അനന്തൻ നമ്പ്യാരുടെ ക്വാറന്റീൻ ഓർമകൾ
ക്വാറന്റീൻ എന്ന വാക്ക് ചർച്ചയായിരിക്കുന്നു. ആളുകൾ നിർബന്ധിത വിലക്കുകൾ നേരിടുന്ന ഈ കാലമാകും ഞാനനുഭവിച്ചതെല്ലാം ലോകത്തോട് വിളിച്ചു പറയുവാൻ അനുയോജ്യം.
എന്റെ ജീവിതം ഇങ്ങനെ മാറുമെന്ന് ഞാനൊരിക്കലും കരുതിയില്ല. എന്ത് നല്ലതായിരുന്നു എന്റെ ജീവിതം. ഒരു മൂളലിനായി ഇടവും വലവും കാത്തു നിൽക്കുന്ന ഓമനത്തമുള്ള രണ്ട് ഗുണ്ടകൾ, ചായ കൊണ്ടു വരാൻ എന്റെ ഒരു വിളിക്കായി കാത്തിരിക്കുന്ന കുഞ്ഞിരാമൻ, കള്ളക്കടത്ത്,കൊലപാതകങ്ങൾ, പവനായിയെ പോലെയുള്ള ഹൈടെക്ക് പ്രൊഫഷണൽ കില്ലേഴ്‌സ്. എന്ത് പെട്ടന്നാണ് എല്ലാം മാറി മറിഞ്ഞത്. ഇനിയെന്റെ ജീവിതം ഒരിക്കലും പഴയത് പോലെയാക്കില്ല, അതി സമർത്ഥരായ സിഐഡികൾ എന്റെ ജീവിതം നശിപ്പിച്ചു. ഇനിയെന്റെ ജീവിതം ഈ ജയിലിൽ അവസാനിപ്പിക്കേണ്ടി വരും. ഇനി ഒരിക്കലും ഒന്നും പഴയത് പോലെയാകില്ല.
"ഗെറ്റ് ഔട്ട് ആൻഡ് ഗെറ്റ് ലോസ്റ്റ്."
എന്നൊരു സിംഹത്തെ പോലെ ആജ്ഞാപിച്ചിരുന്ന ഞാനിന്ന് എന്റെ പഴയ ജീവിതത്തിന്റെ ഒരു നിഴലായി മാറിയിരിക്കുന്നു.
ആദ്യവട്ട ജയിൽ ജീവിതത്തിന് ശേഷം, ഒരു സന്ധ്യക്കാണ് ഞാനെന്റെ സുഹൃത്ത് പ്രഭാകരൻ തമ്പിയെ തേടി അവന്റെ നാട്ടിൽ എത്തുന്നത്. വർഷങ്ങൾക്ക് ശേഷം ഒരു കൂട്ടുകാരനെ കാണുന്ന സന്തോഷം ഒന്നും ആ മുഖത്ത് കണ്ടില്ലെങ്കിലും, എല്ലാം എന്റെ തോന്നാലാകും എന്ന് ഞാൻ ആശ്വസിച്ചു. നീണ്ട ജയിൽ ജീവിതം, ഓർക്കാപ്പുറത്ത് ഉള്ള എന്റെ ഞെട്ടൽ രോഗവും, ഉള്ളിലെ പേടികളും വഷളാക്കിയിരുന്നു.
ആരെങ്കിലും ഒന്ന് ഉറക്കെ വിളിച്ചാൽ,
"എന്നെ ഉപദ്രവിക്കല്ലേ, ഞാനൊന്നും ചെയ്‌തിട്ടില്ല സാറേ" എന്ന് അപേക്ഷിക്കുന്ന രീതിയിലേക്ക് എന്റെ ഉപബോധമനസ് മാറിയിരിക്കുന്നു.
ഇടുക്കിലെ കഞ്ചാവ് തോട്ടത്തിന്റെ പണി നടക്കുന്ന സമയമായത് കൊണ്ടാണ്, എന്നെ കാണാൻ ജയിലിൽ വരാതിരുന്നത് എന്ന പ്രഭാകരന്റെ വാദം കള്ളമാണെന്ന് അവന്റെ മുഖത്ത് എഴുതി വെച്ചിട്ടുണ്ടായിരുന്നു. വിജയവാഡായിലെ കാസിനോ ഹോട്ടലിൽ വെച്ചു മാർവാഡിയുടെ കയ്യിൽ നിന്ന് കിട്ടിയ നാല് ലക്ഷം രൂപ പങ്കു വെച്ച പ്രഭാകരനിൽ നിന്ന് അവൻ ഒരുപാട് ദൂരം മുന്നോട്ടു പോയിരിക്കുന്നു.
"അനന്തൻ ഇവിടെ നിന്ന് പോണം."
എന്ന് മുഖത്തു നോക്കി പറയുന്ന രീതിയിലേക്ക് ജീവിതം അവനെയും മാറ്റിയിരിക്കുന്നു. ഒരു കള്ളക്കടത്തുകാരന് എത്ര താഴാൻ കഴിയും? കുറച്ചു രൂപാ തരാം, എന്ന് പറഞ്ഞ അവന്റെ മുന്നിൽ, ഒളിച്ചിരിക്കാൻ ഒരു സ്ഥലത്തിനായി ഞാൻ ഭൂമിയോളം താഴ്ന്ന് അപേക്ഷിച്ചു.
