ഒരു ഓൺലൈൻ ക്ലാസ്സ് അപാരത -

Avatar
Jijo P Ulahannan | 30-04-2020 | 6 minutes Read

കോവിഡ്-19 ലോക്കൗട്ടൂമായി കഴിയുന്ന സാഹചര്യം വന്നപ്പോൾ കുട്ടികളും അധ്യാപകരുമൊക്കെ നഷ്ട്ടപ്പെട്ട ദിനങ്ങൾ തിരിച്ചെടുക്കാൻ ഓൺലൈൻ മാർഗ്ഗങ്ങളിലേക്ക് മാറിയല്ലോ. വാട്സാപ്പ്, ടെലിഗ്രാം, യൂട്യൂബ്, സൂം, അങ്ങിനെ നീളുന്നു മാർഗ്ഗങ്ങൾ. ഒന്നാം വർഷ ബിരുദക്കാർക്ക് തീരാനുള്ള ഭാഗങ്ങൾ തീർക്കാനും, അത് സർവകലാശാലയിലെ എല്ലാവർക്കും ലഭ്യമാക്കാനും നാല് വീഡിയോകൾ ചെയ്യാൻ ഞാനും തീരുമാനിച്ചു. ആദ്യമേ കുട്ടികളുടെ ഗ്രൂപ്പിൽ അഭിപ്രായ സർവെ നടത്തി. അവർ ഭൂരിഭാഗവും യൂട്യൂബ് ആണ് ഓൺലൈൻ ക്ലാസ്സ് റൂമിനേക്കാൾ തെരഞ്ഞെടുത്തത്. എന്നാൽ രണ്ടാമത് വന്ന ഗൂഗിൾ കാസ്സ് റൂം എന്ന പ്ലാറ്റ്ഫോമിന് ഞാൻ ഒന്നാം പരിഗണന നൽകി. എല്ലാ കുട്ടികൾക്കും ലൈവ് ക്ലാസ്സിൽ പങ്കെടുക്കാനാവില്ല എന്നത് പരിഹരിക്കാനും, യൂട്യൂബും മറ്റ് പഠനോപാധികളും അതോടൊപ്പം ഓണലൈൻ ടെസ്റ്റുകളും, മീറ്റിങ്ങുകളും ഇന്റഗ്രേറ്റ് ചെയ്യാം എന്നതുമാണ് അതിനുള്ള കാരണം. സഹപ്രവർത്തകരായ അധ്യാപകരിൽ സുഹൈൽ മാഷ് എന്നെ വിളിച്ച് സംസാരിച്ചപ്പോൾ പറഞ്ഞ കാര്യം ഞാൻ ഓർത്തു. അവർ താമസിക്കുന്ന സ്ഥലത്ത് മൊബൈൽ ഡാറ്റ പ്രശ്നം കാരണം അവർ പോലീസിൽ നിന്ന് പാസെടുത്ത് ബൈക്കിൽ ടൗണിൽ പോയാണ് നെറ്റ് നോക്കുന്നതെന്ന്!

അങ്ങിനെ ക്ലാസ്സിൽ കുട്ടികളെ ചേർത്ത് പരിപാടീ ആരംഭിച്ചു. അപ്പോഴാണ് എങ്ങിനെ വീഡിയോ ഉണ്ടാക്കുമെന്ന പ്രശ്നം വന്നത്. മൊബൈൽ ക്യാമറയിൽ റെക്കോർഡ് ചെയ്താൽ സൂപ്പറായി കിട്ടും പക്ഷെ 2013 മോഡൾ ലാപ്ടോപ്പ് വച്ച് വീഡിയോ എഡിറ്റിങ്, കുറഞ്ഞ ബാൻഡ്.വിഡ്ത് മേഖലകളിൽ ഉള്ള കുട്ടികൾക്ക് റെൻഡറിങ് അങ്ങിനെയുള്ള പ്രശ്നങ്ങൾ വന്നപ്പോഴാണ് സുഹൃത്ത് സനീഷ് സൂം ആപ്പ് നിർദ്ദേശിക്കുന്നത്! അതിനു പിറകേ ദാ വരുന്നു സൂം അപ്പിനെ സംബന്ധിച്ചുള്ള പ്രൈവസി വയലേഷൻ പ്രശ്നങ്ങളും സർക്കാർ നിർദ്ദേശങ്ങളും. അങ്ങിനെ വീഡിയോ കോൺഫറൻസിങ്ങ് ആപ്പ് സുരക്ഷ, പ്രവർത്തന സ്വീകാര്യത തുടങ്ങിയ കാര്യങ്ങളിൽ മുങ്ങിത്തപ്പി.

