അമേരിക്കൻ ആരോഗ്യ സംവിധാനങ്ങളും , കേരളത്തിലെ നവയുക്തിവാദികളും!

Avatar
Illias KP | 23-04-2020 | 4 minutes Read

അമേരിക്കൻ ആരോഗ്യ സംവിധാനങ്ങളും , കേരളത്തിലെ നവയുക്തിവാദികളും!

എയ്ഡ്സ് രോഗം വരാതിരിക്കാനായി മുൻകരുതലായി ഉപയോഗിക്കുന്ന ഒരു മരുന്നാണ് ട്രുവാഡ (Truvada). വലിയ വിലയ്ക്കാണ് ഈ മരുന്ന് അമേരിക്കയിൽ വിറ്റുകൊണ്ടിരിക്കുന്നത്. ഗിലിയാഡ് സയന്‍സ് കമ്പനി നിർമിക്കുന്ന ഈ മരുന്നിൽ നിന്ന് 2018 ൽ മാത്രം അവർക്ക് കിട്ടിയ വരുമാനം മുന്നൂറു കോടി ഡോളറായിരുന്നു. അമേരിക്കയിൽ ഒരു മാസത്തെ ഈ മരുന്നിന് വരുന്ന ചെലവ് 2100 ഡോളറാണ്. എന്നാൽ ഇതേ മരുന്നിന് ആസ്ത്രേലിയയിലാകട്ടെ ഒരു മാസം 8 ഡോളറാണ് ചെലവ് വരുന്നത്!

ഒരേ മരുന്നിന് രണ്ടുരാജ്യങ്ങളിലെ വിലയിലെ ഈ ഭീമമായ അന്തരത്തെ ചൂണ്ടിക്കാണിച്ച് ന്യൂയോർക്കിലെ ജനകീയ സ്വരവും ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധിയുമായ 'അലക്സാൻഡ്രിയ ഒക്കേഷിയോ കോർട്ടെസ്' കഴിഞ്ഞ വർഷം ഗിലിയാഡിന്റെ സി ഇ ഒ ക്കെതിരെ പ്രതികരിച്ചത് ഏറെ ചർച്ചാ വിഷയമായിരുന്നു. പൊതുപണം ഉപയോഗിച്ച് ഗവേഷണം നടത്തിയുണ്ടാക്കുന്ന മരുന്നുകൾ, ചില കമ്പനികൾ പേറ്റന്റുകളിലൂടെ കൈവശപ്പെടുത്തി കൊള്ളലാഭത്തിന് വിൽക്കുന്ന രീതിക്കെതിരെയാണ് കോർട്ടെസ് അന്ന് ശബ്ദമുയർത്തിയത്.

ഇതിനെ തുടര്‍ന്ന് 2020 മുതൽ ഇൻഷുറൻസില്ലാത്ത രോഗികൾക്ക് 2.4 ദശലക്ഷം സൗജന്യ ബോട്ടിലുകൾ നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ് ഗിലിയാഡ്. അതായത് രണ്ടു രൂപ ചെലവിൽ മരുന്ന് നിർമിച്ച് രണ്ടായിരം രൂപയ്ക്ക് വിറ്റ് കോടികൾ കൊയ്തശേഷം ഇരുന്നൂറു രൂപയുടെ ചാരിറ്റി പ്രവർത്തനം നടത്തി മുഖം മിനുക്കാനുള്ള ഒരു എളിയ ശ്രമം!.

ഗിലിയാഡിനെപോലെയുള്ള അനേകം മരുന്ന് കമ്പനികൾ അമേരിക്കയിലുണ്ട്. അമേരിക്കൻ ആരോഗ്യ രംഗത്തെ നിയന്ത്രിക്കുന്നത് ഈ മരുന്ന് കമ്പനികളും ഭക്ഷ്യ കമ്പനികളും ഇൻഷുറൻസ് കമ്പനികളുമൊക്കെ ചേർന്നാണ്. ലോകത്തെ ഫാർമസ്യൂട്ടിക്കൽ വരുമാനത്തിന്റെ 40 ശതമാനത്തോളം ലഭിക്കുന്നത് യു എസിലെ ഈ മരുന്ന് കമ്പനികൾക്കാണ്.

