പണത്തിന്റെ വ്യവസ്ഥാപിത രീതിയിൽ നിന്നും മാറി പൂർണ്ണമായും ഇടനിലക്കാരെ ഒഴിവാക്കുന്ന പുതിയ പിയർ-റ്റു-പിയർ ഇലക്ട്രോണിക് പണത്തിനെ നാക്കമോട്ടൊ അവതരിപ്പിച്ചത് . പൂർണ്ണമായും ക്രിപ്റ്റോഗ്രാഫി അടിസ്ഥാനപ്പെടുത്തിയ ഈ സംവിധാനം അതുവരെ ഗവേഷകർക്ക് മുന്നിൽ കീറാമുട്ടിയായിരുന്ന ഇരട്ട-ചിലവഴിക്കൽ പ്രശ്നത്തിന് പരിഹാരം കൊണ്ടുവന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ വിജയം.
ബിറ്റ്‌കോയിനെക്കുറിച്ച് അറിയാൻ താൽപ്പര്യമുള്ളവർക്കുവേണ്ടി എഴുതുന്നതാണ്. അൽപ്പം നീണ്ട കുറിപ്പാണ്.
അൽപ്പം പുറകോട്ടു സഞ്ചരിക്കാം. കുതിരകളുടെ പോയകാല പ്രാധാന്യത്തെക്കുറിച്ചാണ് ആദ്യം പരിശോധിക്കുന്നത്.
ലോകത്തെ മാറ്റിമറിച്ച വ്യാവസായിക വിപ്ലവത്തിന് ഊർജ്ജം പകർന്നത് വൈദ്യുതി ആയിരുന്നില്ല. വ്യവസായികവിപ്ലവം തുടങ്ങിയ പതിനെട്ടാം നൂറ്റാണ്ടിൽ വൈദ്യുതിയുടെ വ്യാവസായിക ഉപയോഗം ആരംഭിച്ചിരുന്നില്ല. പുഴയിലെ ഒഴുക്കിന്റെ ഊർജ്ജം ചക്രങ്ങളിലൂടെ യന്ത്രങ്ങളിലേക്ക് പകരുന്നതോ, അല്ലെങ്കിൽ കൽക്കരി കൊണ്ട് പ്രവർത്തിക്കുന്ന ആവിയന്ത്രങ്ങളിൽ നിന്ന് പകരുന്നതോ ആയിരുന്നു അന്നത്തെ വമ്പൻ മില്ലുകളെ ചലിപ്പിച്ചിരുന്ന ശക്തി.
മറ്റൊരു പ്രധാന ഊർജ്ജ സ്രോതസ് കുതിരകളായിരുന്നു. ഗതാഗതത്തിനും കൂടി ഉപയോഗിക്കാവുന്ന കുതിരകൾക്ക് വ്യവസായവിപ്ലവത്തിൽ വലിയ പ്രാധാന്യമാണുണ്ടായിരുന്നത്. കുതിരകൾ സമ്പത്തിന്റെയും ശക്തിയുടെയും പ്രതീകമായി കണക്കാക്കപ്പെട്ടിരുന്നു.
അക്കാലത്ത് അമേരിക്കയിൽ മാത്രം രണ്ടരക്കോടി കുതിരകൾ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. 1890-ലെ കണക്കനുസരിച്ച് ഒരു ന്യൂയോർക്ക് നിവാസി വർഷത്തിൽ ശരാശരി 297 കുതിരവണ്ടി യാത്രകൾ നടത്തിയിരുന്നു എന്ന് പറയുന്നു. ഇന്നത്തെ കണക്കനുസരിച്ച് ശരാശരി വാർഷിക ആളോഹരി ക്യാബ് യാത്ര 100-ൽ താഴെ ആണെന്നത് കൂടി ഇവിടെ എടുത്തുപറയേണ്ടതുണ്ട്. അന്നത്തെ നഗരങ്ങളുടെ ഗതാഗതവും ഗ്രാമങ്ങളുടെ കാർഷികവൃത്തിയും വ്യവസായവുമൊക്കെ അക്ഷരാർത്ഥത്തിൽ അങ്ങനെ കുതിരശക്തിയാൽ മുന്നോട്ടുപോയി.
