തൊഴിലില്ലായ്മ ദൂരീകരിക്കാനുള്ള എന്തെങ്കിലും പദ്ധതി ഇന്ത്യയിലെ ഭരണ വർഗത്തിനുണ്ടോ? കോവിഡാനന്തര ഇന്ത്യയിൽ തൊഴിലില്ലായ്മ ആയിരിക്കും രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ വിപത്ത്

Avatar
വെള്ളാശേരി ജോസഫ് | 10-02-2021 | 5 minutes Read

കോവിഡാനന്തര ഇന്ത്യയിൽ തൊഴിലില്ലായ്മ ആയിരിക്കും ഏറ്റവും വലിയ പ്രശ്നം സൃഷ്ടിക്കുന്ന സാമൂഹ്യ വിപത്ത്.

ഇന്ത്യയിലെ സർവീസ് സെക്റ്റർ മൊത്തം ഇന്ന് സാമ്പത്തിക പ്രതിസന്ധിയിലാണ്. തിയേറ്ററുകൾ, സിനിമാ വ്യവസായം, ഹോട്ടലുകൾ, റെസ്റ്റോറൻറ്റുകൾ, ട്രാൻസ്‌പോർട്ട്, ടൂറിസം - ഇവയൊക്കെ ഇന്ന് സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. കോവിഡ് മൂലം ഏർപ്പെടുത്തിയ ലോക്ക്ഡൗൺ സമ്പൂർണമായി പിൻവലിച്ചാലും കാര്യങ്ങൾ സാധാരണ നിലയിലേക്ക് വരാൻ ഇനിയും കാലതാമസം നേരിടും. ആളുകൾ കൂടുന്ന സ്ഥലങ്ങളെ ചൊല്ലിയുള്ള ഭയം ജനങ്ങളിൽ നിന്ന് വിട്ടുമാറാൻ സമയം കുറേയേറെ എടുക്കും.

30 കോടിയിലേറെ ആളുകൾ ഇന്ത്യയിൽ ദാരിദ്ര്യരേഖക്ക് കീഴിലുണ്ട്. 2011-ലെ സെൻസസ് പ്രകാരം 13.9 മില്യൺ വീടുകളാണ് ചേരി പ്രദേശങ്ങളിൽ ഉള്ളത്. ഇന്ത്യയിലെ മൊത്തം ചേരി നിവാസികളുടെ സംഖ്യ 2019-ൽ 104 മില്യണിൽ എത്തി എന്നാണ് മുൻ ആസൂത്രണ കമ്മീഷൻ അംഗമായിരുന്ന കീർത്തി എസ്. പരീഖ് പറയുന്നത്. ഈ 10 കോടിയിലേറെ ചേരി നിവാസികളിൽ കോവിഡ് 19 പടർന്നുപിടിക്കുമോ എന്നുള്ള ഭീതിയിൽ നിന്നൊക്കെ മഹാരാഷ്ട്ര ഇന്ന് മുക്തമായി കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ജയിലുകളിൽ കൊറോണ വ്യാപിക്കുന്നതുകൊണ്ട് പല ജയിൽ പുള്ളികൾക്കും പരോൾ കൊടുക്കുന്നൂ. പട്ടാള ക്യാമ്പുകളിലും, പോലീസ് ക്യാമ്പുകളിലും കോവിഡ് പടർന്നുകഴിഞ്ഞാൽ മൊത്തം പട്ടാളക്കാരേയും പോലീസുകാരേയും അകറ്റി നിർത്താനോ, പിരിച്ചു വിടാനോ നമുക്ക് സാധിക്കുമോ? അതുകൊണ്ട് കോവിഡിനെ അധികം പേടിക്കാതിരിക്കുക എന്നത് മാത്രമാണ് സമ്പത് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ഏക പോംവഴി.

