നിങ്ങളിൽ എത്ര പേർ ക്രഡിറ്റ് സ്കോർ സ്ഥിരമായി പരിശോധിക്കാറുണ്ട്? എത്രപേർക്ക് അതിനെക്കുറിച്ച് അറിവുണ്ട്? ക്രഡിറ്റ് സ്കോർ എങ്ങിനെയൊക്കെ കുറയുന്നു, എങ്ങിനെയൊക്കെ കൂടുന്നു.

Avatar
സുജിത് കുമാർ | 03-04-2024 | 7 minutes Read

1025-1712172877-how-the-credit-score-goes-down-and-how-it-increases-by-sujith-kumar

ഗസറ്റഡ് പോസ്റ്റിൽ ജോലി ചെയ്യുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥ. അവർ വീട് പണിയാനായി ലോണിന് അപേക്ഷിക്കാൻ നോക്കുമ്പോൾ ആണ് ബാങ്കിൽ നിന്ന് പറയുന്നത് ‘മാഡത്തിന്റെ ക്രഡിറ്റ് സ്കോർ വളരെ കുറവാണല്ലോ’ ലോൺ കിട്ടാൻ പ്രയാസമാണ്, പലിശയും കൂടും എന്ന്. അവർ അന്ന് ആദ്യമായാണ് ഇങ്ങനെ ഒന്നിനെ കുറിച്ച് കേൾക്കുന്നത് തന്നെ. നല്ല ശമ്പളവും മറ്റ് തിരിച്ചടയ്കാനായി ലോണുകൾ ഒന്നും ഇല്ലാതിരുന്നിട്ടും അവരുടെ ക്രഡിറ്റ് സ്കോർ എങ്ങിനെ താഴ്ന്ന് പോയി എന്ന് പരിശോധിക്കാനായി റിപ്പോർട്ട് എടുത്തപ്പോൾ ആണ് അറിഞ്ഞത് അവർ ഒരിക്കൽ പോലും ഉപയോഗിക്കാത്ത ക്രഡിറ്റ് കാർഡ് ആയിരുന്നു വില്ലൻ എന്ന്. ഓഫീസിൽ വന്ന എസ് ബി ഐ ക്രഡിറ്റ് കാർഡ് മാർക്കറ്റിംഗ് എക്സിക്യുട്ടീവ് അവരുടെ ഓഫീസിലുള്ള കുറേ പേരെ മോഹന വാഗ്ദാനങ്ങൾ നൽകി തലയിൽ വച്ച് കൊടുത്ത ക്രഡിറ്റ് കാർഡ് ആണ്. പ്രത്യേകിച്ച് വാർഷിക ചാർജുകൾ ഒന്നുമില്ല, എല്ലാം സൗജന്യമാണ്, കാഷ് ബാക്ക് കിട്ടും എന്നൊക്കെ കേട്ട് എടുത്തവർ ആണ് എല്ലാവരും. പക്ഷേ നിശ്ചിത തുക വർഷത്തിൽ കാർഡ് വഴി ചെലവാക്കിയാൽ മാത്രമേ വാർഷിക ചാർജ് ഒഴിവാക്കിക്കിട്ടൂ എന്ന കാര്യം ഇവർക്ക് അറിയില്ലായിരുന്നു. ക്രഡിറ്റ് കാർഡ് ആക്റ്റിവേറ്റ് ചെയ്തതിനു ശേഷം ഒരിക്കൽ പോലും അതിന്റെ കവറിൽ നിന്ന് പുറത്തെടുക്കാത്തവർക്ക് വാർഷിക ചാർജ് അടയ്കാൻ പറഞ്ഞ് മെസേജുകൾ വന്നിരുന്നെങ്കിലും ‘സൗജന്യമാണല്ലോ എന്തിന് ഉപയോഗിക്കാത്ത കാർഡിന് പണമടയ്കണം?’ എന്ന് കരുതി അതൊക്കെ അവഗണിച്ചു. അടുത്ത വർഷവും ഇതേ മെസേജുകൾ വന്നുകൊണ്ടിരുന്നു. അപ്പൊൾ അടയ്കേണ്ട തുക പലിശ സഹിതം കൂടിയ കാര്യമൊക്കെ മെസേജിൽ ഉണ്ടായിരുന്നു. അതും അവഗണിച്ചു. പിന്നീടും മെസേജുകൾ വരാൻ തുടങ്ങിയപ്പോൾ എന്നാൽ പിന്നെ ഈ കാർഡ് അങ്ങ് ക്യാൻസൽ ചെയ്യാമെന്ന് കരുതി കസ്റ്റമർ കെയറിലേക്ക് വിളിച്ചു. ഒന്നമർത്തൽ, രണ്ടമർത്തൽ, തുടങ്ങിയ കലാപരിപാടികൾ അല്ലാതെ കാർഡ് കാൻസൽ ചെയ്യിക്കാനായി ഫോൺ വഴി പല പണികൾ ചെയ്ത് നോക്കിയെങ്കിലും നടന്നില്ല. എന്നാൽ പിന്നെ കാർഡ് എസ് ബി ഐയുടേതല്ലേ അക്കൗണ്ട് ഉള്ള ബ്രാഞ്ചിൽ പോയി മാനേജരെ കണ്ടാൽ കാര്യം നടക്കുമല്ലോ എന്ന് കരുതി അവിടെയും പോയിരുന്നു. പേരിൽ മാത്രമേ എസ് ബി ഐ ഉള്ളൂ ഞങ്ങളും അവരും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് പറഞ്ഞ് മാനേജരും കയ്യൊഴിഞ്ഞു. അവസാനം വേറൊരു എസ് ബി ഐ ക്രഡിറ്റ് കാർഡ് എക്സിക്യുട്ടീവിന്റെ സഹായത്തോടെ ഒരിക്കലും ഉപയോഗിക്കാത്ത കാർഡിന്റെ രണ്ട് മൂന്നു വർഷത്തെ മെയ്ന്റനൻസ് ചാർജും അതിന്റെ കൊള്ളപ്പലിശയും പലിശയുടെ പലിശയുമൊക്കെ ആയി ഒരു സംഖ്യ അടച്ചതിനു ശേഷം ആണ് കാർഡ് കാൻസൽ ആക്കിക്കിട്ടിയത്. അതോടെ പ്രശ്നം തീർന്നു എന്നു കരുതിയോ ? ഇങ്ങനെ ക്രഡിറ്റ് കാർഡ് ഡ്യൂ ആയതിന്റെ പേരിൽ ആണ് അവരുടെ ക്രഡിറ്റ് സ്കോർ കുറഞ്ഞ് ലോൺ കിട്ടാതാകുന്ന അവസ്ഥയിലേക്ക് എത്തിയത്. ഇതേ അവസ്ഥ ഉള്ള ധാരാളം അഭ്യസ്ഥ വിദ്യരും അതേ സമയം സാമ്പത്തിക സാക്ഷരത ഇല്ലാത്തവരും നമ്മുടെ നാട്ടിൽ ധാരാളമുണ്ട്.