ലണ്ടനിൽ അക്കാലത്ത് ഒരു ചതുരശ്രമൈലിനു ശരാശരി അഞ്ഞൂറ് കുതിരകൾ ഉണ്ടായിരുന്നത്രേ. കുതിരച്ചാണകവും മൂത്രവും കുഴഞ്ഞുമറിഞ്ഞ ഈച്ചയാർക്കുന്ന നഗരവീഥികൾ മലിനീകരണത്തത്തിനും തൽഫലമായുണ്ടായ പകർച്ചവ്യാധികൾക്കും കാരണമായി. ഒരു കുതിര ദിനംപ്രതി മുപ്പത് കിലോയോളം ചാണകമിടുമ്പോൾ ഇത്രയും കുതിരകൾ നഗരത്തിൽ വരുത്തുന്ന മലിനീകരണം സങ്കല്പിക്കാവുന്നതേയുള്ളൂ. വൻനഗരങ്ങളിലെ ശുചീകരണവിഭാഗം നിരത്തുകളിൽ നിന്നും വാരിയ മാലിന്യം നദികളിൽ നിക്ഷേപിച്ചു. ചത്ത കുതിരകളും കുതിരച്ചാണകവുമൊക്കെയായി അന്നത്തെ നഗരങ്ങളുടെ ചിത്രം അത്രയ്ക്കങ്ങോട്ട് വെടിപ്പായിരുന്നില്ല.
പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് ബ്രിട്ടനിലും അമേരിക്കയിലുമൊക്കെ മോട്ടോർ വാഹനങ്ങൾ നിരത്തുകളിറങ്ങിത്തുടങ്ങുന്നത്. സമ്പന്നരായ കുതിര മുതലാളിമാർ ഇതിൽ അസ്വസ്ഥരായി എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കുതിരകളുടെ നിയന്ത്രണമില്ലാതെ പായുന്ന "അപകടകരമായ" പുതിയ വാഹനങ്ങൾക്കെതിരെ അക്കാലത്തെ മാധ്യമങ്ങളിൽ ലേഖനങ്ങളും കാർട്ടൂണുകളും ഇറങ്ങി. ബ്രിട്ടീഷ് പാർലമെന്റിൽ ശക്തമായ സമ്മർദ്ദമുണ്ടായി.
അങ്ങനെ 1865-ൽ ബ്രിട്ടീഷ് പാർലമെന്റ് വിവാദമായ 'റെഡ് ഫ്‌ളാഗ്' നിയമം കൊണ്ടുവരികയുണ്ടായി.
പുതിയ നിയമപ്രകാരം കുതിരയെ ബന്ധിപ്പിക്കാത്ത മോട്ടോർ വാഹനങ്ങൾ നിരത്തുകളിൽ ഓടുമ്പോൾ അത്തരം വാഹനങ്ങൾക്ക് അമ്പത് മീറ്റർ മുൻപിലായി ഒരാൾ ചുവന്ന കൊടിയുമായി നടക്കുകയോ ഓടുകയോ വേണം.ഇതാണ് ഈ പോസ്റ്റിൽ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണുന്നത്.
യാന്ത്രികമായി പായുന്ന വാഹനം മറ്റു വഴിയാത്രക്കാർക്ക് അപകടമുണ്ടാക്കാൻ സാധ്യതയുണ്ട് എന്ന ശക്തമായ പ്രചാരണമായിരുന്നു ഈ നിയമനിർമാണത്തിന് വഴിയൊരുക്കിയത്.
പിന്നീട് നിരവധി വർഷങ്ങൾക്ക് ശേഷമാണ് കൊടിപിടുത്തക്കാരനില്ലാതെ വാഹനങ്ങൾക്ക് ഓടാനുള്ള അനുമതി ഉണ്ടായത്.
