" ജീവിതക്ലേശങ്ങൾ അറിയാത്ത നമ്മൾ "

Avatar
Shamsudeen Mohamed | 13-06-2020 | 2 minutes Read

life
Photo Credit : » @gaspanik

കൊറോണക്ക് മുൻപും ചൈനയിലെ പല പട്ടണങ്ങളിലും ജനങ്ങൾ മാസ്ക് വെച്ച് ജീവിക്കാൻ തുടങ്ങിയിട്ടുണ്ട്, ഫാക്റ്ററികളിൽ നിന്നും വരുന്ന പുകയിൽ മലീമസമായ വായുവായിരുന്നു അതിന് കാരണം, ചൈനയുടെ പെട്ടെന്നുണ്ടായ സാമ്പത്തിക വളർച്ചക്ക് ചൈനക്കാർ കൊടുത്ത വിലയുടെ ഒരു വശം മാത്രമാണത്.

നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ നാൾ മുതൽ ദിനംപ്രതി താഴോട്ട് ആയതിനാൽ അത്തരം ക്ലേശങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടില്ല, ഭരണപക്ഷവും, പ്രതിപക്ഷവും, ഈർക്കിലിപ്പാർട്ടിയും അടക്കം സകല കക്ഷിരാഷ്ട്രീയക്കാർക്കും ജനസംഖ്യ കൂടുതലാകുന്നതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ, ആകെ അവർക്ക് ആധി ഉണ്ടായിരുന്നത് വിവേകമുള്ളവരുടെ ആധിക്യമായിരുന്നു, എല്ലാ കക്ഷിരാഷ്ട്രീയക്കാരും, മതസംഘടനകളും സമന്വയിച്ച് അതിന് നിയന്ത്രണം ഉണ്ടാക്കി എന്നത് രാജ്യത്തിന്റെ കുത്തനെ താഴേക്കുള്ള പ്രയാണത്തിന് ആശയേകുന്നു, ഇത്തരത്തിൽ ജീവിച്ചുപോയതിനാൽ കഷ്ടതകൾ എന്തെന്ന് അറിയാനും അറിയിക്കാനും ആരും ഇല്ലായിരുന്നു.

കോവിഡ് 19 വ്യാപനം തടയാനായി ലോകത്താകമാനം പ്രവർത്തനം നടക്കുമ്പോൾ പൂച്ചക്ക് കിട്ടിയ പൂമാല പോലെ ഭരണം കയ്യിലേന്തിയ നമ്മുടെ അധികാരികളും മതിയായ സജ്ജീകരണങ്ങൾ ഇല്ലാതെ ലോക്ഡൗൺ പ്രഖ്യാപിച്ചു, മാസ്ക് ധരിക്കലും, സ്വയം വൃത്തിയാകലും വിഷമങ്ങളുടെ മൂല്യം അറിയാത്തതും, അനുസരണശീലം ഇല്ലാത്തതുമായ നമുക്ക് അത്ര സ്വീകാര്യമായിരുന്നില്ല.

ലോക്ഡൗണിൽ നിബന്ധനകൾ ലംഘിക്കാൻ നമ്മൾ രഹസ്യമായും, പരസ്യമായും, വ്യക്തിഗതമായും ശ്രമിച്ചു, ആരോഗ്യപ്രവർത്തകരുടെയും, സർക്കാരിന്റെയും മുന്നറിയിപ്പുകൾ വകവെക്കാതെ രോഗം പരത്തിയവരുടെ ക്രിയകൾ വേണ്ടത്ര പൊതുജനങ്ങൾക്ക് പാഠമാക്കാൻ പോലും കഴിഞ്ഞില്ല

ഇക്കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് 19 സാമൂഹിക വ്യാപനത്തിലൂടെ പടരുന്നുവെന്ന് മനസ്സിലായപ്പോൾ കണ്ടൈന്മെന്റ് ഭാഗമായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ പോലും പോലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ ഉത്തരവാദിത്തത്തോടെ നടപ്പിലാക്കുന്നതിൽ നമ്മൾ വിമുഖത കാട്ടിക്കൊണ്ടേയിരിക്കുന്നു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കണ്ടൈന്മെന്റ് ഭാഗമായി പ്രഖ്യാപിച്ച സ്ഥലങ്ങളിലൂടെയുള്ള പ്രധാന റോഡുകളിലേക്കുള്ള വാഹന ഗതാഗതം കർശനമായി വിലക്കിയിട്ടുണ്ടെങ്കിലും ജനങ്ങളിൽ പലരും പോലീസിന്റെ തടസ്സങ്ങൾ തന്നിഷ്ടപ്രകാരം റോഡിൽ നിന്നും മാറ്റി യാത്രായോഗ്യമാക്കുന്നത് കൂട്ട ആത്മഹത്യക്കുള്ള തയ്യാറെടുപ്പ് പോലെയാണ് തോന്നുന്നത്.

നമ്മൾ കേരളീയർ കഷ്ടതകൾ കണ്ടിട്ടേയില്ല! നമ്മൾ മദ്യപിച്ചും ലോട്ടറിയെടുത്തും ആശിച്ചും മറന്നും നിമിഷങ്ങൾ തള്ളിനീക്കുകയായിരുന്നു, ഗൗരമായി നാം ചെയ്തിരുന്നത് കക്ഷിരാഷ്ട്രീയം പറയലായിരുന്നു, നമ്മൾ യുദ്ധക്കെടുതികൾ അനുഭവിച്ചില്ല, പ്രകൃതിദുരന്ത വിഷമതകൾ അറിഞ്ഞില്ല, ആകെ കണ്ടത് അവനവന് അർഹമായതോ, കടം വാങ്ങിയതാണോ എന്ന് വ്യക്തതയില്ലാത്ത സമ്പത്തിന്റെ മീതെ നിൽക്കുമ്പോൾ വന്നു ഭവിച്ച ഓഖി-പ്രളയ ദുരന്തോൽസവങ്ങളായിരുന്നു, നമ്മൾ പിന്നെയും മഴയെയും വെയിലിനെയും പഴിച്ച് ബിവറേജിന്റെ ക്യൂവിൽ ക്ഷമാശീലരായി.

ഉദ്ദേശ്യശുദ്ധിയും, അർപ്പണമനോഭാവവും, ഉത്തരവാദിത്തചിന്തയും നമുക്ക് ഉണ്ടായിരുന്നെങ്കിൽ നാം ഇങ്ങനെ അധഃപതിക്കില്ലായിരുന്നു.

ഈ കൊറോണക്കാലത്ത് അനിയന്ത്രിതവും, നിരുത്തരവാദപരവും, ഭാവിചിന്തയും, സാമൂഹിക പ്രതിബദ്ധതയും ഇല്ലാതെ പെരുമാറിയതുമായ സകലർക്കും വേണ്ടി സമർപ്പിക്കുന്നു.

# ഷംസുദ്ദീൻ മുഹമ്മദ്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 11:42:33 am | 03-12-2023 CET