സ്ത്രീ യാഥാസ്ഥിതിക സമൂഹത്തിൽ സംരക്ഷിക്കപ്പെടേണ്ട സ്വകാര്യ സ്വത്ത് മാത്രമാണ്; ഈ മൂല്യബോധത്തിനെതിരെ സ്ത്രീകളിൽ നിന്ന് തന്നെയാണ് വിമർശനം ഉയരേണ്ടത്

Avatar
വെള്ളാശേരി ജോസഫ് | 12-04-2021 | 4 minutes Read

പൊതുവേ സ്ത്രീകളെ സ്വകാര്യ സ്വത്തായി കണ്ട് സംരക്ഷിക്കുന്ന പ്രവണതയാണ് എല്ലാ യാഥാസ്ഥിതിക സമൂഹങ്ങളിലും ഉള്ളത്. സംഘ പരിവാറുകാരും ഇസ്ലാമിസ്റ്റുകളും ഈ മൂല്യബോധത്തിൻറ്റെ തടവുകാരാണ്. ആധുനിക സമൂഹങ്ങളിൽ പുലരേണ്ട വ്യക്തി സ്വാതന്ത്ര്യം ഈ രണ്ടു കൂട്ടർക്കും അന്യമാണ്. ഫ്യുഡൽ മൂല്യങ്ങൾ പുലരുന്ന സമൂഹത്തിൽ മതം കൂടി ചേരുമ്പോൾ അത് ഒരു വല്ലാത്ത 'കോക്ടെയിൽ' ആയി മാറും. ഉത്തരേന്ത്യയിലും പാക്കിസ്ഥാനിലിമുള്ള ദുരഭിമാന കൊലകളും, അഫ്ഗാനിസ്ഥാനിലും ഇറാനിലും ഉള്ള കല്ലെറിഞ്ഞു കൊല്ലലും ഒക്കെ അങ്ങനെ സംഭവിക്കുന്നതാണ്.

സ്വന്തം മതത്തെ കുറിച്ച് കൂടെ കൂടെ പറയുമെങ്കിലും സംഘ പരിവാറുകാർക്കും ഇസ്ലാമിസ്റ്റുകൾക്കും അവരുടെ മത സമൂഹങ്ങളിൽ നിലനിന്നിരുന്ന സ്ത്രീ സ്വാതന്ത്ര്യത്തേയും, ലൈംഗിക സ്വാതന്ത്ര്യത്തേയും കുറിച്ച് ഒന്നുമറിയില്ലെന്നുള്ളതാണ് വസ്തുത. "പാരസിക സ്ത്രൈണ സൗന്ദര്യത്തിൻറ്റെ കലവറയാണ് ഹറൂൺ അൽ റഷീദിന്റെ കൊട്ടാരം" എന്നൊക്കെയുള്ള ഇഷ്ടം പോലെ സൗന്ദര്യ വർണനകൾ 'ആയിരത്തൊന്ന് അറേബ്യൻ രാവുകളിൽ' ഉണ്ട്. വധുവായ ഷെഹറസേദ് സുൽത്താന് പറഞ്ഞുകൊടുക്കുന്ന കഥകളുടെ രീതിയിൽ ആണല്ലോ 'ആയിരത്തൊന്ന് അറേബ്യൻ രാവുകൾ' ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആ കഥകളിൽ ഇഷ്ടം പോലെ സൗന്ദര്യ വർണനകളും ലൈംഗിക വർണനകളും ഉണ്ട്. ആർക്കും വായിച്ചു നോക്കാവുന്നതാണ്.

പേർഷ്യനും മുഗളനും താർത്താരിയും ഒക്കെ ഇന്ത്യയിൽ വന്നപ്പോൾ ആ പേർഷ്യൻ സംസ്കാരവും ആയിട്ടാണ് വന്നത്. ഉത്തരേന്ത്യൻ ഭക്ഷണം, വസ്ത്രം, പാർപ്പിട നിർമാണം, ഡാൻസ്, മ്യൂസിക് - ഇവയിലെല്ലാം ആ പേർഷ്യൻ സാംസ്‌കാരത്തിന്റെ സ്വാധീനം കാണാം. ഉത്തരേന്ത്യയിൽ നിന്ന് ഇപ്പോഴാണെങ്കിൽ ആ സ്വാധീനം ഇന്ത്യ മുഴുവൻ ഉണ്ട്. ഹവേലികൾ, കഥക് ഡാൻസ്, സൂഫി സംഗീതം, തന്തൂർ പാചകം - ഇവയൊക്കെ അങ്ങനെ ഉണ്ടായതാണ്.