ലോകം ഒരു വ്യവസ്ഥാപിത രീതീയിൽ നിന്നും മറ്റൊരു വ്യവസ്ഥയിലേക്ക് (Paradigm Shift) മാറിയ ഓരോ ഘട്ടത്തിലും ഇതുപോലെ, അതുവരെ നിലനിന്നിരുന്ന വ്യവസ്ഥിതിയുടെ ഗുണഭോക്താക്കളിൽ നിന്നും ശക്തമായ എതിർപ്പിനെ നേരിടേണ്ടി വന്നിട്ടുണ്ട്. ചില എതിർപ്പുകൾ ന്യായീകരിക്കത്തക്കതാണെങ്കിൽ മറ്റു ചിലതിനു ഒരടിസ്ഥാനവും ഇല്ലാത്ത സ്വാർത്ഥചിന്താഗതി മാത്രമായിരുന്നു കാരണം എന്നും കാണാം.
2008-ലാണ് ഏറ്റവും ഒടുവിലത്തെ സാമ്പത്തിക മാന്ദ്യത്തിനു ലോകം സാക്ഷ്യം വഹിച്ചത്. അതിനു പ്രധാന കാരണമായി കണക്കാക്കപ്പെട്ടിരുന്നത് ലോകത്തെ പ്രധാന ബാങ്കുകളുടെ ഉത്തരവാദിത്വമില്ലായ്മ ആയിരുന്നു. ആഗോള ബാങ്കിങ് മേഖലയെ കറവപ്പശുവാക്കിയ ചില പ്രമുഖ ശക്തികൾ ഈ മാന്ദ്യകാലഘട്ടത്തിലും ഒരു പോറൽ പോലുമേൽക്കാതെ നിലകൊണ്ടു. കടക്കെണിയിയിൽപ്പെട്ടു ശ്വാസം മുട്ടിയ ബാങ്കുകളെ രക്ഷിക്കേണ്ട ബാധ്യത സർക്കാരിന്റെ തലയിലായി.
അമേരിക്കയിലെയും യൂറോപ്പിലെയും സർക്കാരുകൾ നികുതിപ്പണം ഒഴുക്കി സ്വകാര്യമേഖലയിൽ പ്രവർത്തിച്ചിരുന്ന ഈ ബാങ്കുകളെ തകരാതെ നിലനിർത്തി. ലക്ഷക്കണക്കിന് സാധാരണക്കാർക്ക് കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ടു. സർക്കാരുകൾ നിത്യച്ചെലവിനു പണം കണ്ടെത്താൻ സാമൂഹിക സുരക്ഷാ സംവിധാനങ്ങളും പൊതുചെലവുകളും വെട്ടിച്ചുരുക്കി (Austerity Measures). ലോകത്ത് പലയിടങ്ങളിലും ഇതിനെതിരെ പൊതുജനമുന്നേറ്റമുണ്ടായി.
ഇതേ വർഷത്തിലാണ് സതോഷി നാക്കമോട്ടോ എന്ന പേരിൽ ഒരാൾ ബിറ്റ്‌കോയിൻ എന്ന സംവിധാനത്തെക്കുറിച്ച് ഒരു » വൈറ്റ് പേപ്പർ പ്രസിദ്ധീകരിക്കുന്നത്.
പണത്തിന്റെ വ്യവസ്ഥാപിത രീതിയിൽ നിന്നും മാറി പൂർണ്ണമായും ഇടനിലക്കാരെ ഒഴിവാക്കുന്ന പുതിയ പിയർ-റ്റു-പിയർ ഇലക്ട്രോണിക് പണത്തിനെ നാക്കമോട്ടൊ അവതരിപ്പിച്ചത് ഈ ഒമ്പതുപേജ് ധവളപത്രത്തിലൂടെയായിരുന്നു. പൂർണ്ണമായും ക്രിപ്റ്റോഗ്രാഫി അടിസ്ഥാനപ്പെടുത്തിയ ഈ സംവിധാനം അതുവരെ ഗവേഷകർക്ക് മുന്നിൽ കീറാമുട്ടിയായിരുന്ന ഇരട്ട-ചിലവഴിക്കൽ ( » double spending) പ്രശ്നത്തിന് പരിഹാരം കൊണ്ടുവന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ വിജയം.
