സർക്കാർ ആർക്ക് വേണ്ടി ? പെൻഷൻ എന്തിന് ? ആർക്ക് ?

Avatar
ജെ എസ് അടൂർ | 18-08-2020 | 4 minutes Read

കേരളം മാനവ വികസന സൂചികയിൽ ഒന്നാമതാണ് എന്ന് അഭിമാനിക്കുന്നവരാണ് മിക്കവാറും മലയാളികൾ. നീതി ആയോഗ് കഴിഞ്ഞ വർഷത്തെ സുസ്ഥിര വികസന ഇൻഡക്സിൽ കേരളം ഒന്നാമത് തന്നെയാണ് .

കേരളം എങ്ങനെയാണ് ഒന്നാമതായത്?

ഞാൻ പഠിച്ചത് വീടിനടുത്തുള്ള സർക്കാർ പ്രൈമറി സ്‌കൂളിൽ. പിന്നെ എൻ എസ് എസ് യു പി സ്‌കൂളിൽ. അത് കഴിഞ്ഞു കടമ്പനാട്ടുള്ള എയ്ഡഡ് ഹൈ സ്കൂളിൽ . ബി എസ് സി വരെ പഠിച്ചത് എയ്ഡഡ് കോളേജ് ആയ ശാസ്താംകോട്ട ഡി ബി കോളേജിൽ.

എനിക്ക് ഇത്രയും എഴുതാനും വായിക്കുവാനും കേരളത്തിനും, ഇന്ത്യക്കും വെളിയിൽപോയി പഠിക്കാനും സാധിച്ചത് സർക്കാർ ശമ്പളം കൊടുത്തു സർക്കാർ സ്ക്കൂളുകളിലും കോളേജിലും അധ്യാപകരെ നിയമിച്ചത് കൊണ്ടാണ്.

കേരളത്തിലെ ഗ്രാമങ്ങളിൽ പോലും സ്‌കൂളും കോളേജുമുണ്ടായത് കൊണ്ടാണ് പഠിച്ചു യൂ എന്നിലും ആഗോള അന്താരാഷ്ട്ര സംഘടനകളിലും നേതൃത സ്ഥാനങ്ങളിൽ ജോലി ചെയ്യാൻ പ്രാപ്‌തിയുണ്ടാക്കിയത്. സത്യത്തിൽ കേരളത്തിലെ ലോക്കൽ വിദ്യഭ്യാസമാണ് ആഗോള തലത്തിൽ ലോകമെങ്ങും പോയി ജോലി ചെയ്യുവാൻ പ്രാപ്‌തമാക്കിയത്.

കേരളത്തിൽ നിന്ന് ഇൻഡയുടെ വിവിധ ഭാഗങ്ങളിലും ലോകത്തിന്റ അറ്റത്തോളം മലയാളിക്കു പോയി ജോലി ചെയ്യാൻ പ്രാപ്‌തിയുണ്ടായത് സൗജന്യ പൊതു വിദ്യാഭ്യാസംവും പൊതു ജനാരോഗ്യ സംവിധാനവുംമുണ്ടായത് കൊണ്ടാണ്

കേരളത്തിൽ സർക്കാർ ജീവനക്കാരിൽ ഏറ്റവും കൂടുതൽ അധ്യാപകരാണ്. കേരളത്തിൽ പൊതു വിദ്യാഭ്യാസം സൗജന്യമാണ് . അത് കൊണ്ടാണ് കേരളത്തിൽ നിന്ന് ഏതാണ്ട് 50 ലക്ഷത്തോളം ആളുകൾ ഇന്ത്യയുടെയും ലോകത്തിന്റ അറ്റത്തോളം പോയി ജോലി ചെയ്യുന്നത് എന്നു മറക്കരുത്.