അതേ സമയം വളരെയധികൾ രോഗികൾ ഉള്ള ഒരു രാജ്യം കൂടിയാണ് അമേരിക്ക!
നാഷണൽ സെന്റർ ഫോർ ഹെൽത്ത് സ്റ്റാറ്റിറ്റിക്സിന്റെ കണക്കനുസരിച്ച് യു എസിലെ 42 ശതമാനം പേരും
പൊണ്ണത്തടി (Obesity)
അനുഭവിക്കുന്നവരാണ്. പൊണ്ണത്തടിയോടൊപ്പം പ്രമേഹവും ഹൃദൃരോഗവും കാൻസറുമൊക്കെ അമേരിക്കക്കാരെ വേട്ടയാടുന്നു. ആളോഹരി ചികിത്സാ ചെലവ് 1220 ഡോളറാണ് അമേരിക്കയിൽ. ലോകത്തിലെ ഏറ്റവും ഭീമമായ ചികിത്സാ ചെലവ്.! 2018 ലെ തണുപ്പ് കാലത്ത് വെറും ഫ്ലൂ കാരണം 80,000 പേർ അമേരിക്കയിൽ മരിച്ചിരുന്നു. ഇപ്പോഴിതാ കോവിഡിന്റെ സ്വൈരവിഹാര കേന്ദ്രം കൂടിയായി തീർന്നിരിക്കുന്നു അമേരിക്ക.!

പ്രതിരോധ ശേഷി കുറഞ്ഞ ജനതയാകാനുള്ള ഒരു പ്രധാന കാരണം അമേരിക്കക്കാരുടെ ഭക്ഷണ ശീലവും മരുന്ന് തീറ്റയുമാണ്. പ്രൊസസ്സ് ചെയ്തതും മായം കലർന്നതും പോഷക ഗുണം കുറഞ്ഞതുമായ ഭക്ഷണവുമാണ് നല്ലോരു ശതമാനം ജനങ്ങൾക്കും ലഭിക്കുന്നത്. കൂടുതലും ജങ്ക് ഫുഡുകളാണ് കഴിക്കുന്നത്. അതുകൊണ്ട് തന്നെ പ്രമേഹവും കിഡ്നി - കരൾസംബന്ധമായ രോഗങ്ങളുമെല്ലാം വർദ്ധിക്കുന്നു. എന്നാൽ ഡോക്ടർമാരുടെ സംഘടനകൾ ഇത്തരം ഭക്ഷണ രീതികളെ നിരുത്സാഹപെടുത്തുന്നതിനു പകരം പെപ്സികോ പോലെയുള്ള കമ്പനികളിൽ നിന്ന് കാശ് വാങ്ങി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. അമേരിക്കൻ അക്കാഡമി ഓഫ് ഫാമിലി ഫിസിഷ്യൻസ്(AAFP) എന്ന അമേരിക്കയിലെ പ്രമുഖ ഫാമിലി ഡോക്ടർമാരുടെ സംഘടന 5 ലക്ഷം ഡോളർ ഈ സോഡാ കമ്പനിയിൽ നിന്ന് കൈപറ്റുകയുണ്ടായി.! 2011 മുതൽ 96 ഓളം ആരോഗ്യ സംഘടനകൾക്കാണ് പെപ്സികോ ഫണ്ട് ചെയ്യുന്നത്. ആരോഗ്യ ഗവേഷണങ്ങളെ തങ്ങൾക്കനുകൂലമായി മാറ്റാൻ ഇതുവഴി അവർക്ക് സാധിക്കുന്നു.

