നാറാണത്ത് ഭ്രാന്തൻ ബാറ്ററി അഥവാ കോൺക്രീറ്റ് ബാറ്ററി .. പരിസരമലിനീകരണം കുറക്കുന്ന കറണ്ടുല്പാദനം ..

Avatar
അജിത് കളമശ്ശേരി | 12-07-2022 | 3 minutes Read

967-1657608940-fb-img-1657608606308

ചിത്രത്തിൽ കാണുന്നത് സ്വിറ്റ്സർലണ്ടിലെ പ്രവർത്തിക്കുന്ന കോൺക്രീറ്റ് ബാറ്ററി വോൾട്ട്.

ചൈനക്കാരൻ ഉണ്ടാക്കി വിടുന്ന പവർ ബാങ്കുകളിൽ മണൽ ഉപയോഗിച്ചുള്ള ഡമ്മി ബാറ്ററികൾ കാണാറുണ്ട്..ഇതും അതുപോലെ ഒരു ടെക്നോളജിയാണെന്ന് വായനക്കാർ തെറ്റിദ്ധരിക്കല്ലേ!

ഐതീഹ്യ മാലയിലെ നാറാണത്ത് ഭ്രാന്തൻ മലമുകളിലേക്ക് വലിയ പാറക്കല്ല് ഉരുട്ടിക്കയറ്റി മലമുകളിൽ എത്തിയാൽ അത് താഴേക്ക് ഉരുട്ടി വിട്ട് കൈകൊട്ടിച്ചിരിക്കുന്ന കഥകൾ നമ്മൾ വായിച്ചിട്ടുണ്ട്.

ഇതാ അതുപോലൊരു കഥ സ്വിറ്റ്സർലണ്ടിൽനിന്നും! ഇവിടെ പാറക്കല്ല് മല മുകളിലേക്ക് ഉരുട്ടിക്കയറ്റുന്നതിന് പകരം നേരം വെളുക്കുമ്പോൾ മുതൽ 35 ടൺ ഭാരുമുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ 125 മീറ്റർ ഉയരമുള്ള ഒരു പടുകൂറ്റൻ ടവറിലേക്ക് ഇലക്ട്രിക് പവർ ഉപയോഗിച്ച് ഉയർത്തുകയും, നേരം അന്തിമയങ്ങിയാൽ ഈ 125 മീറ്റർ ഉയരത്തിലിരിക്കുന്ന 35 ടൺ ഭാരമുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ നിയന്ത്രിതമായി താഴേക്ക് ഊർത്തി വിടുകയും അപ്പോൾ കിട്ടുന്ന ഗ്രാവിറ്റി മൂലം ഒരു ജനറേറ്റർ പ്രവർത്തിപ്പിച്ച് കറണ്ടുണ്ടാക്കുകയും ചെയ്യുന്ന പുതിയ ഒരു വൈദ്യുതി സംഭരണ ടെക്നോളജിയാണ് ഇവിടെ പ്രാവർത്തികമാക്കിയിരിക്കുന്നത്.

പഴയ കാല ഗ്രാൻഡ് ഫാദർ ക്ലോക്കുകളിൽ ഒരു കിലോ വെയിറ്റ് വരുന്ന ഒരു ഇരുമ്പ് കട്ടി മാസത്തിൽ ഒരിക്കൽ നമ്മൾ ഉയർത്തി വച്ച് കൊടുത്താൽ ആ ക്ലോക്ക് മാസം മുഴുവൻ പ്രവർത്തിക്കുമായിരുന്നു.

കീ കൊടുക്കുന്നതിന് പകരം ഭാരം ഉപയോഗിച്ച് ബാലൻസ് വീലിനെ കറക്കിയാണ് ഇത്തരം ക്ലോക്കുകൾ പ്രവർത്തിച്ചിരുന്നത്.

ഈ ടെക്നോളജി ഉപയോഗിക്കുന്ന എമർജൻസി ലൈറ്റുകളും ഉണ്ടായിരുന്നു. ഒരു കിലോ വരുന്ന ഒരു ഭാരം എമർജൻസി ലൈറ്റിനോട് ബന്ധിപ്പിച്ച ചരടിൽ തൂക്കിയിട്ടാൽ ഒരു രാത്രി മുഴുവൻ അതിലെ LED ബൾബുകൾ പ്രകാശം ചൊരിയും. ആഫ്രിക്കയിലെ വിദൂര ഗ്രാമങ്ങളെ ഉദ്ദേശിച്ച് ഡിസൈൻ ചെയ്തവയായിരുന്നു ഇവ.

ഗ്രാവിറ്റി എമർജൻസി ലൈറ്റ് എന്ന് യൂ ട്യൂബിൽ സെർച്ച് ചെയ്താൽ ഇത്തരം ധാരാളം സൂത്രങ്ങൾ കാണാം.