കേരളത്തിൽ പൊതു ജനാരോഗ്യ വകുപ്പിൽ അടിസ്ഥാന തലം എല്ലാം തലത്തിലും ആരോഗ്യ പരിപാലന സംവിധാനമുണ്ട്. കേരളത്തിൽ ശിശു മരണ നിരക്കും മാതൃ മരണ നിരക്കും ജനപെരുപ്പവും കുറഞ്ഞത് കേരളത്തിൽ അടിസ്ഥാന തലത്തിൽ വരെ ആരോഗ്യ പരിപാലന സംവിധാനമുണ്ടെന്നെതിനാലാണ്

കേരളത്തിൽ അങ്ങനെയുള്ള ആരോഗ്യ സംവിധാനം ഇല്ലായിരുന്നു എങ്കിൽ ഇവിടെ എഴുതുവാൻ പലരും അഞ്ചു വയസ്സ് പോലും ജീവിച്ചിരിക്കില്ല. കേരളത്തിൽ അധ്യാപകർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ളത് ആരോഗ്യ പരിപാലന രംഗത്താണ്.

ഇന്ന് കേരളത്തിൽ കോവിഡ് പ്രതിരോധത്തിൽ രാപ്പാകൽ പണി ചെയ്യുന്നത് ആരോഗ്യ പ്രവർത്തകാരാണ് . കേരളത്തിൽ ഏതാണ്ട് 27000 ആശ വർക്കേഴ്‌സാണ് കോവിഡ് കാലത്തു എല്ലാ ക്വരെന്റിന് വീട്ടിലും വിളിച്ചു സുഖ അന്വേഷണം നടത്തിയത് .

കേരളത്തിൽ ഏതെങ്കിലും വാഹന അപകടം ഉണ്ടായാൽ അല്ലെങ്കിൽ പ്രളയം ഉണ്ടായാൽ, മലയിടിഞ്ഞാൽ ആദ്യം എത്തുന്നത് കേരളത്തിലെ പൊലീസാണ്. പൊരി വെയിലത്തു വെയിലു കൊണ്ടും പേരു മഴയത്തു മഴ നനഞ്ഞും ട്രാഫിക് കാക്കുന്ന പോലീസ്കാരെ നോക്കിയിട്ടുണ്ടോ? പോലീസിനെ ഞാൻ ഉൾപ്പെടെ എല്ലാവരും വിമർശിക്കും. എന്നാൽ പോലീസ് ഇല്ലാത്ത കേരളത്തെ ഒന്നു ഓർത്തു നോക്കൂ

തീ പിടിച്ചാൽ ഫയർ ഫോഴ്‌സ് വരുന്നതും രോഗമുണ്ടായാൽ ആംബുലൻസ് വരുന്നതും, കറണ്ട് പോയാൽ ലൈൻമാൻ വരുന്നതും സർക്കാർ ജീവനക്കാരുള്ളത് കൊണ്ടാണ് എന്ന് മറക്കരുത്. സാധാരണ ആളുകൾക്ക് അധികം പൈസ കൊടുക്കാതെ കേരളമൊട്ടുക്കു യാത്ര ചെയ്യാനൊക്കുന്നത് ആന വണ്ടിയെന്ന് പുച്ഛിക്കുന്ന കെ എസ് ആർ ടി സി ഉണ്ടായത് കൊണ്ടാണ്

കേരളത്തിൽ ഏതാണ്ട് 65% സർക്കാർ ജോലിക്കാർ അധ്യാപരും ആരോഗ്യ പ്രവർത്തകരും പോലീസും ഫയർ ഫോഴ്‌സുമൊക്കെയാണ് . അതായത് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി സദാ സമയവും ജോലി ചെയ്യുന്നവർ..