ചുരുക്കത്തിൽ ഒരു വികേന്ദ്രീകൃത ലെഡ്ജർ (Decentralised Ledger) ആണ് ബിറ്റ്‌കോയിൻ എന്നത്. ലെഡ്ജറിന്റെ ഒരു കോപ്പി ആർക്കും സ്വന്തമായി വെയ്ക്കാം. ലോകത്തിൽ നടക്കുന്ന ഓരോ ബിറ്റ്‌കോയിൻ ട്രാൻസാക്ഷനും ഓരോ പത്തുമിനിറ്റ് വീതം ആ ലെഡ്ജറിൽ അപ്പ്‌ഡേറ്റ് ആവും. ഇതിൽ ഒരാൾക്കോ ഒരു കൂട്ടം പേർക്കോ തിരിമറി നടത്താൻ കഴിയാത്തവിധം ക്രമീകരിച്ചിരിക്കുന്നു.
ഒരു ബിറ്റ്‌കോയിൻ മറ്റു പരമ്പരാഗത നാണയങ്ങളെ അപേക്ഷിച്ച് തീരെ ചെറിയ ഫ്രാക്ഷനുകൾ ആയി വിഭജിക്കാം. ഏറ്റവും ചെറിയ അംശത്തെ സാതോഷി എന്നാണു വിളിക്കുന്നത്. ഉദാഹരണത്തിന് രൂപ നൂറു പൈസയായി വിഭജിക്കാമെങ്കിൽ ബിറ്റ്‌കോയിൻ പത്തുകോടി സതോഷി ആയി വിഭജിക്കാം. അതായത് .99999999 Satoshi. ഏറ്റവും ചെറിയ യൂണിറ്റ് ആയ .00000001 ആണ് ഒരു സതോഷി.
സാധാരണ മറ്റു നാണയങ്ങളിൽ കാണുന്ന രണ്ടു ദശാംശ സംഖ്യകൾക്ക് പകരം എട്ടു അംശസംഖ്യകൾ ആണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ബിറ്റ്‌കോയിൻ എന്ന നാണയ വ്യവസ്ഥയിൽ പണപ്പെരുപ്പം എന്ന അവസ്ഥ ഉണ്ടാവുന്നില്ല എന്നതാണ് ഇതിന്റെ വില കുതിച്ചു കയറുന്നതിനുള്ള പ്രധാന കാരണം. ആകെ 21 മില്യൺ കോയിനുകൾ മാത്രം പുറത്തിറങ്ങുന്ന രീതിയിലാണ് ഇതിന്റെ സോഫ്റ്റ്‌വെയർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ പ്രാഥമിക-നിയന്ത്രണം (Core Algorithm) ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ തീരുമാനിച്ചാലും മാറ്റാൻ സാധിക്കില്ല. ഓരോ പത്തു മിനിട്ടിലും നിശ്ചിത എണ്ണം കോയിനുകൾ പുതിയതായി ഇറങ്ങിക്കൊണ്ടിരിക്കും. ഇന്ന് അത് പത്തുമിനിട്ടിൽ 6.25 പുതിയ കോയിൻ എന്ന കണക്കിലാണ് ഇറങ്ങുന്നത്. ഓരോ നാലുവർഷം കൂടുമ്പോഴും ഇത് പകുതിയായി കുറയും(Halving). ഏറ്റവും അവസാനം 2020 ജൂലൈ മാസത്തിലാണ് ബിറ്റ്‌കോയിൻ ഡിജിറ്റൽ ആയി "കുഴിച്ചെടുക്കുന്നവർക്കുള്ള" മൈനിങ്ങ് റിവാർഡ് ഇത്തരത്തിൽ പകുതിയായത്. ആദ്യമേ പ്രോഗ്രാം ചെയ്തുവച്ച അൽഗോരിതം അനുസരിച്ച് അടുത്ത halving 2024-ൽ ഉണ്ടാവും.