നിങ്ങളിൽ എത്ര പേർ ക്രഡിറ്റ് സ്കോർ സ്ഥിരമായി പരിശോധിക്കാറുണ്ട്? എത്രപേർക്ക് അതിനെക്കുറിച്ച് അറിവുണ്ട്? ക്രഡിറ്റ് സ്കോർ എങ്ങിനെയൊക്കെ കുറയുന്നു, എങ്ങിനെയൊക്കെ കൂടുന്നു. കുറഞ്ഞാൽ എന്താണ് പ്രശ്നം കൂടുതലായാൽ എന്താണ് ഗുണം എന്നൊക്കെയുള്ള കാര്യങ്ങൾ അറിയാവുന്ന അഭ്യസ്ഥ വിദ്യരായ, സാമ്പത്തിക സാക്ഷരതയുള്ളവർ തന്നെ വളരെ കുറവായ നമ്മുടെ നാട്ടിൽ ഇതിനെക്കുറിച്ചൊന്നും കേട്ട് കേൾവി പോലുമില്ലാത്ത സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ.

എല്ലാ ബാങ്കുകളും ഒരാൾ ലോണിന് അർഹനാണോ എന്ന് പരിശോധിക്കാൻ ഉപയോഗിക്കുന്ന അളവുകോൽ ആണ് ക്രഡിറ്റ് സ്കോറുകൾ. ഇത്തരത്തിൽ വ്യക്തികളെ ലോൺ തിരിച്ചടവ് ശേഷിയുടെയും സാമ്പത്തിക അച്ചടക്കത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ അവർക്ക് റേറ്റിംഗ് കൊടുക്കുന്ന വിവിധ സ്വതന്ത്ര ഏജൻസികൾ ഉണ്ട്. ഇന്ത്യയിൽ നാലു ഏജൻസികൾ ആണ് ഇത്തരത്തിൽ ക്രഡിറ്റ് സ്കോറുകൾ നൽകുന്നത് TransUnion CIBIL, Experian, Equifax, and CRIF High Mark ഇവയെല്ലാം റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്വതന്ത്ര സ്ഥാപനങ്ങൾ ആണ്. എല്ലാ ബാങ്കിംഗ് നോൺ ബാങ്കിംഗ് സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളും ഈ ക്രഡിറ്റ് ബ്യൂറോകൾക്ക് അവരുടെ വിവരങ്ങൾ കൈമാറുന്നു. പാൻ ആണ് ഇടപാടുകളുടെ എല്ലാം പൊതുവായ കണ്ണി ആയി ഉപയോഗപ്പെടുത്തുന്നത്. ഈ കമ്പനികൾക്കെല്ലാം ക്രഡിറ്റ് സ്കോർ തയ്യാറാക്കാൻ അവരുടേതായ അൽഗോരിതങ്ങൾ ഉണ്ട്. ഏതെല്ലാം കാര്യങ്ങൾ എങ്ങിനെ എല്ലാം ക്രഡിറ്റ് സ്കോറിനെ ബാധിക്കുന്നു എന്നതെല്ലാം ഓരോ ഏജൻസിക്കും വ്യത്യാസമുണ്ടെങ്കിലും പൊതുവായി പറഞ്ഞാൽ വായ്പയെടുത്ത് സമയത്തിനു തിരിച്ചടയ്കാതിരിക്കുക എന്നതാണ് ക്രഡിറ്റ് സ്കോർ താഴാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകം. ആർക്കെല്ലാം ലോൺ കൊടുത്താൽ തിരികെ കിട്ടും എന്ന് മുൻ ധാരണ കിട്ടാൻ ബാങ്കുകളെയും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളെയും സഹായിക്കുന്നതായതിനാൽ ക്രഡിറ്റ് സ്കോറുകൾക്ക് വലിയ പ്രാധാന്യമാണുള്ളത്. വിവിധ ക്രഡിറ്റ് ബ്യൂറോകളിൽ ഏറ്റവും പഴയത് ആയ സിബിൽ നൽകുന്ന സ്കോർ ആണ് പ്രമുഖ ബാങ്കുകൾ എല്ലാം ലോൺ നൽകുന്നതിനായി മാനദണ്ഡമായി കണക്കാക്കുന്നത്. ഇത്തരത്തിൽ ക്രഡിറ്റ് സ്കോർ സേവനങ്ങൾ നൽകുന്നതിനായി ഈ ഏജൻസികൾ നിശ്ചിത വരിസംഖ്യ ഈടാക്കുന്നുണ്ട്. വ്യക്തികൾക്ക് വരിസംഖ്യ അടച്ച് അവരുടെ ക്രഡിറ്റ് സ്കോർ അറിയാവുന്നതാണ്. സിബിൽ സ്കോറിന്റെ കാര്യം പറയുകയാണെങ്കിൽ 600 ൽ താഴെ very low, 600-649 DIFFICULT , 650-699 possible, 700-749 good, 750-900 Excellent എന്നിങ്ങനെ ആണ് കണക്കാക്കുന്നത്. ഇതിൽ ക്രഡിറ്റ് സ്കോർ 700 ലും താഴെ ഒക്കെ ആണെങ്കിൽ നിങ്ങൾക്ക് പ്രധാനപ്പെട്ട ബാങ്കുകളിൽ നിന്ന് ലോൺ കിട്ടൂന്ന കാര്യമേ സംശയമാണ്. ആ സാഹചര്യത്തിൽ ക്രഡിറ്റ് സ്കോറിനു പ്രാധാന്യം നൽകാത്ത സ്വകാര്യ ബാങ്കുകളെയും സഹകരണ ബാങ്കുകളെയുമെല്ലാം സമീപിക്കേണ്ടി വരും. ഫലമോ ഉയർന്ന പലിശനിരക്കിന്റെ ബാദ്ധ്യതയും. ഇനി ക്രഡിറ്റ് സ്കോർ 750 നും 800നും ഒക്കെ മുകളിൽ ആണെങ്കിൽ പലിശ നിരക്കിൽ കുറവുകളും ലഭിക്കാറുണ്ട്.

