ഓൺലൈൻ പഠനരീതിയിലെ ചില വെല്ലുവിളികളെക്കുറിച്ചും അവ എങ്ങിനെയൊക്കെ പരിഹരിക്കാൻ ശ്രമിക്കാമെന്നതിനെക്കുറിച്ചും സുജിത്കുമാറിന്റെ ലേഖനം.

Avatar
സുജിത് കുമാർ | 02-06-2020 | 7 minutes Read

ഡൽഹിയിലെ പ്രശസ്തമായ ഒരു വിദ്യാലയം. വീഡിയോ കോൺഫറൻസ് പ്ലാറ്റ് ഫോമുകളും ഗൂഗിൾ ക്ലാസ് റൂമുമൊക്കെയായി അദ്ധ്യാപകർ വിദ്യാർത്ഥികളെ തകർത്ത് പഠിപ്പിക്കുന്നു. കുട്ടികൾക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമെല്ലാം ഒരു പുതിയ അനുഭവം ആയതിനാൽ എല്ലാവരും ആസ്വദിച്ചു തന്നെ ഇവയെല്ലാം ഉപയോഗിക്കാൻ തുടങ്ങി. ഒരു ദിവസം രാത്രി അത് സംഭവിച്ചു. ഗൂഗിൾ ക്ലാസ് ‌റൂം അപ്ലിക്കേഷനിലെ പബ്ലിക് സ്ട്രീമിൽ ക്ലാസിലെ വിദ്യാർത്ഥിനികളെ തെരഞ്ഞ് പിടിച്ച് ഒരു വിദ്വാൻ വളരെ മോശമായ ഭാഷയിൽ അസഭ്യ വർഷം നടത്തുന്നു. ഇതൊക്കെ നോട്ടിഫിക്കേഷൻ ആയി വിദ്യാർത്ഥികളുടെ മെയിൽ ഐഡിയിലേക്ക് പോകുന്നു. മിക്ക വിദ്യാർത്ഥികളും മെയിൽ ഐഡി ആയി ഉപയോഗിക്കുന്നത് മാതാപിതാക്കളുടെ അക്കൗണ്ടുകൾ ആയതിനാൽ പെട്ടന്ന് തന്നെ അത് അവരുടെ ശ്രദ്ധയിൽ പെട്ടു. രക്ഷിതാക്കൾ ഉടൻ തന്നെ അദ്ധ്യാപകരുമായി ബന്ധപ്പെട്ടു. ഗൂഗിൾ ക്ലാസ് റൂമുകൾ അടിയന്തിരമായിത്തന്നെ ആർക്കൈവ് ചെയ്തു. ഏത് വിദ്യാർത്ഥി ആണ്‌ ഇതിനു പിന്നിൽ എന്ന് അന്വേഷിക്കാൻ രക്ഷകർത്താക്കൾ ആവശ്യപ്പെട്ടെങ്കിലും അന്വേഷണം അദ്ധ്യാപകരുടെ അശ്രദ്ധയോ‌ അറിവില്ലായ്മയോ കൂടി പ്രധാനമായും വെളിച്ചത്തു കൊണ്ടുവരും എന്നതിനാലും സ്കൂളിന്റെ പേരു ചീത്തയാകുമെന്നതിനാലും അവരുടെ അപേക്ഷ പ്രകാരം തുടർ നടപടികൾ വേണ്ടെന്ന് വയ്ക്കാൻ നിർബന്ധിതരാവുകയായിരുന്നു. ഈ സംഭവത്തിനു ശേഷം ആണ്‌ സ്കൂൾ അധികൃതർക്ക് കാര്യങ്ങളുടെ ഗൗരവം മനസ്സിലായത് - ഓൺലൈൻ ടീച്ചിംഗ് പ്ലാറ്റ് ഫോമുകൾ ഏതെല്ലാം തരത്തിൽ ദുരുപയോഗം ചെയ്യപ്പടുമെന്നതിനെക്കുറിച്ചൊക്കെ ചിന്തിക്കാൻ തുടങ്ങിയത്. അതിനു ശേഷം അവർ ഓരോ വിദ്യാർത്ഥിക്കും വിദ്യാർത്ഥിയുടെ പേരിൽ തന്നെ സ്കൂളിന്റെ വെബ് ഡൊമൈനിൽ ഗൂഗിളിന്റെ ജി സ്യൂട്ട് സർവീസ് ഉപയോഗിച്ച് പ്രത്യേകമായി ഈ മെയിൽ വിലാസങ്ങൾ ഉണ്ടാക്കി നൽകി ക്ലാസ് റൂമുകളിലെ ചേർക്കുകയും ഗൂഗിൾ മീറ്റിംഗിലേക്ക് അതുവഴി മാത്രം പ്രവേശനം സാദ്ധ്യമാക്കുകയും ചെയ്യുന്ന രീതിയിലേക്ക് മാറുകയുണ്ടായി.