സത്യത്തിൽ ഈ കൊറോണയുടെ വ്യാപനത്തെ കുറിച്ചോർത്ത് നമ്മുടെ ഭരണ വർഗം ഇത്രയേറെ ആശങ്കപ്പെടേണ്ട കാര്യമില്ലായിരുന്നു. കാരണം ദാരിദ്ര്യവും ഇൻഫ്രാസ്ട്രക്ച്ചർ രംഗത്തെ അപര്യാപ്തതകളും മൂലം ലക്ഷകണക്കിന് ഇൻഡ്യാക്കാർ ഓരോ വർഷവും മരിക്കുന്നുണ്ട്. ക്ഷയം 4 ലക്ഷത്തിലേറെ ഇൻഡ്യാക്കാരെ ഓരോ വർഷവും കൊല്ലുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. മലേറിയ 20,000-ൽ മിച്ചം പേരെ കൊല്ലുന്നു. ആസ്ത്മയും ഹൃദ്രോഗവും അനേകായിരം ഇൻഡ്യാക്കാരുടെ ജീവൻ ഓരോ വർഷവും എടുക്കുന്നു. വയറിളക്കം കൊണ്ട് തന്നെ അനേകായിരം നവജാത ശിശുക്കൾ ഓരോ വർഷവും മരിക്കുന്ന രാജ്യമാണ് ഇന്ത്യ. പിന്നെന്തിനാണ് കൊറോണയുടെ കാര്യത്തിൽ ഇത്രയേറെ ഉൽക്കണ്ഠ കാണിച്ചത്? ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ ലോക്ക്ഡൗൺ ഇന്ത്യയിൽ ഭരണവർഗം അടിച്ചേൽപ്പിച്ചത് എന്തുകൊണ്ടാണ്? കാര്യങ്ങൾ വളരെ വ്യക്തം. ക്ഷയവും, മലേറിയയും, വയറിളക്കവും ഒക്കെ മൂലം മരിക്കുന്ന മിക്കവാറും പേരും പാവപ്പെട്ടവരാണ്. കോവിഡ് 19 എന്ന രോഗം മധ്യ വർഗ്ഗത്തേയും, വരേണ്യ വർഗ്ഗത്തേയും കൂടി ബാധിച്ചിരുന്നു.

മധ്യ വർഗ്ഗത്തേയും, വരേണ്യ വർഗ്ഗത്തേയും രക്ഷിക്കാനുള്ള ത്വരയിൽ ലോകത്തെ ഏറ്റവും കർശനമായ ലോക്ക്ഡൗൺ ഇന്ത്യയുടെ ഭരണവർഗം അടിച്ചേൽപ്പിച്ചപ്പോൾ അവർ മറന്ന ഒരു സംഗതിയുണ്ട്. ഇന്ത്യയിൽ ലോക്ക്ഡൗൺ മൂലമുള്ള ദാരിദ്ര്യമായിരിക്കും കൊറോണയെക്കാൾ കൂടുതൽ ആളുകളെ കൊല്ലാൻ പോകുന്നതെന്നുള്ള കാര്യമാണ് അവർ മറന്നത്. ദരിദ്രരിൽ നിന്ന് സമ്പന്നരിലേക്ക് കോവിഡ് ബാധിക്കുന്ന കാഴ്ചയാണ് നാം പിന്നീട് കണ്ടത്. വീട്ടു ജോലിക്കാരും, ഡ്രൈവർമാരും, തേപ്പുകാരും മറ്റ് സഹായികളുമായി ഒരു വലിയ കൂട്ടം ആളുകളെ ആശ്രയിച്ചാണ് മധ്യ വർഗവും, വരേണ്യ വർഗവും ഇന്ത്യയിൽ ജീവിക്കുന്നതെന്നുള്ള കാര്യം സമ്പൂർണ ലോക്ക്ഡൗൺ അടിച്ചേൽപ്പിച്ചപ്പോൾ ഇന്ത്യൻ ഭരണ വർഗം മറന്നൂ.