അമേരിക്കൻ ചികിത്സാ സംവിധാനങ്ങളെയും ഭക്ഷണശീലങ്ങളെയും അനുകരിക്കാൻ ശ്രമിക്കുന്ന കേരളത്തിലും കഴിഞ്ഞ കുറേ കാലമായി രോഗാതുരത വർദ്ധിക്കുന്നത് നമുക്ക് കാണാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ളത് കേരളത്തിലാണ്. കാൻസർ രോഗികളുടെ എണ്ണവും വളരെ കൂടുതലാണിവിടെ! മരുന്ന് തീറ്റയിലും കേരളം ഏറെ മുന്നിലാണ്. കിഡ്നി - കരൾ രോഗങ്ങൾക്കും കുറവൊന്നുമില്ല. കേരളത്തിന്റെ മുക്കിലും മൂലയിലുമൊക്കെ വൃക്ക പോയവരെയും കരള് പോയവരെയും കാൻസർ വന്നവരെയുമൊക്കെ ചികിത്സിക്കാൻ സഹായം ആവശ്യപെട്ടുകൊണ്ടുള്ള പോസ്റ്ററുകൾ കാണാം. ഗാനമേളകൾ കേൾക്കാം. ചില പ്രൈവറ്റ് ബസുകൾ അവരുടെ ഒരു ദിവസത്തെ വരുമാനം ഇങ്ങനെ രോഗികൾക്കായി മാറ്റി വെച്ച വാർത്തകൾ നമുക്ക് പത്രങ്ങളിൽ വായിക്കാം!


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മായം കലർന്ന ഭക്ഷണം ഒഴിവാക്കേണ്ടതിന്റെയും ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും പോഷക ഗുണമുള്ള ഭക്ഷണം കഴിക്കേണ്ടതിന്റെയുമൊക്കെ ആവശ്യകത ജനങ്ങൾക്കിടയിൽ പ്രചരണം നടത്തുന്ന ജനകീയ കൂട്ടായ്മകൾ കേരളത്തിലുണ്ടാകാനുള്ള പ്രധാന കാരണം കേരളത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ രോഗാതുരതയാണ്. ഈയിടെ ജൈവകൃഷിയിലൂടെ നമുക്കാവശ്യമുള്ള ആരോഗ്യമുള്ള ഭക്ഷണം പരമാവധി ഉൽപാദിപിക്കാൻ ജനങ്ങൾ മുന്നോട്ടു വന്നു തുടങ്ങിയിട്ടുണ്ട്. മൈദ മാത്രം അടങ്ങിയ പോഷക ഗുണം കുറഞ്ഞ പൊറോട്ടയും പലഹാരങ്ങളും മറ്റു പ്രൊസസ്ഡ് ഫുഡുകൾ പരമാവധി ഒഴിവാക്കുവാനും തവിടുള്ള അരി കഴിക്കുവാനും, അരിക്കു പുറമെ പഴങ്ങളും കിഴങ്ങ് വർഗ്ഗങ്ങളും ചെറുധാന്യങ്ങളും ഇലക്കറികളുമൊക്കെ ശീലമാക്കേണ്ടത് പ്രധാനമാണെന്നും ജൈവകർഷക സമിതി പോലെയുള്ള സംഘടനകൾ ഓർമപെടുത്തുന്നു.!

എന്നാൽ കേരളത്തിലെ പുതുയുക്തിവാദികൾ ഇതിനെതിരെ ഇപ്പോൾ രംഗത്ത് വന്നു കൊണ്ടിരിക്കുന്നു. അവരോടൊപ്പം അലോപ്പതി ഡോക്ടർമാരുടെ പുതിയ സംഘടനകളുമുണ്ട്. അമേരിക്കയിലേതിനു സമാനമായ ഒരു ആരോഗ്യ കേരളം സൃഷ്ടിക്കാനാണ് അവർ ബോധപൂർവ്വം ശ്രമിക്കുന്നത്. എന്നാലത് നേരിട്ട് പറയുന്നില്ലായെന്നു മാത്രം!

ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ പ്രേരിപിക്കുന്നവരെ അശാസ്ത്രീയത പ്രചരിപ്പിക്കുന്നവരാണെന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ യുക്തിവാദികൾ വ്യാപക പ്രചരണം നടത്തുന്നത്. എൻഡോസൾഫാൻ തുടങ്ങിയ കീടനാശിനികളും അജിനോ മോട്ടോ പോലെയുള്ള മായം കലര്‍ന്ന ഭക്ഷണവും ബ്ലീച്ച് ചെയ്ത പോഷകഗുണം കുറഞ്ഞ മൈദ കൊണ്ടുണ്ടാക്കുന്ന പൊറോട്ടയുമൊന്നും ജനങ്ങളുടെ ശരീരത്തിന് ഒരു കുഴപ്പവും വരുത്തില്ലായെന്ന് അവർ ആണയിട്ടു പറയുന്നു. 64 ശതമാനം കാൻസറും ഒരു കാരണവുമില്ലാതെ താനേയുണ്ടാകുന്നതാണത്രെ!
അലോപതിയല്ലാത്ത മറ്റെല്ലാ ചികിത്സകളും ശാസ്ത്രീയമല്ലായെന്നു പറഞ്ഞു വിമർശിക്കുന്നു. ചികിത്സയിലെ വൈവിധ്യങ്ങളെ ബോധപൂർവം ഇല്ലാതാക്കാൻ ശ്രമിക്കുന്നു. മരുന്ന് തീറ്റയെ പ്രോൽസാഹിപ്പിക്കുന്നു. അവയവദാനത്തെ പ്രകീർത്തിക്കുന്നു.

കഴിഞ്ഞ ഒക്ടോബർ 6 ന് യുക്തിവാദികളുടെ സംഘടനയായ എസ്സെൻസ് ഗ്ലോബലിന്റെ കോഴിക്കോട് വെച്ച് നടന്ന പരിപാടിയിൽ മൂവായിരത്തോളം പേരാണ് അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടു നൽകിയത്. അവയവദാനത്തെ പ്രോൽസാഹിപ്പിക്കുന്ന ഇവർ എന്തുകൊണ്ട്
അവയവങ്ങൾ കേടുവരുത്തുന്ന ഭക്ഷണശൈലിയെ കുറിച്ച് മിണ്ടുന്നില്ല. ഇതിനു പിറകിലെ താൽപര്യമെന്താണ്?

മരുന്ന് കൊണ്ട് മാത്രമല്ല ലോകം ഇപ്പോൾ കൊറോണയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്.
അങ്ങിനെയായിരുന്നെങ്കിൽ അമേരിക്കക്കാർക്കത് എളുപ്പം സാധിച്ചേനെ.!
രോഗ പ്രതിരോധശേഷി കുറഞ്ഞ മനുഷ്യരെ സംരക്ഷിക്കാൻ, സ്വയം കൊറോണയുടെ വാഹകരാകാതിരിക്കാനും പ്രതിരോധ ശേഷിയുള്ള മനുഷ്യരും ലോക്ഡൗണിനോട് സഹകരിച്ച് സ്വയം വീടുകളിൽ കഴിഞ്ഞു കൂടുന്ന ജനാധിപത്യ ബോധമാണ് ഈ മഹാമാരിയെ പിടിച്ചു നിര്‍ത്തുവാൻ നമ്മെ സഹായിക്കുന്നത്. ആരോഗ്യം എന്നു പറയുന്നത് മരുന്നും ചികിത്സയും കോണ്ട് മാത്രം ലഭിക്കുന്നതല്ലായെന്ന് കോവിഡ് നമ്മെ പഠിപ്പിക്കുന്നു.

രോഗങ്ങൾ വരാനുള്ള മൂലകാരണങ്ങളെ അവഗണിച്ച് മരുന്നിലും ചികിത്സയിലും മാത്രം അഭയം കണ്ടെത്താനുള്ള ശ്രമം ഗിലിയാഡിനെ പോലുള്ള മരുന്ന് കമ്പനികൾക്കേ നേട്ടമുണ്ടാക്കൂ. സർക്കാരുകളുടെ ഭക്ഷ്യ ആരോഗ്യ നയങ്ങളിൽ കാതലായ മാറ്റം വരുത്തിയാലേ കോവിഡിനെ പോലുള്ള മഹാമാരികളെ പിടിച്ചു നിർത്താൻ സഹായിക്കൂ.

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 08:35:24 pm | 02-12-2023 CET