മേൽപ്പറഞ്ഞത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. പലയിടത്തും സമാനമായ രീതിയിൽ ഗൂഗിൾ ക്ലാസ് റൂം, മറ്റ് വീഡീയോ കോൺഫറൻസിംഗ് അപ്ലിക്കേഷനുകൾ എന്നിവയെ ഒക്കെ അദ്ധ്യാപകരുടെ അറിവില്ലായ്മയേയും അശ്രദ്ധയേയും മുതലെടുത്ത് വിദ്യാർത്ഥികളും അവരുടെ സുഹൃത്തുക്കളുമൊക്കെ ദുരുപയോഗം ചെയ്യപ്പെട്ട ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ ഒരു ഓഫ് ലൈൻ ക്ലാസ് മുറിയിൽ കാണിക്കുന്നതിലും വലിയ ജാഗ്രതയും ശ്രദ്ധയും ഓൺലൈൻ ക്ലാസുകളിൽ അത്യാവശ്യമാണ്‌. ഓൺലൈൻ ക്ലാസ് മുറികളിൽ യഥാർത്ഥ വിദ്യാർത്ഥികൾ തന്നെ ആണോ ഇരിക്കുന്നത് എന്ന് ഉറപ്പ് വരുത്താനുള്ല മാർഗ്ഗങ്ങൾ ഓരോ പ്ലാറ്റ് ഫോമിനും അനുസരിച്ച് ആവിഷ്കരിക്കേണ്ടതുണ്ട്. സമയം ലാഭിക്കാനായി കോൺഫറൻസ് ഇൻവിറ്റേഷൻ ലിങ്കുകൾ സോഷ്യൽ മീഡിയയിലും മറ്റും പരസ്യമാക്കാതെ വിദ്യാർത്ഥികളെ മുൻകൂട്ടി തയ്യാറാക്കിയ ഗ്രൂപ്പുകൾ അനുസരിച്ച് ഇൻവിറ്റേഷനുകൾ നൽകി ക്ലാസ് റൂമുകളിലേക്കുള്ള പ്രവേശനം അനുവദിക്കുന്ന രീതി ആയിരിക്കും കൂടുതൽ സുരക്ഷിതം.

ഈ സാഹചര്യത്തിൽ ഓൺലൈൻ പഠന രീതിയിലെ ചില വെല്ലുവിളികളെക്കുറിച്ചും അവ എങ്ങിനെയൊക്കെ പരിഹരിക്കാൻ ശ്രമിക്കാമെന്നതിനെക്കുറിച്ചും ചില വിവരങ്ങൾ ചർച്ച ചെയ്യാം.

==അദ്ധ്യാപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ==

വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ് ഫോമുകൾ : ഈ കൊറോണാക്കാലത്ത് വളരെ പ്രചാരം നേടിയ വീഡിയോ കോൺഫറൻസിംഗ് അപ്ലിക്കേഷനുകൾ എല്ലാം വർഷങ്ങൾക്ക് മുൻപേ തന്നെ നിലനിന്നിരുന്നതും പലരും കാര്യമായിത്തന്നെ ഉപയോഗിച്ചിരുന്നതുമാണ്. കോവിഡ് പടർന്നു പിടിച്ച് ലോക് ഡോണിലേക്ക് പോകാൻ നിർബന്ധിതമായതൊടെയാണ് വളരെ അപ്രതീക്ഷിതമായി ഇത്തരം സംവിധാനങ്ങളുടെ പ്രചാരം ആരും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് ഉയർന്നത്.