22 ശതമാനം മാത്രമേ ഇന്ത്യയിൽ 'സാലറീഡ് ക്ലാസ്' ഉള്ളൂവെന്നാണ് ഇൻറ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ പറയുന്നത്. ബാക്കിയുള്ള 78 ശതമാനവും അസംഘടിത മേഖലയിലോ, കൃത്യമായുള്ള വരുമാനമില്ലാത്ത മേഖലകളിലോ പ്രവർത്തിക്കുന്നവരാണ്. അവരുടെ ഒക്കെ അന്നം മുട്ടിച്ചുകൊണ്ടായിരുന്നുവോ ലോക്ക്ഡൗൺ വരേണ്ടിയിരുന്നത്? ലോക്ക്ഡൗൺ തൊഴിലില്ലായ്‌മ മൂന്നിരട്ടിയാക്കി എന്നാണ് സെൻറ്റർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (CMIE) എന്ന സംഘടന പറയുന്നത്. അർബൻ മേഖലയിലുള്ള 30 ശതമാനം തൊഴിൽ ഇല്ലാത്തവരായി കഴിഞ്ഞെന്നും സി.എം.ഐ.ഇ. - യുടെ പഠനത്തിൽ പറയുന്നു. പാവപ്പെട്ടവരേയും പണക്കാരേയും ഒരുപോലെ സമ്പൂർണ ലോക്ക്ഡൗൺ ബുദ്ധിമുട്ടിച്ചു. ഐ.ടി. രംഗത്ത് പ്രവർത്തിച്ചിരുന്ന ഒരു യുവതി കേരളത്തിൽ തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. ഇത്തരം ആത്മഹത്യകൾ വരും ദിവസങ്ങളിൽ കൂടാനേ പോകുന്നുള്ളൂ. ചുരുക്കം പറഞ്ഞാൽ വീണ്ടുവിചാരമില്ലാതെ നടപ്പാക്കിയ ലോക്ക്ഡൗൺ കാരണം കൊറോണയെക്കാൾ തൊഴിലില്ലായ്മയും ദാരിദ്ര്യവും ആയിരിക്കും ആളുകളെ കൊല്ലുന്നത്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സ്ത്രീകളെയാണ് ഈ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുക എന്നാണ് തോന്നുന്നത്. റഷ്യയിലും ഇറാക്കിലും സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത് സ്ത്രീകളേയും കുടുംമ്പിനികളേയും ആയിരുന്നല്ലോ. ഇന്ത്യയിലെ തന്നെ സെക്സ് വർക്കേഴ്സിന് കോവിഡ് വന്നതിൽ പിന്നെ വരുമാനമില്ല. മുംബൈയിലൊക്കെ ലോവർ മിഡിൽ ക്ലാസ്സിൽ പെട്ട സ്ത്രീകൾ കുടുംബം പോറ്റാനായി ഈ തൊഴിലിലേക്ക് ഇറങ്ങിയിട്ടുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

ബി.ജെ.പി. കേറിയത്തിൽ പിന്നെ ഇപ്പോൾ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പോലും ജോലിക്ക് ഒരു ഗ്യാരണ്ടിയും ഇല്ലാ. ജോലിക്കും വരുമാനത്തിനും ഗ്യാരണ്ടി ഇല്ലാതാകുന്ന കാലമാണ് ഇന്ത്യയിൽ ഇപ്പോൾ ഉള്ളത്. ആർ.എസ്.എസ്സും, ബി.ജെ.പി.-യും തികഞ്ഞ ഏകാധിപത്യ ശൈലിയിൽ ആണ് ഇപ്പോൾ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. ആളുകൾ ഇപ്പോൾ സ്ഥാപനങ്ങളിൽ നിന്ന് പിരിച്ചുവിടുമെന്നുള്ള ഭീഷണിയിൽ ആണ്. 2019 ഡിസംബറിൽ രണ്ടു പേരെ ഇതെഴുതുന്ന ആൾക്ക് അറിയാവുന്ന ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. 'പെർഫോമൻസ് അസസ്‌മെൻറ്റ്' എന്നു പറഞ്ഞുകൊണ്ട് പല കേന്ദ്ര സർക്കാർ ജീവനക്കാർക്കും 'കമ്പൽസറി റിട്ടയർമെൻറ്റ്' കൊടുക്കുന്നുണ്ട് ഇപ്പോൾ. പണ്ട് കോൺഗ്രസ് ഭരിച്ചുകൊണ്ടിരുന്നപ്പോൾ അഴിമതിയും, പെണ്ണുപിടുത്തവുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഇത്തരത്തിൽ മനുഷ്യൻറ്റെ കഞ്ഞികുടി മുട്ടിക്കുന്ന പരിപാടി ഇല്ലായിരുന്നു.

