നാടോടികാറ്റും തൊഴിലില്ലായ്മയും

Avatar
Jayan Jose Thomas | 26-03-2021 | 4 minutes Read

നാടോടിക്കാറ്റ് എന്ന സിനിമയിലെ ദാസനെയും വിജയനേയും ഓർമ്മയില്ലേ ? മോഹൻലാലും ശ്രീനിവാസനും 1987-ഇൽ അവതരിപ്പിച്ച ആ കഥാപാത്രങ്ങൾ ഇന്നും മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ബി കോം ഫസ്റ്റ് ക്ലാസ്സിൽ പാസ്സായ ദാസനും പ്രീഡിഗ്രി വരെ പഠിച്ച വിജയനും തൊഴിൽരഹിതരാണ്. കഷ്ടപ്പാടുകൾക്കിടയിൽനിന്ന് നട്ടം തിരിയുമ്പോഴും ചിരിക്കുവാനും സ്വപ്‌നം കാണുവാനും അവർ മറക്കുന്നില്ല.

1970-കളിലും 1980-കളിലുമാണ് കേരളത്തിൽ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായിരുന്നത്‌. ജീവിതമാർഗ്ഗം തേടിയുള്ള ഓട്ടപാച്ചിലിൽ നാട്ടിൽനിന്നും അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും, ഗൾഫ് രാജ്യങ്ങളിലേക്കും ചേക്കേറുന്ന സമയം. ആ ഒരു കാലഘട്ടത്തിന്റെ പ്രയാസവും പ്രത്യാശയും, നർമ്മവും വിപ്ലവവുമെല്ലാം സിനിമയിലൂടെ അനശ്വരമാക്കിയതിനാലാണ് ദാസനും വിജയനും ഇപ്പോഴും നമുക്ക് പ്രിയങ്കരരാവുന്നത് .

850-1616766922-work-kerala

നാടോടിക്കാറ്റ് ഇറങ്ങിയ സമയം -- 1980-കളുടെ അവസാനം -- കേരളത്തിലെ സാമ്പത്തികവും സാമൂഹികവുമായ മണ്ഡലങ്ങളിൽ വലിയ മാറ്റങ്ങൾക്കു തുടക്കം കുറിച്ച ഒരു കാലയളവാണ്. 1987-88--ഇൽ ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യൻ ശരാശരിയേക്കാൾ 30 ശതമാനം പിന്നിലായിരുന്നു കേരളം. അതെ സമയം 1993-94 ആയപ്പോഴേക്കും ഇന്ത്യൻ ശരാശരിയേക്കാൾ 14 ശതമാനത്തിനും 2017-18-ഇൽ ഇന്ത്യൻ ശരാശരിയേക്കാൾ 60 ശതമാനത്തിനും മുന്നിലായി നമ്മുടെ സംസ്ഥാനം.

കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ഇന്ത്യൻ ശരാശരിയേക്കാൾ ഉയർന്നാണ് നിന്നിട്ടുള്ളത് എല്ലായ്പ്പോഴും. പക്ഷെ തൊഴിലില്ലായ്മയുടെ സ്വഭാവത്തിൽ കേരളവും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളും തമ്മിൽ വലിയ അന്തരമുണ്ട്. മറ്റു രാജ്യങ്ങളുമായി, പ്രത്യേകിച്ച് വികസിത രാജ്യങ്ങളുമായി, താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് താരതമ്യേന കുറവാണ്. കാരണം ഇതാണ്: തീർത്തും ദരിദ്രരായ ആളുകളെ സംബന്ധിച്ചിടത്തോളം തൊഴിൽ അന്വേഷിച്ചു നടക്കാനാവുക എന്നത് തന്നെ വലിയ കാര്യമാണ്. ജോലി ചെയ്തിട്ടും ദാരിദ്ര്യം അനുഭവിക്കേണ്ടിവരുന്നവർ നിരവധിയാണ് നമ്മുടെ രാജ്യത്ത്‌. അതിനാൽ വേതനം എത്ര കുറഞ്ഞാലും, ചൂഷണം ചെയ്യപെട്ടാലും ജോലി ചെയ്‌യാൻ നിര്ബന്ധിതരാവുന്ന ഹതഭാഗ്യരാണ് കൂടുതലും.