തുടക്കത്തിൽ വളരെ പ്രചാരം നേടിയതും മിക്കവരും ഓൺലൈൻ ആയി ക്ലാസുകൾ തുടങ്ങിയതും സൂം എന്ന പ്ലാറ്റ് ഫോമിൽ ആയിരുന്നു. അധികമാളുകൾ ശ്രദ്ധിക്കാതിരുന്ന സൂം ഒന്നിരുട്ടി വെളുത്തപ്പോഴേക്കും ലോക ശ്രദ്ധ നേടുകയും അതിനോടൊപ്പം തന്നെ അതിനെചുറ്റിപ്പറ്റിയുള്ള കാര്യമായ സുരക്ഷാ പ്രശ്നങ്ങൾ ചർച്ചയാകുകയും ചെയ്തു. സുരക്ഷയുടെ കാര്യത്തിൽ കാര്യമായ മുൻകരുതലുകൾ എടൂക്കാൻ കഴിയാതിരുന്ന കമ്പനി ക്രമേണ സമയമെടുത്താണെങ്കിലും പ്രശ്നങ്ങളൊകെ അപ്ഡേറ്റുകളിലൂടെ പരിഹരിച്ചിട്ടുണ്ട്. സൂമിനോടൊപ്പം തന്നെ മുൻപ് ഉണ്ടായിരുന്നതും അതേ സമയം എന്റർപൈസ് സബ്സ്ക്രൈബേഴ്സിനു മാത്രം ലഭ്യമായിരുന്നതുമായ ഗൂഗിൾ മീറ്റ്, സ്വതന്ത്ര സൗജന്യ വീഡീയൊ കൊൺഫറൻസിംഗ് സർവീസ് ആയ ജിറ്റ്സി മീറ്റ്, ബ്ലൂ ജീൻസ്, ബിഗ് ബ്ലൂ ബട്ടൻ തുടങ്ങി ധാരാളം വീഡിയോ കോൺഫറൻസിംഗ് സർവീസുകൾ ഈ സവിശേഷ സാഹചര്യത്തിൽ നമുക്കെല്ലാം പരിചിതമായിത്തുടങ്ങി. ഇതിൽ തന്നെ അടിസ്ഥാനപരമായ ഫീച്ചറുകൾ എല്ലാ അപ്ലിക്കേഷനുകളീലും ഒരു പോലെ തന്നെയാണെങ്കിലും അധിക ഫീച്ചറൂകൾ, സുരക്ഷ, ഡാറ്റാ ഉപഭോഗം തുടങ്ങിയ കാര്യങ്ങളിൽ ഓരോ അപ്ലിക്കേഷനുകൾക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. വിസ്താര ഭയത്താൽ വീഡിയോ കോൺഫറൻസിംഗ് സർവീസുകളുടെ ഒരു താരതമ്യം ഇവിടെ ഉദ്ദേശിക്കുന്നില്ല.

വീഡിയോ കോൺഫറൻസിംഗ് സൊലൂഷനുകൾ ഉപയോഗിക്കുന്നത് ഡ്രൈവിംഗ് പഠിക്കുന്നതുപോലെയാണ്. മിക്കവാറും എല്ലാ സോഫ്റ്റ്‌വെയറുകളുടേയും യൂസർ ഇന്റർഫേസുകൾ ഏകദേശം ഒരുപോലെയായിരിക്കും. അതുപോലെ അടിസ്താനപരമായ ഫീച്ചറുകളും. ഡ്രൈവിംഗ് പഠിക്കാതെ നേരിട്ട് വണ്ടിയുമെടുത്ത് റോഡിലേക്ക് ഇറങ്ങുന്നതുപോലെ അദ്ധ്യാപകർ ഒരിക്കലും വീഡിയോ കോൺഫറൻസിംഗ് സൊലൂഷനുകൾ ഉപയോഗിച്ച് പരീക്ഷിക്കാതെ നേരിട്ട് കുട്ടികൾക്ക് ക്ലാസെടുക്കാൻ പോകരുത്. ഏത് അപ്ലിക്കേഷൻ ആയാലും ഒരു മീറ്റിംഗ് ഹോസ്റ്റ് ചെയ്ത് വിട്ടിലെയോ മറ്റ് അടുത്ത് പരിചയമുള്ള സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഒക്കെ കാഴ്ച്ചക്കാരാക്കിക്കൊണ്ട് ഒന്നോ രണ്ടോ ട്രയൽ ക്ലാസുകൾ എടുത്ത് ഉപയോഗിക്കുന്ന അപ്ലിക്കേഷന്റെ എല്ലാ ഫീച്ചറുകളും മനസ്സിലാക്കിയതിനു ശേഷം മാത്രം കുട്ടികളെ ഉൾപ്പെടുത്തിയുള്ള ക്ലാസുകൾ എടുക്കുന്നതാണ് കൂടുതൽ നല്ലത്.