മീനാകുമാരി, മധുബാല, രേഖ - മുതലായ അനേകം നടിമാർ പേർഷ്യൻ സ്വാധീന ശൈലിയിലുള്ള മനോഹര നൃത്തങ്ങൾ എഴുപതുകളിലും എൺപതുകളിലും ഉള്ള ഹിന്ദി ചിത്രങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്. മിക്ക നൃത്ത രംഗങ്ങളും സുൽത്താൻമാരുടേയും നവാബുമാരുടേയും രാജ സദസിലോ, പ്രഭുക്കന്മാരുടെ കൊട്ടാരത്തിലോ ചെയ്യുന്ന രീതിയിലാണ് അവതരിക്കപ്പെട്ടിട്ടുള്ളത്.

പഴയ നവാബുമാരുടേയും സുൽത്താന്മാരുടേയും പിൻതലമുറക്കാരായ ഒരു മുസ്‌ലീം വരേണ്യ വർഗം ഇന്നും ഇന്ത്യയിൽ ഉണ്ട്. പേർഷ്യൻ ശൈലിയും ഹിന്ദുസ്ഥാനി ശൈലിയും ഒന്നിക്കുന്ന കലാപ്രകടനങ്ങൾ ഇന്ത്യയിലെ ആ മുസ്‌ലീം വരേണ്യ വർഗം പ്രോത്സാഹിപ്പിച്ചു. 'പക്കീസാ' എന്ന ഹിന്ദി ചിത്രത്തിൽ മീനാകുമാരിയുടെ സുന്ദരൻ കഥക്ക് ശൈലിയിലുള്ള ഡാൻസ് പെർഫോമൻസ് അതിലൊന്നാണ്. മീനാകുമാരിയടക്കം മൂന്ന് കഥക്ക് നർത്തകിമാരുടെ നൃത്തം ഹിന്ദി സിനിമയിലെ ഏറ്റവും മനോഹരമായ ദൃശ്യ വിരുന്നുകളിലൊന്നാണ്. 'ചൽതേ ചൽതേ' എന്ന ആ ഗാനവും ഡാൻസ് പെർഫോമൻസും ലക്‌നോവിലെ നവാബുമാരുടെ ഹവേലികളുടെ ബാക്ക്ഗ്രൗണ്ടിലാണ് അവതരിപ്പിച്ചിട്ടുള്ളത്. "ഇനി ലോഗോം നേ ലിയ ദുപ്പട്ടാ മേരാ" എന്ന മറ്റൊരു ഗാനരംഗവും മീനാകുമാരിയുടേതായിട്ടുണ്ട് 'പക്കീസയിൽ'. ലതാ മങ്കേഷ്കറുടേതാണ് 1972 - ൽ പുറത്തിറങ്ങിയ 'പക്കീസ' - യിലെ പ്രസിദ്ധമായ ആ ഗാനങ്ങൾ. 'പക്കീസാ', 'ഉംറാവോ ജാൻ', ' മുഗൾ ഇ ആസം' - ഈ സിനിമകളൊക്കെ പണ്ടത്തെ ഭരണ വർഗത്തിൻറ്റേയും, ഫ്യുഡൽ എലീറ്റ് ബാക്ക്ഗ്രൗണ്ടിൽ നിന്ന് വരുന്നവരുടേയും കഥകളാണ്. 1960-കളിലും, 70-കളിലും, 80-കളിലും ഇത്തരത്തിലുള്ള ദൃശ്യ സംഗീത വിരുന്നുകൾ ഹിന്ദി സിനിമകളിൽ വരാറുണ്ടായിരുന്നു.