അതേ സമയം കേരളത്തിൽ, 1970-കൾ മുതൽ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ എന്ന പോലെ ദാരിദ്ര്യ നിർമാർജനത്തിന്റെ കാര്യത്തിലും പുരോഗമന പരമായ മാറ്റങ്ങള്‍ വന്നു. വേതനവും തൊഴിലിൽനിന്നും കിട്ടുന്ന അന്തസ്സും പ്രധാനം ആണ് കേരളത്തിലെ തൊഴിലാളികൾക്ക്. പ്രതീക്ഷിച്ച ജോലി കിട്ടാതെ തൊഴിൽരഹിതരാകേണ്ടി വരുന്നവർ പട്ടിണിയിലേക്കു വഴുതിവീഴുന്ന ഒരു അവസ്ഥയില്ല നമ്മുടെ സംസ്ഥാനത്ത് .

കേരളത്തിലെ തൊഴിലില്ലായ്മ യുടെ തീക്ഷണത 1990-കളുടെ തുടക്കത്തിൽ തന്നെ കുറഞ്ഞു തുടങ്ങിയിരുന്നു എന്ന് വേണം കരുതാൻ. പെട്ടെന്ന് ഓർമ വരുന്നത് മറ്റൊരു വലിയ ഹിറ്റ് സിനിമയുടെ കാര്യമാണ്: 1990-ഇൽ പുറത്തിറങ്ങിയ ‘ഇൻ ഹരിഹർ നഗർ’. ഇതിലെ നാലു യുവനായകന്മാരിൽ ഒരാൾക്ക് പോലും എന്തെങ്കിലും ജോലി ഉള്ളതായിട്ടു കാണുന്നില്ല. എങ്കിലും ഉപജീവനത്തെക്കുറിച്ചുള്ള ചിന്തകൾ ആ ചെറുപ്പക്കാരെ തീരെ അലട്ടുന്നേയില്ലായിരുന്നു. ‘ചെത്ത്’ സ്റ്റൈലിലുള്ള അവരുടെ ഷർട്ടുകളും മോടിയിലുള്ള റോന്ത്ചുറ്റലുകളും -- അന്ന് തൊടുപുഴയിൽ പ്രീഡിഗ്രിക്കാരാനായിരുന്ന എനിക്കും എന്റെ സുഹൃത്തുക്കൾക്കും അതെല്ലാം എത്ര കൗതുകകരമായിരുന്നുവെന്നോ?


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അതെ, തൊണ്ണൂറുകളില്‍ കേരളം മാറുകയായിരുന്നു -- സാവധാനത്തില്‍, ഉറച്ച കാൽവെയ്പുകളുമായി. ഈ മാറ്റങ്ങളുടെ ആധാരം ഇവയൊക്കെയായിരുന്നു: സാമ്പത്തികരംഗത്തുണ്ടായ ഉണർവ്, ഗൾഫിലുള്ള മലയാളികൾ നാട്ടിലെ അവരുടെ കുടുംബങ്ങളിലേക്കയച്ച പണം, പിന്നെ സംസ്ഥാന സർക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികളും. ഇതിനെല്ലാം പുറമെ, ആഗോളവത്ക്കരിക്കപ്പെടുന്ന ഇന്ത്യയിൽ, പുതുതായി തുറക്കപ്പെട്ട പല മേഖലകളിലും കേരളത്തിൽനിന്നുള്ള വിദ്യാസമ്പന്നനായ ചെറുപ്പക്കാർക്ക് അവസരങ്ങള്‍ കിട്ടി.

