കൈവിട്ടു പോകുന്ന ( സ്ത്രീകളുടെ ) അവകാശങ്ങൾ ..

Avatar
Neeraja Janaki | 25-05-2020 | 4 minutes Read

1985 ൽ കനേഡിയൻ എഴുത്തുകാരിയായ മാർഗരറ്റ് ആറ്റ്‌വുഡ് രചിച്ച നോവലാണ്, The Handmaid's Tale. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഈ പുസ്തകം വീണ്ടും വളരെ വായിക്കപ്പെട്ടു, ചർച്ചാ വിഷയമായി.

respect women
Photo Credit : » @samanthasophia

നിങ്ങളിൽ ഈ പുസ്തകം വായിക്കാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും വായിച്ചിരിക്കണം. അമേരിക്കയിലെ ജനാധിപത്യ ഭരണം അവസാനിപ്പിച്ച് അട്ടിമറിയിലൂടെ പുതിയൊരു ഭരണസംവിധാനം ഉണ്ടാകുന്നതിനെയും അവിടെ സ്ത്രീകളുടെ മിക്കവാറും അവകാശങ്ങൾ ഹനിക്കപ്പെടുന്നതിനെയും കുറിച്ചാണ് പുസ്തകം പ്രതിപാദിക്കുന്നത്. വായിക്കാനും പഠിക്കാനുമുള്ള അവസരങ്ങളും, സ്വത്തവകാശവും, പണം കൈകാര്യം ചെയ്യാനുള്ള അവസരവും സ്ത്രീകൾക്ക് നിഷിദ്ധമാകുന്നു. സ്വന്തം പ്രത്യുല്പാദനത്തിലുള്ള അവകാശങ്ങൾ പോലും സർക്കാർ ഏറ്റെടുക്കുന്നു, എപ്പോൾ, ആരുടെ എത്ര കുട്ടികൾ ഉണ്ടാകണെമെന്നത് പോലും സർക്കാർ തീരുമാനിക്കുന്ന കാലം വരുന്നു.

പല തലങ്ങളിൽ വായിക്കാവുന്ന ഒരു പുസ്തകമാണിത്. എഴുതിയ കാലത്ത് തമാശയും ഫാന്റസിയും ഒക്കെയായി കണ്ടിരുന്ന ഈ പുസ്തകം ഇന്നിപ്പോൾ ആളുകൾ വായിക്കുന്നത് കൂടുതൽ യാഥാർഥ്യബോധത്തോടെയും പേടിയോടെയും ആണ്.

കൊറോണക്കാലത്ത് ഈ പുസ്തകത്തിന്റെ പുനർവായന നമ്മളെ വീണ്ടും ചിന്തിപ്പിക്കുകയും നിരാശയിലാക്കുകയും ചെയ്യും.

ഒരു വൈറസ് എന്ന നിലയിൽ കൊറോണ കൂടുതൽ പുരുഷന്മാരെയാണ് കൊല്ലുന്നതെന്ന് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കണക്കുകൾ പറയുന്നുണ്ട്. പക്ഷെ ലോക്ക് ഡൗണിന്റെ കാര്യത്തിൽ കാര്യങ്ങൾ അങ്ങനെയല്ല. തൊഴിലുള്ളവരും, തൊഴിലില്ലാത്തവരും, വിദ്യാർത്ഥികളും, വീട്ടമ്മമാരും അടങ്ങിയ ഏതൊരു സാഹചര്യത്തിലുള്ള സ്ത്രീകളോ പെൺകുട്ടികളോ ആകട്ടെ അവരെ ലോക്ക് ഡൌൺ കൂടുതൽ മോശമായാണ് ബാധിക്കുന്നത് എന്നാണ് സൂചനകൾ. ഇത് കുടുംബത്തിനുള്ളിലെ അക്രമങ്ങൾ മുതൽ വിവാഹമോചന ആവശ്യങ്ങളുടെ എണ്ണത്തിൽ വരെ വർദ്ധനയുണ്ടാക്കുന്നു എന്നാണ് വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ. പലയിടങ്ങളിലും ഇത് മുന്നിൽക്കണ്ട് സർക്കാർ തന്നെ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കുടുംബത്തിൽ അക്രമമോ മാനസിക ആരോഗ്യ പ്രശ്നങ്ങളോ നേരിടുന്നവർക്ക് വിളിക്കാനായി പ്രത്യേകം സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

വ്യക്തിപരമായി അനവധി റിപ്പോർട്ടുകൾ കേരളത്തിൽ നിന്നും മലയാളി കുടുംബങ്ങളുള്ള മറ്റു നാടുകളിൽ നിന്നും വരുന്നുണ്ട്. പക്ഷെ കേരളത്തിൽ നിന്നും ശാസ്ത്രീയമായ പഠനങ്ങൾ ഒന്നും ഇതുവരെ കണ്ടില്ല. ഇതിന് മൂന്ന് കാരണങ്ങൾ ഉണ്ട്.

