എന്താണ് ഈ ക്ലൗഡ് ??

Avatar
Sunil Thomas Thonikuzhiyil | 20-04-2020 | 4 minutes Read

എന്താണ് ഈ ക്ലൗഡ്?
---------------------------

what is cloud
Photo Credit : PS: Pizza എങ്ങിനെ ഉണ്ടാക്കാം . cloud computing പഠിപ്പിക്കാൻ ഉപയോഗിക്കുന്ന മോഡലാണ് ചിത്രത്തിൽ

കുറെ ദിവസമായി ടീവിയിലും പത്രത്തിലും ക്ലൗഡ് നിറഞ്ഞു നിൽക്കുകയാണ്. പലരും കഥയറിയാതെ ആടുന്നു, ആട്ടം കാണുന്നു. രാഷ്ട്രീയം പുറത്തു വെച്ച് ക്ലൗഡ് കമ്പ്യൂട്ടിങ്ങ് എന്താണെന്ന് വിശദീകരിക്കാൻ ശ്രമിക്കാം.

SSLC പരീക്ഷാഫലം വളരെ ആകാംക്ഷാപൂർവ്വം എല്ലാവരും നോക്കുന്ന ഒന്നാണ്. പക്ഷേ, ഫലം വരുന്ന ദിവസം മന്ത്രിയുടെ പത്രസമ്മേളനം കഴിഞ്ഞ ഉടൻ സൈറ്റ് നോക്കുന്ന മിക്കവർക്കും സൈറ്റ് തുറക്കില്ല. . ഇതിനു പല കാരണങ്ങളുണ്ട്. അവ എന്താണെന്ന് നോക്കാം. ഈ സൈറ്റ് സെറ്റുചെയ്തു വച്ചിരിക്കുന്ന കമ്പ്യൂടറിന്റെ (server) പരിമിതിയാണ് ആദ്യത്തെത്.

നമ്മൾ ഓരോതവണ റിസൾട് നോക്കുമ്പോഴും ഇതിനായി ഈ കമ്പ്യൂടറിൽനിന്ന് നിശ്ചിതയളവ് കമ്പ്യൂടിങ് പവറും മെമറിയും ഉപയോഗിക്കും. നൂറോ മുന്നൂറോ ആൾക്കാർ ഒന്നിച്ച് റിസൾട് നോക്കിയാൽ സെർവറിന് ഒന്നും സംഭവിക്കില്ല. എന്നാൽ ഒരുലക്ഷം ആളുകളൊന്നിച്ചു റിസൾട് അന്വേഷിച്ചുവന്നാൽ അതു കമ്പ്യൂടറിനു കൈകാര്യംചെയ്യാനാവില്ലാ.

ഇതുപോലെയാണ് ഈ സെർവറിന് ആവശ്യമായ ഇന്റർനെറ്റ് ബാൻഡ് വിഡ്ത് . കമ്പ്യൂടറിനകത്തേക്കും പുറത്തേക്കും ഡാറ്റാ സഞ്ചരിക്കുന്ന ഒരു ഹൈവേ ആയി ഈ ബാൻഡ് വിഡ്തിനെ പരിഗണിക്കാം. ഹൈവേയിൽ പത്തോ അഞ്ഞൂറോ കാറുകൾ വളരെ സ്മൂതായി പോകും. പക്ഷേ, ഒരുലക്ഷം കാർ ഒന്നിച്ചുവന്നാൽ ഹൈവേയുടെ വീതി കൂട്ടിയേപറ്റൂ.

