നൂറു ചെറുനാരങ്ങയുടെ ശക്തിയുള്ള പാഠങ്ങൾ

Avatar
Sanuj Suseelan | 17-01-2021 | 5 minutes Read

യാദൃശ്ചികമായാണ് ആ പരസ്യം കണ്ടത്. സ്കൂളിലെ എന്തോ ഒരു ഫോം പൂരിപ്പിച്ചുകൊണ്ടിരിക്കുന്ന കുട്ടി. അച്ഛന്റെ ജോലിയുടെ കോളത്തിൽ ബാങ്ക് മാനേജർ എന്നെഴുതിയ ശേഷം ജോലിയൊന്നുമില്ലാത്ത അമ്മയുടെ പേരിനു നേരെ എന്തെഴുതും എന്നുള്ള അവന്റെ ആത്മഗതം. അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരിക്കുന്നതിനിടയിൽ അത് കേട്ട് വിഷണ്ണയാവുന്ന അമ്മ. " എനിക്കറിയാം നിനക്ക് ബേക്കറി തുടങ്ങാൻ ആഗ്രഹമുണ്ടെന്ന്, പക്ഷേ എന്ത് ചെയ്യും?" എന്ന് പറഞ്ഞു അവളെ സമാധാനിപ്പിക്കുന്ന ഭർത്താവ്. "അതെ, പാത്രം കഴുകി തീർന്നിട്ട് സമയമുണ്ടെങ്കിലല്ലേ അതൊക്കെ ചെയ്യാൻ പറ്റൂ " എന്ന് പറഞ്ഞു കണ്ണീർ വാർക്കുന്ന അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒറ്റ തേപ്പിൽ പാത്രത്തിലെ അഴുക്കു നീക്കി കളയുന്ന വിം ബാർ. നൂറു ചെറുനാരങ്ങയുടെ ശക്തിയുള്ള വിം ബാർ ഉപയോഗിച്ച് മിന്നൽ വേഗത്തിൽ പാത്രങ്ങൾ കഴുകി തള്ളുന്ന ഭാര്യ. പണ്ടത്തേതിന്റെ നൂറിലൊന്ന് സമയംകൊണ്ട് ജോലി തീർക്കാൻ പുതിയ വിം ബാർ സഹായിച്ചതിനാൽ ബാക്കിയുള്ള സമയം കൊണ്ട് ബേക്കറി തുടങ്ങി വിജയക്കൊടി പാറിക്കുന്ന ഭാര്യയെ ഭർത്താവും മകനും വാഴ്ത്തി പറയുന്നിടത്ത് പരസ്യം അവസാനിക്കുന്നു.

ഞാൻ ഒരു സ്ത്രീപക്ഷവാദിയൊന്നുമല്ല. പുരുഷന്മാരെല്ലാം കാട് കുലുക്കി നടക്കുന്ന സ്വതന്ത്ര ജീവികൾ മാത്രമാണെന്ന പൊതുവൽക്കരണത്തെ അനുകൂലിക്കുന്നുമില്ല. സ്വന്തം ആഗ്രഹമൊക്കെ ഒരു സൈഡിൽ വച്ചിട്ട് മറ്റുള്ളവർക്ക് വേണ്ടി നിശബ്ദമായി ജീവിക്കുന്ന എത്രയോ പുരുഷന്മാർ നമ്മുടെ ചുറ്റുമുണ്ട്. പുരുഷന്മാർക്ക് മാത്രം ചെയ്യാവുന്നതും സ്ത്രീകൾക്ക് മാത്രം ചെയ്യാവുന്നതുമായ ഒരുപാടു കാര്യങ്ങൾ ലോകത്തുള്ളപ്പോൾ ഇവരെ രണ്ടുപേരെയും ഒരു ത്രാസിൽ തൂക്കി നോക്കുന്നതിൽ കേവലയുക്തിയില്ല. ആ കാര്യങ്ങൾ മാറി മാറി ചെയ്യുമ്പോൾ ഉണ്ടാവുന്നതല്ല ലിംഗസമത്വം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതൊക്കെ എന്തായാലും ഈ പരസ്യം ഇഷ്ടമാകാതിരിക്കാൻ കാരണങ്ങൾ പലതാണ്. അത് പറയുന്നതിനുമുമ്പ് വിം പരസ്യങ്ങളുടെ കുറച്ചു കാലത്തേ ചരിത്രം കൂടിയൊന്ന് ഓർത്തെടുക്കണം.