നിങ്ങൾ ലോകത്തെമ്പാടുമുള്ളവർ പങ്കെടുക്കുന്ന ഒരു ലൈവ് സെഷൻ നടത്തുമ്പോൾ നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഒന്നാമത് ഓരോ സ്ഥലത്തേയും ബാൻഡ്.വിഡ്ത്, പിന്നെ സെക്യൂരിറ്റി, യൂസർ ഫ്രണ്ട്ലിനെസ്സ്, അങ്ങിനെ.

ഇക്കാര്യങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സൂം തന്നെയാണ്. കാരണം അവർ ക്ലൗഡിലാണ് സേവനങ്ങൾ നൽകുന്നത്. ക്ലയന്റ് ആയി നിങ്ങളുടെ ലാപ്ടോപ്പിലും ഉണ്ടാവും. നേറ്റീവ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നതിനാലും, പീയർ നെറ്റ്വർക്ക് ഉപയോഗിച്ച് ഒപ്റ്റിമൈസ് ചെയ്ത് പ്രവർത്തിക്കുന്നതിനാലും ആർക്കും കുറഞ്ഞ ബാൻഡ്.വിഡ്തിലും സേവനം കിട്ടും. പക്ഷേ, നിങ്ങളുടെ ഡാറ്റ, പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ഒക്കെ അവരുടെ കൈവശമുണ്ടാവും. വിവാദങ്ങൾ വന്നതിനാൽ അവർ എൻഡ്-ടു-എൻഡ് എങ്ക്രിപ്ഷൻ ഒക്കെ ഇപ്പോൾ കൊണ്ടു വന്നു. എന്നാലും അവർക്ക് നിങ്ങളൂടെ സിസ്റ്റത്തിൽ ഒരിടം കൊടുക്കേണ്ടി വരും. മൊബൈലിൽ ഇതത്ര വരില്ലാത്തതിനാൽ ഹോസ്റ്റ് ആയിരിക്കുന്നയാൾക്ക് കമ്പ്യൂട്ടറിൽ ഉള്ള എക്സ്പീരിയൻസ് ആയിരിക്കില്ല മൊബൈലിൽ. സൂമിന്റെ മീറ്റിങ്ങുകളിൽ ഹാക്കേഴ്സും, വൈകൃത സ്വഭാവക്കാരും നുഴഞ്ഞ് കയറിയത് ലോകം മുഴുവൻ അവർക്ക് നാണക്കേടൂണ്ടാക്കി.