പകൽ സമയത്ത് സോളാർ പാനലുകൾ ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കി ആ കറണ്ട് കൊണ്ട് വലിയ മോട്ടോറുകൾ പ്രവർത്തിപ്പിച്ച് ജലം ഉയർന്ന പ്രദേശങ്ങളിൽ കെട്ടിയുണ്ടാക്കിയ വലിയ ടാങ്കുകളിലേക്ക് പമ്പ് ചെയ്യുകയും ,രാത്രിയിൽ സോളാർ പാനലുകൾ പ്രവർത്തനം നിറുത്തുമ്പോൾ ഈ ജലം ഉപയോഗിച്ച് ടർബൈൻ കറക്കി കറണ്ട് ഉണ്ടാക്കുകയും ചെയ്യുന്ന രീതി പണ്ടേയുണ്ട്.

പക്ഷേ ഈ രീതിക്ക് പല പോരായ്മകൾ ഉണ്ട്. ഒന്ന് .ധാരാളം സ്ഥലം വേണം. രണ്ട്, ധാരാളം ജലം വേണം. ഡാമുകൾ നിർമ്മിക്കാൻ പറ്റിയ ഉയർന്ന സ്ഥലം വേണം.

ഇതൊക്കെ കണ്ടെത്തുക വൈദ്യുതി ആവശ്യമേറിയ ജനസാന്ദ്രമായ പ്രദേശങ്ങളിൽ വളരെ പണച്ചിലവുകൾ ഉള്ള കാര്യമാണ്.

എന്നാൽ സോളാർ പാനലുകൾ വയ്ക്കാനും, ഡാമുകൾ നിർമ്മിക്കാനും ധാരാളം സ്ഥലമുള്ള മരുപ്രദേശങ്ങളിൽ ജല ലഭ്യതയുമില്ല.

ഇതിനൊരു പരിഹാരമാണ് ഇപ്പോൾ സ്വിറ്റ്സർലണ്ടിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനിയായ എനർജി വോൾട്ട് സാദ്ധ്യമാക്കിയിരിക്കുന്നത്.

വികസിത രാജ്യങ്ങളിൽ നിർമ്മിക്കുന്ന കോൺക്രീറ്റ് ബഹുനില മന്ദിരങ്ങൾ 25 മുതൽ 35 വർഷം വരെ കാലാവധി പൂർത്തിയായാൽ ഇടിച്ച് പൊളിച്ച് കളഞ്ഞ് പുതിയത് നിർമ്മിക്കും. ഇങ്ങനെ ചെയ്യുമ്പോൾ ഉണ്ടാകുന്ന കോൺക്രീറ്റ് മാലിന്യം ഒഴിവാക്കുക അവരെ സംബന്ധിച്ചിടത്തോളം ഒരു ഭഗീരഥപ്രയത്നമാണ്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഈ പ്രശ്നത്തിന് ഒരു പരിഹാരം കൂടിയാണ് ഈ കോൺക്രീറ്റ് ബാറ്ററികൾ.ഓരോ കോൺക്രീറ്റ് ബ്ലോക്കിനും 35 ടൺ ഭാരമുണ്ട്. കെട്ടിടം പൊളിക്കുന്ന കോൺക്രീറ്റ് മാലിന്യങ്ങളും, ഒപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും ചേർത്താണ് ഈ കോൺക്രീറ്റ് കട്ടകൾ നിർമ്മിക്കുന്നത്. ഓരോ കട്ടയ്ക്കും 30 മുതൽ 40 വർഷം വരെ ആയുസ് പ്രതീക്ഷിക്കുന്ന വിധത്തിൽ കർശന ഗുണമേൻ മേൻമയോടെയാണ് നിർമ്മിക്കുന്നത്.

വമ്പൻ ക്രെയിനുകൾ ഉൾപ്പെടുന്ന ഈ കോൺക്രീറ്റ് എനർജി സ്റ്റോറേജ് ബാറ്ററികളിൽ ഇത്തരം 1000 മുതൽ പതിനായിരം വരെ ബ്ലോക്കുകൾ ഉൾക്കൊള്ളിക്കാൻ സാധിക്കും.

പകൽ സമയങ്ങളിൽ സോളാർ പ്ലാൻ്റുകളിൽ നിന്നും, വിൻഡ് മില്ലുകളിൽ നിന്നുമുള്ള എനർജി ഉപയോഗിച്ച് ഈ കട്ടകൾ 125 മീറ്റർ വരെ ഉയർത്തി അടുക്കുന്നു.