വിം എന്ന ഉത്പന്നത്തിന്റെ കഴിഞ്ഞ കുറെ വർഷങ്ങളിലെ പരസ്യങ്ങൾ എടുത്തു നോക്കിയാൽ ഇന്ത്യയിലെ സ്ത്രീകളുടെ 'വളർച്ച'യുടെ ഒരു യഥാർത്ഥ ചിത്രം കിട്ടും. ചാരം ഉപയോഗിച്ച് പാത്രം കഴുകുന്ന സ്ത്രീ വിം പൗഡറിലേക്കു മാറുന്നതായിരുന്നു ആദ്യ വിപ്ലവം . പിന്നീട് പൗഡറിൽ നിന്ന് സോപ്പിലേക്കു മാറി അവൾ കൂടുതൽ ശക്തയാവുന്നു. അതിൽ തന്നെ ശക്തിക്കനുസരിച്ച് നാരങ്ങാ ചേർന്നതും ചേർക്കാത്തതുമായി ഒരുപാടു തരംതിരിവുമുണ്ട് . ഒടുവിൽ ലിക്വിഡ് കൂടി വരുന്നതോടെ ആ സാധാരണ സ്ത്രീ ഒരു സൂപ്പർ വുമൺ ആയി മാറുകയാണ്. കഴുകലിന് വൃത്തി പോരാത്തതിന് മേംസാബിന്റെ മുന്നിൽ തല ചൊറിഞ്ഞു നിൽക്കുന്ന വീട്ടു ജോലിക്കാരി , പാത്രം കഴുകിയിട്ടും വെട്ടി തിളങ്ങാത്തതിന് അമ്മായി അമ്മയുടെ തെറി കേട്ട് നിൽക്കുന്ന മരുമകൾ, സെയിം കാരണത്താൽ വിഷമിച്ചു നിൽക്കുന്ന ഭാര്യ, ടിഫിൻ ബോക്സ് നന്നായി കഴുകാത്തതിനാൽ കൂട്ടുകാർ കളിയാക്കിയതിനു തെറി കേൾക്കുന്ന ഭാര്യ തുടങ്ങി പലതരത്തിലുണ്ട് ഈ പരസ്യങ്ങൾ. പക്ഷെ എല്ലാം മുന്നോട്ടു വയ്ക്കുന്ന സന്ദേശം ഒന്ന് തന്നെയാണ്. ആചാരപ്രകാരം പാത്രം കഴുകൽ സ്ത്രീ മാത്രം ചെയ്യേണ്ടതാണ് എന്നാണ് അതൊക്കെ പറഞ്ഞു വയ്ക്കുന്നത്.

ആഗോള കമ്പനിയായ യൂണി ലിവർ ഉത്പന്നമായ വിമ്മിന്റെ പരസ്യങ്ങൾ എന്തുകൊണ്ട് ഇങ്ങനെയായി എന്ന് ചിന്തിച്ചിട്ടുണ്ടോ ? എന്തുകൊണ്ടാണ് ഒരിക്കൽ പോലും ഒരു പുരുഷൻ പാത്രം കഴുകുന്ന രംഗം ആ പരസ്യങ്ങളിൽ വരാത്തത് ? യൂണി ലിവർ സ്ത്രീ വിരുദ്ധമായി ചിന്തിക്കുന്ന ഒരു കമ്പനി ആയതുകൊണ്ടോ ഇന്ത്യൻ "സംസ്കാരത്തെ" അവർ ബഹുമാനിക്കുന്നതുകൊണ്ടോ ഒന്നുമല്ല. എന്തൊക്കെ ലിംഗ സമത്വ വാദം പറഞ്ഞാലും നമ്മുടെ നാട്ടിലെ യാഥാർഥ്യം ഇങ്ങനെയാണ് എന്നുള്ള തിരിച്ചറിവ് മാത്രമാണ് ഇത്തരം പരസ്യങ്ങൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്ന ഒരേയൊരു ഘടകം. നമ്മുടെ സമൂഹത്തിലെ ബഹുഭൂരിപക്ഷവും ചിന്തിക്കുന്ന രീതിയിൽ അവരും ചിന്തിക്കുന്നു എന്ന് ചുരുക്കം. തങ്ങളുടെ പ്രോഡക്ട് വിൽക്കാനുള്ള ഏറ്റവും നല്ല സ്ട്രാറ്റജി ആവുമല്ലോ സ്വാഭാവികമായും അവർ തെരഞ്ഞെടുക്കുക.