ഏതാനും മാസങ്ങൾക്ക് മുന്നെ സുഹൃത്തായ പീറ്റർ പറഞ്ഞാണ് ഞാൻ ജിറ്റ്സി മീറ്റ് (JITSI Meet) എന്ന ആപ്പിനേപ്പറ്റി അറിഞ്ഞത്. മികച്ച സുരക്ഷ, പീയർ-ടു-പീയർ നെറ്റ്വർക്കിന്റെ സ്വകാര്യത, ബ്രൗസറിൽ നിന്നുള്ള പ്രവർത്തനം ഒക്കെയുണ്ട്. പക്ഷേ, സൂമിന്റെ അഞ്ചാറിരട്ടി ഡാറ്റ വേണം. ജിറ്റ്സിയുടെ ബ്രൗസർ അത്ര പോര, ജാവാസ്ക്രിപ്റ്റ് വെബ് ആപ്പ് നേറ്റീവ് ആപ്പായി പാക്ക് ചെയ്ത് ലഭ്യമാക്കൂന്നു എന്നുള്ള പ്രശ്നങ്ങളുമുണ്ട്. കസ്റ്റമൈസ് ചെയ്യാനും ചില്ലറ പ്രശ്നങ്ങളുണ്ട്. ഇതുമായി താരതമ്യം ചെയ്താൽ സൂം വളരെ നന്നായി ഒപ്റ്റിമൈസ് ചെയ്ത നേറ്റീവ് ആപ്പ് ലഭ്യമാക്കുന്നതിനാൽ കുറഞ്ഞ ബാൻഡ്.വിഡ്തിൽ സാധാരണ യൂസർക്ക് നല്ല ഇന്റർഫേസും വീഡിയോ കോൺഫറൻസിങ്ങും സൂം ലഭ്യമാക്കുന്നു.

സൂമിന്റെ അതേ അനുഭവം തരുന്ന മറ്റൊരാപ്പാണ് ബ്ലൂജീൻസ് (BlueJeans). ഡോൾബി ഓഡിയൊ നൽകുന്ന ബ്ലൂജീൻസിന്റെ ശബ്ദ മികവ് മറ്റൊരാപ്പിനും നൽകാനാവില്ല. എന്നാലിവടെയും ഡാറ്റ അധികമെന്ന പ്രശ്നം. എന്നാൽ പങ്കെടുക്കുന്നവർ ഭൂരിഭാഗവും വീഡിയോ ഓണാക്കാറില്ലെന്നതിനാൽ ബ്ലൂജീൻസ് നല്ലൊരു ഓപ്ഷനാണ്. മികച്ച ഇന്റർഫേസ്, എഴുതാൻ വൈറ്റ്ബോർഡ്, റെക്കോർഡിങ്ങ് എന്നീ സൗകര്യങ്ങളെല്ലാം ബ്ലൂജീൻസ് നൽകുന്നു. ക്രിഷ്, അളഗു എന്നീ രണ്ട് ഇന്ത്യാക്കാർ ചേർന്ന് ഏകദേശം ആറു മാസം കൊണ്ട് വികസിപ്പിച്ചതാണീ അപ്പ്!

ഗൂഗിൾ ഹാങ്ങൗട്ട് (Google Hangout) - 25 പേരിൽ താരെയുള്ള ഗ്രൂപ്പിന് വളരെ കുറഞ്ഞ ഡാറ്റ ഉപയോഗത്തിൽ മികച്ച ഗ്രൂപ്പ് കോൺഫറൻസിങ്ങ് അനുഭവം തരുന്ന ഒരു ആപ്പാണിത്. സ്ക്രീൻ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. റെക്കോർഡ് ചെയ്യാനുള്ള സൗകര്യമില്ല.