ചെറുകിട കർഷകൻറ്റെ ഇന്നത്തെ പരിതാപകരമായ അവസ്ഥയാണ് കർഷക സമരത്തിന് കാരണം. ഒപ്പം ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മയും കർഷക സമരത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. 2019-ലെ ലേബർ റിപ്പോർട്ടിലൂടെ തെളിഞ്ഞത് 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ്. 2019-ൽ തന്നെ സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) 1.5 മില്യൺ ആളുകൾക്ക് അതല്ലെങ്കിൽ 15 ലക്ഷത്തോളം പേർക്ക് ഇന്ത്യയിൽ തൊഴിലുകൾ നഷ്ടപ്പെട്ടു എന്ന് കണ്ടെത്തിയിരുന്നു. പക്ഷെ ആ തൊഴിലില്ലായ്‌മ സൃഷ്ടിച്ച പ്രതിസന്ധി പുൽവാമ ബോംബ് സ്ഫോടനവും അതിനെ തുടർന്നുണ്ടായ ബാലക്കോട്ട് ആക്രമണവും കൊണ്ട് മറികടക്കാൻ കേന്ദ്ര സർക്കാരിനായി. രാജ്യസ്നേഹം ഒരു വല്ലാത്ത തലത്തിലേക്ക് ഉയർത്തി തൊഴിലില്ലായ്മ പോലത്തെ മനുഷ്യനെ ബാധിക്കുന്ന പ്രശ്നങ്ങളെയെല്ലാം ഒരു മൂലക്കിരുത്തുന്നതാണ് 2019-ലെ തിരഞ്ഞെടുപ്പിൽ നാം കണ്ടത്.

സത്യത്തിൽ 2019-ലെ തൊഴിലില്ലായ്മയുടെ യഥാർത്ഥ ചിത്രം ഭീതിദമായിരുന്നു. അമ്പതിനായിരം ഡിഗ്രിക്കാരും, ഇരുപത്തി എണ്ണായിരം ബിരുദാനന്തര ബിരുദ ധാരികളും, 3700 ഡോക്റ്ററേറ്റ് നേടിയവരും ഉത്തർ പ്രദേശ് പൊലീസിലെ 'മെസേഞ്ചർ' പോസ്റ്റിന് അപേക്ഷിച്ച വാർത്തയാണ് 2019-ലെ ന്യൂസിൽ ഒരിക്കൽ പുറത്തുവന്നത്. 2018 മാർച്ച് 30 - ലെ 'ഇന്ത്യ ടി. വി.' റിപ്പോർട്ട് പ്രകാരം റെയിൽവേയിലെ ഏതാണ്ട് ഒരു ലക്ഷം ജോലിക്ക് അപേക്ഷിച്ചിരിക്കുന്നത് 2.12 കോടി ആൾക്കാരാണ്. 2 കോടി 12 ലക്ഷം ജനം ജോലിക്ക് അപേക്ഷിക്കണം എന്നുവെച്ചാൽ അത്രയധികം തൊഴിലില്ലായ്മ ഇന്ത്യയിൽ ഉണ്ടായിരുന്നെന്നു സാരം. 2 കോടി 12 ലക്ഷം യുവാക്കക്കൾ ജോലിക്ക് എന്തിന് അപേക്ഷിക്കണം, കേവലം 62 പ്യൂൺ പോസ്റ്റിന് അമ്പതിനായിരം ഡിഗ്രിക്കാരും, ഇരുപത്തി എണ്ണായിരം ബിരുദാനന്തര ബിരുദ ധാരികളും, 3700 ഡോക്റ്ററേറ്റ് നേടിയവരും എന്തിന് അപേക്ഷിക്കണം - എന്നൊക്കെ ചോദിക്കുമ്പോഴാണ് നമ്മുടെ തൊഴിൽ മേഖലയിലെ പല ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും മനസിലാക്കേണ്ടത്.