ഈ സാഹചര്യത്തിൽ സർകാരിനു ചെയ്യാവുന്നത് പത്തോ നൂറോ കമ്പ്യൂടറുകളുടെ ഒരു ക്ലസ്റ്ററുണ്ടാക്കി കമ്പ്യൂടിങ് പവർ കൂട്ടാം. അതുപോലെ വലിയ ഇന്റർനെറ്റ് ബാൻഡ് വിഡ്ത് എടുക്കാം. പക്ഷേ, വലിയ മുതല്മുടക്കു് വേണ്ടിവരും. കമ്പ്യൂടറുകൾ, UPS , എയർ കണ്ടീഷ്ണർ , ബിൽഡിങുകൾ, പിന്നതു നോക്കിനടത്താൻ ആളുകൾ എന്നിങ്ങനെ നിരവധി ചെലവുകളുണ്ടാകും. ഈ റിസൾടുനോട്ടം ആകെ ഒറ്റദിവസത്തെ പരിപാടിയാണ് എന്നോർക്കണം. ഇവിടെയാണ് ക്ലൗഡുകൾ കടന്നുവരുന്നത്. അവ എന്താണെന്നു നോക്കാം.

സർകാറിനു ചെയ്യാവുന്ന ഒരു കാര്യം ഒന്നോ രണ്ടോ ദിവസത്തേയ്ക്കു കുറെയധികം കമ്പ്യൂടറുകളും ഇന്റർനെറ്റ് ബാൻഡ് വിഡ്തും വാടകയ്ക്കെടുക്കുക എന്നതാണ്. നമ്മുടെ കല്യാണസ്ഥലത്തൊക്കെ കസേരയും മേശയും വാടകയ്ക്കെടുക്കില്ലേ; അതുപോലെ.

ക്ലൗഡ് സർവീസുകൾ ചെയ്യുന്ന ഒരു പണി ഏകദേശം ഇതുപോലെയാണ്. നിങ്ങൾക്ക് ആവശ്യമായ infrastructure വാടകയ്ക്ക് തരും. Infrastructure as a Service (IaaS) എന്നാണിതിനെ വിളിക്കുന്നത്. ലോകവ്യാപകമായ കണക്ടിവിറ്റിയുള്ള ഇക്കാലത്ത് ഇങ്ങനെ വാടകയ്ക്കെടുക്കുന്ന കമ്പ്യൂടറുകൾ നിങ്ങളുടെ രാജ്യത്ത് ആയിരിക്കണമെന്നില്ല. കമ്പ്യൂടർ എവിടെയായിരുന്നാലും ഇന്റർനെറ്റ് വഴി റിസൾട് കിട്ടിയാല്പോരേ. ഈ മോഡലിൽ ഓടുന്ന സോഫ്റ്റ്വെയറും ഡേറ്റായും നമ്മുടെ കയ്യിൽ തന്നെയാകും. ക്ലൗഡ് സർവ്വിസ് തരുന്നയാൾ ഹയർ സർവീസുകാരനെ പോലെയാണ്. മേശ കസേര സ്റ്റൗ എല്ലാം തരും സാധനങ്ങൾ വാങ്ങി സദ്യ നമ്മൾ തന്നെ ഉണ്ടാക്കണം വിളമ്പണം.

ലോകത്തെ പ്രധാനപ്പെട്ട ക്ലൗഡ് പ്രൊവൈഡർമാർ ആമസോൺ , മൈക്രോസോഫ്റ്റ്, ആലിബാബാ തുടങ്ങിയ ഭീമൻകമ്പനികളാണ്. നിങ്ങൾക്ക് ഇവരിൽനിന്ന് ആവശ്യാനുസരണം കമ്പ്യൂടിങ് സർവീസുകൾ വാടകയ്ക്കെടുക്കാം. റിസൾട് വരുന്നദിവസം 96 കോറുള്ള വമ്പൻ കമ്പ്യൂടർ വാടകയ്ക്ക് വാങ്ങാം. സാധാരണ ദിവസങ്ങളിൽ ഇതേ റിസൾട് ഒന്നോ രണ്ടോ കോറുള്ള കമ്പ്യൂടറുകളിൽ ഓടിക്കാം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ക്ലൗഡ് ദാതാക്കൾ തരുന്ന അടുത്ത സേവനം platform as a service അഥവാ Paa S ആണ്.
ഈ മോഡലിൽ നിങ്ങൾക്ക് വേണ്ടി വരുന്ന ഹാർഡു വെയറും നമ്മുടെ ആപ്ലിക്കേഷൻ ഉണ്ടാക്കുന്നതിനുള്ള ടൂളുകളും കൂടിത്തരും ഓപ്പറേറ്റിങ്ങ് സിസ്റ്റവും പ്രോഗ്രാമിംഗ് ഭാഷയും മറ്റ് ടൂളുകളും കൂടി കാണും . ഹയർ സർവ്വീസുകാരൻ മേശക്കും കസേരക്കും പുറമേ അരിയും പലവ്യൻഞ്ചനവും കൂടി തരും. ബിരിയാണിയാണോ ഊണാണോ ഉണ്ടാക്കേണ്ടതെന്ന് നമുക്ക് തീരുമാനിക്കാം.