ഗൂഗിൾ ഹാങ്ങൗട്ട് മീറ്റ് (Google Hangout Meet) - 100 പേർ മുതൽ മുകളിലോട്ടുള്ള ഗ്രൂപ്പുകളിൽ ഉപയോഗിക്കാവുന്ന, വളരെ കുറഞ്ഞ ഡാറ്റ ഉപയോഗത്തിൽ മികച്ച ഗ്രൂപ്പ് കോൺഫറൻസിങ്ങ് അനുഭവം തരുന്ന ഒരു ആപ്പാണിത്. സ്ക്രീൻ ഷെയർ ചെയ്യാനുള്ള ഓപ്ഷനുള്ള ഈ അപ്പ പക്ഷേ, ഗൂഗിൾ കോർപ്പൊറേറ്റ് സേവനമായ ജിസ്യൂട്ടിന്റെ ഭാഗമാണ്. ഗൂഗിൾ കലണ്ടറിലും മറ്റും മീറ്റുകൾ ഷെഡ്യൂൾ ചെയ്ത് സ്ഥാപനത്തിലുള്ളവരുമൊക്കെയായി മീറ്റിങ്ങുകൾ നേരത്തെ പ്ലാൻ ചെയ്ത് വയ്ക്കാം എന്നത് ഇതിന്റെ ഗുണമാണ്. ജിസ്യൂട്ട് ഉപയോഗിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇതിന്റെ സേവനം സൗജന്യമായി ലഭിക്കും. കൂടാതെ, ഗൂഗിൾ ക്ലാസ്സ്.റൂം ആപ്പിൽ ഇത് ഇന്റഗ്രേറ്റ് ചെയ്യാനുമാവും. 250 പേർക്ക് വരെ മീറ്റ് ചെയ്യാവുന്ന രീതിയിൽ ഇതിന്റെ സേവനം ലഭ്യമാക്കുമെന്ന് ഗൂഗിൾ അനൗൺസ് ചെയ്തതാണ് ലേറ്റ്സ്റ്റ് വാർത്ത! മൈക്രോസോഫ്റ്റ് സ്കൈപ്പും, ഫേസ്ബുക്ക് മെസഞ്ചറും മുന്നോട്ട് വച്ച സേവനങ്ങളെ വെട്ടാനാണിതിന്റെ ലക്ഷ്യം എന്നത് വ്യക്തം.

ഇനി സ്വന്തമായി ഒരു ആപ്പോ, സെർവറോ വേണമെങ്കിൽ ജിറ്റ്സി ഒരു പത്ത് മിനുട്ട് കൊണ്ട് സെർവറിൽ ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തനക്ഷമമാക്കാം. വെബ്.ആർടിസി എന്ന 2018-ൽ പുറത്തിറങ്ങിയ ഓപ്പൺ സോഴ്സ് പ്രോജക്ട് ഉപയോഗിച്ച് ആർക്കും ഒരു ആപ്പ് ഉണ്ടാക്കാവുന്നതേയുള്ളു. ഇപ്പോൾ, ജിറ്റ്സി, സൂം, ബ്ലൂജീൻസ് ഇവയൊക്കെ ഈ പ്രോജക്ട് ആണ് ഉപയോഗിക്കുന്നത്. ഡൗൺലോഡ്സും, നേറ്റീവ് ആപ്പുകളും ഇല്ലാതെ മാനേജ് ചെയ്യാൻ ഇത് വഴി സാധിക്കും. ഇതിനെ ബേസ് ചെയ്തൊരു മികച്ച പ്രോഡക്ട് ഉണ്ടാക്കാൻ അല്പം കഷ്ടപ്പെടേണ്ടി വരും. കാരണം ഇതിൽ കമ്പ്രഷൻ സ്റ്റാക്കുകൾ വിളക്കിച്ചേർക്കുക എന്നത് അല്ലം ശ്രമകരമാണ്. ജിറ്റ്സിയാവട്ടെ DTLS SRTP എൻക്രിപ്ഷൻ കൂടി ചേർക്കുന്നതിനാൽ ബാൻഡ്.വിഡ്ത് തിന്നു തീർക്കും.