തിരുവനന്തപുരത്തുള്ള എഞ്ചിനീയറിംഗ് കോളേജിൽ 1991-ഇൽ ചെന്നെത്തുമ്പോൾ എവിടെയെങ്കിലും എതെങ്കിലുമൊരു ജോലി കിട്ടണമെന്നതിൽ കവിഞ്ഞു വലിയ ആഗ്രഹങ്ങൾ ഒന്നും എനിക്കില്ലായിരുന്നു. പക്ഷെ 1995-ഇൽ പഠനം തീർന്നപ്പോഴേക്കും കൂടുതൽ പ്രതീക്ഷകൾ ആവാമെന്നായി. കേരളത്തിൽ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിതമായിരിക്കുന്നു. ഐ ടി രംഗത്തുണ്ടായ വൻ അവസരങ്ങളുടെ തുടക്കകാലം. Y2K എന്ന ഓമനപ്പേരിൽ അറിയപ്പെട്ട പ്രശ്നത്തിന്റെ പരിഹാരത്തിനും മറ്റുമായി നാട്ടിൽനിന്നുമുള്ള നിരവധി ആളുകൾക്ക് തിരുവനന്തപുരത്തും, ബാംഗ്ലൂരും, അമേരിക്കയിലുമെല്ലാം നല്ല ജോലികൾ കിട്ടുന്ന സമയം.

അതേസമയം, 1990-കൾ മൂതൽ, തൊഴിലവസരങ്ങൾ കൂടുമ്പോഴും തൊഴിൽ ചെയ്യാൻ തയ്യാറുള്ള ആളുകളുടെ എണ്ണത്ത്തിൽ ഗണ്യമായ കുറവ് നേരിടുകയായിരുന്നു കേരളം. കേരളത്തിലെ തൊഴിലില്ലായ്മ യുടെ തീക്ഷണത കുറഞ്ഞു തുടങ്ങുവാനുള്ള പ്രധാന കാരണവും ഇത് തന്നെ. ഈ മാറ്റങ്ങളുടെയെല്ലാം പിന്നിലുള്ളത് കേരളത്തിലെ ജനസംഖ്യയുടെ ഘടനയിൽ വന്ന രൂപാന്തരങ്ങളാണ്. കഴിഞ്ഞ കുറെ ദശാബ്ദങ്ങൾ ആയിട്ട് കേരളത്തിൽ സാമൂഹ്യ രംഗത്തു -- പ്രത്യേകിച്ച് സ്ത്രീകളുടെ വിദ്യാഭാസത്തിലും ശാക്തീകരണത്തിലും -- ഉണ്ടായ പുരോഗതിക്കൊപ്പം ഗർഭധാരണ നിരക്കിലും (fertility rate) വലിയ കുറവുണ്ടായിട്ടുണ്ട് (2017 -ഇൽ കേരളത്തിലെ ഗർഭധാരണ നിരക്ക് 1.6 ആയിരുന്നപ്പോൾ ഇന്ത്യൻ ശരാശരി 2.2 -ഉം ബിഹാറിലേത് 3.2 -ഉം ആയിരുന്നു). ഇത്തരം മാറ്റങ്ങളുടെ ഫലമായി ജോലി പ്രായക്കാരായ, അതായതു 15 മുതൽ 59 വയസ്സ് വരെ പ്രായമുള്ള ജനവിഭാഗത്തിന്റെ (working age population) എണ്ണത്തിലും വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി.

1970-കളിൽ (അതായത്, 1971-മുതൽ 1981 വരെയുള്ള 10 വർഷങ്ങളിൽ) 15 മുതൽ 59 വയസ്സ് വരെ പ്രായമുള്ള ആളുകളുടെ എണ്ണത്തിൽ 31 ലക്ഷത്തിന്റെ വർദ്ധനവ് ഉണ്ടായി കേരളത്തിൽ. 1980-കളിലും സ്ഥിതി അങ്ങനെ തന്നെ തുടർന്നു: 32 ലക്ഷത്തിന്റെ വർദ്ധനവ് ആണ് ഈ ദശകത്തിൽ ഉണ്ടായത്. തൊഴിൽ കമ്പോളത്തിൽ പ്രവേശിക്കുവാൻ സാധ്യതയുള്ള ആളുകളുടെ എണ്ണം ഇത്രയേറെ കൂടുകയും പുതിയ തൊഴിലവസരങ്ങൾ അതേ നിരക്കിൽ സൃഷ്ടിക്കപ്പെടാതിരിക്കുകയും ചെയ്‌തപ്പോഴാണ്‌ കേരളത്തിലെ തൊഴിലില്ലായ്മ കുതിച്ചുയർന്നത് .