ഇനി നമുക്ക് നാട്ടിലെ എല്ലാ സ്കൂളുകൾക്കും സർകാർവിലാസം മെയിലൈഡി കൊടുക്കണമെന്നിരിക്കട്ടേ. നമ്മുടെയൊക്കെ മെയിലൈഡി മിക്കവാറും ജിമെയിലിലായിരിക്കും. sunilxyz123@gmail.com എന്നൊക്കെയാകും മെയിൽ. അതേ സമയം മുഖ്യമന്ത്രിയുടെ മെയിൽ chiefminister@kerala.gov.in എന്നാണ് ആ @നുശേഷം വരുന്നതാണ് കേരള സർക്കാരിന്റെ ഡൊമെയ്ൻനെയിം. ഔദ്യോഗികകാര്യങ്ങൾക്ക് ഇത്തരം സ്വന്തം ഡൊമൈനിൽനിന്ന് ഉള്ള ഇമെയിലുകൾക്കാണ് സാധുത .

മെയിൽ അയക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള സോഫ്റ്റ്വെയർ ഗൂഗിൾ ഉണ്ടാക്കിയിട്ടുണ്ട്. നമുക്ക് അവർ അതിന്റെ കുറഞ്ഞ സൗകര്യങ്ങളുള്ള ഒരു വെർഷൻ സൗജന്യമായി തരുന്നതാണ് ജിമെയിൽ. നമുക്ക് നമ്മുടെ സർകാർ ഡൊമെയ്നിലുള്ള മെയിലുകളെ ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓടിക്കാം. 5000 സ്കൂളുകൾക്ക് മെയിൽ ഐഡി വേണെമെങ്കിൽ ഐഡി ഒന്നിന് 2500 രൂപാനിരക്കിൽ ഗൂഗിൾ ഈ സർവീസ് തരും. അവർ സ്പാംഫിൽട്ടർ ,സെക്യൂരിറ്റി ഒക്കെ നോക്കും. നമ്മൾ ഒന്നും അറിയേണ്ടാ. ഇത്തരം സർവീസുകളെ നമ്മൾ software as a Service SaaS എന്നാണ് വിളിക്കുന്നത്. Gmail service നമുക്കു വാടകയ്ക്ക് തരും. നമ്മൾ ഒന്നും അറിയണ്ട . നൂറ് പേർക്ക് ബിരിയാണി ഓഡർ ചെയ്താൽ സകല സാധനവും വീട്ടിൽ വരും. അഥിതികൾക്ക് ഇരിക്കാൻ മേശ, കസേര, കുട്ടിക്കാൻ വെള്ളം പ്ലേറ്റ് എന്നിവ സഹിതം. നമുക്ക് സൗകര്യം പോലെ വിളമ്പി കൊടുക്കാം.