സൂം ബോംബിംഗ് സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻ കരുതലുകൾ : സൂം എന്ന വീഡിയോ കോൺഫറൻസിംഗ് അപ്ലിക്കേഷൻ ഈ കോവിഡ് കാലത്ത് അഭിമുഖീകരിക്കേണ്ടി വന്ന വലിയൊരു പ്രശ്നമായിരുന്നു ക്ഷണിക്കപ്പെടാത്ത അതിഥികൾ മീറ്റിംഗുകളിലേക്ക് കടന്നു വന്ന് മീറ്റിംഗ് അലങ്കോലപ്പെടുത്തുന്ന അവസ്ഥ. ഇത് സൂമിനു മാത്രം ബാധകമല്ല സമാനമായ പ്രശ്നങ്ങൾ ഏത് വീഡിയോ കോൺഫറൻസിംഗ് അപ്ലിക്കേഷനും ബാധകമാണ്. പൊതുവേ വീഡീയോ കോൺഫറൻസുകളിൽ ചെയ്യാറുള്ളത് മീറ്റിംഗ് ഐഡിയോ മീറ്റിംഗിൽ ചേരാനുള്ള യു ആർ എലോ ഏതെങ്കിലുമൊക്കെ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിലൂടെ ഷെയർ ചെയുകയാണ്. ഇവ ഉദ്ദേശിക്കാത്തവരുടെ കൈകളിൽ എത്തപ്പെടുകയും അവർ മീറ്റിംഗുകളിൽ കയറിക്കൂടുകയും ചെയ്യുന്നു. രണ്ട് ഉദ്ദേശങ്ങൾ ഉണ്ടാകാം. ഒന്ന് രഹസ്യങ്ങൾ ചോർത്തുക. രണ്ട് മീറ്റിംഗ് അലങ്കോലപ്പെടുത്തുക. രണ്ടായാലും അഭികാമ്യമല്ലല്ലോ. അതിനാൽ വിർച്വൽ മീറ്റിംഗുകളെയും സാധാരണ ക്ലാസ് റൂമുകളെപ്പോലെത്തന്നെ കാണണം. സാധാരണ ഒരു അദ്ധ്യാപകൻ ക്ലാസെടുക്കുമ്പോൾ ക്ലാസിൽ പുറത്തുനിന്ന് ആരെങ്കിലും കയറി ഇരിക്കുന്നത് അനുവദിക്കാറില്ലല്ലോ. അദ്ധ്യാപകന്റെ ശ്രദ്ധ എല്ലാ വിദ്യാർത്ഥികളിലേക്കും എത്താറുമുണ്ട്. അതേ ശ്രദ്ധ അതിനേക്കാൾ കൂടുതൽ ആവശ്യമായത് ഓൺ ലൈൻ പ്ലാറ്റ് ഫോമുകളിൽ ആണ്‌. ഇതിനെക്കുറിച്ച് പല അദ്ധ്യാപകരും ബോധവാന്മാരാകാത്തതും കാര്യമായ ശ്രദ്ധ കൊടുക്കാത്തതും ക്ലാസിന്റെ ഫലപ്രാപ്തിയെ മാത്രമല്ല സ്വാധീനിക്കുന്നത്. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെയുള്ള ഗുരുതരമായ പ്രശ്നങ്ങൾക്കും വഴി തെളിക്കും.

==ഓൺലൈൻ ക്ലാസുകൾക്കായൊരു നിയമാവലി.==

സാധാരണ ക്ലാസ് മുറികളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരുമൊക്കെ പാലിച്ചു പോരുന്ന ലിഖിതമായതും അലിഖിതമായതുമായ ചില നിയമാവലികൾ ഉണ്ടല്ലോ. അത് പോലെയുള്ള വ്യക്തമായ നിയമാവലികൾ ഓൺലൈൻ പഠനത്തിന്റെ കാര്യത്തിലും അത്യാവശ്യമാണ്‌. ഇത് പൊതുവേ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുതിയ ഒരു മേഖല ആയതിനാൽ എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുത് എന്ന കാര്യത്തെക്കുറിച്ച് ആദ്യം തന്നെ അദ്ധ്യാപകർ ഒരു ധാരണയിൽ എത്തേണ്ടതുണ്ട്. അതിനു ശേഷം വിദ്യാർത്ഥികളോട് തുടക്കത്തിൽ തന്നെ ഇതിനെക്കുറിച്ചെല്ലാം ബോധവാന്മാരാക്കേണ്ടതുമുണ്ട്. ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങൾ പരീക്ഷിച്ചു നോക്കാൻ പൊതുവേ സ്വാഭാവികമായും കുട്ടികളിൽ ഉണ്ടാകുന്ന ഒരു പ്രവണതയെ മുൻകൂട്ടി കണ്ടു കൊണ്ട് തന്നെ വേണം ഇക്കാര്യങ്ങൾ അവതരിപ്പിക്കാൻ. ഓൺലൈൻ ആയതിനാൽ എന്ത് ചെയ്താലും അത് പിടിക്കപ്പെടില്ല എന്ന ഒരു മിഥ്യാ ധാരണ കുട്ടികൾക്ക് ഉണ്ടായേക്കാം. ആ ധാരണ തിരുത്താനാവശ്യമായ അടിസ്ഥാനപരമായ സൈബർ സുരക്ഷാ അറിവുകൾ അവർക്ക് നൽകേണ്ടതുണ്ട്. സാധാരണ ക്ലാസ് റൂമുകളിൽ നിന്നും വ്യത്യസ്തമായി പലപ്പോഴും ക്ലാസെടുത്തുകൊണ്ടിരിക്കുന്ന ഒരു അദ്ധ്യാപകന് ക്ലാസിലെ അറ്റൻഡൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ മാനേജ് ചെയ്യാൻ കഴിയണമെന്നില്ല. അതിനാൽ കഴിയുമെങ്കിൽ കോൺഫറൻസ് ഹോസ്റ്റിംഗ് / മാനേജ്മെന്റ് രണ്ടാമതൊരാൾ കൈകാര്യം ചെയ്യുന്നതായിരിക്കും കൂടുതൽ എളുപ്പം.