അങ്ങനെ 2140-ഓടെ പുതിയ കോയിനുകൾ ഉണ്ടാവുന്നത് പൂർണ്ണമായും അവസാനിക്കും. ഇതുവരെ ഏതാണ്ട് 87.5 ശതമാനത്തിൽ താഴെ കോയിനുകളാണ് പുറത്ത് വന്നിട്ടുള്ളത്. 2030 അവസാനിക്കുന്നതോടെ ഏകദേശം 97% കോയിനുകളും പുറത്തുവന്നുകഴിയും. പിന്നെയുള്ള നൂറുവര്ഷത്തിലധികം എടുത്താണ് അവസാനത്തെ മൂന്നുശതമാനം ബിറ്റ്കോയിൻ കുഴിച്ചെടുക്കൽ (mining) നടക്കുക. » Contolled supply
മൈനിംഗ് എന്ന ഈ സാങ്കേതിക വിദ്യയിലൂടെ ആണ് പുതിയ കോയിനുകൾ പുറത്ത് വരിക. ഈ സംഭവമാണ് ബിറ്റ്കോയിൻ ഡിസ്ട്രിബ്യൂറ്റഡ് ലെഡ്ജറിന്റെ (Distributed Ledger) സുരക്ഷ ഉറപ്പുവരുത്തുന്നത്. ഇതിൽ പങ്കെടുക്കുന്നവരിൽ ഏറ്റവും ആദ്യം സുരക്ഷാ കോഡ് കണ്ടുപിടിക്കുന്നവർക്ക് റിവാർഡ് എന്ന നിലയിലാണ് ഓരോ പത്ത് മിനിട്ടിലും പുതിയ ബിറ്റ്കോയിൻ നൽകപ്പെടുന്നത്. ഇങ്ങനെയാണ് പുതിയ കോയിനുകൾ ഇറങ്ങുന്നത്.
കാലം ചെല്ലുന്തോറും ഈ സുരക്ഷാവാക്ക് കണ്ടുപിടിക്കാൻ അതിശക്തമായ കമ്പ്യൂട്ടർ പ്രോസസിംഗ് ആവശ്യമായി വരുന്നു. അതിനനുസരിച്ച് വൈദ്യുതി ചെലവും കൂടുന്നു. ഇന്നത്തെ കണക്കനുസരിച്ച് ഒരു ബിറ്റ്‌കോയിൻ മൈൻ ചെയ്തെടുക്കാൻ ശരാശരി 9000 യു.എസ് ഡോളറിനടുത്ത് ചെലവ് വരുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
ബിറ്റ്‌കോയിൻ മാതൃകയിൽ മറ്റനേകം ഡിജിറ്റൽ കറൻസികൾ രംഗത്തുണ്ടെങ്കിലും ഏറ്റവും വലിയ നെറ്റ്വർക്ക് ബിറ്റ്‌കോയിന് സ്വന്തമാണ്. നെറ്റ്വർക്കിന്റെ വലിപ്പത്തിനനുസരിച്ച് സുരക്ഷയും വർദ്ധിക്കുന്നു. രണ്ടായിരത്തിയൊമ്പതു മുതൽ ഇതുവരെ ഒരു തവണ പോലും ബിറ്റ്‌കോയിൻ നെറ്റവർക്ക് ആക്രമിച്ച് കീഴടക്കാൻ ആർക്കും സാധിച്ചിട്ടില്ല എന്നത് ഇതിന്റെ ശക്തി വെളിവാക്കുന്നു.
ബിറ്റ്കോയിൻ എന്ന നാണയത്തിന്റെ അന്തർലീന-മൂല്യം (Intrinsic Value) എന്താണെന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. ലോകം മുഴുവൻ പടർന്നുകിടക്കുന്ന ശക്തമായ സുരക്ഷാ നെറ്റ്വർക്ക് തന്നെയാണ് ബിറ്റ്കോയിന്റെ ഏറ്റവും വലിയ മൂല്യം. ഏതെങ്കിലും ഒരു സർക്കാരോ സ്ഥാപനമോ തീരുമാനമെടുത്താൽ തകർക്കാവുന്നതോ സ്വന്തമാക്കാവുന്നതോ അല്ല ഇത്. ഒരു ഇടപാടുകാരനിൽ നിന്നും മറ്റൊരാളിലേക്ക് നേരിട്ട് പണം എത്തിക്കാൻ കഴിയുന്നു എന്നതും മറ്റൊരു മൂന്നാംകക്ഷിക്ക് ഒരു വിധേനെയും ഇതിനെ സ്വാധീനിക്കാൻ കഴിയുന്നില്ല എന്നതും ഈ സംവിധാനത്തിന്റെ സാങ്കേതിക മൂല്യം വർദ്ധിപ്പിക്കുന്നു.