1. അച്ഛനും അമ്മയും മക്കളും കൊച്ചുമക്കളും ഒക്കെയായി നമ്മുടെ കുടുംബങ്ങൾ ‘സന്തുഷ്ടമാണ്’. നമ്മുടെ കുടുംബത്തിൽ മാത്രമാണ് എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളത്, മറ്റുള്ള കുടുംബങ്ങൾ ഒക്കെ കുറച്ചു ‘കൂടുതൽ സന്തുഷ്ടമാണ്’ എന്ന് നമുക്കറിയാം. ഇക്കാര്യത്തിൽ എന്തെങ്കിലും സംശയം നമുക്ക് തോന്നുന്പോൾ ആളുകൾ മുൻപിലത്തെ വരികൾ ഒരിക്കൽ കൂടി വായിച്ചു ഹൃദിസ്ഥമാക്കി ‘നല്ല പെൺകുട്ടികൾ’ ആയും ‘നല്ല വീട്ടമ്മമാരായും’ തുടരുന്നു.

2. വിവാഹിതരായി ‘സന്തുഷ്ട കുടുംബമായി' ജീവിക്കുന്നതിനാണ് ആളുകൾ മുൻഗണന നൽകുന്നത്. അതുകൊണ്ടു തന്നെ കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അവഗണിക്കാൻ ശ്രമിക്കുന്നു. അങ്ങനെ അവഗണിച്ചു ജീവിക്കാൻ പറ്റിയ എത്രയോ ഉപദേശങ്ങളും കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭ്യമാണ്. ആവശ്യമുണ്ടെങ്കിൽ ഇത്തരം ഉദാഹരണങ്ങൾ മനഃശാസ്ത്രജ്ഞരിൽ നിന്നും പോലീസ് സ്റ്റേഷനുകളിൽ നിന്നും ലഭ്യമാണ്.

3. മാനസിക ആരോഗ്യ പ്രശ്നങ്ങളെ നമ്മൾ പൊതുവെ, ഈ വീട്ടിൽ കയറ്റാറില്ല, അങ്ങനെ വന്നാൽ അതിനൊന്നും പ്രൊഫഷണൽ സഹായം തേടാറുമില്ല".

മലയാളികൾ പക്ഷെ മനുഷ്യരിൽ നിന്നും വേറിട്ട ജന്തുക്കൾ ഒന്നുമല്ല. മറ്റിടത്തൊക്കെ ഉള്ള പ്രശ്നങ്ങൾ ഇവിടെയും ഉണ്ടാകുന്നുണ്ട്. അത് അംഗീകരിക്കാൻ സമ്മതിക്കാതെ, പലപ്പോഴും അത് മനസ്സിലാക്കാതെ, അതിനോട് വേണ്ട സമയത്ത് എതിർപ്പ് പ്രകടിപ്പിക്കാതെ നമ്മൾ കാര്യങ്ങൾ വഷളാക്കുകയാണ്. കുടുംബങ്ങളിലെ സന്തോഷത്തിനും കുട്ടികളുടെ സുരക്ഷിതത്വത്തിനും കുറവ് വരുത്തുകയാണ്.

എന്നാൽ ഞങ്ങളുടെ അറിവിൽ വരുന്ന ചില പ്രശ്നങ്ങൾ പറയാം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

1. ഭർത്താവും ഭാര്യയും ജോലി ചെയ്യുന്ന കുടുംബങ്ങളിൽ അവർ രണ്ടുപേരും വീട്ടിൽ ഇരുന്ന് ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ സ്ത്രീകൾ എല്ലാ ഗാർഹിക ഉത്തവാദിത്തങ്ങളും നിറവേറ്റിയതിന് ശേഷം ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടാകുന്നു.

2. വിവാഹത്തിന് ശേഷവും അച്ഛനമ്മമാരുടെ കൂടെ താമസിക്കുക എന്ന ഒട്ടും ശരിയല്ലാത്ത ഒരു സംവിധാനം കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടല്ലോ. ഇത്തരം വീടുകളിൽ ഭർത്താവിന്റെ വീട്ടിലാണ് ലോക്ക് ഡൌൺ കാലത്ത് പെട്ടുപോയതെങ്കിൽ വർക്ക് ഫ്രം ഹോം ചെയ്യുന്ന സ്ത്രീകളുടെ കാര്യം കൂടുതൽ കുഴപ്പമായി.

'അമ്മയും അച്ഛനും വീട്ടുജോലി ജോലി എടുക്കുന്ന സാഹചര്യത്തിൽ ലാപ്പ് ടോപ്പും പിടിച്ചിരിക്കുന്നതിൽ മകന് ഒട്ടും ബുദ്ധിമുട്ടില്ല, അങ്ങനെ ചെയ്യുന്നതിൽ അവരുടെ മാതാപിതാക്കൾക്കും. പക്ഷെ ഇതേ കാര്യം മരുമകൾ ചെയ്യുന്പോൾ കാര്യം വ്യത്യസ്തമാണ്. മറുത്ത് ഒന്നും പറയാത്ത ഇൻലോസ് ഉള്ള വീടുകളിൽ പോലും സ്ത്രീകൾക്ക് അത് കുറ്റബോധം ഉണ്ടാക്കുന്നു.

