ദുരന്തകാലത്തെ സർക്കാർ ഉദ്യോഗസ്ഥർ ...

Avatar
മുരളി തുമ്മാരുകുടി | 24-04-2020 | 4 minutes Read

ദുരന്തകാലത്തെ സർക്കാർ ഉദ്യോഗസ്ഥർ...

ഒരു സർക്കാർ ഉദ്യോഗം എപ്പോഴെങ്കിലുമൊക്കെ മിക്കവാറും എല്ലാ മലയാളികളുടെയും സ്വപ്നവും ആഗ്രഹവും ആണെങ്കിലും സർക്കാർ ഉദ്യോഗസ്ഥരെപ്പറ്റി സമൂഹത്തിന്റെ മൊത്തം അഭിപ്രായം പൊതുവെ നെഗറ്റീവ് ആണ്. ഏതൊരു ആവശ്യത്തിന് ചെന്നാലും അതിന് ഉടക്ക് വെക്കുന്നവർ, ചെറിയ കാര്യത്തിന് പോലും പല പ്രാവശ്യം നടത്തിക്കുന്നവർ, കൈക്കൂലി മേടിക്കുന്നവർ എന്നിങ്ങനെ പരാതികൾ പലതുണ്ട് അവരുടെ പേരിൽ. എല്ലാ ഉദ്യോഗസ്‌ഥരും ഒരു പോലെ അല്ലെങ്കിലും ഇത്തരത്തിലുള്ള എന്തെങ്കിലും അനുഭവം സർക്കാർ ഓഫീസുകളിൽ നിന്നും കിട്ടാത്തവർ കുറവാണ്, അതുകൊണ്ട് തന്നെ ഇത്തരം സ്റ്റീരിയോ ടൈപ്പുകൾ സമൂഹത്തിൽ പതിഞ്ഞു കിടക്കുന്നു.

പക്ഷെ, ഒരു ദുരന്തം വരുന്പോൾ കാര്യങ്ങൾ അടിമുടി മാറുകയാണ്. 2018 ലെ പ്രളയത്തിലും ഇപ്പോഴത്തെ കൊറോണയിലും നമ്മുടെ സിവിൽ സർവീസിന്റെ ഏറ്റവും നല്ല മുഖമാണ് പുറത്തു വരുന്നത്. ഔദ്യോഗികമായ കാര്യക്ഷമത വർദ്ധിക്കുന്നത് മാത്രമല്ല വ്യക്തിപരമായും കൂട്ടായും അവർ കാണിക്കുന്ന മാനുഷിക മൂല്യങ്ങൾ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്നത് തന്നെയാണ്. ഇതിന് വലിയ ഉദ്യോഗമെന്നോ ചെറിയ ഉദ്യോഗമെന്നോ വ്യത്യാസമില്ല, വകുപ്പുകൾ തമ്മിൽ ഭേദവുമില്ല. ഈ കൊറോണക്കാലത്ത് അത്തരം എത്രയോ അനുഭവങ്ങളാണ് നമ്മൾ കാണുന്നതും വായിക്കുന്നതും.

കൊറോണക്കാലത്തെ ഈ മുൻനിരപ്പോരാളികളിൽ പ്രധാനികൾ നമ്മുടെ ആരോഗ്യപ്രവർത്തകർ തന്നെയാണ്. ആരോഗ്യ പ്രവർത്തകർ എന്ന് പറയുന്പോൾ ഡോക്ടർമാരും നേഴ്‌സുമാരും ആണ് നമ്മുടെ ചിന്തയിൽ ആദ്യം വരുന്നതും ഏറ്റവും മുൻ നിരയിൽ കാണുന്നതും. പക്ഷെ അവിടെ തീരുന്നതല്ല ആരോഗ്യപ്രവർത്തകരുടെ നിര. ഫർമസിസ്റ്റ്സ്, ലബോറട്ടറി സ്റ്റാഫ് എന്നിവർ മുതൽ ആശുപത്രിയിലെ ക്ളീനിംഗ് സ്റ്റാഫും മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നവരും ഉൾപ്പെട്ട ഒരു സംഘമാണ് നമ്മുടെ കൊറോണ യുദ്ധം മുൻ നിരയിൽ നിന്ന് നയിക്കുന്നത്. നമ്മളോട് വീട്ടിലിരിക്കാൻ പറഞ്ഞിട്ട് യുദ്ധത്തിന് ഇറങ്ങിയിരിക്കുന്നത് ഇവരാണ്.

