർക്കാരും സർക്കാർ സ്ഥാപനങ്ങളും പ്രതിസ്ഥാനത്ത് ആണ്. അവരുടെ നിയമവിരുദ്ധ പ്രവർത്തി കൂടിയാണ് പൗരൻ ചോദ്യം ചെയ്യുന്നത്.
ഒരു വിഭാഗം ജഡ്ജിമാർക്കെങ്കിലും മലിനീകരണ ബോർഡ് പറയുന്നത് വേദവാക്യമാണ്. മറ്റു ഏതൊരു അതോറിറ്റിയുടെയും അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവുകളിൽ procedure impropriety, irrationality, illegality എന്നിവ പരിശോധിക്കാൻ മനസ്സുള്ള ജഡ്ജിമാർ പോലും മലിനീകരണ ബോഡ് പറയുന്നത് കണ്ണുംപൂട്ടി വിശ്വസിക്കും. ആ കൺസന്റുകൾ ചോദ്യം ചെയ്താലും അതിന്മേൽ ജുഡീഷ്യൽ റിവ്യൂ പ്രോത്സാഹിപ്പിക്കില്ല. അത് PCB എന്ന സ്ഥാപനത്തോടുള്ള അമിത വിശ്വാസം കൊണ്ടാണ്, അല്ലാതെ മറ്റൊന്നുമല്ല.
ജഡ്ജിമാരുടെ ഈ വിശ്വാസമാണ് PCB ഉദ്യോഗസ്ഥർ മുതലെടുക്കുന്നത്. അവർക്ക് അപരിമിത അധികാരമാണ്. "ഞാനെന്താ ഇങ്ങനെ എഴുതിയത് എന്നു എന്നോട് ഒരുത്തനും ചോദിക്കില്ല" എന്ന് ഹാരിസിനെ പോലെ പലരും പൗരന്മാരെ വെല്ലുവിളിക്കും. ഹാരിസ് നൽകിയ ഉത്തരവുകൾ ചോദ്യം ചെയ്തുവന്ന എത്ര കേസുകൾ ഹൈക്കോടതി ഹാരിസ് പറഞ്ഞത് വിശ്വസിച്ചു തീർപ്പാക്കി കാണും?
അക്കൗണ്ടബിലിറ്റി ഇല്ലാത്ത സിസ്റ്റത്തിൽ നിന്ന് നീതി കിട്ടാൻ കൈക്കൂലി കൊടുക്കുക എന്നത് മാത്രമാണ് പൗരനുള്ള മാർഗം, ഗതികേട്. ഓഡിറ്റ് ചെയ്യപ്പെടില്ല എന്ന തോന്നൽ PCB യ്ക്ക് ഉണ്ടാക്കി കൊടുക്കുന്നതിൽ പലരെയും പോലെ ജുഡീഷ്യറിയുടെ പങ്കാണ് ഞാൻ എഴുതിയത്. ഞാനീ പറയുന്നത് ഒട്ടും വ്യക്തിപരമല്ല, ജുഡീഷ്യറിയുടെ മൃദുസമീപനമാണ് ഹാരിസുമാർക്ക് കൈക്കൂലി വാങ്ങാൻ വളം വെയ്ക്കുന്നത്.
ഇത് പറയാൻ സിസ്റ്റത്തിനു അകത്തൊരു സംവിധാനം ഇല്ലാത്തത് കൊണ്ടാണ് പരസ്യമായി പറയേണ്ടി വരുന്നത്.
PCB യ്ക്ക് നൽകുന്ന അമിത പരിഗണന അവരിൽ ചിലർ പണമാക്കി മാറ്റുന്നുണ്ടോ എന്ന കാര്യം ജഡ്ജിമാർ സ്വയം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
അഡ്വ. ഹരീഷ് വാസുദേവൻ ശ്രീദേവി.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Advocate in High Court of Kerala & National Green Tribunal. » FaceBook