3. വീട്ടിലെ ഹോം ഓഫീസ് റിയൽ എസ്റ്റേറ്റ് വിഭജനം മുതൽ ബാൻഡ്‌വിഡ്ത് ഉപയോഗം വരെയുള്ള കാര്യങ്ങളിൽ ഭർത്താവിന്റെയും കുട്ടികളുടെയും ആവശ്യങ്ങൾ കഴിഞ്ഞാണ് തൊഴിലെടുക്കുന്ന അമ്മമാരുടെ സ്ഥാനം.

4. മുൻപ് തൊഴിലെടുത്തുകൊണ്ടിരുന്നവരും കൊറോണക്കാലത്ത് ലോക്ക് ഡൌൺ മൂലം തൊഴിൽ നഷ്ടപ്പെടുകയോ വർക്ക് ഫ്രം ഹോം ചെയ്യാൻ പറ്റാതിരിക്കുകയോ ചെയ്യുന്ന സ്ത്രീകളിൽ മാനസിക സംഘർഷം കൂടുതലാണ്. കുറച്ചു സമയമെങ്കിലും വീടിന് പുറത്തിറിങ്ങി മറ്റുളളവരുമായി സംസാരിക്കാനും ഇടപഴകാനുമുള്ള അവസരം ഉണ്ടായിരുന്നത് നഷ്ടപ്പെട്ടതിന്റെ പ്രശ്നം ഒരു വശത്ത്, തൊഴിൽ ചെയ്യാതിരിക്കുന്പോൾ ഉണ്ടാകുന്ന ആത്മവിശ്വാസത്തിന്റെ നഷ്ടം മറുവശത്ത്. ഈ പ്രശ്നങ്ങൾ പുരുഷന്മാരിലും ഉണ്ടെന്നാലും ഈ കാര്യങ്ങളെ കൂടുതൽ സ്വാതന്ത്ര്യത്തോടെ നേരിടാൻ അവർക്ക് കഴിയുന്നുണ്ട് (കൂട്ടുകാരോട് ഒരു മണിക്കൂർ സൂമിൽ ചായ് പേ ചർച്ച നടത്തിയാൽ അവരെ ആരും കുറ്റം പറയുന്നില്ല).

പ്രശ്നങ്ങൾ വേറെയും ഏറെ ഉണ്ട്. പ്രശ്നങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. കൊറോണക്കാലം സ്ത്രീകളുടെ അവകാശങ്ങളിലും താല്പര്യങ്ങളിലും ഒരുപാട് നഷ്ടങ്ങൾ വരുത്തുന്നുണ്ട് എന്ന് ലോകത്തെന്പാടുനിന്നും റിപ്പോർട്ടുകളുണ്ട്. നൂറ്റി അൻപത് കോടി തൊഴിലുകളാണ് ലോകത്ത് ഏതെങ്കിലും രീതിയിൽ ബാധിക്കപ്പെട്ടിരിക്കുന്നത്. കൊറോണക്കാലം കഴിഞ്ഞു തൊഴിലുകൾ തിരിച്ചുവരുന്പോൾ അവിടെ സ്ത്രീകൾ വീണ്ടും പിന്തള്ളപ്പെടും എന്നും റിപ്പോർട്ടുകളുണ്ട്.

ഈ വിഷയങ്ങളെല്ലാം സമൂഹം ചിന്തിക്കേണ്ട സമയമായി. അവകാശങ്ങളുടെ നഷ്ടങ്ങൾക്ക് എതിരായ യുദ്ധം വീടുകളിലും തൊഴിലിടത്തിലും നടത്തിയേ പറ്റൂ. ഈ ലോക്ക് ഡൌൺ കാലത്തേക്ക് വേണ്ടിയല്ലേ എന്ന് കരുതി കോംപ്രമൈസുകൾ നടത്തിയാൽ പോയത്ര വേഗത്തിൽ അവസരങ്ങളും അവകാശങ്ങളും തിരിച്ചുവരില്ല എന്നോർക്കണം. കൊറോണ കുറച്ചു നാളുകൾ കൂടി ഇവിടെത്തന്നെ ഉണ്ടാകുമെന്ന് കരുതപ്പെടുന്നതുകൊണ്ട് അവകാശ സംരക്ഷണ യുദ്ധങ്ങൾ ഇപ്പോഴേ തുടങ്ങിക്കോളൂ. അതുകൊണ്ട്

“നാളെ നേതാക്കളായി മാറേണ്ട നിങ്ങൾക്ക് കാലം അമാന്തിച്ചു പോയില്ല” എന്നോർക്കുക.

"എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ, എല്ലാം നമ്മൾ പഠിക്കേണം

തയ്യാറാകണമിപ്പോൾ തന്നെ, ആജ്ഞാശക്തിയായി മാറീടാം"

# ചിന്തിക്കുന്നകാലം , നീരജ ജാനകി , മുരളി തുമ്മാരുകുടി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 05:01:42 am | 17-04-2024 CEST