ചില സ്കൂളുകളിലൊക്കെ വെബ് സൈറ്റുകളും സ്കൂൾ മാനേജ്മെന്റ് അപ്ലിക്കേഷനുകളുമൊക്കെയുണ്ട്. അവയുടെ ഡവലപ്പേഴ്സുമായി ബന്ധപ്പെട്ട് പ്രമുഖ വീഡിയോ കോൺഫറൻസിംഗ് സൗകര്യങ്ങളും ഗൂഗിൾ ക്ലാസ് റൂമുമൊക്കെ പ്രസ്തുത അപ്ലിക്കേഷനുകളുടെ API വഴി സ്കൂൾ ഡാറ്റാബേസുമായി ബന്ധിപ്പിച്ച് മാനേജ്മെന്റ് കൂടുതൽ എളുപ്പമാകാനുള്ല വഴികൾ തേടുന്നത് നന്നായിരിക്കും.

നിലവിൽ കേരളാ സർക്കാർ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഔദ്യോഗികമായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത് ബിഗ് ബ്ലൂ ബട്ടൻ എന്ന ഓപ്പൺ സോഴ്സ് വീഡിയോ കോൺഫറൻസിംഗ് സൊലൂഷൻ ആണെന്നറിയുന്നു. ബിഗ് ബ്ലൂ ബട്ടൻ പല പ്രമുഖ ഓൺലൈൻ എജ്യൂക്കേഷൻ ERP കളുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാൻ കഴിയുന്ന റഡീമേഡ് എക്സ്റ്റൻഷനുകൾ അടങ്ങിയതാണ്‌. കേരളത്തിലെ സ്കൂളുകളുടെയും വിദ്യാർത്ഥികളുടെയും സമ്പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളുന്ന സമ്പൂർണ്ണ എന്ന അപ്ലിക്കേഷൻ ഫെഡീന പ്രൊജക്റ്റ് എന്ന എജ്യൂക്കേഷൻ ERP യിൽ അധിഷ്ടിതമാണ്‌. ബിഗ് ബ്ലൂ ബട്ടനിൽ ഫെഡീന എക്സ്റ്റൻഷൻ കൂടി ഉള്ളതിനാൽ വളരെ എളുപ്പത്തിൽ തന്നെ സമ്പൂർണ്ണ ഡാറ്റാബേസുമായി ബിഗ് ബ്ലൂ ബട്ടൻ ഇന്റഗ്രേറ്റ് ചെയ്യാൻ കഴിയും.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