2017-ൽ ഇന്ത്യൻ ധനകാര്യ മന്ത്രി ബിറ്റ്‌കോയിൻ ഒരു ലീഗൽ ടെണ്ടർ അല്ല എന്ന് പ്രസ്താവിച്ചത് വലിയ വാർത്തയായിരുന്നു.
ഇന്ത്യയിൽ ഇന്ത്യൻ-റുപ്പീ മാത്രമേ ലീഗൽ ടെണ്ടർ ആയിട്ടുള്ളൂ. എന്നുവച്ച് ആളുകൾ സ്വർണ്ണം വാങ്ങുകയോ വിൽക്കുകയോ ചെയ്യാതിരിക്കുന്നില്ല. എന്നാൽ ഒരു കമ്മോഡിറ്റി എന്നതിലുപരി മറ്റു ക്രയവിക്രയങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് ബിറ്റ്‌കോയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നതിനാൽ സർക്കാരിന് നികുതി വരുമാനം നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ പ്രതീക്ഷിക്കാം. പല വികസിത രാജ്യങ്ങളിലും ഇത്തരം നിയന്ത്രങ്ങൾ വന്നുകഴിഞ്ഞു. ഇന്ത്യയിലും ആ രീതിയിലുള്ള നിയന്ത്രണങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ യൂറോപ്പും ജപ്പാനും അമേരിക്കയും അംഗീകരിച്ച ഒരു സാങ്കേതിക വിദ്യ ഇന്ത്യയിൽ പൂർണ്ണമായും നിരോധിക്കും എന്ന് പ്രതീക്ഷിക്കുന്നത് മൗഢ്യമാവും. ഇന്നത്തെ നിലയിൽ ഇത് പൂർണ്ണമായും നിയമവിരുദ്ധം ആയി കണക്കാക്കുന്ന രാജ്യങ്ങൾ തീരെകുറവാണ് എന്ന് കാണാം.
വിവിധ ലോകരാജ്യങ്ങളിലെ ബിറ്റ്‌കോയിൻ ലീഗാലിറ്റി » ലിങ്കിൽ പരിശോധിക്കാവുന്നതാണ്.
മറ്റൊരു ആരോപണം ബിറ്റ്‌കോയിൻ ഇടപാടുകൾ തീവ്രവാദികളും ക്രിമിനലുകളും സൗകര്യപൂർവ്വം ഉപയോഗിക്കുന്നു എന്നതാണ്. എന്നാൽ ഐസിസ് അടക്കമുള്ള ഇന്നത്തെ കൊടും തീവ്രവാദികൾ ഡോളറിലാണ് എല്ലാ കച്ചവടവും നടത്തുന്നത് എന്ന വസ്തുത ഇത്തരക്കാർ വിസ്മരിക്കുന്നു. കറൻസി എന്ന സാമ്പ്രദായിക വിനിമയ വ്യവസ്ഥിതിയെക്കാൾ ഒട്ടും അപകടം ക്രിപ്റ്റോ കറൻസികൾ മുന്നോട്ടു വെക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
2024-ൽ ബിറ്റ്‌കോയിൻ ഒരു മില്യൺ ഡോളർ എത്തിനിൽക്കും എന്നാണു പ്രവചിക്കപ്പെടുന്നത്. അത്രയ്ക്കൊന്നും പോവില്ലായിരിക്കും. എങ്കിലും 100k അസംഭവ്യമല്ല.
ഇതുവരെയുള്ള പ്രവചനങ്ങൾ എല്ലാം യാഥാർഥ്യമായിട്ടുള്ളതായി 2009 മുതലുള്ള ബിറ്റ്‌കോയിൻ ചരിത്രം പരിശോധിച്ചാൽ മനസിലാവും.