കസ്റ്റമർ എക്സ്പീരിയൻസും സെക്യൂരിറ്റിയും തമ്മിലൊരു ബലാബലം ഉണ്ടാവുമ്പോൾ നമ്മുടേത് പോലൊരു നാട്ടിൽ ഇന്റർനെറ്റ് സ്പീഡിനു മുന്തിയ പരിഗണന നൽകേണ്ടി വരുന്നു. വിപിഎൻ പോലുള്ള സൗകര്യങ്ങൾ, ചില രാജ്യങ്ങളിൽ പല ആപ്പുകൾക്കുമുള്ള നിയന്ത്രണങ്ങൾ ഇവയൊക്കെ ഒരു ആപ്പ് സെലക്ട് ചെയ്യുമ്പോൾ പരിഗണിക്കേണ്ടതുണ്ട്. ഒരു മികച്ച സിസ്റ്റം കീപ്പ് ചെയ്യണമെങ്കിൽ നല്ല പണച്ചെലവുമുണ്ട്. അവിടെയാണ് സൂം അവരുടെ സൗജന്യ സേവനത്തിലൂടെ 100 പേർക്ക് വരെ 45 മിനുട്ട് നീളുന്ന സേവനം സൗജന്യമായി നൽകിയത്. ഇതിൽ ആളുകളുടെ പ്രൈവസി, ഹാക്കിങ്ങ്, വ്യക്തിഗത ഡാറ്റാ വില്പന എന്നിങ്ങനെ പല ആരോപണങ്ങൾ നേരിടേണ്ടി വന്നതോടെ പരുങ്ങലിലായ സൂം ഇപ്പോൾ എൻ.ക്രിപ്ഷൻ ഒക്കെ ഏർപ്പാടാക്കി വന്നിട്ടുണ്ട്. എങ്കിലും ഒരു സീംലെസ്സ് അനുഭവത്തിന് ഗൂഗിൾ മീറ്റ് അനുയോജ്യമാണ്. അതു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് സ്കൈപ്പും. സ്ക്രീൻ ഷെയറിങ്ങ് ഓപ്ഷൻ ഇതിലുണ്ട്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഫേസ്ബുക്ക് മെസഞ്ചർ റൂംസ് (Facebook Messenger Rooms): സൂമിനു പറ്റിയ അബദ്ധം മുതലെടുത്ത് ഫേസ്ബുക്ക് ഏപ്രിൽ 24 2020 മുതൽ അവതരിപ്പിക്കുന്ന വീഡിയോ കോൺഫറൻസിങ്ങ് ആപ്പാണ് മെസഞ്ചർ റൂംസ്. 50 പേർക്ക് ഒരേ സമയം വെബ് കോൺഫറൻസിങ്ങ് സാധിക്കുന്ന ഇതിന്റെ ആപ്പ് ഈ വരുന്ന ദിവസങ്ങളിൽ അവതരിപ്പിക്കുമെന്ന് പറയുന്നു. ഫേസ്ബുക്ക് അക്കൗണ്ടില്ലാത്തവർക്കും ഇത് ഉപയോഗിക്കാനാവുമെന്ന് പറയപ്പെടുന്നു. നിലവിൽ ഫേസ്ബുക്ക് മെസഞ്ചർ തുറന്ന് വീഡിയോ കോൾ നടത്തിയാൽ 50 പേരെ വരെ ചേർത്ത് സംസാരിക്കാം. നല്ല വീഡിയോ, ഓഡിയോ ക്ലാരിറ്റി ഇത് ഉണ്ടെൻ ഞാൻ നടത്ത്യ ടെസ്റ്റ് കോളൂകളിൽ നിന്ന് മനസ്സിലായി. എന്നാൽ ഇത് ക്രോംം ബ്രൗസറിൽ നിന്നെ എനിക്ക് തുറക്കാനായുള്ളു. കൂടാതെ ംമറ്റുള്ളവർ ംമൊബൈലിൽ നിന്നും ലോഗിൻ ചെയ്തതിനാൽ സ്ക്രീൻ ഷെയറിങ്ങ് ഓപ്ഷൻ വർക്ക് ചെയ്തതുമില്ല. അവരുടെ മറ്റ് ആപ്പുകളായ വാട്സാപ്പ്, ഇൻസ്റ്റഗ്രാം, പോർട്ടൽ എന്നിവടങ്ങളിലെല്ലാം ഫേസ്ബുക്ക് ആപ്പിനൊപ്പം എന്ന പോലെ മെസഞ്ചർ റൂംസും ഭാവിയിൽ ചേർക്കപ്പെടൂമെന്നത് അവർക്ക് കൂടുതൽ വിസിബിലിറ്റിയും, സ്വീകാര്യതയും നൽകാനിടയുണ്ട്. എന്നാലിതിൽ എൻഡ്-ടു-എൻഡ് എൻ.ക്രിപ്ഷൻ ഉണ്ടാവില്ലാ എന്നതൊരു ന്യൂനതയായിരിക്കും,