? നിങ്ങളുടെ ക്രഡിറ്റ് സ്കോർ മോശമാണെങ്കിൽ ബാങ്ക് മാനേജർ സ്വന്തക്കാരൻ ആണെങ്കിൽ കൂടി ലോൺ അനുവദിക്കാൻ കഴിയണമെന്നില്ല. എങ്ങിനെ എല്ലാം ആണ് ക്രഡിറ്റ് സ്കോർ താഴെ പോകുന്നത് ?

--വായ്പ എടുത്ത് സമയത്തിനു തിരിച്ചടയ്കാതിരിക്കുക. ഓരോ അടവും മുടങ്ങുന്നതിനനുസരിച്ച് സ്കോർ താഴ്ന്നുകൊണ്ടേ ഇരിക്കും.
--ക്രഡിറ്റ് കാർഡ് ഉള്ളവർ അതിന്റെ പേയ്മെന്റ് സമയത്തിനു അടയ്കുന്നതിൽ വീഴ്ച വരുത്തുക.
--ക്രഡിറ്റ് കാർഡ് ഉപയോഗിച്ചിട്ടീല്ലെങ്കിലും അതിന്റെ ആന്വ്വൽ മെയിന്റനൻസ് ചാർജ് നൽകാതിരിക്കുക.
--ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ നിശ്ചിത സമയത്തിനുള്ളിൽ മുഴുവൻ ചാർജും തിരിച്ചടയ്ക്കുന്നതിനു പകരം മിനിമം ഡ്യൂ അമൗണ്ട് മാത്രം അടക്കുന്നത് പതിവാക്കുന്നത്.
--ക്രഡിറ്റ് ലിമിറ്റ് പരമാവധി ഉപയോഗിക്കുന്ന തരത്തിൽ ഉള്ള സ്ഥിരമായുള്ള ക്രഡിറ്റ് കാർഡ് ഉപഭോഗം.
--ലോണിനും മറ്റും അപേക്ഷിക്കുമ്പോൾ സാമ്പത്തിക സ്ഥാപനങ്ങൾ വ്യക്തികളുടെ ക്രഡിറ്റ് സ്കോർ അറിയാനായി നടത്തുന്ന എൻക്വയറികൾ. ലോൺ അനുവദിച്ചാലും ഇല്ലെങ്കിലും ഇത്തരത്തിൽ സ്ഥാപനങ്ങൾ നടത്തുന്ന ക്രഡിറ്റ് റിപ്പോർട്ട് എൻക്വയറിയികളെ ഹാർഡ് ക്വയറികൾ എന്ന വിഭാഗത്തിൽ പെടുന്നതിനാൽ ക്രഡിറ്റ് സ്കോർ കുറയുന്നു.
--വ്യത്യസ്ഥ സാമ്പത്തിക ഇടപാടുകൾക്ക് വ്യത്യസ്ഥ മേൽവിലാസങ്ങൾ ഉപയോഗിക്കുന്നത് ക്രഡിറ്റ് സ്കോർ കുറച്ചേക്കാം.
--ക്രഡിറ്റ് കാർഡുകൾ ക്ലോസ് ചെയ്യുന്നത്. ഉപയോഗിക്കാത്ത ക്രഡിറ്റ് കാർഡുകൾ ക്ലോസ് ചെയ്യുന്നത് നല്ലതാണെങ്കിലും വളരെ പഴക്കമുള്ള ക്രഡിറ്റ് കാർഡുകൾ ക്ലോസ് ചെയ്യുന്നത് നിങ്ങളുടെ ക്രഡിറ്റ് ഹിസ്റ്ററി കുറയ്കുന്നതിനാൽ ക്രഡിറ്റ് സ്കോറിനെയും ബാധിക്കുന്നു.
-- പല ഓൺലൈൻ ഷോപ്പിംഗ് പോർട്ടലുകളും ക്രഡിറ്റ് കാർഡുകൾ വഴി അല്ലാതെ ഇ എം ഐ ആയി ഷോപ്പിംഗ് അനുവദിക്കുന്നത് വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ലോൺ ആയി ആണ്. ഈ അടവ് മുടങ്ങുന്നത് ക്രഡിറ്റ് സ്കോറിനെ ബാധിക്കാം. ബൈജൂസ് പോലെയുള്ള സ്ഥാപനങ്ങൾ ഇൻസ്റ്റാൾമെന്റ് ആയി അവരുടെ സേവനങ്ങൾ നൽകുന്നത് ഇതുപോലെ തന്നെ ആണ്.
--ബാങ്കുകൾ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വരുത്തുന്ന പിഴവുകളും സാങ്കേതിക പ്രശ്നങ്ങളും.