പഴയ നവാബുമാരുടേയും സുൽത്താന്മാരുടേയും പിന്മുറക്കാരായ മുസ്‌ലീം വരേണ്യ വർഗത്തിൻറ്റെ കഥകളാണ് 1960-കളിലും, 70-കളിലും, 80-കളിലും പുറത്തുവന്ന പല ഹിന്ദി സിനിമകളും. ലക്നൗ, ഭോപ്പാൽ, ഡൽഹി പോലുള്ള നഗരങ്ങളിൽ കഥക്കും, കലാപ്രകടനങ്ങളുമായി വളരെ 'സൊഫിസ്റ്റിക്കേറ്റഡ്' ആയി ജീവിച്ചവരാണ് ആ മുസ്‌ലീം വരേണ്യ വർഗം. മുഗൾ പാരമ്പര്യം പേറുന്ന ഡൽഹിയിലെ 'കരീം' റെസ്റ്റോറൻറ്റൊക്കെ ആ പഴയ പേർഷ്യൻ വരേണ്യതയുടെ ഇന്നുമുള്ള സിംബൽ ആണ്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ചുരുക്കം പറഞ്ഞാൽ മുസ്‌ലീം പാരമ്പര്യത്തിൽ ഡാൻസിനോ, പാട്ടിനോ, വിഭവസമൃദ്ധമായ ഭക്ഷണത്തിനോ ഇവിടെ ഒരു വിലക്കും നേരിട്ടിരുന്നില്ല എന്ന് പറയാം. സ്ത്രീകളുടെ വേഷം ശരീരം മറക്കുമ്പോൾ പോലും വർണ വൈവിദ്ധ്യങ്ങൾ നിറഞ്ഞതായിരുന്നു. ശരീരം മൊത്തത്തിൽ മറക്കുന്ന രീതിയിലുള്ള ഉടുപ്പും സ്കേർട്ടും അണിയുമ്പോഴും ചിത്രനൂലുകൾ കൊണ്ട് ഒരു വർണ ശബളിമ സൃഷ്ടിക്കുന്ന രീതിയിലായിരുന്നു പല മുസ്‌ലീം പെൺകുട്ടികളുടേയും വേഷം. ഇന്നും ആ വർണാഭമായ വേഷവിധാനങ്ങൾ പുരാതന ഡൽഹിയിലെ പാരമ്പര്യ മുസ്‌ലീം സമൂഹത്തിലെ പെൺകുട്ടികൾ പിന്തുടരുന്നത് ഇതെഴുതുന്ന ആൾ നേരിട്ട് കണ്ടിട്ടുണ്ട്. സുഗന്ധ ദ്രവ്യങ്ങൾക്കും അത്തറിനും ഒക്കെ പണ്ടേ പേരുകേട്ടതായിരുന്നല്ലോ മുഗൾ കൊട്ടാരങ്ങളും മറ്റ് സുൽത്താൻമാരുടെ വസതികളും ഒക്കെ. മുഗൾ രാഞ്ജി നൂർജഹാൻ തന്നെ റോസാ പുഷ്പങ്ങളിൽ നിന്ന് ഒരു സുഗന്ധദ്രവ്യം ഉണ്ടാക്കിയതായി ചരിത്ര പുസ്തകങ്ങളിൽ പറയുന്നും ഉണ്ടല്ലോ.

ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് ഇറാനിലും, താലിബാൻറ്റെ വരവിന് മുമ്പ് അഫ്ഗാനിസ്ഥാനിലും പേർഷ്യൻ സംസ്കാരത്തിൽ ഊന്നിയിരുന്ന സ്ത്രീ സ്വാതന്ത്ര്യവും, ലൈംഗിക സ്വാതന്ത്ര്യവും കുറേയൊക്കെ പുലർന്നിരുന്നു. മത മൗലിക വാദികൾ ഭരണത്തിലേറി കഴിഞ്ഞാണ് അഫ്ഗാനിസ്ഥാനിലൊക്കെ പ്രശ്നങ്ങൾ തുടങ്ങുന്നത്. മുജാഹിദിനുകൾ അഫ്ഗാനിസ്ഥാനിൽ കടന്നപ്പോൾ അവിടെ സ്കേർട്ട് ധരിച്ചിരുന്ന സ്ത്രീകളുടെ കാൽ വെട്ടി പ്രദർശിപ്പിക്കുക വരെ ഉണ്ടായി. ഇറാനിൽ നിന്ന് സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലുന്ന സിനിമ പ്രദർശിപ്പിക്കുക വഴി ഇറാനിലെ അയൊത്തൊള്ള ഖൊമേനിയുടെ ഇസ്ലാമിക സർക്കാരിനെ പലരും വിമർശിക്കുക ഉണ്ടായി. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല; സ്ത്രീകളെ സ്വകാര്യ സ്വത്തായി കാണുന്നവർ മത മൗലിക വാദത്തിലൂടെയും, ഫ്യുഡൽ മൂല്യങ്ങളിലൂടെയും അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് കടിഞ്ഞാൺ ഇടും.

ഇപ്പോൾ മെഡിക്കൽ വിദ്യാർത്ഥികളുടെ ഡാൻസിനെ വിമർശിക്കുന്ന സംഘ പരിവാറുകാരും മത മൗലിക വാദത്തിലൂടെയും, ഫ്യുഡൽ മൂല്യങ്ങളിലൂടെയും സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് കടിഞ്ഞാൺ ഇടാൻ നടക്കുന്നവർ തന്നെയാണ്. സ്ത്രീ അവരെ സംബന്ധിച്ചിടത്തോളം സംരക്ഷിക്കപ്പെടേണ്ട സ്വകാര്യ സ്വത്ത് മാത്രമാണ്. ഈ മൂല്യബോധത്തിനെതിരെ സ്ത്രീകളിൽ നിന്ന് തന്നെയാണ് വിമർശനം ഉയരേണ്ടത്. വസിഷ്ഠ പത്നിയായ അരുന്ധതി, അനസൂയ, ലോപമുദ്ര, പുലോമ, സുകന്യ, ഗാർഗി, മൈത്രേയി - ഇങ്ങനെ പുരാതന ഭാരതത്തിൽ മഹനീയരായി കരുതപ്പെട്ടിരുന്ന എത്ര സ്ത്രീകളെ കുറിച്ച് സംഘ പരിവാറുകാർക്ക് അറിയാം?