രാത്രിയിൽ വൈദ്യുതി ഉപയോഗം കുടുമ്പോൾ ഓട്ടോമാറ്റിക്കായി ഓരോ കട്ടകൾ എടുത്ത് താഴേക്ക് ഊർത്തി വിടുന്നു. അപ്പോൾ മാത്രം ഓരോ ബോക്കുമായും ബന്ധപ്പെടുന്ന ഉരുക്ക് വടങ്ങൾ മൂലം ജനറേറ്ററും ഒപ്പം വലിയ ഫ്ലൈവീലും പ്രവർത്തിക്കുകയും കറണ്ട് ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു..

മറ്റ് വൈദ്യുത പദ്ധതികളെ അപേക്ഷിച്ച് വളരെ എഫിഷ്യൻ്റായതും, പരിസര മലിനീകരണം കുറഞ്ഞതുമാണ്, ഈ കോൺക്രീറ്റ് ബാറ്ററി വോൾട്ടുകൾ എന്ന നവീന ടെക്നോളജി. Rob piconi, Andrea Pedretti എന്നീ രണ്ട് പേരാണ് ഈ സ്റ്റാർട്ടപ്പ് കമ്പനിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.

35 മെഗാവാട്ടാണ് ഇപ്പോൾ നിർമ്മിച്ച് വരുന്ന എനർജി വോൾട്ട് ടവറിൻ്റെ വൈദ്യുതി സംഭരണ ശേഷി. കൂടുതൽ കോൺക്രീറ്റ് ബ്ലോക്കുകൾ ഉൾപ്പെടുത്തി ഇത് വിപുലീകരിക്കാനും സാദ്ധ്യമാണ്.

ഒരിക്കൽ പണം മുടക്കിയാൽ ഏതാണ്ട് 30 മുതൽ 40 വർഷം വരെ ഈ സംവിധാനം വൈദ്യുതി സംഭരിക്കാൻ ഉപകരിക്കും.

ഈ ഐഡിയ പിൻപറ്റി ഗ്രാവിറ്റിസിറ്റി എന്നൊരു മറ്റൊരു കമ്പനിയും രംഗത്ത് വന്നിട്ടുണ്ട്. ഉപക്ഷിക്കപ്പെട്ട ഖനികളാണ് ഇവരുടെ വൈദ്യുതി സംഭരണ ബാറ്ററി. പകൽ നേരം 500 ടണ്ണോളം ഭാരം വരുന്ന കോൺക്രീറ്റ് കട്ടകൾ കിലോമീറ്റർ താഴ്ച്ചയുള്ള ഖനികളുടെ അടിത്തട്ടിൽ നിന്നും ഉയർത്തി ഭൂനിരപ്പ് വരെ എത്തിക്കുകയും രാത്രിയിൽ നിയന്ത്രിതമായി അഴിച്ച് വിട്ട് കറണ്ട് ഉത്പാദിപ്പിക്കുകയുമാണ് ഇവരുടെ ടെക്നോളജി.

ഇതും വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയിട്ടുണ്ട്. ഭൂനിരപ്പിന് മുകളിൽ അധികം ഉയർന്ന് നിൽക്കുന്ന അപകടകരമായ നിർമ്മിതികൾ ഇല്ല എന്നത് ഖനി ബാറ്ററികളുടെ ഒരു നല്ല വശമാണ്.

ലോക വ്യാപകമായി ഇത്തരം ഗ്രാവിറ്റി ബാറ്ററികൾ താമസിയാതെ എത്തിച്ചേരും.

ഇന്ത്യയിൽ രാജസ്ഥാൻ മരുഭൂമിയിൽ ടാറ്റാ പവർഗ്രാവിറ്റി ബാറ്ററി സംവിധാനം ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് എന്ന് കേൾക്കുന്നുണ്ട്.

വൻകിട വൈദ്യുതി സംഭരണ ആവശ്യങ്ങൾക്കായി പരിസരം മലിനമാക്കുന്നതും 5 മുതൽ 10 വർഷത്തിനുള്ളിൽ മാറ്റേണ്ടതുമായ ലെഡ്, സൾഫ്യൂറിക് ആസിഡ്, ലിഥിയം പോലുള്ള കെമിക്കലുകൾ ഉപയോഗിക്കുന്ന ബാറ്ററികൾ ഒഴിവാക്കി പരിസ്ഥിതി സൗഹാർദ്ധപരമായ ഇത്തരം നാറാണത്ത് ഭ്രാന്തൻ ബാറ്ററികൾ വളരെ വേഗം ഇന്ത്യയിലുംവ്യാപകമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

എഴുതിയത് അജിത് കളമശേരി .Ajith_Kalamassery.

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About അജിത് കളമശ്ശേരി

» FaceBook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 12:19:24 am | 04-06-2023 CEST