? ക്രഡിറ്റ് സ്കോർ ഇല്ലാത്ത അവസ്ഥ

പലരും ഈ പ്രശ്നം അനുഭവിക്കാറുണ്ട്. അതായത് ക്രഡിറ്റ് സ്കോറേ ലഭ്യമല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. എന്താണ് ഇതിനു കാരണം? ക്രഡിറ്റ് സ്കോർ ഏജൻസികൾക്ക് ക്രഡിറ്റ് ഡാറ്റ കിട്ടണമെങ്കിൽ നിങ്ങൾ ഏതെങ്കിലും തരത്തിൽ കടം വാങ്ങിയിട്ടുണ്ടാകണം. അതായത് ഈ പറഞ്ഞ ഏജൻസികൾക്ക് വിവരങ്ങൾ കൈമാറുന്ന ബാങ്കിംഗ് - ബാങ്കിംഗ് ഇതര സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്തിട്ടൂണ്ടായിരിക്കണം. അല്ലെങ്കിൽ ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ആയിരിക്കണം. ഇതൊന്നുമില്ലെങ്കിൽ നിങ്ങളുടെ ക്രഡിറ്റ് ഡാറ്റാ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ക്രഡിറ്റ് സ്കോറും ലഭ്യമായിരിക്കില്ല. സഹകരണ സംഘങ്ങളിൽ നിന്നും മറ്റും വായ്പകൾ എടുക്കുന്നവരുടെ ക്രഡിറ്റ് വിവരങ്ങൾ ക്രഡിറ്റ് സ്കോർ ഏജൻസികളുമായി പങ്കുവയ്കപ്പെടുന്നില്ല.

? ക്രഡിറ്റ് സ്കോർ കൂട്ടാൻ എന്ത് ചെയ്യണം?