പുരാതന ഭാരതത്തിൽ ഇന്ന് കാണുന്നത് പോലെ ലൈംഗികതയെ കുറിച്ച് പാപബോധമില്ലായിരുന്നു. സെക്സ് എല്ലാ അർത്ഥത്തിലും 'ലിബറേറ്റിംഗ്' ആണെന്നാണ് ബ്രഹ്മചാരിയായ ഓം സ്വാമി തൻറ്റെ ആത്മ കഥയായ ‘If Truth be Told: A Monk’s Memoir’ - ൽ പറയുന്നത്. ആ സെക്സിനെ ക്ഷേത്ര കലകളിൽ പ്രകീർത്തിച്ചതും അതു കൊണ്ടു തന്നെയായിരുന്നു. ഇനി സ്ത്രീകളുടെ സമൂഹത്തിൽ ഉള്ള പങ്ക്‌ നോക്കുകയാണെങ്കിൽ, പുരാതന ഗ്രീസിലും, വേദ കാലത്തും സ്ത്രീ പുരോഹിതകൾ ഉണ്ടായിരുന്നു. ഇന്ത്യയിലാണെങ്കിൽ അർത്ഥ നാരീശ്വര സങ്കൽപം ആണ് പണ്ട് മുതലേ ഉള്ള ശിവ സങ്കൽപം. ലോപ മുദ്ര, മീര, ഗാർഗി, മൈത്രേയി - ഇങ്ങനെ ഒള്ള അനേകം സ്ത്രീകൾക്ക്‌ പുരാതന ഭാരതത്തിൽ ഉന്നതമായ ദൈവിക അനുഭവം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യയിൽ ഏറ്റവും ഉന്നതമായ ദൈവാനുഭവം സിദ്ധിച്ച ഒരാളായിരുന്നു ബെന്ഗാളിൽ നിന്നുള്ള ശ്രീ ആനന്ദമയി. മാതൃ ദേവതാ സങ്കൽപ്പങ്ങൾ ഇവിടെ ഇഷ്ടം പോലെ ഉണ്ട്. ഇന്നും ആസാമിലെ കാമാഖ്യ ക്ഷേത്രത്തിൽ ദേവിയുടെ 'മെൻസസ്' വലിയ ഉത്സവമാണ്. 52 ശക്തി പീഠങ്ങളിൽ ഒന്നാണ് ആസാമിലെ കാമാഖ്യ ക്ഷേത്രം. കേരളത്തിൽ തന്നെ, ദേവിയുടെ രക്തം എന്ന രീതിയിൽ ആർതവ രക്തം പുരണ്ട തുണിയെ വന്ദിക്കുന്നതിനെ കുറിച്ച് 'സാഹിത്യ വാരഫലം' എഴുതിയിരുന്ന പ്രൊഫസർ എം. കൃഷ്ണൻ നായർ വിവരിക്കുന്നുണ്ട്. ഇതെല്ലാം കാണിക്കുന്നത് ലൈംഗികതയെ സംബന്ധിച്ച് ഇന്ത്യൻ പാരമ്പര്യത്തിൽ പാപബോധം ഇല്ലന്നല്ലേ? സ്ത്രീക്ക് ഉന്നതമായ പദവി പാരമ്പര്യ സമൂഹത്തിൽ ഉള്ളത് കൊണ്ടല്ലേ സ്ത്രീയുടെ, അല്ലെങ്കിൽ ദേവിയുടെ ആർത്തവം ആഘോഷിക്കപ്പെടുന്നത്? ഇതെല്ലാം കാണിക്കുന്നത് പൗരാണിക ഇന്ത്യയിൽ സ്ത്രീക്ക് ഉന്നതമായ പദവി ഉണ്ടായിരുന്നു എന്നതാണ്. മധ്യ കാലത്ത് ആ സ്ഥാനം നഷ്ടപ്പെട്ടു. ഇന്ത്യയുടെ അധഃപതനവും അവിടെ തുടങ്ങുന്നു.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 05:25:24 am | 17-04-2024 CEST