==വിരസമായ ഓൺലൈൻ ക്ലാസുകൾ==

റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും യൂ‌ടൂബിലൂടെയുമൊക്കെയുള്ളതുപോലെ വൺവേ ട്രാഫിക് പോലെ ക്ലാസുകൾ എടുക്കുന്നത് പൊതുവേ വിരസമായ ഓൺലൈൻ ക്ലാസുകളെ ഒന്നുകൂടി വിരസമാക്കാനേ ഉപകരിക്കൂ. പരമ്പരാഗത ക്ലാസ് മുറികളിൽ തന്നെ കുട്ടികൾ ബോറടിച്ച് ഉറക്കം തൂങ്ങുമ്പോൾ അദ്ധ്യാപക ശ്രദ്ധയിൽ നിന്നും മറഞ്ഞ് നിൽക്കാൻ വളരെ എളുപ്പത്തിൽ സാധിക്കുന്ന ഓൺ ലൈൻ ക്ലാസുകളുടെ കാര്യം പറയേണ്ടതില്ലല്ലോ. അതിനാൽ സാധാരണ ക്ലാസ് മുറികളിൽ നിന്നും വ്യത്യസ്തമായി ബോധ പൂർവ്വം തന്നെ ക്ലാസ് മുറികൾ സ്കൂൾ തലങ്ങളിൽ എങ്കിലും കാര്യമായി ഇന്ററാക്റ്റീവ് ആക്കേണ്ടതുണ്ട്. എൻട്രൻസ് , പി എസ് സി, സിവിൽ സർവീസ് പരീക്ഷാ പരിശീലനങ്ങൾ തുടങ്ങിയവയിൽ ഓൺലൈൻ ക്ലാസുകൾ വളരെ ഫലപ്രദമാണെങ്കിലും അത് ചെറിയ ക്ലാസുകളിൽ ഫലവത്താകില്ല. കാരണം അവിടെയൊക്കെ ‘സെൽഫ് മോട്ടിവേറ്റഡ് ‘ ആയവർ ആണല്ലോ വിദ്യാർത്ഥികൾ ആയുള്ളത്. അതുകൊണ്ട് തന്നെ ക്ലാസെടുക്കുന്ന അദ്ധ്യാപകർ ഇക്കാര്യം മുന്നിൽ കണ്ടുകൊണ്ട് തന്നെ ക്ലാസുകളുടെ വിരസത അകറ്റാനായി പരമ്പരാഗത മാർഗ്ഗങ്ങൾ വിട്ടുകൊണ്ട് ക്ലാസെടുക്കുന്നതിനു മുൻപേ കാര്യമായിത്തന്നെ ഗൃഹപാഠം ചെയ്യേണ്ടത് അത്യാവശ്യമാണ്.

പല അൺ എയ്ഡഡ് സ്കൂളുകളും വീഡിയോ കോൺഫറൻസിംഗ് സൗകര്യങ്ങളെ ഓഫ് ലൈൻ ക്ലാസ് മുറികൾക്ക് പകരമായി കണ്ടുകൊണ്ട് അതേ രൂപത്തിലും സ്കൂൾ സമയക്രമങ്ങൾ പാലിച്ചുകൊണ്ടും നടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നു. ഇത് തികച്ചും അശാസ്ത്രീയവും അപകടകരവുമായ ഒരു പ്രവണതയാണ്‌. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് മുറികളിൽ മണിക്കൂറുകളോളം ശ്രദ്ധിച്ചിരുന്നു കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയണമെന്നില്ല എന്ന് മാത്രവുമല്ല അത് വലിയ മാനസിക സമ്മർദ്ദങ്ങൾക്കും വഴി തെളിക്കും. തുടർച്ചയായ ടെലിവിഷൻ ഉപയോഗവും സ്മാർട്ട് ഫോൺ ഉപയോഗവും അതിനെത്തുടർന്ന് കണ്ണുകൾക്കുണ്ടാകുന്ന പ്രശ്നങ്ങളുമൊന്നും ഈ കോവിഡ് കാലത്ത് ഇല്ലാതായിട്ടില്ല എന്നു കൂടി ഓർക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഒരു ദിവസം വിവിധ വിഷയങ്ങളായി ഇടവേളകൾ ഇട്ടുകൊണ്ട് പരമാവധി രണ്ടോ മൂന്നോ മണിക്കൂറുകളിൽ കൂടുതലുള്ല നിർബന്ധിത ഓൺലൈൻ അദ്ധ്യയനം ഒരിക്കലും ഗുണകരമാകില്ല.

4 ജിയിൽ നിന്നും 5 ജിയിലേക്ക് നമ്മൾ ചുവടു വയ്ക്കുകയാണെങ്കിലും ഇപ്പോഴും നമ്മുടെ നഗരങ്ങളിൽ തന്നെ അതിവേഗ ഇന്റർനെറ്റ് കണൿഷൻ സംവിധാനങ്ങളുടെ സ്ഥിതി പരിതാപകരമാണ്‌. വീഡീയോ കോൺഫറൻസിംഗിനായി വളരെ കൂടുതൽ ബാൻഡ് വിഡ്ത്ത് ആവശ്യമാണെന്നതിനാൽ മൊബൈൽ ഡാറ്റ ഉപയോഗിച്ചുകൊണ്ടുള്ള വീഡിയോ‌ കോൺഫറൻസിംഗ് ക്ലാസുകൾ ബാൻഡ് വിഡ്ത്ത് പ്രശ്നങ്ങൾ മൂലം തടസ്സപ്പെടുകയും വളരെ അത്യാവശ്യമുള്ള ഇന്ററാക്റ്റിവിറ്റി നഷ്ടപ്പെടൂകയും ചെയ്യാറുണ്ട്. അതോടൊപ്പമുള്ള വലിയ ഒരു പ്രശ്നമാണ്‌ ലാറ്റൻസി. വീഡിയോയും ഓഡിയോയും സിങ്ക് ചെയ്യാൻ കഴിയാതെ വരുന്നതുമൂലം ക്ലാസുകൾ അരോചകമായിത്തീരുന്നു. ഒപ്റ്റിക്കൽ ഫൈബർ / കെബിൾ ബ്രോഡ് ബാൻഡ് വഴിയുള്ള ഉയർന്ന ബാൻഡ് വിഡ്ത്തും കുറഞ്ഞ ലാറ്റൻസിയുമൊക്കെയുള്ള ഇന്റർനെറ്റ് കണൿഷനുകൾവഴി മാത്രമേ സുഖകരമായ രീതിയിൽ തടസ്സങ്ങളില്ലാതെ ഓൺലൈൻ ക്ലാസുകൾ നടത്തിക്കൊണ്ടുപോകാൻ കഴിയുന്നുള്ളൂ എന്നത് വലിയൊരു വെല്ലുവിളിയാണ്‌. ഈ സാഹചര്യത്തിൽ പൊതുവേ ബാൻഡ് വിഡ്ത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ വീഡിയോ ഓഫ് ചെയ്തിട്ട് ഓഡിയോയിലൂടെ മാത്രം ഒപ്പിച്ചെടുക്കുമ്പോൾ ക്ലാസുകൾ എത്രമാത്രം വിരസമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