ഇന്നലെ സാധാരണ ജനങ്ങൾക്ക് സർക്കാർ ജീവനക്കാരോടുള്ള കലിപ്പിനെ കുറിച്ചു എഴുതി. എന്നാൽ അതിനു ഒരു മറുപുറമുണ്ട് എന്നത് എന്നും ഓർക്കണം

കേരളത്തിലെ ജനങ്ങളെ സേവിക്കാൻ മുപ്പത്തി അഞ്ചു കൊല്ലം ജോലി ചെയ്തവർക്ക് പെൻഷൻ കിട്ടുന്നത് വലിയ അപരാധമാണോ? അമ്മയുടെ കൂടെ ജോലി ചെയ്തവർ പലരും പട്ടിണി ഇല്ലാതെ ജീവിക്കുന്നത് പെൻഷൻ കൊണ്ടാണ്.എന്നെ പഠിപ്പിച്ച അധ്യാപകർ മുപ്പത്തി അഞ്ചു കൊല്ലം അധ്യാപക വൃത്തി ചെയ്തിട്ട് വയസ്സ് കാലത്തു അവർക്കു പെൻഷൻ കിട്ടുന്നത് അപരാധമാണോ?


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മുപ്പതും മുപ്പത്തി അഞ്ചും കൊല്ലം പണി ചെയ്ത് അവരുടെ ജോലി വിഹിതത്തിന്റ പെൻഷൻ വെട്ടി കുറച്ചു എല്ലാവർക്കും ഒരു പോലെ ' സോഷ്യലിസ്റ്റ് പെൻഷൻ 'കൊടുക്കാൻ പറയുന്നത് ഏത് കോത്താഴത്തെ ന്യായമാണ്?

എന്റെ അമ്മ ആയുസ്സിൽ ഉണ്ടാക്കിയ സേവിങ്ങിൽ കൂടുതൽ ഒരൊറ്റ മാസം കൊണ്ടു ശമ്പളം വാങ്ങിയ എനിക്കും സർക്കാർ പെൻഷൻ വേണം എന്നു പറയുന്നത് ന്യായമാണോ?

പക്ഷേ എന്നെപോലെയുള്ളവർ കേരളത്തിൽ ഒരു ശതമാനം പോലും ഇല്ല എന്നതാണ് നേര്

എന്താണ് പ്രശ്നം?

കേരളത്തിൽ അസമാനത വർധിച്ചു. കോവിഡ് കാലത്തു കേരളത്തിലെ ഏതാണ്ട് അമ്പത് ശതമാനത്തിൽ അധികം സാമ്പത്തിക ബുദ്ധി മുട്ടിലാണ്. ഗൾഫിൽ നിന്നും മറ്റു ദേശങ്ങളിൽ നിന്നും ജോലിയും ശമ്പളവും ഇല്ലാതെ വരുന്നവർ വല്ലാത്ത ആശങ്കയിലാണ്.

അതിൽ തന്നെ ഭൂരിപക്ഷം പേർക്ക് സേവിങ് കമ്മിയും കടം കൂടുതലുമാണ് . വ്യപാരി വ്യവസായികളുടെയും സ്വയം തൊഴിൽ ചെയ്യുന്നവരുടെയും പേഴ്‌സ് കാലിയാണ്. പ്രായമാകുമ്പോൾ എന്താകും എന്ന ചിന്ത എല്ലാവരെയും അലട്ടുന്നുണ്ട്.

അവരോട് സർക്കാർ മുക്കാലെ മുച്ചൂടും ശമ്പളവും പെൻഷനും കൊടുത്തു നമ്മുടെ നികുതി പണം ചിലവാക്കുകയാണ് . കുറെ സർക്കാർ ജീവനക്കാർക്ക് ശമ്പളവും കിമ്പളവും കൊണ്ടു സുഖിച്ചു ജീവിക്കുന്നു എന്ന പൊതു ധാരണകൾ വച്ചു കൊണ്ടാണ് നമ്മൾ കൊടുക്കുന്ന നികുതിയിൽ നിന്ന് എല്ലവർക്കും പെൻഷൻ കൊടുക്കണം എന്ന വാദത്തിന് സ്വീകാര്യത കിട്ടുന്നത്. ആ ധാരണ തെറ്റിധാരണയാണ് എന്നതാണ് വസ്തുത

പെൻഷൻ ആവശ്യമായ ഒരു സോഷ്യൽ സെക്യൂരിറ്റി അധവാ സാമൂഹിക സുരക്ഷയാണ്. കേരളത്തിൽ പ്രായം ഉള്ളവരുടെ സംഖ്യ കൂടുകയാണ് . കേരളത്തിൽ ഏറ്റവും കൂടുതൽ ദാരിദ്രവും രോഗവസ്ഥയും നേരിടുന്നത് പ്രായമുള്ളവരാണ് .