--വായ്പകൾ ഒരു തവണ പോലും മുടങ്ങാതെ , വൈകാതെ സമയ ബന്ധിതമായി തിരിച്ചടയ്ക്കുക.
--ക്രഡിറ്റ് കാർഡ് അടവുകൾ മുടങ്ങാതിരിക്കുക. മിനിമം ഡ്യൂ അടച്ച് എപ്പോഴും ക്രഡിറ്റുമായി മുന്നോട്ട് പോകുന്ന ശീലം ഒഴിവാക്കുക. അത്യാവശ്യമാണെങ്കിൽ മാത്രം അത്തരം സൗകര്യം ഉപയോഗിക്കുക.
--തുടരെ തുടരെ ഉള്ള ലോൺ അപേക്ഷകൾ ബാങ്കുകളിൽ നൽകുന്നത് ഒഴിവാക്കുക. ഒരു ബാങ്കിൽ ലോൺ അപേക്ഷ നൽകി അത് നിരസിക്കപ്പെട്ടാൽ ഉടൻ തന്നെ മറ്റ് ബാങ്കുകളിൽ അപേക്ഷ നൽകുമ്പൊൾ തുടരെ തുടരെ ഇത്തരം സ്ഥാപനങ്ങൾ നിങ്ങളുടെ ക്രഡിറ്റ് സ്കോർ പരിശോധിക്കുന്നത് ‘ഹാർഡ് എൻക്വയറി’ എന്ന വിഭാഗത്തിൽ വരുന്നതിനാൽ ക്രഡിറ്റ് സ്കോർ കുറയുവാൻ ഇടയാക്കുന്നു.
--ക്രഡിറ്റ് കാർഡ് ലിമിറ്റ് സ്ഥിരമായി പൂർണ്ണമായും ഉപയോഗിക്കാതിരിക്കുക ക്രഡിറ്റ് ലിമിറ്റിന്റെ 25 ശതമാനം മാത്രം ഉപയോഗിക്കുന്ന ശീലം ഉണ്ടാക്കുക. വിവിധ ആവശ്യങ്ങൾക്കായി ക്രഡിറ്റ് ലിമിറ്റ് പൂർണ്ണമായും ഉപയോഗപ്പെടുത്താത്ത വിധം ഒന്നിലധികം ക്രഡിറ്റ് കാർഡുകൾ ഉപയോഗിക്കുക.
--Secured, Non Secured എന്നിങ്ങനെ രണ്ട് തരം ലോണുകൾ ഉണ്ട്. ക്രഡിറ്റ് കാർഡ് വഴി നടത്തുന്ന ഇടപാടുകളെ Non Secured എന്ന വിഭാഗത്തിലും ഗൃഹ നിർമ്മാണ വായ്പ, വാഹന വായ്പ, സ്വർണ്ണപ്പണയ വായ്പ തുടങ്ങിയവയെല്ലം Secured Loan എന്ന വിഭാഗത്തിലുമാണ് പെടുത്തുന്നത്. ഇങ്ങനെ ഈ രണ്ട് വിഭാഗത്തിലുമുള്ള ലോണുകൾ ഉണ്ടാകുന്നതും അവ സാമ്പത്തിക അച്ചടക്കം പാലിച്ച് സമയ ബന്ധിതമായി തിരിച്ചടയ്ക്കുന്നതും ക്രഡിറ്റ് സ്കോർ കൂട്ടുന്നു.
-- മാസത്തിലൊരിക്കൽ എങ്കിലും ക്രഡിറ്റ് സ്കോർ പരിശോധിക്കുകയും ക്രഡിറ്റ് റിപ്പോർട്ട് നോക്കുകയും ചെയ്യുക. എന്തെല്ലാം കാര്യങ്ങൾ ആണ് ക്രഡിറ്റ് സ്കോർ ഉയരാനും താഴാനും കാരണമാകുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാകുന്നതിനാൽ അതനുസരിച്ചു മുന്നോട്ട് പോകാൻ കഴിയുന്നു. ക്രഡിറ്റ് സ്കോർ താഴാൻ കാരണമായ സാങ്കേതിക പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ബന്ധപ്പെട്ട ബാങ്കുകളെ സമീപിച്ച് ആവശ്യമായ തിരുത്തലുകൾ യഥാ സമയം വരുത്തുക.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

? ഉയർന്ന ക്രഡിറ്റ് സ്കോർ ഉള്ളതിന്റെ ഗുണങ്ങൾ.

-- വളരെ എളുപ്പത്തിൽ വായ്പകളും ക്രഡിറ്റ് കാർഡുകളും ലഭിക്കും.
-- ക്രഡിറ്റ് കാർഡുകൾക്ക് ഉയർന്ന ക്രഡിറ്റ് ലിമിറ്റ് ലഭ്യമാകുന്നു.
-- വായ്പകളുടെ പലിശ നിരക്കിൽ ക്രഡിറ്റ് സ്കോറിന് ആനുപാതികമായ കുറവ് ലഭിക്കുന്നു.

? എന്തെല്ലാം കാര്യങ്ങൾ ക്രഡിറ്റ് സ്കോറിനെ ബാധിക്കുന്നില്ല.

-- ബാങ്ക് അക്കൗണ്ടിലെ പണം, ഫിക്സഡ് ഡെപ്പോസിറ്റ്, മിനിമം ബാലൻസ് ഇല്ലാതിരിക്കുക.
-- ചെക്ക് ബൗൺസ് ആകുന്നത്
--- ശമ്പളമോ വരുമാനമോ കുറയുന്നത്.

? ക്രഡിറ്റ് സ്കോർ എങ്ങിനെ സ്വന്തമായി പരിശോധിക്കാം?