എന്നാൽ നമ്മുടെ വിഷയം വിം ബാർ അല്ല. ഇപ്പോഴത്തെ ഏറ്റവും ചൂടൻ വിഷയമായ ലിംഗ സമത്വമാണ്. എന്റെ അഭിപ്രായത്തിൽ ലിംഗ സമത്വത്തിന്റെ ആദ്യ പാഠങ്ങൾ വീട്ടിലെ അടുക്കളയിൽ നിന്നാണ് തുടങ്ങേണ്ടത്. ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലവും അടുക്കള തന്നെയാണ്. ആഹാരം എങ്ങനെ ഉണ്ടാവുന്നു, വൃത്തിയുള്ള ആഹാരം ഉണ്ടാക്കുമ്പോൾ വ്യക്തി ശുചിത്വം എത്രയുണ്ടാവണം, അടുക്കളയും അവിടെ ഉപയോഗിക്കുന്ന ഉപകരണങ്ങളും എങ്ങനെ വൃത്തിയായി സൂക്ഷിക്കണം എന്ന് തുടങ്ങി വിവിധങ്ങളായ ജോലികൾ പങ്കിട്ടെടുക്കുമ്പോൾ അവർ പഠിക്കുന്ന പാഠങ്ങൾ വളരെ വലുതാണ്.