അതേ സമയം 1990-കൾ തൊട്ടു ജോലി പ്രായക്കാരായ ആളുകളുടെ എണ്ണത്തിൽ കേരളത്തിലുള്ള വളർച്ച ഗണ്യമായി കുറയാൻ തുടങ്ങി. 1991-നും 2001-നും ഇടക്ക് 15 മുതൽ 59 വയസ്സ് വരെ പ്രായമുള്ള ആളുകളുടെ എണ്ണത്തിൽ സംസ്ഥാനത്തിലുണ്ടായ വർദ്ധനവ് 24 ലക്ഷമേയുണ്ടായിരുന്നുള്ളു. 2001-നും 2011-നും ഇടക്ക് ഈ വർദ്ധനവ് വീണ്ടും കുറഞ്ഞു -- 12 ലക്ഷത്തിലേക്ക്.
സെൻസസ് ഓഫ് ഇന്ത്യയുടെ ഇതുവരെയുള്ള ഡാറ്റ വച്ച് 2021-ലെയും 2031-ലെയും ജനസംഖ്യയുടെ പ്രക്ഷേപണം നടത്താനാവും. ഇനിയുള്ള വർഷങ്ങളിൽ കേരളത്തിൽ ജോലി പ്രായക്കാരായ ആളുകളുടെ എണ്ണത്തിലുള്ള വളർച്ച വളരെയധികം മുരടിക്കും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അടുത്ത പത്തു വർഷങ്ങളിൽ, അതായത് 2021-നും 2031-നും ഇടക്ക്, കേരളത്തിലെ 15 മുതൽ 59 വയസ്സ് വരെ പ്രായമുള്ള ആളുകളുടെ എണ്ണത്തിൽ വ്യക്തമായ കുറവ് ഉണ്ടാകുമെന്നാണ് ഈ പഠനം കാണിക്കുന്നത് .

അങ്ങനെയെങ്കിൽ കേരളത്തിലെ തൊഴിൽ-സാമൂഹിക രംഗങ്ങളിൽ വലിയ മാറ്റങ്ങൾ ഇനിയും കാണാൻ ഇരിക്കുന്നതേയുള്ളൂ . തൊഴിലാളികളുടെ ദൗർലഭ്യം സംസ്ഥാനത്തു പല മേഖലകളിലും ഇപ്പോൾ തന്നെ അനുഭവപ്പെടുന്നുണ്ട് . പ്രത്യേകിച്ച് ദേഹാധ്വാനം അധികം ആവശ്യമുള്ള ജോലികൾക്കായി മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളെയാണ് കൂടുതലും ആശ്രയിക്കുന്നത് .

അതേ സമയം, കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും പഠിച്ചിറങ്ങുന്ന ചെറുപ്പക്കാരിൽ ഒരു നല്ല പങ്കിനും ഈ നാട്ടിൽ നിന്ന് തന്നെ ജോലി ചെയ്‌യുവാനുള്ള അവസരങ്ങൾ സൃഷ്ടി ക്കേണ്ടിയിരിക്കുന്നു. അവരുടെ അറിവും, വൈദഗ്ദ്ധ്യവും, ലോകപരിചയവുമെല്ലാം നന്നായി ഉപയോഗപ്പെടുത്തുന്ന ജോലികളിൽ. അതിനായി നൂതന സാങ്കേതിക വിദ്യകളിൽ ഊന്നിയ, വിജ്ഞാന വിപ്ലവത്തിന്റെ അനന്ത സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഒരു പുതിയ സമ്പദ്‌വ്യവസ്ഥ കേരളത്തിൽ പടുത്തുയർത്തണം. 2021 - മെയ് മാസത്തിൽ കേരളം ഭരിക്കുവാൻ എത്തുന്ന പുതിയ ഗവണ്മെന്റിനെ കാത്തിരിക്കുന്ന സുപ്രധാന വെല്ലുവിളിയാണിത് .


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Jayan Jose Thomas

Works at Indian Institute of Technology Delhi and Kerala State Planning Board - » FaceBook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 04:09:41 am | 29-05-2022 CEST