ക്രഡിറ്റ് ബ്യൂറോകൾ എല്ലാം തന്നെ വാർഷിക വരിസംഖ്യ ഈടാക്കിക്കൊണ്ട് ക്രഡിറ്റ് സ്കോർ പരിശോധിക്കാനുള്ള അവസരം നൽകുന്നുണ്ട്. സിബിൽ സ്കോറീന്റെ കാര്യം പറയുകയാണെങ്കിൽ വർഷത്തിൽ ഒരു റിപ്പോർട്ട് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായി നൽകി വരുന്നുണ്ട്. കൂടുതൽ വിശദമായ റിപ്പോർട്ടുകൾ എപ്പോഴും ലഭിക്കണമെങ്കിൽ ഒരു മാസത്തേക്ക് 550, ആറു മാസത്തേക്ക് 800 , ഒരു വർഷത്തേയ്ക്ക് 1200 എന്നിങ്ങനെ ഒക്കെ ആണ് നിലവിലെ നിരക്കുകൾ. ഇതല്ലാതെ പല ബാങ്കിംഗ്, ബാങ്കിംഗ് ഇതര സ്ഥാപനങ്ങളും അവരുടെ ഉപഭോക്താക്കൾക്ക് ഒരു സേവനം എന്ന നിലയിൽ ചില നിബന്ധനകളോടെ സിബിൽ സ്കോർ സൗജന്യമായും സൗജന്യ നിരക്കിലും പരിശോധിക്കാനുള്ള സൗകര്യം നൽകുന്നുണ്ട്. ഉദാഹരണമായി ഗൂഗിൾ പേ അപ്ലിക്കേഷനിൽ നിങ്ങളുടെ ക്രഡിറ്റ് സ്കോർ സൗജന്യമായി പരിശോധിക്കാവുന്നതാണ്. ഇത്തരത്തിലുള്ള മൂന്നാം കക്ഷികൾ വഴി ക്രഡിറ്റ് സ്കോർ എടുക്കുമ്പോൾ അത് അപ്ഡേറ്റഡ് ആയ സ്കോർ ആയിരിക്കണമെന്ന് ഉറപ്പില്ല. മാസത്തിലൊരിക്കൽ ഒക്കെ ആയിരിക്കും ഇത് അപ്ഡേറ്റ് ചെയ്യപ്പെടുന്നത്. അതുപോലെ തന്നെ ഇത്തരം ഏജൻസികൾ ക്രഡിറ്റ് സ്കോർ വിവരങ്ങൾക്കനുസരിച്ച് ഉപഭോക്താക്കളെ തരം തിരിച്ച് വിവിധ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള സാദ്ധ്യതകളുമുണ്ട്. ഉദാഹരണമായി സൗജന്യമായി ക്രഡിറ്റ് സ്കോർ സൗകര്യം നൽകുന്ന ‘വൺ സ്കോർ’ , പൈസാ ബസാർ തുടങ്ങിയവരുടെ ആപ്പുകളിലൂടെ ക്രഡിറ്റ് സ്കോർ നോക്കിയാൽ അടുത്ത ദിവസം മുതൽ ക്രഡിറ്റ് കാർഡ്, പേഴ്സണൽ ലോൺ തുടങ്ങിയവയൊക്കെ ഓഫർ ചെയ്തുകൊണ്ടുള്ള ഫോൺ വിളികളാൽ പൊറുതി മുട്ടേണ്ടി വരും. സൗജ്യന്യമായി തരുന്ന ക്രഡിറ്റ് സ്കോറിന്റെ വില ഇങ്ങനെയൊക്കെ ആണ് അവർ ഈടാക്കുന്നത്.

? ക്രഡിറ്റ് സ്കോർ ഇടക്കിടെ പരിശോധിക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടോ ?