അതിലേറ്റവും പ്രധാനപ്പെട്ടതാണ് ആഹാരത്തിന്റെ വില എന്താണെന്ന് മനസ്സിലാക്കുന്നതും. ആൺകുട്ടിയായാലും പെൺകുട്ടിയായാലും അവരെ കുട്ടിക്കാലത്ത് തന്നെ അടുക്കളയിൽ കയറ്റണം. ചെറിയ ചെറിയ ജോലികൾ മാറി മാറി ചെയ്യിക്കണം. അവിടെ നടക്കുന്ന കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. അങ്ങനെ വളരുന്ന ഒരു കുട്ടി വലുതാകുമ്പോൾ ആണുങ്ങൾ മാത്രം ചെയ്യേണ്ട ജോലി , പെണ്ണുങ്ങൾ മാത്രം ചെയ്യേണ്ട ജോലി എന്നൊന്നും ചിന്തിക്കുക കൂടിയില്ല.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വീട്ടുജോലികളിൽ ഭാര്യയെ സഹായിക്കുന്ന ഭർത്താക്കന്മാരെ പെൺകോന്തന്മാർ എന്ന് തന്നെയാണ് പഴയ തലമുറയിലുള്ളവർ ഇപ്പോളും കരുതുന്നത്. ചിലരൊക്കെ അത് പുറത്തു കാണിക്കുന്നു, ചിലർ അത് കാണിക്കുന്നില്ല എന്നേയുള്ളൂ. അടുക്കളജോലികൾ തങ്ങൾ മാത്രം ചെയ്യേണ്ടതാണെന്നും തന്റെ ഭർത്താവ് അടുക്കളപണിയെടുക്കുന്ന ഒരു കോന്തനാവരുതെന്നും കരുതുന്ന സ്ത്രീകളും കുറവല്ല. ഇതൊരു നിസ്സാര കാര്യമായി തോന്നുന്നവരുണ്ടാകാം. നിങ്ങൾക്കറിയാമോ, നമ്മുടെ നാട്ടിൽ നടക്കുന്ന വിവാഹമോചനങ്ങളുടെ ചെറിയൊരു ശതമാനമെങ്കിലും അടുക്കളയിൽ നിന്നാണ് തുടങ്ങുന്നത്. അമ്മ പണ്ടുണ്ടാക്കി തരുമായിരുന്ന ഭക്ഷണത്തിന്റെയത്ര രുചി നീയുണ്ടാക്കുന്നതിനില്ല, എന്നും ഒരേതരം സാധനങ്ങൾ വച്ച് വിളമ്പാതെ പുതിയതെന്തെങ്കിലും പഠിച്ചിട്ട് ഉണ്ടാക്കി തന്നൂടെ എന്നുള്ള ചെറിയ ചെറിയ പരാതി പറച്ചിൽ ഉണ്ടാക്കുന്ന അസ്വാരസ്യങ്ങൾ ചിലരുടെ കാര്യത്തിലെങ്കിലും കൈവിട്ടു പോകാൻ സാദ്ധ്യതയുണ്ട് . ആണുങ്ങൾ അടുക്കളയിൽ കയറാൻ പാടില്ല എന്ന് അച്ഛനമ്മമാർ പഠിപ്പിച്ചത് കാരണം വിവാഹശേഷം ഭാര്യയെ സഹായിക്കാൻ തിരിഞ്ഞു നോക്കാതിരുന്ന ഒരു സുഹൃത്തുണ്ട്. ഒരു വർക്കിങ് ഗേൾ ആയ അവന്റ ഭാര്യ ഒടുവിൽ ഒറ്റയ്ക്ക് പണിയെടുത്തു നട്ടം തിരിഞ്ഞു അത് വലിയ വഴക്കിലേക്ക് മാറി ഒടുവിൽ വിവാഹമോചനത്തിൽ എത്തുകയായിരുന്നു. അതിനു ശേഷമാണു എത്ര നിസ്സാരമായ ഒരു ഈഗോ ആണ് അതുവരെയെത്തിച്ചത് എന്നവന് മനസ്സിലായത്.

വിദ്യാഭ്യാസവും നല്ല ജോലിയും ഒക്കെയുള്ള ഇൻഡിപെൻഡന്റ് ആയ പെൺകുട്ടികളുടെ അടുത്ത് ഇപ്പരിപാടിയുമായി ചെന്നാൽ അത് തിരിച്ചടിക്കും. ഹരിയാനയിൽ ജനിച്ചു വളർന്ന ഒരു സുഹൃത്തുണ്ടായിരുന്നു. അവന്റെ വിവാഹം നിശ്ചയിച്ചപ്പോൾ പെൺകുട്ടി എന്ത് ചെയ്യുന്നു എന്ന് ഞാൻ ചോദിച്ചു. എഞ്ചിനീയറിംഗ് കഴിഞ്ഞു. ജോലിക്കു "വിടുന്നില്ല" എന്നാണവൻ മറുപടി പറഞ്ഞത്. ജോലിക്കു വിട്ടാൽ അവൾ അഹങ്കാരിയാവും, പിന്നെ നമ്മളെ മൈൻഡ് ചെയ്യില്ല , വീട്ടിലെ ജോലികളൊന്നും ചെയ്യില്ല എന്നും ഒരിക്കലും ജോലിയുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കരുതെന്നുമൊക്കെ എന്നെ ഉപദേശിക്കുകയും ചെയ്തു. ഈ സംഭവം കഴിഞ്ഞിട്ട് ഇപ്പോൾ ആറു കൊല്ലത്തോളമായി. ഈയിടെ അവൻ ഫോൺ ചെയ്തപ്പോളാണ് അവർ ഡിവോഴ്സ് ആയി എന്നറിഞ്ഞത്. കാരണം ചോദിച്ചപ്പോൾ അവൻ മടിച്ചു മടിച്ചു പറഞ്ഞു ആ കുട്ടിക്ക് ജോലിക്കു പോകണമെന്ന് വാശി പിടിച്ചത് കാരണമാണ് ഡിവോഴ്സ് ആയതെന്ന്. കല്യാണം കഴിഞ്ഞു ഒരു വർഷം ആയപ്പോൾ തന്നെ അവർ പിരിഞ്ഞു. അവർ തമ്മിലുള്ള തർക്കത്തിൽ അവന്റെ സൈഡ് പിടിച്ച അമ്മയും അച്ഛനും ഇപ്പോൾ അവനെ കുറ്റപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. അതിന്റെ കാരണം രസകരമാണ്. അവന്റെ ഇളയ സഹോദരൻ ജോലിയുള്ള ഒരു കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചുവത്രെ. ആ കുട്ടി മിടുക്കിയായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ പെൺകുട്ടിക്ക് ജോലിയുള്ളതാണ് നല്ലതെന്നു അവന്റെ മാതാപിതാക്കൾക്കും തോന്നി. പക്ഷെ പോയപ്പോ ആർക്കു പോയി ? അവനു മാത്രം.