സാധിക്കുന്നവർ എല്ലാവരും ഒരു ശതമാനമെങ്കിലും ബിറ്റ്‌കോയിൻ വാങ്ങി വെയ്ക്കുന്നത് നന്നായിരിക്കും. ഇന്നത്തെ വില അനുസരിച്ച് മുപ്പതിനായിരത്തോളം രൂപയാവുമായിരിക്കും. ഈ പണം ഒരു ലോട്ടറി ടിക്കറ്റ് എടുക്കുന്ന പോലെയേ കരുതാവൂ. കുറഞ്ഞത് രണ്ടുവര്ഷത്തേയ്ക്ക് നഷ്ടം വന്നാൽ പോലും ഇത് വിൽക്കാതിരിക്കുക.
നിക്ഷേപ സംബന്ധമായതിനാൽ ഇതിനൊന്നും ഒരു ഗ്യാരണ്ടിയും തരാൻ ഈയുള്ളവൻ ബാധ്യസ്ഥനല്ലെന്നും, അവരവർ വ്യക്തിപരമായി ബോധ്യപ്പെട്ടതിനു ശേഷം മാത്രം തീരുമാനമെടുക്കണമെന്നും കൂടി ഓർമ്മിപ്പിക്കുന്നു.
പിന്നെ, അമിത ലാഭേച്ഛയാൽ ഒരുപാട് പണം ഇതിൽ നിക്ഷേപിക്കരുത് എന്നും ഓർമ്മിപ്പിക്കുന്നു. ഏറിയാൽ സമ്പാദ്യത്തിന്റെ അഞ്ചുശതമാനം. അതിൽക്കൂടുതൽ ഒരിക്കലുമരുത്. സംഭവം പൊളിഞ്ഞാൽ കയറന്വേഷിക്കുന്ന സ്ഥിതി ഉണ്ടാവരുത്.
മോട്ടോർ കാർ കണ്ടുപിടിച്ചതിനു ശേഷം ഒരു അമ്പതുവര്ഷത്തേയ്ക്കെങ്കിലും നിരത്തുകളിൽ കുതിരവണ്ടികളും കാറുകളും ഒരുമിച്ച് ഓടിയിരുന്നു. കാലക്രമേണ നിരത്തുകൾ പൂർണ്ണമായി മോട്ടോർ കാറുകൾ ഏറ്റെടുത്തു. വിവരസാങ്കേതിക വിദ്യയുടെ വ്യാപനം മറ്റുള്ളതിനേക്കാൾ വേഗതയിൽ ആയതിനാൽ ഡിജിറ്റൽ കറൻസികൾക്ക് ഇത്രയും കാലം കാത്തിരിക്കേണ്ടി വരില്ലായിരിക്കാം.
നാലുവർഷം മുൻപ് എഴുതിയ കുറിപ്പാണിത്. പുതിയ ലൈറ്റ്നിങ്ങ് നെറ്റ്‌വർക്ക് തുടങ്ങിയ സംഭവങ്ങളെക്കുറിച്ച് പിന്നീടൊരിക്കൽ എഴുതാം.
ആളുകൾക്ക് അടിസ്ഥാന ബോധ്യം കൊടുക്കുക എന്നതുമാത്രമാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. ആരെയും തർക്കിച്ചു ബോധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. അവരവർ കൂടുതൽ അന്വേഷണങ്ങൾ നടത്തി സ്വയം ബോധ്യപ്പെടുക.
ഭയം എന്നത് പരിണാമപരമായി ജീവികൾക്ക് ലഭിച്ച ഒരു സംരക്ഷണ കവചമാണ്. അറിവ് നേടുക എന്നതാണ് ഭയത്തെ അകറ്റാനുള്ള വഴി. ഭയപ്പാടോടെ ഒരു സംഭവത്തിലും ഇറങ്ങിത്തിരിക്കരുത്. കൃത്യമായ ബോധ്യമില്ലാതെ എടുത്തുചാടി ധൈര്യം കാണിക്കുന്നത് ഒരുപക്ഷെ വലിയ അപകടത്തിൽ കൊണ്ടെത്തിക്കും.
#RR_ക്രിപ്റ്റോ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
ചുറ്റുവട്ടത്ത് കാണുന്ന രസകരവും വിജ്ഞാനപ്രദവുമായ കാഴ്ച്ചകള്‍ അവതരിപ്പിക്കുക എന്ന ലക്‌ഷ്യത്തോടെ » Facebook