മനുഷ്യജീവിതത്തെക്കാൾ പണത്തിന് വില കൽപ്പിച്ചു,
"എന്തിനാണ് ഇങ്ങനെ ഗതിയില്ലാത്തവരുമായി കൂട്ടുകെട്ട്?"
എന്ന് ചോദ്യം ചെയ്യുന്ന പ്രഭാകരന്റെ അമ്മ,
"മുണ്ടക്കയത്ത് അച്ഛൻ ഒരു ചായക്കട നടത്തിയിരുന്നു"
എന്ന് പറഞ്ഞു എന്റെ പിതൃത്വം പോലും ചോദ്യം ചെയ്യുന്ന പ്രഭാകരന്റെ ജോലിക്കാരൻ. ഇവർക്കിടയിൽ വേഷപ്രച്ഛന്നനായി അസ്തിത്വം നഷ്ടപ്പെട്ട് സ്വന്തം പേര് പോലും നഷ്ടപ്പെട്ട് ഞാൻ ജീവിക്കാൻ നിർബന്ധിതനായി.
ക്രൂരമായ ഈ ലോകവും, കൊപ്രാക്കളത്തിലെ അടിമപ്പണിയും എന്റെ ധാരണകളെ മാറ്റി മറിച്ചു. ഒരു കള്ളപാസ്പോർട്ട് കിട്ടിയാൽ മലയായിലോ, സിംഗപ്പൂരോ പോയി കൂലിപ്പണിയെടുത്തു ജീവിക്കാൻ വരെ ഒരു കാലത്ത് മയക്കുമരുന്നു രാജാവായിരുന്ന ഞാൻ എന്റെ മനസ്സിനെ പാകപ്പെടുത്തിയ ദിവസങ്ങൾ.
എന്റെ ജീവിതം കൊപ്രാക്കളത്തിൽ ഒടുങ്ങും എന്ന് ഉറപ്പിച്ച ഒരു ദിവസമാണ് പ്രതീക്ഷയുടെ വെളിച്ചവുമായി ദൈവദൂതനെ പോലെ ഗഫൂർക്ക എന്നൊരു മനുഷ്യൻ എന്നെ തേടിയെത്തുന്നത്. ഉള്ളിൽ പേടിയുണ്ടായിരുന്നെങ്കിലും ഗഫൂർക്ക തന്ന ധൈര്യം, എന്റെ ഗൾഫ് സ്വപ്നങ്ങൾക്ക് ചിറകുകൾ മുളപ്പിച്ചു.
പക്ഷെ വിധി അവിടെയും സിഐഡികളുടെ രൂപത്തിൽ വില്ലനായി എന്റെ മുന്നിൽ എത്തി.
"എന്റെ വീടിന്റെ പടി കേറിപ്പോകരുത്"
എന്ന് പ്രഭാകരൻ പറയുന്നിടത്ത് വരെ കാര്യങ്ങൾ എത്തി. ഞാൻ പിടിക്കപ്പെട്ടാലും പ്രഭാകരനെങ്കിലും രക്ഷപെടണം എന്നായിരുന്നു എന്റെയുള്ളിൽ. ഒരിക്കൽ എന്നെ തറ പറ്റിച്ച ബാലൻ എന്ന സിഐഡി ചാരൻ വീണ്ടും എത്തിയതോടെ എനിക്ക് അപകടം മണത്തു. അവനെ ഉപയോഗിച്ചു സിഐഡികളെ നശിപ്പിച്ചു പ്രഭാകരനെ എങ്കിലും രക്ഷിക്കാം എന്നായിരുന്നു മനസിൽ. പക്ഷെ വൈകി പോയിരുന്നു. സിഐഡികൾ അതിനകം പ്രഭാകരന്റെ വീട് വളഞ്ഞു കഴിഞ്ഞിരുന്നു. ഞങ്ങൾ ഒരു കലാശക്കൊട്ടിന് ഇറങ്ങി തിരിച്ചെങ്കിലും, പിന്നീട് ഒഴിവാക്കാനാകാത്ത ഔപചാരികതകൾ മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. സിഐഡികൾ അവരുടെ ജോലി പൂർത്തിയാക്കി.
"ഓഹ് മൈ ഗോഡ് !"
ഇനിയൊരിക്കലും മടങ്ങി വരാൻ കഴിയാത്ത വിധം അവർ എന്നെ ഈ തടവറയിലേക്ക് മടക്കി അയച്ചിരിക്കുന്നു. ഇത് പോലെ മറ്റൊരു തടവറയിൽ ഇരുന്നു പ്രഭാകരൻ തമ്പിയും ഞങ്ങളുടെ സ്നേഹം ഓർക്കുന്നുണ്ടായിരിക്കും. ഈ ഏകാന്തതയും, ഇരുട്ടും, നിരാശകളും എനിക്ക് ഇന്ന് ശീലമായിരിക്കുന്നു. ഇനിയൊരു ജീവിതകാലം മുഴുവൻ ഈ ക്വാറന്റീൻ കാലത്തിലേക്ക് ഞാൻ നോക്കി ഇരിക്കയാണ്.
- അനന്തൻ നമ്പ്യാർക്ക് വേണ്ടി, ശരത് ശശി.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.