അടിസ്ഥാന തലത്തിൽ സാധാരക്കാരോടൊത്താണ് ഇപ്പോൾ ഞാൻ ജീവിക്കുന്നത്. പ്രളയ സമയത്തും ഇപ്പോൾ കോവിഡ് സമയത്തും ഏറ്റവും ദുരിതം അനുഭവിക്കുന്നവരോട് കൂടിയാണ് . പ്രളയ സമയത്തു 25000 കുടുമ്പങ്ങളോടൊത്തും ഇപ്പോൾ ഏതാണ്ട് 750 കുടുമ്പങ്ങൾക്കും സഹായം കൊടുത്തു. അത്കൊണ്ടു നേരിട്ട് അറിയാവുന്നതാണു കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന പ്രായമുള്ളവരുടെ അവസ്ഥ .

കേരളത്തിലെ ഇപ്പോഴത്തെ സാമൂഹിക സുരക്ഷ പെൻഷൻ അവർക്കു ജീവിക്കാൻ പര്യപ്‌തമല്ല എന്നത് നേരിട്ട് അറിയാം.

അത് പോലെ കോവിഡ് കാലത്തു പൊതുവേ മധ്യവർഗം എന്ന് വിചാരിക്കുന്ന പലരും അനുദിന ചിലവുകൾ ബാങ്കുകളിൽ നിന്ന് സ്വർണ്ണം വച്ചും അല്ലാതെയുള്ള ബാങ്ക് കടം വാങ്ങിയാണ് ജീവിക്കുന്നത്. ഇതു അനുദിനം നേരിൽ കാണുന്നതാണ് . രോഗാവസ്ഥയിൽ സഹായം തേടി വരുന്നവരുടെ എണ്ണം കൂടുകയാണ്.

സർവര്ത്രിക സാമൂഹിക സുരക്ഷ പെൻഷൻ എന്ന ആശയത്തോട് എതിരല്ല. കേരളത്തിൽ ഒക്കെ ഇതു വരുന്നതിന് എത്രെയോ മുമ്പേ ദേശീയ തലത്തിൽ പെൻഷൻ പരിഷത്ത് ഉണ്ട്. അരുണ റോയ് ഉൾപ്പെടെയുള്ളവരാണ് നേതൃത്വം കൊടുക്കുന്നത്. ഞാൻ ഉൾപ്പെടെയുള്ളവർ സ്ഥാപിച്ച സെന്റർ ഫോർ ബജറ്റ് ആൻഡ് ഗവണൻസ് അകൗണ്ടബിലിറ്റിയാണ് അതിന്റ സാമ്പത്തിക വശം തയ്യാറാക്കുന്നത്.

പക്ഷേ എല്ലാവർക്കും തുല്യ പെൻഷൻ എന്നൊക്കെ കേൾക്കുമ്പോൾ സുഖമുണ്ടെങ്കിലും അത് പ്രവർത്തിക മാക്കണമെങ്കിൽ എല്ലാവർക്കും തുല്യ വേതനം വേണം. അതൊക്ക കേൾക്കാൻ സുഖമുള്ള സോഷ്യലിസ്റ്റ് ആശയങ്ങളാണെങ്കിലും അങ്ങനെയുള്ള സൂത്രങ്ങൾ നടത്തിയാൽ പഴയ പല സോഷ്യലിസ്റ്റ് രാജ്യങ്ങളെ പോലേ കുത്തു പാളഎടുക്കും.

#ജെ എസ് അടൂർ

തുടരും
സർക്കാർ എന്താണ് ചെയ്യേണ്ടത്?


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 12:29:35 pm | 03-12-2023 CET