നമ്മൾ അറിയാത്ത മറ്റൊരു സംഘം ആരോഗ്യ പ്രവർത്തകരും നമ്മുടെ ഇടയിലുണ്ട്. ആശുപ്രത്രിയിൽ എത്തുന്ന രോഗികളുടെ ആരോഗ്യ സംരക്ഷണമല്ല, പൊതുജനാരോഗ്യ സംരക്ഷണമാണ് ഇവരുടെ തൊഴിൽ മേഖല. ഹെൽത്ത് ഇൻസ്‌പെക്ടർ മുതൽ ആശാ വർക്കർ (Accredited Social Health Activisit) വരെ.

ആശുപത്രികൾക്ക് പുറത്ത് സമൂഹത്തിലേക്കിറങ്ങി പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് നമ്മൾ അധികം ശ്രദ്ധിക്കാറില്ല. പൊതുജനാരോഗ്യ സംരക്ഷണത്തിന് നമ്മുടെ ആരോഗ്യത്തിലുള്ള പങ്ക് നമ്മൾ അറിയാറുമില്ല. വാസ്തവത്തിൽ ഞാൻ ഇന്ന് വരെ കേരളത്തിലെ ഒരു ഹെൽത്ത് ഇൻസ്‌പെക്ടറെ ഔദ്യോഗിക ജോലിക്കിടയിൽ നേരിട്ട് കണ്ടിട്ടില്ല. മുനിസിപ്പാലിറ്റികളിൽ പഴകിയ ഭക്ഷണം പിടിച്ചെടുക്കുന്പോൾ വരുന്ന റിപ്പോർട്ടിൽ മാത്രമാണ് അവരുടെ പേരുകൾ കാണാറുള്ളത്. പക്ഷെ ഈ കൊറോണക്കാലത്ത് എയർപോർട്ടിൽ വരുന്ന ആളുകളുടെ റിപ്പോർട്ട് എടുക്കുന്നത് മുതൽ, ക്വാറന്റൈനിലുള്ള ആളുകളുടെ ലിസ്റ്റ് സൂക്ഷിക്കുക, അവരെ വിളിച്ച് ആരോഗ്യകാര്യങ്ങൾ അന്വേഷിക്കുക, കമ്മ്യൂണിറ്റി കിച്ചനിലെ ഭക്ഷണനിലവാരം ഉറപ്പുവരുത്തുക, ഇതര സംസ്ഥാന തൊഴിലാളികൾ ജീവിക്കുന്ന ക്യാന്പുകളിലെ ശുചിത്വം ഉറപ്പു വരുത്തുക എന്നിങ്ങനെ എത്രയോ കാര്യങ്ങളിലാണ് അവർ മുന്നിലുള്ളത്. നമ്മുടെ ആരോഗ്യ രംഗത്തെ ‘unsung heroes’ ആണ് ഇവർ.

സാധാരണ ഗതിയിൽ ആരോഗ്യ പ്രവർത്തനം പോലീസുകാരുടെ ജോലിയല്ല. പക്ഷെ ഈ കൊറോണ യുദ്ധം നമ്മൾ ഇപ്പോൾ ജയിച്ചു നിൽക്കുന്നതിൽ നമ്മുടെ പോലീസ് സേനക്കുള്ള പങ്ക് എടുത്ത് പറയാതെ വയ്യ. പണ്ട് തന്നെ എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവരാണ് മിക്ക പോലീസുകാരും, ഇപ്പോൾ അത് പലപ്പോഴും പ്രതിനാറു മണിക്കൂറായി. ഉത്തരവാദിത്തമില്ലാതെ ലോക്ക് ഡൌൺ ലംഘിച്ച് റോഡിൽ ഇറങ്ങുന്നവരെ തടയുക, വീട്ടിൽ ക്വാറന്റൈനിൽ ഇരിക്കേണ്ടവർ അത് ലംഘിച്ചാൽ അവരെ പോയി പറഞ്ഞു മനസിലാക്കുക, ആവശ്യക്കാരെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കുക, മരുന്നെത്തിക്കുക, ഭക്ഷണവും ഭക്ഷണ സാധനങ്ങളും എത്തിക്കുക, ഇതിനിടയിൽ സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയമില്ലാതിരിക്കുക, മറ്റുള്ളവരുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്താൽ സ്വയം ക്വാറന്റൈനിൽ പോകേണ്ടി വരിക എന്നിങ്ങനെ എത്രയോ ഉത്തരവാദിത്തങ്ങളും പ്രശ്നങ്ങളും അവർനേരിടുന്നു. ഈ കൊറോണക്കാലത്ത് നമ്മുടെ യുദ്ധത്തിലെ രണ്ടാമത്തെ വ്യൂഹം ആണിവർ. പോലീസിന്റെ ഇടപെടലും സഹായവുമില്ലാതെ ആളുകളെ സ്വന്തം ഇഷ്ടത്തിന് പെരുമാറാൻ വിട്ടിരുന്നെങ്കിൽ നമ്മുടെ കാര്യം കട്ടപ്പൊക ആയേനെ.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കേരളത്തിൽ ദുരന്ത നിവാരണത്തിന്റെ ഔദ്യോഗിക ഉത്തരവാദിത്തം റവന്യൂ ഡിപ്പാർട്ട്മെന്റിനാണ്. ദുരന്ത നിവാരണ അതോറിറ്റി മുതൽ വില്ലേജ് ഓഫീസുകൾ വരെയുള്ള - റവന്യൂ വകുപ്പിന് കീഴിലുള്ള സംവിധാനങ്ങൾ പൂർണ്ണമായും ഈ യുദ്ധത്തിൽ പങ്കാളികളായുണ്ട്. വളരെ പരിമിതമായ വിഭവങ്ങളാണ് അവർക്ക് ദുരന്ത നിവാരണത്തിന് ലഭിക്കുന്നത്, മറ്റു ഡിപ്പാർട്ട്മെന്റുകൾക്ക് ഉള്ളത് പോലെ വിസിബിലിറ്റി കിട്ടുന്നുമില്ല, അതിലവർക്ക് പരാതിയില്ല, യുദ്ധത്തിലെ വിജയമാണ് അവരുടെയും ലക്ഷ്യം.