സിസ്കോ വെബെക്സ് (Cisco Webex) - കമ്പനികൾക്കും മറ്റും വീഡിയോ കോൺഫറൻസിങ്ങ് സേവനം നൽകാനായി സിസ്കോ നൽകുന്ന ഒരു ഉൽപ്പന്നമാണിത്. നല്ല ഇന്റർഫേസ് ഒക്കെയുണ്ടെങ്കിലും പല കാര്യങ്ങളും കസ്റ്റമൈസ് ചെയ്യാൻ എല്ലാവർക്കും എളുപ്പത്തിൽ കഴിയണമെന്നില്ല.

മൈക്രോസോഫ്റ്റ് ടീംസ് (Microsopft Teams) - കോർപ്പറേറ്റ് കമ്മ്യൂണിക്കേഷന്റെ മറ്റൊരു രൂപം. കോവിഡ് കാലത്ത് ഈ ആപ്പ് സേവനം സൗജന്യമാണെന്നത് വാർത്തയായിരുന്നു.

ദിക്ഷ (DIKSHA) - നാഷണൽ കൗൺസിൽ ഫോർ ടീച്ചർ ഏജ്യൂക്കേഷൻ നൽകുന്ന ഒരു ടീച്ചിങ്ങ് പ്ലാറ്റ്ഫോം ആയ ദിക്ഷ. എന്നാലിതിലും നന്നായി കോവിഡ്-19 കാലത്ത് തോന്നിയത് നാഷണൽ ഡിജിറ്റൽ ലൈബ്രറി (NDL) വഹിയുള്ള ക്ലാസ്സുകളാണ്.

ബിഗ് ബ്ലൂ ബട്ടൻ (BigBlueButton) - മൂഡിൽ ലേണിങ്ങ് മാനേജ്മെന്റ് സിസ്റ്റവുമായി ഇന്റഗ്രേറ്റ് ചെയ്യാവുന്ന ഇതും നല്ലൊരു ആപ്പാണെങ്കിലും, ലേണിങ്ങ് കർവ്, ബാൻഡ്.വിഡ്ത് എന്നിവ പ്രശ്നമാണ്. ഗോടുമീറ്റിങ്ങ് എന്നൊരാപ്പും നിലവിലുണ്ട്.

ഫേസ്ബുക്ക് വർക്പ്ലേസ് (Facebook Workplace): ബിസിനസ്സ് കമ്മ്യൂണിക്കേഷനായി ഒരു ഫേസ്ബുക്ക് എന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ വീഡിയോ കോൺഫറൻസിങ്ങ് ആപ്ലിക്കേഷനാണിത്. ജിസ്യൂട്ട്, സെയിൽസ്ഫോഴ്സ്, ഓഫീസ് 365, ഡ്രോപ്ബോക്സ്, സർവെമങ്കി പോലുള്ള കോളാബൊറേഷൻ ടൂളുകളുമായി ലിങ്ക് ചെയ്യാവുന്ന ഇതിന്റെ ഫ്രീ വേർഷൻ കിട്ടണമെങ്കിലും ബിസിനസ്സ് ഇമെയിൽ വേണം.

സ്ലാക്ക്, സ്കൈപ്പ് ഫോർ ബിസിനസ്സ് എന്നിവയും മീറ്റിങ്ങുകൾക്കുപകരിക്കുമെങ്കിലും ഉദ്ദേശങ്ങൾ വ്യത്യസ്തങ്ങളാണ്.

ഓഡിയോ മാത്രം: ഓഡിയോ ലെക്ചർ മാത്രം മതിയെങ്കിൽ ഓൺലൈൻ റേഡിയോകൾ, പോഡ്കാസ്റ്റുകൾ എന്നിവ മികച്ച മാധ്യമങ്ങളാണ്.