==അദ്ധ്യാപകർ ഓഡിറ്റ് ചെയ്യപ്പെടുമ്പോൾ ==

സാധാരണ ഓഫ് ലൈൻ ക്ലാസ് മുറികളിൽ അദ്ധ്യാപകൻ ചോദ്യം ചെയ്യപ്പെടാത്ത രാജാവാണ്‌. അദ്ധ്യാപകൻ എന്തൊക്കെ പഠിപ്പിക്കുന്നു എങ്ങിനെയൊക്കെ പഠിപ്പിക്കുന്നു എന്നൊക്കെയുള്ള കാര്യങ്ങൾ ആ ക്ലാസിലെയോ സ്കൂളിലേയോ വിദ്യാർത്ഥി സമൂഹത്തിനു വെളിയിൽ പോകുന്ന സാഹചര്യം കുറവായിരിക്കും. പക്ഷേ ഓൺലൈൻ ക്ലാസ് മുറികളുടെ കാര്യം അങ്ങനെ അല്ല. അദ്ധാപകരുടെ അദ്ധ്യാപന നിലവാരവും അറിവുമെല്ലാം രക്ഷകർത്താക്കളും പൊതുജനങ്ങളുമൊക്കെ വിലയിരുത്താൻ തുടങ്ങും. അദ്ധ്യാപകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന മനുഷ്യ സഹജമായ ചെറിയ തെറ്റുകൾ പോലും തെളിവു സഹിതം ചർച്ച ചെയ്യപ്പെടും. അതിനാൽ അതെല്ലാം ഒരു പരിധി വരെ എങ്കിലും മുൻകൂട്ടി കാണാനും ഉൾക്കൊള്ളാനുമുള്ള മാനസികാവസ്ഥ അദ്ധ്യാപകർ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. പൊതുവേ ചെറിയ ക്ലാസ് മുറികൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന നിർദ്ദോഷകരമായ പല നിർദ്ദോഷകരമായ തമാശകളും അഭിപ്രായപ്രകടനങ്ങളും വരെ ഓൺലൈൻ ക്ലാസ് മുറികളിൽ ആകുമ്പോൾ മറ്റൊരു രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ഉദ്ദേശിക്കാത്ത തലങ്ങളിലേക്ക് എത്തുകയും ചെയ്യും എന്നതിനാൽ അദ്ധ്യാപകർ കൂടുതൽ ജാഗ്രത പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. വീഡിയോ കോൺഫറൻസിംഗ് അപ്ലിക്കേഷനുകളിൽ റെക്കോഡിംഗ് ഒപ്ഷൻ പരിമിതപ്പെടുത്താനുള്ള സൗകര്യമുണ്ടെങ്കിലും വിദ്യാർത്ഥികൾക്ക് അവരുടെ കമ്പ്യൂട്ടറുകളിലും സ്മാർട്ട് ഫോണുകളിലും സ്ക്രീൻറെക്കോഡിംഗ് അപ്ലിക്കേഷനുകൾ ഉപയോഗിച്ച് ക്ലാസുകൾ റെക്കോഡ് ചെയ്ത് സൂക്ഷിക്കാനും പിന്നീട് ഉപയോഗിക്കാനും കഴിയും എന്ന കാര്യം മറക്കാതിരിക്കുക.