കേരളം കൊറോണയെ ഇത്രയും നന്നായി നേരിടുന്നതിന് അടിസ്ഥാനമായ പല കാരണങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി പലരും ചൂണ്ടിക്കാണിക്കുന്നത് ത്രിതല സന്പ്രദായത്തിലുള്ള നമ്മുടെ ജനാധിപത്യത്തിന്റെ വളർച്ചയും, കരുത്തും, മത്സരവുമാണ്. ഈ കൊറോണ യുദ്ധത്തിൽ നമ്മുടെ ജനപ്രതിനിധികൾ വഹിക്കുന്ന പങ്കിനെ പറ്റി ഞാൻ പിന്നീടൊരിക്കൽ എഴുതുന്നുണ്ട്. പക്ഷെ ഇപ്പോൾ പറയേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ കുറിച്ചാണ്. കമ്മ്യൂണിറ്റി കിച്ചണുകൾ കേരളത്തിൽ സ്ഥാപിക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അതിന് മുൻകൈ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞ്, മണിക്കൂറുകൾക്കകം ആദ്യത്തെ കമ്മ്യൂണിറ്റി കിച്ചൻ പഞ്ചായത്തുകളിൽ ഉണ്ടായിക്കഴിഞ്ഞു. 24 മണിക്കൂറിനകം 900 ന് മുകളിൽ, 48 മണിക്കൂർ ആയപ്പോൾ 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 1030 ലും കമ്മ്യൂണിറ്റി കിച്ചണുകളായി. കേരളം ലോകത്തിന് മാതൃകയാണെന്ന് എനിക്ക് പലപ്പോഴും പറയാനാകുന്നത് ഇത്തരം കാര്യക്ഷമത കാണുന്നതുകൊണ്ടാണ്.

പറയേണ്ട വകുപ്പുകൾ ഇനിയും ഉണ്ട്. മറുനാടൻ തൊഴിലാളികളുടെ കാര്യം നോക്കുന്ന തൊഴിൽ വകുപ്പ്, ബിവറേജസ് അടച്ചിട്ടും മദ്യദുരന്തം ഉണ്ടാകാതെ കാക്കുന്ന എക്സൈസ് ഡിപ്പാർട്ട്മെന്റ്, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയ സിവിൽ സപ്ലൈസ്, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, എന്നിങ്ങനെ പലതും. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ തികച്ചും കസ്റ്റമർ ഫ്രണ്ട്‌ലിയും കാര്യക്ഷമവും ആയി മാറിയ വൈദ്യതി വകുപ്പിനെ പറ്റി പ്രത്യേകം തന്നെ എഴുതാനുള്ളത് കൊണ്ട് ഇപ്പോൾ കൂടുതൽ പറയുന്നില്ല. ഈ കൊറോണക്കാലത്തും അവരുടെ പ്രവർത്തനം മാതൃകാപരമായിരുന്നു എന്ന് മാത്രം പറയാം. വിട്ടു പോയിട്ടുള്ള വകുപ്പുകൾ ആണ് കൂടുതലും, അവർ പരാതി പറയുമെന്നും അറിയാം. അതുകൊണ്ട് നിങ്ങൾക്കും ഈ വിഷയത്തിൽ ഏതൊക്കെ വകുപ്പുകളെയാണ് അഭിനന്ദിക്കേണ്ടതെന്ന് പറയാം. ആരെയും മനഃപൂർവം ഒഴിവാക്കിയതുമല്ല, അറുപത് വകുപ്പുകളെയും പറ്റി ഒരുമിച്ച് പറയാൻ സാധിക്കില്ലല്ലോ.

ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവർക്കും നമ്മുടെ കൊറോണക്കാലത്തെ പ്രതിരോധത്തിൽ വലിയ പങ്കുണ്ട്. അതും ഞാൻ അടുത്ത ദിവസം പറയാം. ലോകത്തിൽ ഒരു സർക്കാരിനും ജനങ്ങളുടെ എല്ലാ ആവശ്യവും നിറവേറ്റാൻ പറ്റില്ല, സ്വകാര്യ മേഖലക്കും സഹകരണ മേഖലക്കും അതിൽ വലിയ പങ്കുണ്ട്. ഈ കൊറോണക്കാലത്ത് നിന്നും നമുക്ക് ഇനിയും ഏറെ പഠിക്കാനുമുണ്ട്.

അവസാനമായി നമ്മുടെ യുവാക്കളായ കലക്ടർമാരെപ്പറ്റിയും രണ്ടു വാക്ക്. കളക്ടർമാർക്ക് അനിയന്ത്രിതമായ അധികാരങ്ങൾ ഉണ്ടെന്നും അതൊക്കെ കുറക്കാൻ സമയമായി എന്നുമൊക്കെ വിശ്വസിക്കുന്ന ഒരാളായ ഞാൻ, അതിനെ പറ്റി എഴുതിയിട്ടുമുണ്ട്. അതൊരു താത്വികമായ അവലോകനമാണ്. പക്ഷെ ഓരോ ദുരന്ത കാലത്തും എത്രമാത്രം കാര്യക്ഷമതയോടെയാണ് നമ്മുടെ യുവാക്കളായ കളക്ടർമാർ അതിൽ ഇടപെടുന്നത് എന്നത് എന്നെ എപ്പോഴും അതിശയിപ്പിക്കുന്നു. ആരോഗ്യം മുതൽ ഭക്ഷണം വരെ എത്രയോ കാര്യങ്ങളാണ് അവർക്ക് കൈകാര്യം ചെയ്യാനുള്ളത്? അവർ ദിവസം എത്ര മണിക്കൂർ ഇപ്പോൾ ഉറങ്ങുന്നുണ്ടാകും? കേരളം മുഴുവൻ ലോക്ക് ഡൗണിൽ ആയ ഈസമയത്ത് കുട്ടികൾക്ക് അച്ഛനമ്മമാരോട് ഒത്ത് അപ്രതീക്ഷിത സമയം പങ്കുവെക്കാനാകുന്പോൾ, ഇവരുടെ കുടുംബങ്ങളിൽ കാര്യങ്ങൾ തിരിച്ചായിരിക്കില്ലേ?

എന്താണെങ്കിലും ഒരു കാര്യം ഉറപ്പായും പറയാം. ഓരോ ദുരന്തകാലവും നമ്മളോട് പറയുന്നത് ഇതാണ്. നമ്മുടെ സിവിൽ സർവീസ്, കളക്ടർ മുതൽ ക്ളീനിങ്ങ് സ്റ്റാഫ് വരെ സിവിൽ സർവീസ് എന്നതിന്റെ അർഥം മനസ്സിലാക്കിയിട്ടുള്ളവർ തന്നെയാണ്. ഒന്നിന് പുറകെ ഒന്നായി വരുന്ന വെല്ലുവിളികൾ ഓരോന്നിനും ഒപ്പം അവരുടെ സേവന നിലവാരവും ഉയരുന്നുണ്ട്. ഇവരൊക്കെയാണ് നാളെ നമ്മുടെ സിവിൽ സംവിധാനത്തിലെ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തുന്നതെന്നത് നമുക്ക് പ്രതീക്ഷ നൽകുന്നതാണ്. നമ്മുടെ സർക്കാർ ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായും കാര്യക്ഷമമായും പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്താൽ മാത്രം മതി. ഈ കൊറോണക്കാലത്തു നിന്നും നമ്മൾ പഠിച്ച പാഠങ്ങൾ എങ്ങനെയാണ് സിവിൽ സർവീസിന്റെ സംസ്കാരത്തിന്റെ ഭാഗമാക്കുക എന്നതാണ് ഇനി ഭരണ നേതൃത്വം ചിന്തിക്കേണ്ടത്.

കൊറോണ യുദ്ധരംഗത്തും പ്രതിരോധ രംഗത്തുമുള്ള എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ആദരവോടെ, അഭിമാനത്തോടെ, അത്ഭുതത്തോടെ എന്റെ കൂപ്പു കൈ.

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About മുരളി തുമ്മാരുകുടി

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 04:45:19 am | 29-05-2022 CEST