ആർത്തവ സമരവും സിനിമകളിലെ ലിംഗ സമത്വവും സാഹിത്യത്തിലെ പൊളിറ്റിക്കൽ കറക്ട്നെസ്സും ഒക്കെ ചർച്ച ചെയ്യുന്ന സ്ത്രീ "വിമോചന" വാദികൾ ഇത്തരം സിമ്പിൾ ആയ വിഷയങ്ങൾ അഡ്രസ്സ് ചെയ്തു കണ്ടിട്ടില്ല. ചിലപ്പോ ഞാൻ കാണാത്തതുമാവാം. സ്ത്രീ വിമോചനം എന്ന പ്രയോഗം തന്നെ മണ്ടത്തരമാണ് എന്നാണ് എനിക്ക് തോന്നുന്നത്. സ്വയം ഒരു അടിമയാണ് എന്നുള്ള തോന്നലിൽ നിന്നാണ് വിമോചനത്തിന്റെ ചോദ്യം വരുന്നത്. സ്വതന്ത്രയായി ജീവിച്ചു കാണിച്ചാൽ മതിയല്ലോ. അതിന് ആരോടും കയർത്തു സംസാരിക്കുകയോ മറ്റുള്ളവരുടെ പ്രവർത്തികളിലെല്ലാം സ്വന്തം പക്ഷം അന്വേഷിക്കുകയോ ചെയ്യേണ്ട കാര്യമില്ല. കുറേക്കാലമായി തോന്നിയ കാര്യങ്ങൾ ഒരു അവസരം വന്നപ്പോ എഴുതിയെന്നേയുള്ളൂ. പെണ്ണുങ്ങലാരെങ്കിലും തല്ലിക്കൊന്നില്ലെങ്കിൽ പിന്നെ കാണാം.

വിം കഷ്ണം, സോറി, വാൽകഷ്ണം

ഇത് വിം എന്ന ഉത്പന്നത്തെ കളിയാക്കികൊണ്ടുള്ള ഒരു പോസ്റ്റല്ല. പാത്രം കഴുകാൻ ഇന്ത്യയിൽ കിട്ടുന്ന ഏറ്റവും നല്ല ഒരു പ്രൊഡക്ടാണ് വിം എന്നാണ് ഉപയോഗത്തിൽ നിന്നും ഞാൻ മനസിലാക്കിയ ഒരു കാര്യം. ഏറ്റവും കുറഞ്ഞ അളവ് കൊണ്ട് ഏറ്റവും കൂടുതൽ പാത്രങ്ങൾ കഴുകി വൃത്തിയാക്കാമെന്ന അവരുടെ അവകാശവാദം നൂറുശതമാനം ശരിയാണ്.
പ്രസ്തുത പരസ്യം ഇവിടെ കാണാം ;


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 01:29:18 am | 29-05-2024 CEST