-- ക്രഡിറ്റ് സ്കോർ എൻക്വയറി രണ്ട് തരത്തിലാണുള്ളത് - ഒന്ന് സോഫ്റ്റും മറ്റൊന്ന് ഹാർഡും. ഇതിൽ വ്യക്തികളും മറ്റും പ്രത്യേകിച്ച് ലോൺ ആവശ്യങ്ങൾക്കൊന്നുമല്ലാതെ ക്രഡിറ്റ് സ്കോർ പരിശോധിക്കുന്നതും ക്രഡിറ്റ് റിപ്പോർട്ട് എടുക്കുന്നതും സോഫ്റ്റ് ക്വയറി വിഭാഗത്തിൽ ആണ് വരുന്നത്. ഇത് ക്രഡിറ്റ് സ്കോറിനെ ഒരു തരത്തിലും ബാധിക്കുന്നതല്ല. സോഫ്റ്റ് ക്വയറികൾ കഴിയുന്നതും ക്രഡിബിലിറ്റി കുറവായ തേഡ് പാർട്ടി ആപ്പുകൾ വഴി ചെയ്യാതിരിക്കുക. അവർ നിങ്ങളുടെ വിവരങ്ങൾ മറ്റ് ഏജൻസികൾക്ക് കൈമാറുന്നു. സ്കോർ പരിശോധിക്കുന്നതിനു മുൻപ് നിങ്ങൾ ഇതിനായി അനുവാദം നൽകുന്നതിനാൽ ഇതുവഴി ഉണ്ടാകാൻ സാദ്ധ്യതയുള്ള ഫോൺ വിളി / മെസേജ്/വാടപ്പ് ശല്ല്യങ്ങൾ കൂടി സഹിക്കുന്നതിൽ പ്രശ്നമില്ലെങ്കിൽ ആകാവുന്നതാണ്. പൊതുവേ പറയുകയാണെങ്കിൽ ഇക്കാര്യത്തിൽ ഗൂഗിൾ പേ വഴി അത്ര പ്രശ്നങ്ങൾ ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
-- വ്യക്തികൾ ഇടയ്കിടെ ക്രഡിറ്റ് സ്കോർ പരിശോധിക്കുന്നത് ക്രഡിറ്റ് ബ്യൂറോകൾ പ്രോത്സാഹിപ്പിക്കുന്നു.. നിങ്ങളുടെ അപ്ഡേറ്റഡ് ക്രഡിറ്റ് സ്കോർ അറിയുന്നത് കൂടുതൽ സാമ്പത്തിക അച്ചടക്കം കൈവരിക്കുന്നതിനു പ്രചോദനമാകുന്നു. അതോടൊപ്പം ക്രഡിറ്റ് ബ്യൂറോകളുടെ വരുമാനവും വർദ്ധിക്കുന്നു.
-- ക്രഡിറ്റ് സ്കോറിനെ ബാധിക്കുന്ന ഹാർഡ് ക്വ്യറികൾ ഉണ്ടായിട്ടുണ്ടോ , അത്പോലെ മറ്റെന്തെങ്കിലും ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നൊക്കെ അതാത് അവസരങ്ങളിൽ തന്നെ ഉപഭോക്താക്കളെ അറിയിക്കണമെന്നും വർഷത്തിൽ ഒരു റിപ്പോർട്ട് എങ്കിലും സൗജന്യമായി നൽകണമെന്നും ക്രഡിറ്റ് ബ്യൂറോകൾക്ക് ആർ ബി ഐ നിർദ്ദേശം നൽകിയിട്ടുണ്ട്. അത്തരത്തിൽ ഇ-മെയിൽ ആയും മൊബൈൽ വഴിയും ലഭിക്കുന്ന സന്ദേശങ്ങളെ അവഗണിക്കാതിരിക്കുക.

? ക്രഡിറ്റ് സ്കോർ ഉയർന്നത് ആയതുകൊണ്ട് മാത്രം നിങ്ങൾക്ക് ആവശ്യമായ തുകയുടെ ലോൺ ലഭിക്കണമെന്നില്ല, അത് ക്രഡിറ്റ് സ്കോറിനു പുറമേ നിങ്ങളൂടെ തിരിച്ചടവ് ശേഷി, വരുമാനം ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങളെ കൂടി ആശ്രയിച്ചിരിക്കുന്നു. പക്ഷേ ലോൺ ലഭിക്കാതിരിക്കാൻ താഴ്ന്ന ക്രഡിറ്റ് സ്കോർ ഒരു പ്രധാന കാരണമാകുന്നുമുണ്ടെന്ന് മനസ്സിലാക്കുക.

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About സുജിത് കുമാർ

Sujith Kumar a Science and technology enthusiast. » Youtube / » FaceBook

Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 02:12:53 am | 25-06-2024 CEST