ഇന്ന് നമ്മുടെ ജനസംഖ്യയിൽ 50 ശതമാനത്തിൽ കൂടുതൽ യുവാക്കൾ ആണുള്ളത്. നമ്മുടെ രാജ്യത്തെ യുവത്ത്വവുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റു പല വികസിത രാജ്യങ്ങളും പിന്നിലാണ്. ഇന്ത്യൻ ജനസംഖ്യയിലെ ഈ യുവത്ത്വത്തെയാണ് ഇംഗ്ളീഷിൽ 'ഡെമോഗ്രാഫിക് ഡിവിഡൻറ്റ്' എന്ന് പറയുന്നത്. ചൈനയിൽ പോലും ഇത്ര വലിയ ഒരു യുവജനങ്ങളുടെ നിര അവരുടെ ജനസംഖ്യയിൽ കാണിച്ചു തരാനില്ലാ. അവിടെ ജോലി ചെയ്യുന്ന ആളുകൾ പ്രായമായി വരുന്നത് കൊണ്ട് അടുത്ത 15-20 വർഷം ഇന്ത്യയുടെ വളർച്ചയെ സംബന്ധിച്ച് നിർണായകമാണ്. പക്ഷെ യുവതീ-യുവാക്കളുടെ ഈ കർമശേഷിയെ രാജ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്താൻ രാജ്യത്തെ നയിക്കാൻ ദീർഘ വീക്ഷണമുള്ളവർ ഉണ്ടാവണം. ഇന്ത്യക്ക് നിർഭാഗ്യവശാൽ അത്തരം നല്ല രാഷ്ട്ര ശിൽപികൾ ഇപ്പോൾ ഇല്ലാ. അതാണ് ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നവും. ഇപ്പോഴത്തെ കേന്ദ്ര സർക്കാർ ആണെങ്കിൽ നോട്ട് നിരോധനം, ജി.എസ്.ടി. - മുതലായ സെൽഫ് ഗോളുകൾ അടിച്ച് ഒള്ള തൊഴിലും കൂടി നഷ്ടപ്പെടുത്തി. 'ജോബ് ക്രീയേഷൻ' രംഗത്ത് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ വലിയ പരാജയമാണ്. ആ പരാജയം മൂടി വെക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ കുറച്ചു കാലമായി ചെയ്യുന്നത്. ഇന്ത്യയിൽ തൊഴിലിനെ കുറിച്ചുള്ള നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് 2018 ഡിസംബറിൽ പൂർത്തിയായതായിരുന്നു. പക്ഷെ 2019 ജനുവരി അവസാനിക്കാറായിട്ടും കേന്ദ്ര സർക്കാർ ആ റിപ്പോർട്ട് പുറത്തിറക്കിയില്ലാ. അതിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ ആക്റ്റിങ് ചെയർമാനും മലയാളിയുമായ പി.സി. മോഹനൻ രാജി വെച്ചതൊക്കെ ഓർമിച്ചാൽ മാത്രമേ ഇന്ത്യയുടെ തൊഴിൽ മേഖലയിലുള്ള പ്രതിസന്ധിയും, അതിനെ മൂടി വെക്കാനുള്ള കേന്ദ്ര സർക്കാറിൻറ്റെ ശ്രമങ്ങളും മനസിലാക്കാൻ സാധിക്കൂ.

ഇതെഴുതുന്ന ആൾ താമസിക്കുന്ന ഡൽഹിയിലെ ഫ്‌ളാറ്റിൽ താഴെയുള്ള ഒന്നാം നിലയിലുള്ള ആളിന് ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. അയാളുടെ ഭാര്യ ഇപ്പോൾ ജോലിക്ക് അപേക്ഷിക്കുകയാണ്. രണ്ട് കൊച്ചു കുട്ടികളെ വളർത്തണം; അപ്പോൾ ജോലിക്ക് അപേക്ഷിക്കാതിരിക്കാൻ പറ്റുമോ? രണ്ടു കാറും, രണ്ട് ടു വീലറും ഒക്കെയായി നല്ല നിലയിൽ കഴിഞ്ഞവർ ആയിരുന്നു ആ വീട്ടുകാർ. പക്ഷെ കോവിഡ് അവരുടെ സാമ്പത്തിക ഭദ്രത തെറ്റിച്ചിരിക്കയാണ്. കുറച്ചു നാൾ മുമ്പ് ഞങ്ങളുടെ ഫ്‌ളാറ്റ് ഏരിയയിൽ തന്നെയുള്ള ഒരാളുടെ മരുമകൾ വിഷം കുടിച്ചത് കേട്ടിരുന്നു. ഹോസ്പിറ്റലിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തതിനെ തുടർന്ന് പോലീസ് വിഷം കുടിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ വന്നപ്പോഴാണ് പലരും അറിഞ്ഞത്. ഇനിയിപ്പോൾ അങ്ങനെയുള്ള അനേകം വാർത്തകൾ കേൾക്കേണ്ടി വരും എന്നാണ് തോന്നുന്നത്.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 12:02:32 pm | 03-12-2023 CET