ഇത്തരം നിരവധി സോഫ്റ്റ് വെയർ സർവീസുകൾ പല കമ്പനികളും തരുന്നുണ്ട് . നിങ്ങൾ ഫ്രീ ആയി ഉപയോഗിക്കുന്ന പലതരം സർവീസുകളും ഇത്തരത്തിൽ കൊമേഷ്യൽ ഉപയോഗത്തിനു ലഭ്യമാണ് . ജിമെയിൽ, ഓഫിസ് എന്നിവ ഇവയിൽ ചിലതാണ്. ക്ലയന്റ് യാതൊന്നും അറിയണ്ട. എല്ലാം സർവ്വീസ് പ്രൊവൈഡർ നോക്കും.

ഇത്തരം സർവീസുകൾ കമ്പനിയെ നാം വിശ്വസിച്ചേ പറ്റൂ. മറ്റ് പല രംഗങ്ങളിലും ഇതുപോലെ ചില വിശ്വാസങ്ങളുടെ പുറത്തല്ലേ നമ്മുടെ നിത്യ ജീവിതം നിരങ്ങി നീങ്ങുന്നത് . മാരുതികാർ ഓടിക്കുന്നയാളെ വണ്ടിക്കുള്ളിൽ ഒളിക്യാമറ വെച്ച് സുസുക്കി ചതിക്കില്ല എന്നല്ലേ നമ്മുടെ ധാരണ.

പാലും പെട്രോളും ഗ്യാസും നമുക്ക് കിട്ടുന്നതു പോലെ കമ്പ്യൂട്ടിങ്ങ് സേവനങ്ങളെ തരുകയാണ് ക്ലൗഡ് സേവന ദാതാക്കൾ ചെയ്യുന്നത്. ക്ലൗഡ് സേവനങ്ങളുപയോഗിക്കാതെ ഇക്കാലത്ത് നമുക്ക് മുന്നോട്ട് പോകാനാകില്ല.

ഇൻറർനെറ്റ് അതിരുകളില്ലാത്ത ഒരു ലോകമാണു് നമുക്കുമുൻപിൽ തുറന്നു തരുന്നത്. അതിനാൽ ഇൻറർനെറ്റ് അധിഷ്ഠിതസേവനങ്ങൾ ഉപയോഗിക്കുമ്പോൾ കൃത്യമായ കരാറുകളും നിയമങ്ങളും ആവശ്യമാണ്. ഉദാഹരണത്തിന് SSLC ഫലം അപഗ്രഥിച്ചു നൽകുന്ന SaaS കമ്പനിക്ക് കുട്ടികളുടെ ഡാറ്റാ നല്കാതിരിക്കാനാവില്ലാ. ഈ കമ്പനി കുട്ടികളുടെ പേരും അഡ്രസും ട്യൂഷൻ സെൻററുകാരനു നൽകുന്നില്ലായെന്ന് ഉറപ്പുവരുത്തണം. ഇവിടെയാണ് പ്രൈവസി നിയമങ്ങൾ കടന്നുവരുന്നത്. ഡാറ്റാ സുരക്ഷിതത്വവും പ്രൈവസിയും ഒരു ടെക്നോളജി ചലഞ്ച് അല്ല.മറിച്ച് അത് സ്റ്റേറ്റ് നിയമം മൂലം ഒരുക്കിത്തരേണ്ട മൗലിക അവകാശമാണ്.

ശക്തമായ നിയമങ്ങളാണ് ഇതിനാവശ്യം. ഏതെങ്കിലും രീതിയിൽ ഡാറ്റാ ചോർത്തി എന്നു തെളിഞ്ഞാൽ വലിയശിക്ഷ വേണം. കമ്പനി കുത്തുപാള എടുക്കുകയും മുതലാളി ഉണ്ടതിന്നുകയും വേണം..
യുറോപിലും അമേരിക്കയിലും മറ്റും ഇക്കാര്യത്തിൽ കർശനമായ നിയമങ്ങളുണ്ട്. അതുപോലെ ഇവിടെയും ഉണ്ടാകണം.

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 08:01:16 am | 26-05-2022 CEST