== സൈബർ സുരക്ഷാ പ്രശ്നങ്ങൾ ==

വീഡിയോ‌ കോൺഫറൻസിംഗ് അപ്ലിക്കേഷനുകൾ കൂടുതൽ പ്രചാരത്തിൽ ആകുന്നതോടെയും അവ ഉപയോഗിക്കുന്നത് സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് കാര്യമായ അവബോധമില്ലാത്ത വിദ്യാർത്ഥികൾ ആയതിനാൽ പതിവു സൈബർ തട്ടിപ്പുകാർ ഈ മേഖലയിലേക്ക് ‌ശ്രദ്ധ ഊന്നുകയും പഴുതുകൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഓൺലൈൻ ക്ലാസുകൾ തുടങ്ങുന്നതിനു മുൻപേ വിദ്യാർത്ഥികളും അദ്ധ്യാപകരും അടിസ്ഥാനപരമായ സൈബർ സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്.

വിദ്യാർത്ഥികൾ അദ്ധ്യാപകരേക്കാൾ സൈബർ വിഷയങ്ങളിൽ അപ് ഡേറ്റ് ആയിരിക്കുന്ന സാഹചര്യത്തിൽ അവരെ ഒരിക്കലും കുറച്ച് കാണരുത്. വിവിധ ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ സൈബർ സുരക്ഷാ വിഷയങ്ങളിൽ ലഭിക്കുന്ന അറിവുകൾ പരീക്ഷിക്കാനുള്ള സ്വാഭാവിക കൗതുകം ഇവിടെയും ഉണ്ടായിരിക്കും എന്നതിനാൽ അതിനെക്കൂടി നേരിടാനുള്ല സാമാന്യ അറിവുകളും മുൻകരുതലുകളും അദ്ധ്യാപകരും സ്കൂൾ അധികൃതരും എടുക്കേണ്ടതുണ്ട്. മിക്ക വിദ്യാർത്ഥികളും ഉപയോഗിക്കുന്നത് മാതാപിതാക്കളുടെ കമ്പ്യൂട്ടറും സ്മാർട്ട് ഫൊണും ടാബ് ലെറ്റുകളുമൊക്കെയാണെന്നതിനാൽ ഇത്തരം പ്ലാറ്റ് ഫോമുകളിലൂടെ ഉണ്ടാകാൻ സാദ്ധ്യതയുള്ല സുരക്ഷാ പ്രശ്നങ്ങളുടെ വ്യാപ്തി വലുതാണ്‌. അതിനാൽ അത്തരം ഉപകരണങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ നന്നായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രത്യേകം ഈ മെയിൽ വിലാസങ്ങൾ ഉണ്ടാക്കുകയും കമ്പ്യൂട്ടറുകളിലും മറ്റും അഡ്മിനിസ്ടേറ്റീവ് ആക്സസ് ഇല്ലാത്ത പരിമിതമായ സൗകര്യങ്ങളുള്ള യൂസർ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതുമൊക്കെയാണ്‌ കൂടുതൽ സുരക്ഷിതം.

അതോടൊപ്പം വീഡിയോ കോൺഫറൻസിംഗ് അപ്ലിക്കേഷനുകൾ അവയുടെ ഏറ്റവും പുതിയ പതിപ്പ് തന്നെ ആണ്‌ ഉപയോഗിക്കുന്നത് എന്ന് ഉറപ്പ് വരുത്താൻ ശ്രദ്ധിക്കുകയും വേണം. വീഡിയോ കോൺഫറൻസിംഗ് അപ്ലിക്കേഷനുകളിൽ വിദ്യാർത്ഥികൾക്ക് പരസ്പരം ചാറ്റ് ചെയ്യാനുള്ള സൗകര്യങ്ങളിലൂടെ ക്ലാസിലെ ശ്രദ്ധ മാറിപ്പോകാനും ഫിഷിംഗ് ലിങ്കുകളും മറ്റും ഷെയർ ചെയ്യപ്പെടാനുള്ള സാഹചര്യമുള്ളതിനാലും ക്ലാസ് നടക്കുമ്പോൾ അത്തരം ചാറ്റുകൾ ഡിസേബിൾ ചെയ്യുന്നതാണ്‌ കൂടുതൽ സുരക്ഷിതം. പക്ഷേ പല പ്ലാറ്റ് ഫോമുകളിലും ഈ പറഞ്ഞ സംവിധാനം ഉണ്ടായിരിക്കണമെന്നില്ല.

# സുജിത് കുമാർ

Photo Credit : » @kellybritostudio


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About സുജിത് കുമാർ

Sujith Kumar a Science and technology enthusiast. » Youtube / » FaceBook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 04:56:13 am | 29-05-2022 CEST