അവസാനം എന്റെ പ്രശ്നത്തിന് രണ്ട് പരിഹാരങ്ങളുണ്ടായി - ട്രിപ്പിൾ ലോക്ക്ഡൗൺ മേഖലയിൽ താമസിക്കുന്നതിനാൽ എല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടതിനാൽ സൂം ആപ്പിൽ സ്വയം സ്ലൈഡുകൾ ഇട്ട് ഷെയർ ചെയ്ത് റെക്കോർഡ് ചെയ്ത് ലെക്ചറുകൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തു. ഇത് പഠിപ്പിക്കുന്ന കുട്ടികൾ ഗൂഗിൾ ക്ലാസ്രൂമിൽ ചേർത്തും, സർവകലാശാലയിലെ മറ്റ് കുട്ടികൾക്ക് ടെലിഗ്രാം ഗ്രൂപ്പ് വഴിയും പങ്ക് വച്ചു. മറ്റാരുമായും മീറ്റ് ചെയ്യാത്തതിനാൽ സൂമിന്റെ പ്രൈവസി പ്രശ്നങ്ങൾ ഒഴിവാക്കാനായതിനൊപ്പം, അവരുടെ മികച്ച വീഡിയോ റെക്കോർഡിങ്ങ് + കമ്പ്രഷൻ ടെക്നിക്ക് വച്ച് 30 മിനുട്ടിന്റെ വീഡിയോ ഒക്കെ ഒരു എഡിറ്ററിന്റെയും സഹായമില്ലാതെ കുറഞ്ഞ സൈസിൽ നല്ല റസലൂഷനിൽ കിട്ടുകയും ചെയ്തു. ലാപ്പ്ടോപ്പ് ക്യാമറയും മൈക്കും വച്ച് നല്ല വീഡിയോ ഉണ്ടാക്കാനായി. മൊബൈൽ ക്യാമറയ്ക്ക് ഇതിലും നല്ല വീഡിയോ ഉണ്ടാക്കാൻ കഴിയുമെങ്കിലും, പ്രസൻസ്റ്റേഷൻ, സ്ക്രീൻ ഷെയറിങ്ങ് എന്നിവ പ്രയാസമാണെന്ന് മാത്രമല്ല, വീഡിയോ സൈസ് മാനേജ് ചെയ്യാൻ വളരെ പ്രയാസമാണ്.

ഓൺലൈൻ ക്ലാസ്സിനായി ഗൂഗിൾ മീറ്റും എന്റെ ആവശ്യത്തിനു മതിയാവും. എന്നാൽ ഡൊമൈനു പുറത്തുള്ളവർക്ക് ആക്സസ് കൊടൂത്തപ്പഓൾ ഇതിൽ ചില പ്രശ്നങ്ങളൂണ്ടായി. പ്രത്യേകിച്ചും അപ്ഡേറ്റ് ചെയ്യാത്ത ബ്രൗസറുകളും മറ്റും ഉപയോഗിച്ചവർക്ക് പങ്കെടുക്കാൻ പറ്റിയില്ല. ജിസ്യൂട്ട് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്താൽ ഗൂഗിൾ സെക്യൂരിറ്റി ആപ്പ് കൂടി ഇടേണ്ടിവരും എന്നൊരു പ്രശ്നവുമുണ്ട് - വർക്ക് ഇമെയിൽ ഉപയോഗിക്കേണ്ടി വരുന്നതിനാലാണിത്. കുട്ടികൾക്ക് അവരുടെ മൊബൈലിൽ മീറ്റ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് സെഷനിൽ പങ്കെടുക്കാം. 100 ശതമാനും കുട്ടികളെയും ഗൂഗിൾ ക്ലാസ്സിലെത്തിക്കാനാവില്ല എന്നൊരു പ്രശ്നം അതിനു മേലെ നിൽക്കുന്നു!

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Jijo P Ulahannan

Physicist, Science Communicator, and TED Fellow . » Website / » FaceBook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 07:40:33 pm | 02-12-2023 CET